അല്ലാഹുവിന്റെ നാമത്തില്‍. അവനാണ് സര്‍വ്വസ്തുതിയും. തിരുനബി(സ)യിലും അനുചരിലും കുടുംബങ്ങളിലും അവന്റെ കരുണ സദാ ഉണ്ടാകുമാറാകട്ടെ.
വളരെ ബാലിശവും അടിസ്ഥാന രഹിതവുമായ വിശ്വാസങ്ങളാണ് ക്രിസ്ത്യാനികള്‍ വെച്ചുപുലര്‍ത്തുന്നത്. അല്‍പം ചിന്തയുള്ളവരാരും അതേകുറിച്ച് ആലോചിക്കുമ്പോള്‍ അത്ഭുതപ്പെടാതിരിക്കില്ല. അന്ധമായ അനുകരണം മാത്രമേ അവര്‍ക്ക് അവലംബമായിട്ടുള്ളൂ. മുന്‍ഗാമികള്‍ പ്രചരിപ്പിച്ച ചില വാക്കുകളുടെ ബാഹ്യാര്‍ത്ഥങ്ങളില്‍ കടിച്ചുതൂങ്ങുകയും അതാണു യേശു(ഈസാ) തങ്ങളെ പഠിപ്പിച്ച നിയമ സംഹിതയും വിശ്വാസശാസ്ത്രവുമെന്ന് അവര്‍ തെറ്റുധരിക്കുകയും ചെയിതിരിക്കുന്നു.
ക്രിസ്ത്യാനികള്‍ രണ്ടു തരക്കാരാണ്.
1. അസംഭവ്യ കാര്യങ്ങളെ അസംഭവ്യമായും നിര്‍ബന്ധ കാര്യങ്ങളെ നിര്‍ബന്ധമായും സാധ്യതയുള്ളവയെ അങ്ങനെയും തിരിച്ചറിയാനുള്ള കഴിവ് നേടാത്തവര്‍. ഇത്തരക്കാരുടെ ഹൃദയങ്ങളില്‍ ചെറുപ്പകാലം തൊട്ടുതന്നെ ചില വിശ്വാസങ്ങള്‍ രൂഢമൂലമാകുകയും എടുത്തുമാറ്റാന്‍ പറ്റാത്ത രൂപത്തില്‍ മനസ്സിന്റെ അംശമായി പരിണമിക്കുകയും ചെയ്തു. ഇവര്‍ക്ക് കാര്യം ബോധ്യപ്പെടുത്തുക ദുഷ്കരമാണ്.
2. അല്‍പമൊക്കെ അറിവും തന്റേടവും പക്വതയും നേടിയവര്‍. യേശുവിന്റെ ദ്വയാസ്തിത്വത്തില്‍ (യേശു മനുഷ്യനും ദൈവവുമാണെന്ന വാദം) തത്ത്വചിന്തകരെയാണ് ഇവര്‍ അവലംബിക്കുന്നത്. (1) നിഗൂഢജ്ഞാനങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ നിരത്തുന്ന തത്ത്വചിന്തകന് ഒരിക്കലും പിഴക്കുകയില്ലെന്ന് ഇക്കൂട്ടര്‍ ധരിച്ചുവെച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ശരീരവും ആത്മാവും തമ്മിലുള്ള ബന്ധം പോലെയാണ് യേശുവും ദൈവവും തമ്മിലെന്ന് ഇവര്‍ വാദിക്കുന്നു.
പക്ഷപാതമില്ലാതെ ആലോചിച്ചിരുന്നെങ്കില്‍ ഈ വിശ്വാസം സത്യസരണിയില്‍നിന്നു എത്രയോ വിദൂരത്താണെന്ന് അവര്‍ക്ക് ബോധ്യപ്പെടുമായിരുന്നു. ഇങ്ങനെ പറയാന്‍ ചില കാരണങ്ങളുമുണ്ട്:
1. യേശുവില്‍ ദൈവം സന്നിവിഷ്ടനായിരിക്കുന്നു എന്ന വാദത്തെ ശരീരത്തില്‍ ആത്മാവ് സന്നിവിഷ്ടമായതിനോട് താരതമ്യം ചെയ്യുകയാണ് ഇക്കൂട്ടര്‍. ഈ താരതമ്യം ശരിയല്ല. കാരണം രണ്ട് വസ്തുതക്കിടയില്‍ താരതമ്യം നടത്തുമ്പോള്‍ അവ രണ്ടിലും അടങ്ങിയ പൊതുഘടകത്തെ അടിസ്ഥാനപ്പെടുത്തി മാത്രമേ അത് പാടുള്ളു. ഇവിടെ അങ്ങനെയൊരു പൊതുഘടകമേതാണ്.?
2. ഇവ കേവലമൊരു ഉപമയാണെന്നു പറയാനും തരമില്ല. കാരണം ഉപമിക്കുമ്പോള്‍ ഉപമാനത്തിന്റെ അസ്തിത്വം അറിഞ്ഞിരിക്കണം. ആത്മാവിന്റെ അസ്തിത്വം മനസ്സിലാക്കാന്‍ ഇവര്‍ എന്തു ശ്രമം നടത്തിയാലും സാധിക്കുകയില്ല. (2) അസ്തിത്വം അറിയാത്തൊരു വസ്തുവിനോട് എങ്ങനെയാണ് ഉപമിക്കുക.?
ഇവിടെ വാസ്തവത്തില്‍ നടക്കുന്നത് അവ്യക്തമായ ഒരു കാര്യം സ്ഥിരപ്പെടുത്താന്‍ അതിനേക്കാള്‍ അവ്യക്തമായ ഒന്നിനോട് താരതമ്യം ചെയ്യാനുള്ള വിഫലശ്രമമാണ്.
ഓരോ ആത്മാവും ഓരോ ശരീരവുമായി ബന്ധപ്പെട്ടത് അവ തമ്മിലുള്ള ചേര്‍ച്ചയും ബന്ധവും പരിഗണിച്ചാണ്. അത്തരം എന്തു ബന്ധമാണ് സൃഷ്ടിയുടെയും സ്രഷ്ടാവിന്റേയും ഇടയില്‍ നിലകൊള്ളുന്നത്. തത്ത്വചിന്തകരുടെ അഭിപ്രായമനുസരിച്ചും ഇവരുടെ വാദം ന്യായീകരിക്കാവുന്നതല്ല. പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ശരീരത്തിനും ആത്മാവിനും വേദനയും സുഖവും അനുഭവിക്കാന്‍ കഴിയുമെന്നതാണ് തത്ത്വചിന്തകര്‍ പറയുന്നത്.(3) സ്രഷ്ടാവായ അല്ലാഹുവില്‍ ഇത്തരം വികാരങ്ങള്‍ ആരോപിക്കുന്നത് മഹാപാപമാണ്.
മരിച്ചവരെ ജീവിപ്പിക്കുന്നത് പോലുള്ള അസാധാരണ സംഭവങ്ങള്‍ പ്രകടമാക്കുന്ന വിഷയത്തില്‍ യേശുവും ദൈവവും തമ്മില്‍ സാമ്യതയുണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാനും തരമില്ല. കാരണം മറ്റു പ്രവാചകരിലും ഇത്തരം സംഭവങ്ങള്‍ പ്രകടമായിട്ടുണ്ട്.
മൂസാ നബി(അ) വടി പാമ്പാക്കി എന്നത് അവര്‍ തന്നെ വിശ്വസിക്കുന്ന യാഥാര്‍ത്ഥ്യമാണ്. നിര്‍ജീവ വസ്തുവിന് ജീവന്‍ നല്‍കുന്നതും മരിച്ചവനെ ജീവിപ്പിക്കുന്നതും തുല്യമാണല്ലോ. മാത്രമല്ല ആദ്യം ജീവനുണ്ടായിരുന്ന ഒരു വസ്തുവിന് അത് മടക്കി കൊടുക്കുന്നതിനേക്കാളേറെ അത്ഭുതകരം തീരെ ജീവനില്ലാത്ത വസ്തുവില്‍ അത് ഇട്ട് കൊടുക്കുന്നതാണ്. കടല്‍ വിഭജിച്ചതും ഓരോ ഭാഗവും പര്‍വ്വത സമാനമാക്കിയതും അത്ഭുതകരമായ അമാനുഷികതകളാണ്. മൂസാനബി (അ) തന്റെ കരം മഞ്ഞുപോലെ വെള്ളയായ രൂപത്തില്‍ പുറത്തെടുത്തതും പൂര്‍വ്വ രൂപത്തിലേക്ക് മടക്കിയതും പഴയ നിയമത്തിലുണ്ട്. പഴയ നിയമത്തിലെത്തന്നെ ‘ന്യായാധിപന്മാര്‍’, ‘രാജാക്കന്മാര്‍’ തുടങ്ങിയ പുസ്തകങ്ങള്‍ പരിശോധിച്ചാല്‍ ഏലിയായും ശിഷ്യന്‍ യെശയ്യായും മരിച്ചവരെ ജീവിപ്പിച്ചതിന് തെളിവുകള്‍ കണ്ടെത്താന്‍ കഴിയും. വിധവയുടെ പുത്രന് ഏലിയാ ജീവന്‍ നല്‍കിയത് ബൈബിള്‍ വിശ്വാസികള്‍ക്കിടയിലെ അനിഷേധ്യയാഥാര്‍ത്ഥ്യമാണ്.(Kings 17:21) യശയ്യ പ്രവാചകനുവേണ്ടി സൂര്യന്‍ നിശ്ചലമായതും മഹാത്ഭുതം തന്നെ. ഈ പ്രവാചകന്മാര്‍ക്ക് പുറമെ അറിയപ്പെടാത്ത മറ്റനേകം പേരുണ്ട്. ഇത്തരം അത്ഭുതങ്ങള്‍ പ്രകടമാക്കിയിട്ടുള്ള അവരൊക്കെ ദൈവമാണെന്ന് പറയാനൊക്കുമോ.?
യേശുവില്‍ ദൈവം സന്നിവിഷ്ടനായി എന്നതിനു തത്ത്വചിന്തകരെ ഇവര്‍ ആധാരമാക്കിയത് വിശ്വാസ പാപ്പരത്തമാണ് സൂചിപ്പിക്കുന്നത്. തത്ത്വചിന്തകള്‍ക്ക് പിഴക്കില്ല എന്ന ധാരണയല്ലാതെ കാര്യമായ തെളിവുകളൊന്നും ഇവരുടെ കയ്യിലില്ലതാനും. അതോടൊപ്പം ചില വിഷയങ്ങളില്‍ ഇവര്‍ തത്ത്വചിന്തകരെ അനൂകൂലിക്കുന്നില്ല. ലോകം അനശ്വരമാണെന്ന വിശ്വാസം, പ്രവാചകത്വം സ്വപ്രയത്നത്തിലൂടെ നേടിയെടുക്കാന്‍ കഴിയുന്ന വിശേഷണമാണെന്ന വിശ്വാസം തുടങ്ങിയവ ഉദാഹരണം. ഇവരുടെ വിശ്വാസത്തെ മുഴുവന്‍ ഇളക്കുന്ന അഭിപ്രായവും തത്ത്വചിന്തകര്‍ക്കുണ്ട്. പുരുഷനില്ലാതെ കേവലം ഒരു സ്ത്രീയില്‍ നിന്നു കുട്ടി ജനിക്കല്‍ അസംഭവ്യമാണെന്ന വാദമാണത്. ക്രിസ്ത്യാനികള്‍ ഇക്കൂട്ടരെ തങ്ങളുടെ വാദത്തിന് കൂട്ടുപിടിക്കുന്നത് ആശ്ചര്യകരമാണ്. ക്രിസ്ത്യാനി സുഹൃത്തുക്കള്‍ പറഞ്ഞേക്കാം: “മേല്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ അറിയപ്പെട്ടതാണ്. അതുകൊണ്ട് അതില്‍ മാത്രം ഞങ്ങള്‍ തത്ത്വചിന്തകരെ അംഗീകരിക്കുന്നില്ല.” എന്നാല്‍ നമുക്ക് തിരിച്ചു ചോദിക്കാം: “ചിലപ്പോള്‍ തെറ്റും ചിലപ്പോള്‍ ശരിയും പറയുന്ന ഒരു വിഭാഗത്തെ വിശ്വാസകാര്യത്തില്‍ അംഗീകരിക്കുവാന്‍ പറ്റുമോ?” യേശു തനിമനുഷ്യനാണെന്നു സൂചിപ്പിക്കുന്ന നിരവധി വചനങ്ങള്‍ ബൈബിളിലുണ്ടായിരിക്കെ അത് മാറ്റി വെച്ച് തത്ത്വജ്ഞാനികളുടെ പിന്നാലെ പോകുന്നത് ശരിയല്ല.
ബൈബിളിലെ വചനങ്ങള്‍ ഒന്നൊന്നായി പരിശോധിക്കുന്നതിനു മുമ്പ് ചില പൊതുകാര്യങ്ങള്‍ സൂചിപ്പിക്കട്ടെ:
No.1. വചനങ്ങള്‍ ബുദ്ധിക്കു യോജിക്കുന്നതാണെങ്കില്‍ അതിന്റെ ബാഹ്യാര്‍ത്ഥം തന്നെയായിരിക്കും വിവക്ഷ. അല്ലാത്ത പക്ഷം അത് ആലങ്കാരിക പ്രയോഗമാണെന്നു മനസ്സിലാക്കണം. No.2. തെളിവുകള്‍ പരസ്പരം എതിരാവുകയും അവയില്‍ ചിലത് ഒരു വിധിയെ സ്ഥിരപ്പെടുത്തുകയും മറ്റുള്ളവ അതേ വിധിയെ നിഷേധിക്കുകയും ചെയ്താല്‍ അവക്കിടയില്‍ ന്യായീകരണം കാണണം. ഇനി നമുക്ക് ബൈബിള്‍ വചനങ്ങളിലൂടെ കണ്ണോടിക്കാം.


