MISSION NIZAMUDDIN (112.0 KiB, 101 hits)
റഫീക്ക് തിരുവള്ളൂർ
Essay by Rafeeq Thiruvalloor
ഇപ്പോഴും ആളുകൾ യാത്ര തീരുമാനിക്കപ്പെടുന്നതോടെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കുന്നു. വിസ കിട്ടുന്നതോടെ ചിലർ, പാസ്പോർട്ടിന് അപേക്ഷ കൊടുക്കുന്നതോടെ ചിലർ ഈ ഒഴിഞ്ഞിരിപ്പ് തുടങ്ങുന്നു. എമിഗ്രേഷൻ രേഖകൾ ശരിയാക്കൽ, ടിക്കറ്റ് ഉറപ്പാവൽ വരേയുള്ള കാലയളവ്, മിക്കപ്പോഴുമതു നീളാനാണിട, അയാൾ ഉപേക്ഷകളോടെ കഴിയുന്നു. വലിയതെന്തോ ചുമലേറ്റാൻ പോകുന്ന ഒരാൽക്കുള്ള ഒഴികഴിവുകൾ കുടുംബത്തിൽ അയാൾക്കനുവദിക്കപ്പെടുന്നു. നാടുവിടുന്നതു വരെ അയാൾക്ക് വെറുതെയിരിക്കാം. പ്രയത്നകാലത്തിനു മുമ്പേയൊരു ഒഴിവുകാലം. മധ്യപൗരസ്ത്യ ദേശത്തെ അനുഭവപ്പെടുത്തിയ പലവുരു വായിച്ച മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാതയും ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളും മടക്കിവായിച്ചു മനസ്സിന്റെ ആക്കങ്ങൾ കൂട്ടിയും ഉള്ള തൊഴിലു വിട്ട് അലഞ്ഞു നടന്ന ദിവസങ്ങളിൽ ആധുനിക അറേബ്യ രൂപപ്പെട്ട കഥയുള്ള ലോറൻസ് ഓഫ് അറേബ്യ ഇരുന്നു കണ്ടും പ്രതിശ്രുത വധുവിനെ പ്രണയിക്കാൻ ശീലിക്കുന്ന ഒരാളുടെ ജിജ്ഞാസകളോടെ ഗൾഫിനെ മനസ്സ് പിന്തുടർന്നു. ലോറൻസിനെപ്പറ്റി ഇന്റർനെറ്റിൽ തപ്പിപ്പോയപ്പോഴാണ് ഇന്ത്യയെയും അറേബ്യയേയും കുറിച്ചുള്ള ലോറൻസ് എഴുതിയതും കണ്ടത്. പ്രവാചകൻമാർക്ക് ജന്മം നൽകിയ രണ്ടു ഭൂഭാഗങ്ങളേയുള്ളൂ ഭൂമിയിൽ, ഇന്ത്യയും അറേബ്യയും…. അതൊരു പുതിയ അറിവായിരുന്നു. പ്രവാചകൻമാർക്കു ജന്മം നൽകിയ ഒരു വൻകരയിൽ നിന്ന് പ്രവാചകൻമാർക്കു ജന്മം നൽകിയ മറ്റൊരു വൻകരയിലേക്കു പോകുന്നു എന്നതായി അതോടെ ഉള്ളിലെ പുതിയ നിക്ഷേപം. പക്ഷേ, അവിടെ ഒരു നബിയും വന്നിട്ടില്ല എന്നേ ചിലപ്പോൾ തോന്നൂ. പ്രവാചകൻമാർ വന്നിട്ടില്ലാത്ത സമൂഹങ്ങളെ കുറിച്ച് മനസ്സിൽ കാണാവുന്ന സങ്കൽപങ്ങളായിരിക്കുന്നു ഇപ്പോഴത്തെ മരുഭൂമിയിലെ യാഥാർത്ഥ്യങ്ങൾ എന്നിങ്ങനെ ചില പൂർവഗാമികൾ വച്ച നിഗമനങ്ങളും മനസ്സിൽ തന്നെ കിടന്നു.
യാത്രകളെ പ്രണയിക്കുന്ന മനസ്സിന്റെ ആഴങ്ങളെ നിറക്കുന്ന അനുഭവങ്ങളിലേക്കെത്താൻ ഇനിയും ദീർഘകാലങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നതാണ് ഇവിടെ എത്തുന്നതോടെ അടക്കിയിരുത്തുന്ന അറിവ്. ഇതൊരു കൂടാണ്. പ്രവാസി അതിലെ വളർത്തു മൃഗവും. അല്ലലില്ല, അലട്ടില്ല, സുഖകരം സമൃദ്ധം എന്നു പുറമേക്കു തോന്നിയാലും അകത്ത് ഓർമ്മയിലുള്ള കാടു കിടന്നിളകും.അതിന്റെ അസ്വസ്ഥതകൾ . അതു കൊണ്ട് പുതിയ തോന്നലുകൾ, ഓർമ്മയുടെ തേർവാഴ്ചകൾ. എഴുത്തു താനേ വരുന്നൂ അതിന്റെ ആളൽ ഉള്ളിലുള്ളവന്. തോന്നലുകളാണല്ലോ എഴുത്തിന്റെ വലിയ ഒരു ഊന്നൽ. ഓർമ്മ അതിന്റെ കരടുരൂപവും. പരിചയം ഭാവിച്ചെത്തുന്നവരും പുതുതായി ചരിചയം കുറിക്കുന്നവരുമെല്ലാം എഴുത്തിന്റെ അസ്കിത ഉള്ളവരാണിവിടെ. സ്വന്തത്തെ ആവിഷ്കരിക്കാനുള്ള നൂറു കൂട്ടം ഉപായങ്ങളുണ്ട് നാട്ടിൽ, ഇവിടെയെത്തുന്നതോടെ പറച്ചിലിന്റേയും എഴുത്തിന്റേയും തുള മാത്രം ബാക്കിയാകുന്നു. അതിലൂടെ വേണമയാൾക്കയാളെ വച്ചു പൊറുപ്പിക്കുവാൻ. കത്തെഴുതിയും ബഡായി വിട്ടും ചിലർ, എഴുതിത്തന്നെ വേറെ പലർ.
അപരിചിതവും അജ്ഞാതവും കയ്യൊതുക്കവുമില്ലാത്ത ഒരു പണി, ജീവിതമതിന്റെ ഇടുങ്ങിയ തെരുവുകളിലൂടെ വലിച്ചിഴക്കുകയാണ് ഓരോ ഗൾഫുകാരനേയും. ഈ വഴി ഞാൻ തിരഞ്ഞെടുത്തതാണ് എന്ന ബോധത്തിൽ അയാൾക്ക് നിരന്തരം സംതൃപ്തനാകാനും കഴിയുന്നു. ഓർമ്മയിൽ കാടുള്ള ഒരു മൃഗത്തെ ഒരു കൂട്ടിനും അനുസരണയുള്ള വളർത്തുമൃഗമാക്കാൻ കഴിയില്ലെന്ന വിശ്വാസത്തിൽ ജീവിതം ഒരുക്കിയ ഈ കുടുക്കിൽ ഓരോരുതത്തരും സ്വയം മെരുക്കിയെടുക്കുന്നു. ഇച്ഛകളേ മാറി നിൽക്കുക, ഞാനീ വഴി കുറച്ചുകാലം ഒന്നു നടന്നോട്ടെ എന്നു വാശി പിടിച്ച് തന്നോടു തന്നെ ഒരൊത്തുകളി. നാട്ടുമുറ്റങ്ങൾ തന്ന ആഹ്ലാദാനുഭവങ്ങൾ ഇവിടം തരില്ലെന്ന ഉറപ്പാണവരുടെ വലിയ ഉറപ്പ്. ആഗ്രഹിച്ച ഇരിക്കപ്പൊറുതി അവിടെക്കിട്ടിയിരുന്നെങ്കിൽ സ്വതസിദ്ധമായ തരികിടകൾ തുടർന്ന് നാട്ടിൽ കഴിയാമായിരുന്നു എന്ന് ഒരു പരിഭവം. നടന്നു പോകാവുന്ന ഒരിടത്തായിരുന്നു ഗൾഫെങ്കിൽ ഞാനെന്നേ തിരിച്ചുനടത്തം തുടങ്ങിയേനെ എന്ന് ചിലർ. നീ വരുമ്പോൾ നാട്ടുകാർക്കൊക്കെ സൽക്കാരം കൊടുത്തോ, നാട്ടുകാരെ പൊറാട്ടയും കോഴിയിറച്ചിയും തീറ്റിച്ച് പോരേണ്ട മുന്തിയ സ്ഥലം തന്നെ ഇതെന്ന് ഒരാളയാളുടെ സങ്കടത്തെ തമാശ പുരട്ടി ആവിഷ്കരിക്കുന്നു. വെണ്ണിലാവെളിച്ചത്തിന്റെ തണുത്ത സുഖങ്ങളിൽ നിന്ന് ഉച്ചസൂര്യന്റെ കൊടുംതാപത്തിലേക്ക് നാടുകടത്തപ്പെട്ട ഒരാളെന്ന നിലയിൽ ഇതൊക്കെ ന്യായീകരിക്കപ്പെടുന്നു.
ഈത്തപ്പഴം പഴുപ്പിക്കാനാണ് ഇവിടെ സൂര്യനിങ്ങനെ കത്തിയാളുന്നത് എന്ന ഉത്തരത്തിന് ഈ അറബികൾക്കെന്നാൽ വേറെ വല്ലതും തിന്നുകൂടേ എന്നു ചോദിച്ച കഥയിലെ കിഴവൻ ഇവിടെയെത്തുന്നതോടെ ഉള്ളിൽ ചിരി പരത്താത്ത പരമാർത്ഥക്കാരനായിമാറുന്നു. ഹവീറിൽ നിന്ന് പറിച്ചെടുത്ത ഈത്തപ്പഴക്കുലയായി അറേബ്യ അതിന്റെ തനതു രുചി നേരത്തേ തന്നു. ഇനി മരുഭൂമി കാണണം. ഒട്ടകപ്പാൽ കുടിക്കണം. റുബ്‌ഉൽ ഖാലി (അബൂദബിയിൽ വച്ച് ഇത്തിസാലാത്തിന്റെ പരസ്യപ്പലകയിൽ ഇയ്യിടെ കണ്ടു വീണ്ടും റുബ്‌ഉൽഖാലി എന്ന്..കൂടെയുണ്ടായിരുന്നവരാരും അതു മുമ്പ് ശ്രദ്ധിച്ചിരുന്നില്ല. അതു കൊണ്ടതിന്റെ പൊരുളും തേടിയിരുന്നില്ല എന്നേയറിവായുള്ളൂ) എന്ന് എഴുതിയിട്ടുണ്ട് മക്കയിലേക്കുള്ള പാതയിൽ മുഹമ്മദ് അസദ്. മരുഭൂമിയെ പ്രണയിക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാൻ അസദിനേക്കാൾ മുന്തിയ മറ്റൊരു പഥികനില്ല വേറെ. റുബ്‌ഉൽഖാലി എന്നാൽ ആളൊഴിഞ്ഞ നാലിലൊന്ന് എന്നർത്ഥം. മരുഭൂമിയുടെ അളവ്. അതിന്ന് ആളുനിറഞ്ഞ് മരുഭൂവിന്റെ ഉള്ളടക്കങ്ങളില്ലാത്ത ഉടലായി മാറുന്നു.
പാതിര പിന്തിയും ഉച്ച തിരിഞ്ഞും ഉറങ്ങുന്നതും ധൃതിപ്പെട്ടു ജീവിക്കുന്നതിന്റേയുമടക്കം സമയം ഉപയോഗിക്കുന്നതിന്റെ കല അഭ്യസിക്കുന്നൂ പുതുതായി എത്തിയ ഏതു മടിച്ചിരിപ്പിന്റ ആശാനും. നമ്മുടെ ഭാഷയിലെ ഒരുപാട് പദങ്ങളുടെ അർത്ഥം അതിന്റെ കടുപ്പത്തിൽ അനുഭവിക്കാനാവുന്നതിന്റെ രസത്തിലാണ് മനസ്സ്. നട്ടംതിരിച്ചിൽ എന്ന വാക്ക് അതിന്റെ എല്ലാ കാൽപനിക ഭംഗിയോടെയും പുതിയ കൂട്ടുകാരിൽ കണ്ടെത്തുന്നു. വിട്ടുപോന്നതോ വന്നുപെട്ടതോ അല്ലാത്ത മൂന്നാമതൊരു ലോകവും അതിന്റെ അസ്വസ്ഥതകളും സ്വസ്ഥതകളും ഉണ്ടായിവരാൻ സ്വയം വിട്ടുകൊടുക്കലാണ് പ്രവാസം.
ഗൾഫുകാറന്റെ നിഘണ്ഠുവിലെ അതിപ്രാചീനമായ ആ പദസംയുക്തം കൊണ്ടു അവസാനിപ്പിക്കാം. എനിക്കിവിടെ ഒരുവിധം സുഖം തന്നെ, എറ്റവും പ്രിയപ്പെട്ടവരും വേണ്ടപ്പെട്ടവരുമായവരെ കേട്ടും കണ്ടും വ്യസനവും വേദനയുമായിത്തീർന്ന കാര്യങ്ങൾ സ്വന്തം അനുഭവമാകുന്നതിലെ ശോകത്തഴപ്പുകൾ. അന്നൊന്നും അവരെഴുതുന്ന കത്തുകളിലെ പിടി തരാതിരുന്ന ഒരുവാക്കിന്റെ -ഒരു വിധം എന്നതിന്റെ അർത്ഥം പിടികിട്ടുന്നതിലെ സുഖപ്പകർച്ച. ഒരുപാട് ഒളിപ്പിച്ചു വെക്കാനുള്ള സാമർത്ഥ്യമുണ്ടതിന്. ആഗ്രഹിച്ചുപോകുന്ന സുഖത്തിന്റെ ഒരായിരം ആവിഷ്കാരങ്ങളിൽ ഏതോ ഒന്നു മാത്രമേ പ്രവാസം അനുവദിച്ചു തരുന്നുള്ളൂ എന്നു തന്നെയാണ് ഓരോ ഔരുവിധവും ധ്വനിപ്പിച്ചത്. വാക്കിന്റെ ഒളിച്ചു കളിയാണ് അതിന്റെ പച്ചയായ അർത്ഥങ്ങളേക്കാൾ ആകർഷകം. പ്രവാസം എന്ന ശബ്ദത്തിന് പ്രയാസം എന്ന ശബ്ദത്തോടുള്ളതിനേക്കാൾ അർത്ഥത്തോടാണ് ബന്ധം.
Published on: Aug 30, 2008



REAL HEART TOUCHING NARRATION- RAFEEQ KEEP IT UP.
YEARS AGO EVEN ME WROTE MY PARENTS THAT “ENIKKIVIDE ORU VIDHAM SUKAMANU” AS YOU MENTIONED THE SAME TIME MY HEART WAS BURNING WITH THE MEMORIES OF THEM AND ALSO THE DIFFICULTIES IN THE WORKING PLACE. BUT WE “PRAVASIS” STILL CONTINUE TO WRITE THE SAME WORD AS AN INHERITANT, IN MY CASE FIRST I AM READING THIS WORD FROM MY FATHER’S LETTER WHEN I WAS A KID.