Penetration of Atheism in Kerala Muslim society
Chandrika Daily, Aug 9 2008

കേരളീയ മുസ്ലിം സമൂഹത്തിൽ നിരീശ്വരവാദത്തിന്റെ കടന്നുകയറ്റം
ചന്ദ്രിക
2008 ഓഗസ്റ്റ്‌ 9 ശനി
പി. മുഹമ്മദ്‌ കുട്ടശ്ശേരി

മുസ്ലിം സമുദായാംഗങ്ങളായി ഗണിക്കപ്പെടുന്നവരിൽ ഇന്ന്‌ എത്ര ശതമാനം ദൈവത്തെയും മതത്തേയും നിഷേധിക്കുന്ന നിരീശ്വര വാദികളുണ്ടാകും. കൃത്യമായ കണക്ക്‌ ലഭ്യമല്ലെങ്കിലും ണല്ലോരു വിഭാഗമുണ്ടെന്നതിൽ സംശയമില്ല. ‘ഞാൻ ഇസ്ലാം വിശ്വാസി അല്ല’ എന്ന്‌ തുറന്ന്‌ പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്നവർ അധികമുണ്ടാവുകയില്ലെങ്കിലും പ്രവൃത്തികൊണ്ട്‌ മത നിഷേധിയാണെന്ന്‌ തെളിയിക്കുന്നവരാണ്‌ നിരിശ്വര വാദികളിൽ ബഹുഭൂരിപക്ഷവും. മുസ്ലിം പേര്‌ സ്വീകരിക്കുക, പെരുന്നാൾ ആഘോഷിക്കുക, മുസ്ലിം ആചാര പ്രകാരം വിവാഹം നടത്തുക, മരണപെട്ടാൽ മുസ്ലിം ശ്മശാനത്തിൽ മറമാടുക തുടങ്ങിയവയാണ്‌ അവരിൽ പലർക്കൂം മതവുമായുള്ള ബന്ധം. ഏറ്റവും ചുരുങ്ങിയത്‌ വെള്ളീയാഴ്ചകളിൽ ജുമുഅ പ്രാർത്ഥനകളിൽ പങ്കെടുക്കുക എന്ന ആരാധന പോലും നിർവ്വഹിക്കുകയില്ല. സമൂഹ നന്മക്ക്‌ ഉതകുന്ന നല്ല പ്രവർത്തനങ്ങൾ അവർ ചെയ്യുന്നുണ്ടാകും. എന്നാൽ ഒരു മുസ്ലിം വിശ്വാസി സാധുക്കൾക്ക്‌ സകാത്ത്‌ നൽകുമ്പോഴും ജനോപകാര പ്രവർത്തനങ്ങൾ നടത്തുമ്പോഴും ദൈവം തന്നോട്‌ കൽപിച്ച മാനുഷികമായ ഒരു കടമ നിർവ്വഹിക്കുകയാണെന്നും അവന്റെ പ്രീതിയും മരണാനന്തരമുള്ള കർമ്മ ഫലവും താൻ ലക്ഷ്യം വെക്കുന്നുവേന്ന ബോധവും അവനുണ്ടാകും. പക്ഷേ ഒരു നിരീശ്വര വാദിക്ക്‌ ഇത്തരം ഒരു ലക്ഷ്യബോധമുണ്ടാവുകയില്ല. എന്തിന്‌ സേവനം ചെയ്യുന്നു എന്ന ചോദ്യത്തിന്‌ അയാളുടെ മറുപടി മറ്റൊന്നായിരിക്കും.

നാസ്തിക വാദത്തിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പ്രകൃത്യാ ദൈവ വിശ്വാസിയായി ജനിക്കുന്ന മനുഷ്യനെ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളാണ്‌ ദൈവ നിഷേധത്തിലേക്ക്‌ തള്ളി വിടുന്നത്‌. കേരളീയ മുസ്ലിം സമൂഹത്തിലേക്ക്‌ നിരീശ്വര വാദം കടന്നു വന്നത്‌ രാഷ്ട്രീയത്തിലുടെയാണ്‌. ചൂഷണങ്ങൾക്കും കുഴപ്പങ്ങൾക്കും കാരണമായ മതം, മനുഷ്യന്റെ ഭൗതിക പുരോഗതിക്ക്‌ തടസ്സമാണെന്ന്‌ സിദ്ധാന്തിക്കുന്ന രാഷ്ടീയ പ്രസ്ഥാനങ്ങൾക്ക്‌ കേരളീയ സമൂഹത്തിൽ സ്വാദീനമുണ്ടായി. ഇവിടുത്തെ ദാരിദ്ര്യവും ജന്മിത്തവും സാമ്പത്തിക- സാമൂഹ്യ രംഗങ്ങളിലെ പിന്നോക്കാവസ്ഥയും ഇതിന്റെ വളർച്ചക്ക്‌ വളമേകി. പക്ഷേ, കേരളീയ മുസ്ലിം സമൂഹം നിരീശ്വരത്വത്തേയും മത നിരാസത്തേയും അവയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ടീയ പ്രസ്ഥാനങ്ങളേയും തള്ളിപ്പറയുകയായിരുന്നു. ഏതെങ്കിലും ഒരു മുസ്ലിം സമുദായാംഗം നിരീശ്വര വാദിയാണെന്നറിഞ്ഞാൽ, അവന്‌ എത്ര പണവും സ്വാധീനവും അധികാരവുമുണ്ടെങ്കിലും സമുദായത്തിനകത്ത്‌ ഒരു മാന്യതയും കൽപിക്കപ്പെട്ടിരുന്നില്ല. ഈ പ്രസ്ഥനത്തെ സൈദ്ധാന്തികമായി എതിർക്കുന്നത്‌ മത സംഘടനകൾ അവയുടെ ബാധ്യതയായി കണ്ടു.

പക്ഷേ, പിന്നെ കേരളത്തിലെ അവസ്ഥയിൽ വലിയ മാറ്റം വന്നു. മത നിരാസ പ്രസ്ഥാനത്തിന്‌ രാഷ്ട്രീയ ശക്തി വർദ്ധിച്ചു. അത്‌ ഭരണ കക്ഷിയും പ്രതിപക്ഷവുമായി മാറിമാറി രാഷ്ട്രീയത്തിൽ ശക്തമായി നിലകൊണ്ടു. മുമ്പ്‌ സൈദ്ധാന്തികമായി നിരീശ്വരത്വത്തെ എതിർക്കുന്നതിൽ മുസ്ലിംകൾ ഇതോടെ രാഷ്ട്രീയമായി ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായി ഭിന്നിച്ചു. അതോടെ മതസംഘടനകളുടെ സമീപനത്തിലും വ്യത്യാസം പ്രകടമായി.മതത്തെ വിശേഷിച്ചും ഇസ്ലാമിനെ പരസ്യമായി എതിർക്കുന്ന സമീപനം ഉപേക്ഷിക്കുന്ന തന്ത്രപരമായ ഒരു നയം നിരീശ്വര- മത നിരാസ പ്രസ്ഥാനം സ്വീകരിച്ചു. ഇത്‌ നിരീശ്വര വാദവും മത നിരാസവും ഈ പ്രസ്ഥാനത്തിന്‌ ഇല്ലെന്ന ധാരണ സൃഷ്ടിച്ചു. സൈദ്ധാന്തികമായ എതിർപ്പിന്‌ നേതൃത്വം നൽകിയിരുന്ന പ്രമുഖ മുസ്ലിം സംഘടനകൾ അവയുടെ നയം മാറ്റുകയും പ്രസ്ഥാനത്തിന്‌ മതവിരുദ്ധ മുഖമില്ലെന്ന സർട്ടിഫിക്കറ്റ്‌ നൽകുകയും ചെയ്തു. അതോടെ മത നിരാസ പ്രസ്ഥാനത്തിന്റെ വിദ്യാർത്ഥി യുവജന വിഭാഗങ്ങളിലേക്ക്‌ ധാരാളം മുസ്ലിംകൾ ആകർഷിക്കപ്പെട്ടു. രാഷ്ട്രീയ രംഗത്തും മത സംഘടനാ രംഗത്തുമുള്ള മുസ്ലിംകളുടെ ഭിന്നിപ്പിനെ പ്രസ്ഥാനം സമുദായത്തിനകത്ത്‌ സ്വാദീനം വർദ്ദിപ്പിക്കാൻ പരമാവധി ഉപയോഗപ്പെടുത്തി

ഇന്ന്‌ മുസ്ലിംകളിൽ നല്ലൊരു ശതമാനം മുമ്പ്‌ മത സംഘടനകൾ നിരീശ്വര വാദികളുടെ പ്രസ്ത്ഥാനമെന്ന്‌ മുദ്ര കുത്തിയിരുന്ന രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളാണ്‌. അവരിൽ ചിലർക്ക്‌ മത നിരാസമോ ഇസ്ലാമിന്റെ സംസ്കാരത്തോട്‌ പ്രതിപത്തിക്കുറവോ ഇല്ലായിരിക്കാം. പക്ഷേ, അവർ മത വിരുദ്ധ മനോഭാവമുള്ളവരോടൊപ്പം ഒരു പ്രത്യേക രാഷ്ടീയ സംസ്കാരത്തിൽ വാർത്തെടുക്കപ്പെടുന്നു. നേതൃത്വത്തിലേക്കടുക്കുംതോറും നിരീശ്വരത്വവും മത നിരാസവും അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അവരതിൽ ഇഴുകിച്ചേരുന്നു. ഈ വിഭാഗത്തിൽപെട്ട മുസ്ലിം പേരുള്ള നേതാക്കളിൽ മതത്തിന്റെ ആരാധാനുഷ്ടാനങ്ങൾ പാലിക്കുന്ന ഒരാളെയെങ്കിലും കാണുക സാധ്യമാണോ.

മതനിരാസ പ്രസ്ഥാനം വിഭാവനം ചെയ്യുന്ന ഒരു മുസ്ലിം വ്യക്തിയാണ്‌ പാഠപുസ്തകത്തിൽ കുട്ടികൾക്ക്‌ മാതൃകയായി അവതരിപ്പിക്കപ്പെടുന്ന അൻവർ റഷീദ്‌. മതാചാര പ്രകാരമുള്ള വിവാഹത്തിൽ അയാൾ വിശ്വസിക്കുന്നില്ല. അതിനാൽ അയാൾ ബന്ധം പുലർത്തിയത്‌ ഒരു ലക്ഷ്മീദേവിയുമായി. ഈ ബന്ധത്തിൽ ജനിച്ച കുട്ടിക്ക്‌ അയാൾ മുസ്ലിമിന്റെ പേര്‌ പോലും നൽകുന്നില്ല. മറിച്ച്‌ മതമില്ലാത്തവനായി അവനെ വളർത്തുന്നു. അൻവർ റഷീദിന്റെ പേര്‌ പാഠപുസ്തകത്തിൽ നിന്ന്‌ നീക്കം ചെയ്യപ്പെടട്ടെ, നിലനിർത്തപ്പെടട്ടെ,രണ്ടായാലും അയാൾ ഇന്ന്‌ മുസ്ലിം സമുദായത്തിൽ ജീവിക്കുന്ന, ജീവിക്കണമെന്ന്‌ നിരീശ്വരവാദികൾ ആഗ്രഹിക്കുന്ന ആദർശ പുരുഷനാണ്‌. അയാൾക്ക്‌ വേണ്ടി വാദിക്കാൻ മുസ്ലിം സമുദായത്തിൽ ആളുണ്ടയി എന്നത്‌ ഒരു യാഥാർത്ഥ്യമാണ്‌.

മുസ്ലിം സമുദായത്തിന്‌ വർഗ്ഗീയ വാദികളിൽ നിന്ന്‌ സുരക്ഷ വാഗ്ദാനം ചെയ്യുന്നവർ മുസ്ലിം യുവാക്കളെ ബലികൊടുക്കുന്നു. ആദർശപരമായ കൊലപാതകത്തിന്‌ അവർക്ക്‌ മൗനാനുവാദം നൽകുന്നു. ഈ ഒരു അവസ്ഥയല്ലേ ഇന്നുള്ളത്‌. ഇത്‌ തീർച്ചയായും മുസ്ലിംകൾക്ക്‌ ഒരു പരീക്ഷണ ഘട്ടമാണ്‌. ജനങ്ങളുടെയും രാജ്യത്തിന്റെയും നന്മയും പൊതു താൽപര്യങ്ങളും സംരക്ഷിക്കാൻ വേണ്ടി ഈ രംഗത്ത്‌ പ്രവർത്തിക്കുന്ന ആരുമായും- അവർ നിരീശ്വര വാദികളോ,ഭൗതിക വാദികളോ, വർഗ്ഗീയ വാദികളോ, ദേശീയ വാദികളോ ആരാവട്ടെ സഹകരിച്ച്‌ പ്രവർത്തിക്കാൻ മുസ്ലിംകൾ ബാധ്യസ്ഥരാണ്‌.എന്നാൽ ഒരു മുസ്ലിം പൂർണ്ണമായോ ഭാഗികമായോ നിരീശ്വരവാദിയും മതമില്ലാത്തവനുമായിത്തീരുകയോ അങ്ങനെ ആകാൻ സാധ്യതയുള്ള ഒരു പ്രസ്ഥാനത്തെ പുണരുകയോ ചെയ്യുന്നതിനെ എങ്ങനെ മതപരമായി ന്യായീകരിക്കാൻ കഴിയും.

എന്നാൽ മുസ്ലിം സമുദായത്തിൽ രാഷ്ട്രീയത്തിന്റെ മറവിൽ നിരീശ്വരവാദം ശക്തിപ്പെടുത്തുന്ന പ്രവണതയിൽ ഒരു മതവിശ്വാസി ഉൽക്ക്ണ്ഠപ്പെട്ടാൽ അതിൽ രാഷ്ട്രീയ വിരോദവും മുസ്ലിം ലീഗിന്റെ ശബ്ധവുമായി ചിത്രീകരിച്ച്‌ പ്രശ്നത്തെ വഴി തിരിച്ചു വിടുന്ന തന്ത്രമാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌.സമുദായത്തിൽ മതമില്ലാത്ത അൻവർ റഷീദുമാർ വളർന്നു വരുന്നതിനെ മത സംഘടനകളുടെ കൂട്ടായ്മക്കും അവയുടെ ധീരവും നിസ്വാർത്ഥവുമായ ആദർശ പ്രചാരണ പ്രവർത്തനത്തിനും മാത്രമേ പ്രതിരോധിക്കാൻ കഴിയൂ. രാഷ്ട്രീയമായ ഇഷ്ടാനിഷ്ടങ്ങൾക്കും സംഘടനാപരമായ താൽപര്യങ്ങൾക്കും ഭൗതികമായ ലാഭ നഷ്ടങ്ങൾക്കും ഉപരിയായി ശുദ്ധമായ തൗഹീദും കുഫ്‌റിൽ നിന്നുള്ള മോചനവും ലക്ഷ്യം വെക്കുന്നവർക്കല്ലാതെ നിരീശ്വരത്വത്തിനെതിരിൽ ശബ്ദമുയർത്താൻ മനസ്സ്‌ വരില്ല. മത സംഘടനാ വേദികളിൽ എതിർ സംഘടനയിൽപ്പെട്ടവർക്ക്‌ അയിത്തം കൽപിക്കപ്പെടുന്നു.എന്നാൽ മുസ്ലിം നിരീശ്വര വാദികൾക്ക്‌ അവരുടെ ആദർശം പറയുന്നതിന്‌ ഒരു വിലക്കുമില്ല. ഇതല്ലേ ഇന്നത്തെ ജീവിക്കുന്ന സത്യം