First prize winner of JAIHOON.TV ‘I Love My Prophet’ Contest
KK Saleem Pazhayannur

തയ്യാറാക്കിയത്‌: കെ.കെ.സലിം പഴയന്നൂർ
“ഞാൻ എന്തുകൊണ്ട്‌ പ്രവാചകനെ സ്നേഹിക്കുന്നു”
കത്തുന്ന വാകമരങ്ങൾ

Jaihoon walking...

“പാതിരാസത്രത്തിലെ സംഗീത ശാലയിൽ തിരശ്ശീല പൊന്തുന്നതിനു മുൻപ്‌ തീർന്ന നാടകങ്ങൾ സ്വയം ആത്മഹത്യ ചെയ്യുന്നു. കരയുവാൻ കണ്ണുനീരില്ലാത്തവരാണതിൽ പാടുന്നത്‌. ഇനിയും പിറക്കാത്ത ഭാഷയുടെ പാട്ടുകാരാണവർ! മിഴിനാരുകൊണ്ടാണവൻ കണ്ണുനീരു കെട്ടുന്നത്‌. കാല സർപ്പങ്ങളുടെ ദംശനങ്ങൾ അവർ സ്വയം കണക്കുകൂട്ടുന്നു. കത്തുന്ന മനുഷ്യനെയാണവർ വരയുന്നത്‌. ആത്മീയതയുടെ ഹെയ്സൽ പുഷ്പങ്ങൾക്കുവേണ്ടി അവരുടെ തബലകൾ ഇപ്പോഴും മന്ത്രിച്ചു കൊണ്ടിരിക്കുന്നു”.

കറുത്ത സന്യാസിമാർ ഓഷോയിസം കച്ചവടം ചെയ്യുന്ന ശുക്ലമരത്തണലിൽ ജപമാലകൾ പോലും വിയർത്തിരിക്കുന്നു. ലഹരിയണിഞ്ഞ മുന്തിരിത്തോപ്പുകൾപോലും വിയർത്തിരിക്കുന്നു. ലഹരിയണിഞ്ഞ മുന്തിരിത്തോപ്പുകളിൽ ത്രികോണരൂപമാർന്ന അടിവസ്ത്രങ്ങൾ നൃത്തം ചെയ്യുന്നു. രക്തമിറ്റുന്ന ദിനപത്രങ്ങൾ ഞാനിപ്പോൾ വായിക്കാറില്ല. പറയൂ, കപില വസ്തുവിലെ ലുംബിനിയാരാമത്തിൽ ബുദ്ധനിപ്പോഴും ചിരിക്കുന്നുണ്ടൊ? നാനാക്കിന്റെ കവിതകളിൽ ആത്മീയതയിപ്പോഴും കിനിയുന്നുണ്ടൊ? പണിതീരാത്ത വീടുകളിൽ കത്തുന്ന കൺപീലികളെ നോക്കി സരതുഷ്ടൻ ഉറങ്ങുന്നതെങ്ങനെയാണ്‌? ലാവോസിന്റെ തയോമയത്തിൽ കഴുകന്റെ നിഴലുകൾ കാണുന്നില്ലേ? ഓർക്കിഡ്‌ പുഷ്പങ്ങളുടെ ഒട്ടിയ ഗർഭപാത്രങ്ങളിൽ മോസ്സസ്സിന്റെ റാന്തൽ വിളക്കുകൾ മുനിയുന്നത്‌ ഞാനിന്നലെയും കണ്ടതാണ്‌!

അതെ, പിലാസയിലെ അപ്പവും വീഞ്ഞും പുളിച്ചിരിക്കുന്നു. തെൽ അവീവിലെ മുൾച്ചെടി പോലും തുപ്പിയെറിഞ്ഞ ദാർവിഷിന്റെ കല്ലുകളിൽ വെള്ളരിപ്രാവുകൾ ഇനിയും കുറുകുന്നതെങ്ങനെയാണ്‌? കണ്ണുകളിൽ കണ്ണുനീരില്ലാത്തവരുടെ ആത്മാവിന്‌ മഴവില്ലുണ്ടാകുന്നതെങ്ങനെയാണ്‌? ചേറ്‌ പുരണ്ട കണ്ണീർപാതകൾ എനിക്ക്‌ മടുത്തിരിക്കുന്നു. പറയൂ, സ്നേഹം വിരിയുന്ന ഓറഞ്ച്‌ തോട്ടങ്ങളെവിടെയാണ്‌? അവീൻ പുഷ്പ പദലങ്ങളാർന്ന അധ്യാത്മികതയുടെ മഴവില്ലുകൾ കൊഴിയുന്നതെവിടെയാണ്‌? എന്റെ രോമങ്ങൾക്ക്‌ തീ പിടിക്കുന്നതിന്‌ മുമ്പ്‌ പറയൂ ഞാൻ ആരെയാണ്‌ പ്രണയിക്കേണ്ടത്‌?

ഞാൻ പോകട്ടെ…………
എത്രയുണ്ടിനീ നേരം…………
ജിവിതത്തിലെ ഭിക്ഷ പാത്രങ്ങളിൽ അത്താഴത്തിന്‌ പകരം കുഷ്ടരോഗത്തിന്റെ കുപ്പിച്ചില്ലുകൾ കണ്ടുകൊണ്ടണ്‌ ഞാൻ ഹിജാസിലെത്തിയത്‌. കർക്കിട വറുതിയിൽ ഒട്ടിയ വയറുമായി തൈബാ നഗരിയിലെത്തിയ ഞാൻ കണ്ടത്‌ ശിഅ​‍്ബ്‌ അബീ ത്വാലിബിലെ ദരിദ്രനായ തടവുപുള്ളിയെയാണ്‌. കൂടൽ മാണിക്യത്തിലെ സദ്യയുണ്ട്‌ കരളു കരിഞ്ഞ ഞാൻ ബന്ദഖിൽ കണ്ടത്‌ വയറ്റത്ത്‌ കെട്ടിവെച്ച പൊങ്ങാത്ത കല്ലുകളെയാണ്‌. മൺകലത്തിലെ കുലച്ചോറു തിന്നുമ്പോഴും ആത്മീയ ചക്രവർത്തിയുടെ പുകയാത്ത അടുപ്പുകളെ നോക്കി ഞാൻ സമാധാനിക്കുകയായിരുന്നു. ഖുറൈശികളുടെ ക്രൂരമായ മർദന പീഢനാനുഭവങ്ങളെ ഏറ്റുവാങ്ങിയ മഹാമനസ്സിനെയാണ്‌ കലാപമഴയിൽ കത്തുന്ന കടത്തിണ്ണയിലിരുന്ന്‌ ഞാനോർത്തുപോകുന്നത്‌.

വെറ്റിലത്തെരുവിൽ ചുണ്ണാമ്പുകല്ലുകൾ വിൽക്കുന്ന ഞാനെന്തിനാണ്‌ അറേബ്യയിലെ സുഗന്ധവ്യാപാരിയെ പ്രണയിക്കാതിരിക്കുന്നത്‌? ഭൂമിയിലെ പാതകൾ പണിയുന്ന വഴിവെട്ടുകാരാ, ഖൈബറിലേയും തോട്ടങ്ങളിലെ പരിപാലകനെ നിനക്കോർമയുണ്ടൊ? ഇരുളിന്റെ പുകക്കുഴലിലൂടെ ദ്രവിച്ച പുരാതന സന്ധ്യകൾ ആവർത്തിക്കുമ്പോഴാണ്‌ ഖദീജയും ആഇശയും പറഞ്ഞുതന്ന നല്ല ഭർത്താവിനെക്കുറിച്ച്‌ ഞാനോർക്കുന്നത്‌. പുസ്തകത്തണലിൽ നീലമഴ പെയ്യുന്ന വാർത്ത ഞാനിന്നലെയും കേട്ടു! വരൂ, ഹിറയിലെ മാലാഖയുടെ മുന്നിൽ ഭക്ത്യാദരങ്ങളോടെ ശ്രദ്ധിച്ചുനിന്ന വിദ്യാർത്ഥിയിലേക്ക്‌. അവിടെയിപ്പോഴും ഗുരു ചവിട്ടുന്ന കാലിൽ ഇമവിരിക്കുന്നവരുണ്ട്‌. സ്വന്തം മകളുടെ കിടപ്പറയിൽ കാലവൈകൃതം സൃഷ്ടിക്കുന്നവരാണെനിക്ക്‌ ചുറ്റുമുള്ളത്‌. പറയൂ, പിതാവിനെ പറ്റിയുള്ള ഫാത്തിമയുടെ വാക്കുകൾ ഇനിയും ശ്രദ്ധിക്കാതിരിക്കുന്നതെന്തിനാണ്‌?

ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിൽ സുവർണ്ണ
മുദ്ര പതിപ്പിച്ചു ഈ സമുജ്ജല മാതൃകയാണ്‌
എന്റെ സുഷുംനയിൽ ഇപ്പോൾ നൃത്തം ചെയ്യുന്നത്‌.
ഇനിയെങ്കിലും തിരിച്ചറിയുക, ഈ പ്രേമത്തിൻ പ്രണയരഹസ്യം.

കാക്കകൾ പോലും വിയർത്തൊലിക്കുന്ന കോടതിയിൽ ഭൂമിയിലെ കൽകണ്ട കച്ചവടക്കാരെല്ലാം കൈമലർത്തുമ്പോഴും എന്റെ പ്രേമഭാജനം സൃഷ്ടാവിൻ മുന്നിൽ സഷ്ടാംഗ പ്രണാമത്തിലായിരിക്കും! നിലക്കാത്ത കണ്ണുനീരിന്റെ ശവമടക്കു കഴിഞ്ഞ്‌ കണ്ണിറുക്കി ചിരിതുടച്ച്‌ സകലരും സ്വർഗറ്റ്‌ഹ്തിലേക്ക്‌ പിരിഞ്ഞുപോകുന്ന സമയം ഞാൻ അവിടെതന്നെ നിൽക്കും. ഭയച്ചൂടും ഇരുട്ടും നിറഞ്ഞ നിശബ്ദതയിൽ നരകവാതിലിരുന്ന്‌ പക്ഷികളുടെ അസ്ഥികൂടങ്ങൾ പാടുന്ന നേരം നീരറ്റ കണ്ണിന്റെ നിത്യദാഹങ്ങളിൽ തോരത്തെ പെയ്യുന്ന ശിപർശാകന്‌ ഞാനെന്ത്‌ നൽകും? ഉള്ളിലെ പുകക്കറ വീണ കരച്ചിലോ? രക്താർബുധ ലഹരിയിൽ സിരകളിൽ അറിയാതെ പതിഞ്ഞ സ്വലാത്തുകളോ?

കടലുകൾക്ക്‌ തീരങ്ങളെ നഷ്ടപ്പെടുന്ന ദിവസം കരച്ചിലുകൾക്ക്‌ കടൽപക്ഷിയെയും നഷ്ടമായേക്കാം! എങ്കിലും അനുരാഗത്തിന്റെ സ്വപ്നഗ്രന്ധികൾ നുരമ്പുന്നതെങ്ങനെയാണ്‌? ഹൃദയഭാജനമില്ലാത്ത ഹൃദയങ്ങൾ സ്വപ്നം കാണുമോ? ജീവനുള്ള ഹൃദയങ്ങൾ സ്നേഹ ശൂന്യമായ നിമിഷങ്ങളെ സഹിക്കുന്നതെങ്ങനെയാണ്‌? അരുതെ! പ്രേമഭാജനത്തിന്റെ പാദങ്ങളിൽ ഇമവിരിക്കാൻ കാത്തിരിക്കുന്ന പേടമാനിന്റെ പ്രണയമളക്കരുതെ!

ഇനിയും പിറക്കാത്ത ഭാഷയിലാണു ഞാൻ പ്രവാചകസ്നേഹത്തിന്റെ ഗിഥാറുകൾ വായിക്കുന്നത്‌. അത്തിപ്പഴങ്ങളും പനിനീർപൂക്കളും വിൽക്കുന്ന താഴ്‌വരയാണെന്റെ കാവ്യലോകം. നോക്കൂ, എന്റെ മനസ്സിലെ ചിത്രശലഭങ്ങൾ തുറന്ന്‌ കാട്ടിയ വസന്താരാമത്തിൽ ചിറ്റിപറക്കാൻ ഭ്രമം കൊള്ളുകയാണ്‌. രാഷ്ട്രത്തിന്റെ പുറംപോക്കിൽ വലിച്ചെറിയപ്പെട്ട ജനകോടികളിൽനിന്ന്‌ ബാലറ്റിലെ ഇന്ദ്രജാലത്തിലൂടെ ഒബാമയെത്തിയപ്പോഴും ഞാനോർത്തിരിക്കുന്നത്‌, ബിലാളിനെ തഴുകിയ തന്ത്രികളെയായിരുന്നു. കണ്ണീർ കായലുകളിൽ ദരിദ്ര ജീവിതങ്ങൾ മുങ്ങുമ്പോഴും കൊള്ളപലിശയെ സേവിക്കുന്നവരാണെനിക്ക്‌ ചുറ്റുമുള്ളത്‌. പലിശയെ ശപിക്കുന്ന പ്രവാചകനെ പിന്നെങ്ങനെ ഞാൻ പ്രണയിക്കാതിരിക്കും? നോക്കൂ, മാന്ദ്യ കാലാവസ്ഥയിലും എന്റെ സിരകളിൽ ഹിജാസിയൻ പ്രണയത്തിന്റെ സൂചികളാണാഴ്‌ന്നിറങ്ങുന്നത്‌!

മൈക്കലാഞ്ചലോവിന്റെ ശവഭോജന ശാലയിൽനിന്നും കിനാവറ്റ യാചകർ (യൂറോപ്യർ) ഇറങ്ങിവന്നത്‌ റാഫേലിന്റെ കത്തുന്ന തെരുവുകളിലേക്കായിരുന്നു. ഡാവിഞ്ചിയുടെ നഗര കവാടത്തിൽ തുലാസ്സും ത്രിശൂലവും വിറ്റിരുന്നത്‌ മക്യല്ലിയുടെ എലി തിന്ന ശിരസ്സുകളാണ്‌. നവോത്ഥാനത്തിൽ മുങ്ങിയ തെരുവുകളിലിപ്പോഴും ക്ലാവു പിടിച്ച ഹൃദയങ്ങളിലെ നിലച്ച വാച്ചുകളാണുള്ളത്‌. ഫ്രാൻസിലെ പ്രേതാലയങ്ങളിൽ റാബിലൈസിന്റെ കോടതി ജനങ്ങളെ തൂക്കാൻ വിധിച്ചു പിരിഞ്ഞതിനു ശേഷമായിരിക്കണം സ്പൈനിൽ സെർവാന്റ്സിന്റെ കണ്ണുപൊട്ടിയ വഴിവിളക്കുകൾ കാളച്ചോര ചുരത്താൻ തുടങ്ങിയത്‌. ഡവിഞ്ചിയും ഗലീലിയും വന്നു. ഗ്ലാസ്സു നീട്ടി. ഇതാ ചെകുത്താന്റെ രക്തം കുടിക്കൂ! പറയൂ, ഇവരെ പ്രണയിക്കുന്നതെങ്ങനെയാണ്‌?

കുങ്കുമം തൊട്ടുവരുന്ന ശരത്കാല സന്ധ്യയിൽ ഇഖ്ബാലിന്റെ സിത്താറുകൾ ഉറക്കമിഴിച്ചതു ആർക്കുവേണ്ടിയാണ്‌? ഇഖ്ബാലിന്റെ കവിതകൾ കാൽപനിക യാത്ര നടത്തിയതാരെയോർത്താണ്‌? “നൂറായിരം കവിത കനക്കും കൃതികൾ നാണിച്ചു പോയി നിരക്ഷരന്റെ വാക്കുകൾ കേൾക്കെ” എന്ന്‌ ർറൂമി വാചാലനാകുന്നത്‌ ആരെയോർത്താണ്‌?

നക്ഷത്രതുല്യർ പ്രണയനൃത്തം ചവിട്ടിയ തൈബാ നഗരമെ, നിന്റെ വൈദ്യുതാലിംഗനവും കാത്ത്‌ പാതിരാതെരുവുകളിൽ വ്രതമെടുത്തിരിക്കുകയാണ്‌ ഞാൻ. പ്രേമഭാജനമില്ലാത്ത ഹസ്ത രേഖയിൽ ദു:ശഖുനങ്ങൾ വായിക്കുമ്പോഴാണ്‌ ദുർമരണത്തിന്റെ സ്വപ്നങ്ങൾ തലച്ചോറിനെ കാർന്നു തിന്നുന്നത്‌. വെന്തു പോയ ഈ വാകമരങ്ങളുടെ ജന്മനാട്ടിൽ വിശക്കുമ്പോൾ തണുത്ത തലച്ചോറെ എനിക്കുണ്ണുവാനുള്ളു. ഹൗ! തൈബാ നഗരത്തിന്റെ തൂത്തുകാരൻ എത്ര ഭാഗ്യവാൻ………

കാർമുകിൽ കാളിമ നിറയും മനസ്സിൽ പാർവർണ ചന്ദ്രിക
ചാർത്തുന്ന പ്രേമ ഭാജനത്തിന്റെ സ്മരണയിൽ മനസ്സിന്റെ
സൂക്ഷ്മ കോശങ്ങളിൽപോലും സംതൃപ്തി സംത്രസിക്കുകയാണ്‌.
അവ്യക്തത്തയുടെ നിഴൽപാടുകൾ അവസാനിച്ചിരിക്കുന്നു.
ഇനി ഒന്നും വ്യാഖ്യാനിക്കാനില്ല.
ഇനി ഒന്നും പറയാനില്ല.
എല്ലാം അവസാനിച്ചിരിക്കുന്നു.
ഇവിടെ സ്നേഹപ്രവാഹം സമുദ്ര സംഗീതമായ്‌ മാറുന്നു.
എന്റെ സുഷുംനയിൽ അനുരാഗ പൈങ്കിളികൾ നൃത്തം ചെയ്യുന്നു…….