കോഴിക്കോട്‌: ഇസ്ലാമിക്‌ സെന്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യധാര ക്രിയേഷൻസിന്റെ കീഴിലുള്ള ‘ഖാഫില’യും പ്രമുഖ ഇന്റർനെറ്റ്‌ ചാനലായ ജൈഹൂൻ ടി.വി യും സംയുക്തമായി ഇക്കഴിഞ്ഞ മീലാദുശ്ശരീഫിനോടനുബന്ധിച്ച്‌ നടത്തിയ ലേഖനമൽസരത്തിലെ വിജയികൾക്ക്‌ നാളെ (വെള്ളി) കോഴിക്കോട്‌ മലബാർ പാലസിൽ വെച്ച്‌ സമ്മാനം നൽകും. ‘എന്റെ റസൂൽ’ എന്ന വിഷയത്തിൽ നടത്തിയ മൽസരത്തിൽ ഖാഫില പ്രോഗ്രാം ഓഫിസിൽ നേരിട്ടും ജൈഹൂൻ ടി.വി യിൽ ഓൺലൈൻ വഴിയുമായി നൂറിൽപരം എൻട്രികളാണ്‌ ലഭിച്ചതു. അമേരിക്ക, യൂറോപ്പ്‌ തുടങ്ങിയ വിദേശ രാഷ്ട്രങ്ങളിൽ നിന്നും കേരളത്തിനു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കുടുംബിനികളും വിദ്യാർത്ഥികളും സാധാരണക്കാരും പങ്കെടുത്ത ഈ മത്സരത്തിൽ ഒന്നാം സമ്മാനമായ ലാപ്ടോപിന്‌ അർഹത നേടിയത്‌ കെ.കെ. സലിം പഴയന്നൂറാണ്‌. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫികറ്റ്‌ നൽകുന്നതാണ്‌. ഇത്തരം ഒരു മത്സരത്തിൽ കേരളത്തിൽ ആദ്യമാണ്‌ ലാപ്ടോപ്‌ സമ്മാനമായി നൽകുന്നത്‌. അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്‌, പി.കെ. മാനു സാഹിബ്‌, കെ. മോയിദീൻകോയ (ചന്ദ്രിക) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

മതനിഷേധവും മതനിരാസ പ്രസ്ഥാനങ്ങളും സജീവമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ വിശുദ്ദ പ്രവാചകന്റെ വ്യക്തിത്വത്തെ അടുത്തറിയുകയും അബദ്ധധാരണകളെ അകറ്റുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ്‌ മത്സരത്തിന്‌ ഈ വിഷയം തെരഞ്ഞെടുക്കാനുള്ള പ്രേരകം.

മുജീബ്‌ റഹ്മാൻ നേതൃത്വം നൽകുന്ന ‘jaihoon.tv’ മൂല്യാധിഷ്ഠിത ചാനൽ പ്രവർത്തനത്തിന്‌ മാതൃകയാണ്‌. നാല്‌ ഇംഗ്ലീഷ്‌ കവിതകളുടെയും ഒരു നോവലിന്റെയും കർത്താവായ മുജീബ്‌ “ജൈഹൂൻ” എന്ന തൂലികാനാമത്തിലാണ്‌ രചനകൾ നടത്തുന്നത്‌. ‘ജൈഹൂൻ’ന്റെ ഇംഗ്ലീഷ്‌ കവിത മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതേ കവിതയുടെ അറബി പരിഭാഷ പുറത്തിറങ്ങാനിരിക്കുകയാണ്‌.

വെള്ളി വൈകുന്നേരം നാലു മണീക്ക്‌ നടക്കുന്ന ചടങ്ങിൽ പാണക്കാട്‌ സയ്യിദ്‌ സ്വാദിക്കലി ശിഹാബ്‌ തങ്ങൾ സമ്മാനദാനം നിർവ്വഹിക്കും. മുന്മന്ത്രി ഡോ.എം.കെ. മുനീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രമുഖ നോവലിസ്റ്റ്‌ സുകുമാർ കക്കാടിനെ ആദരിക്കും. തന്റെ രചനകളിലൂടെ മതസൗഹാർദ്ദത്തിനും പ്രവാചക സന്ദേശങ്ങൾ സമൂഹത്തിലെത്തിക്കുന്നതിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ്‌ അദ്ദേഹത്തെ ആദരിക്കുന്നത്‌. അബ്ദുൽ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സിദ്ദീഖ്‌ ഫൈസി വാളക്കുളം, ഷാഹുൽ ഹമീദ്‌ മാസ്റ്റർ മേൽമുറി, നാസർ ഫൈസി കൂടത്തായ്‌, അലവിക്കുട്ടി മുണ്ടംപറമ്പ്‌, ജൈഹൂൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും.

മുജീബ്‌ റഹ്മാൻ (ജൈഹൂൻ), സിദ്ദീഖ്‌ ഫൈസി വാളക്കുളം (ഖാഫില), അലവിക്കുട്ടി മുണ്ടംപറമ്പ്‌, സി.പി. ഇഖ്ബാൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പത്ര റിപ്പോർട്ടുകൾ:

മലയാള മനോരമ :- സമ്മാനവിതരണം പേജ്‌ 4, കോഴിക്കോട്‌ എഡിഷൻ

മാധ്യമം:- സമ്മാനവിതരണം നാളെ, പേജ്‌ 3, കോഴിക്കോട്‌ എഡിഷൻ

ചന്ദ്രിക:- കാഫില സമ്മാനവിതരണം, പേജ്‌ 10, കോഴിക്കോട്‌ എഡിഷൻ

സിറാജ്‌:- ലേഖന മത്സരം നടത്തി, പേജ്‌ 2, കോഴിക്കോട്‌ എഡിഷൻ

തേജസ്‌:- എന്റെ റസൂൽ രചന- കെ.കെ.സലിം ഒന്നാമത്‌, പേജ്‌ 2, കോഴിക്കോട്‌ എഡിഷൻ