ഓ പ്രിയ തിരിനാളമേ!എന്നെ വിട്ടേച്ചു പോവല്ലെ കൂരിരുട്ടില്‍ന്ദ
കാരണം, ദുഷ്ടനാം പിശാചിന്‍ ദുശ്ശക്തികള്‍ പതുങ്ങിപ്പതുങ്ങി എന്‍ പിറകിലുണ്ട്‌
ഞാന്‍ അറിയുന്നൂ ദൈവഭക്തിയൂറും കരുണാര്‍ദ്രമാം നിന്‍ ഹൃദയ നിര്‍മലത്വം
പണ്ടു തൊട്ടേ,എന്നോടെപ്പൊഴും നീ അളവറ്റ അത്യുദാരന്‍

ഈ സന്നിദ്ധ നേരത്ത്‌ നീ എങ്ങാനുമെന്നെ കൈവെടിഞ്ഞാല്‍
അഭികാമ്യമാം ഒരഭയകേന്ദ്രവും തേടി ഞാന്‍ എങ്ങു ചെല്ലും?

പ്രിയ സുഹൃത്തേ, ഈ കൂരിരുട്ടത്ത്‌ എന്നെ വിട്ട്‌ നീ എങ്ങും പൊയിടല്ലേ
അവന്‍ ചുരത്തിടും അനന്ത സ്നേഹത്തിലേക്ക്‌ പിന്നെ മറ്റാരെന്നെ വഴി നടത്തും?
എന്‍ മുഖം ഞാനങ്ങു കടലാസു കൂനകളില്‍ പൂഴ്ത്തണോ?
അതോ, സാങ്കേതികത്തികമാര്‍ന്ന ഈ മായിക ലോകമില്‍ ഞാനും ഇഴുകി അലിഞ്ഞങ്ങുചേരണോ?

പാവമാം പാറ്റക്കിതെന്തു പറ്റുമെന്ന്‌ നീ അതിശയിച്ചുവോ?
എന്നാല്‍ നിന്‍ അഭാവത്തില്‍ അവന്‍ വെറുമൊരു ശവജഡമായിടും

അത്രമേല്‍ നോവിന്‍ കടലിലെറിഞ്ഞു നീ ഒരു പാവമാമെന്നെ മുക്കിക്കൊന്നിടല്ലേ
ഇത്തിരിപ്പോന്നൊരു ധ്യാനമണിയോളമെങ്കിലും സ്നേഹാനുകമ്പ നീ എന്നോട്‌ കാട്ടണേ

കാലികള്‍ അലയും തെരുവോരങ്ങളില്‍ ഞാന്‍ തണുത്ത്‌ വിറച്ചിടുന്നൂ
മാധുരക്കരിമ്പ്‌ പോല്‍ തോന്നിയിരുന്നത്‌ രുചിച്ചു നോക്കവേ പെരും കയ്പ്‌ മാത്രമാം

ആണും പെണ്ണുമെല്ലാം ഇന്ന്‌ ഭ്രാന്തര്‍; തീര്‍ത്തും അന്ധര്‍.
ദുര മൂത്ത്‌ മൂത്ത്‌ അത്‌ മാവുകളെത്തന്നെയും അഗണ്യ കോടിയില്‍ തള്ളിക്കളഞ്ഞവര്‍..

എനിക്കു കാണാന്‍ പറ്റുന്നതിപ്പോള്‍ കേവലഘോരഘനാന്ധകാരം
ഇന്ത്യയും അറേബ്യയും ഒട്ടാാ‍കെയിപ്പോള്‍ തിന്മകള്‍ തന്‍ അതി പ്രവാഹം

എനിക്കാകെയിപ്പോള്‍ വേണ്ടത്‌, അവന്റെ തീവ്രാനുരാകത്തിന്‍ ജ്വാലരശ്മി
ഞാന്‍ അതിലങ്ങരിഞ്ഞമര്‍ന്നീടിലും ഇല്ലില്ല എനിക്കശേഷം പരാതിയില്ല

ഈ പരമ സാധുവോട്‌ സന്തതം ദയ ചൊരിയണം
അവന്‌ വരുത്തിടാവുന്ന സൌഭഗം എത്രയോ സമൃദ്ധമാം

നിന്‍ അഭാവത്തിന്‍ എന്‍ ചിറകുകള്‍ ബാലിശം, അതി ദുര്‍ബ്ബലം
അവനെ ഭയന്ന്‌ നിര്‍ഗളീച്ചീടും കണ്ണുനീര്‍…
കണങ്ങളില്ലെങ്കിലെന്‍ കവിള്‍ത്തടം വറ്റി വരണ്ടുപോം തല്‍ക്ഷണം

ഇപ്പോള്‍ പതിയെ ഞാനെന്‍ ശിരസ്സ്‌ മേല്‍പ്പോട്ടുയര്‍ത്തവേ
ഒരക്ഷരം പോലും ഉച്ചരിച്ചിടും മുമ്പെ,
വിതുമ്പിടും ഞാന്‍ വിങ്ങി വിങ്ങി കരഞ്ഞിടും

അവന്‍ കേള്‍ക്കുന്നു എന്‍ വിലാപം
അവന്‍ കാണുന്നു എന്നുടെ ഹൃത്തടം

അവനറിയാം, എത്രമേല്‍ നിഷ്കളങ്കമാണെന്‍ പ്രതീക്ഷയെന്ന്‌
ഉറങ്ങവെപോലും, മമഹൃദയമോതിടും മന്ത്രമെന്തെന്ന്‌

ഓ! തബ്രേസ്‌ പോലെന്‍ തസ്ബീഹ്‌!

ഇനിയുമിനിയും എന്നോട്‌ ചൊന്നിടൂ ആ മഹാ കാരുണികനെക്കുറിച്ചു തന്നെ
സ്വപ്നേന കേട്ടതൊന്നുകൊണ്ടും സംതൃപ്തനല്ല ഞാന്‍ തീരെ തന്നെ

അവന്റെ അനുരാഗമൂര്‍ച്ചയാല്‍ നിങ്ങളെന്‍
ഹൃദയത്തെ ഭാഗികമായി വൃണപ്പെടുത്തിയെങ്കില്‍
ഇതാ വാളങ്ങെടുക്കൂ; ഉടനടി എന്‍ കതയങ്ങ്‌ കഴിച്ചിടൂ

കാരണം, കമിതാവിന്റെ ഹൃദയം രക്തം സ്രവിക്കവേ, വേദന പിന്നെയും കൂടുകയാണ്‌
എനിക്കിപ്പോള്‍ പുസ്തകമല്ല നീ തരേണ്ടത്‌, അത്‌ വായിക്കുന്ന വിദ്യയാണ്‌

ഓ പ്രിയ തിരിനാളമേ! കൂരിരുട്ടത്ത്‌ എന്നെ വിട്ടേച്ചു പോവല്ലെ
കാരണം ക്രൂരനാം പിശാചിന്‍ ശക്തികള്‍ പാത്തും പതുങ്ങിയും പിറകിലുണ്ട്‌.

എന്നെ തീര്‍ത്തുമങ്ങ്‌ ഏകാന്തനാക്കി നശിക്കാന്‍ വിടല്ലെ നീ ഒരിക്കലും
മേറ്റ്ന്തു വേണേലുമാവാം, പക്ഷേ ഇവ്വിധം മാത്രം ഒരു ശിക്ഷയരുതേ…

നീ അല്ലാതെ എത്ര വേണേലും വേദനയേതും സഹിച്ചിടാം ഞാന്‍ ..
പക്ഷേ, ആവില്ലൊരിക്കലും എന്‍ വിജയമൊരിക്കിടും സന്തോഷ മേല്‍ക്കാന്‍

പങ്കുവെയ്ക്കാനാവാത്ത സന്തോഷം ഏതു തന്നെയാകിലും,
നിന്നെ കരയിക്കമാത്രമാണാത്യന്തികമാം അതിന്‍ ഫലം..

ആഴം കുറഞ്ഞൊരു കൊച്ചുകിണറിന്‍ സങ്കടമിതൊന്നോര്‍ത്തു നോക്കൂ..
ഘോരഘോരം മഴ പെയ്കിലും ഒരല്‍പമല്ലേ ചെറുതാം കുഴിക്കു കിട്ടൂ..

എന്‍ ഹൃത്തടവുമതുപോല്‍ ചെറുതാണല്ലോ തീരെ..
കോപ്പ നിറഞ്ഞു തീര്‍ന്നാല്‍ പിന്നെ പുറമേക്ക്‌ തൂവുമല്ലോ..

കിഴക്കും പടിഞ്ഞാറും അവനെത്തിരക്കി ഞാന്‍ അലഞ്ഞത്‌ അനേക വര്‍ഷങ്ങളോളം.
എന്‍ ഹൃത്തിനുള്ളില്‍ തന്നെയുണ്ടവന്‍ എന്നു നീയെന്നെ പഠിപ്പിച്ചതോ വെറും ചില നാളുകള്‍ക്കകം..

അതില്‍ പിന്നെ ഞാനവനെ വിളിച്ചത്‌ ആകാശ ഭൂമിതന്‍ സൃഷ്ടാവെന്ന്‌
അഭംഗുരം ഞാന്‍ ജപിച്ചിടുന്ന മന്ത്രം സ്നേഹസ്വരൂപനാം കരുന്നാമയന്‍ എന്ന്‌

എന്തിനു പിന്നെ ഈ ക്രൂരത, കാരുണ്യ കേദാരമാം അല്‍ വദൂദിന്റെ ദാസനല്ലയോ നീ?
എന്തിനെന്നേ നീ തീവ്രമാം ഏകാന്തത പേറുവാന്‍ വിട്ടേച്ചു പോവണം?

ഓ പ്രിയ തിരിനാളമേ!എന്നെ വിട്ടേച്ചു പോവല്ലെ കൂരിരുട്ടില്‍
കാരണം, ദുഷ്ടനാം പിശാചിന്‍ ദുശ്ശക്തികള്‍ പതുങ്ങിപ്പതുങ്ങി എന്‍ പിറകിലുണ്ട്‌

എനിക്കു വ്യാകുലപ്പെടാനായി ഈ ഉലകില്‍ മറ്റൊന്നുമില്ലെങ്കിലും
നമ്മുടെ പ്രിയ ഉമ്മത്ത്‌ ഇന്ന്‌ സര്‍വത്ര പരിഹാസ പത്രമാം…

ഇന്നതിന്‌ പറ്റുന്നില്ല ഒട്ടും സാക്ഷാല്‍ ശത്രു മിത്രങ്ങളെ തിരിച്ചറിയുവാന്‍
കേവലം പ്രകടനാത്മകം ഉഗ്രമാം ഇക്കസര്‍ത്തുകള്‍

ആക്ഷേപിക്കുന്നില്ല ഞാന്‍ ഒരിക്കലുമൊരാളെയും
അവകാശപ്പെടാന്‍ മാത്രം എന്നിലെന്തുണ്ട്‌ വിശിഷ്ടമായ്‌?

ഇത്തരമൊരവസ്ഥയില്‍, എന്തിനെന്നെ പരിത്യജിച്ച്‌ വിട്ടേച്ച്‌ പോകണം?
അവന്റെ വഴിയില്‍ ഏകനായി ഞാന്‍ എപ്പടി ധര്‍മസമരം നയിച്ചിടും?

പുസ്തകങ്ങള്‍ക്കുമപ്പുറത്ത്‌ ഒരു മഹാലോകം നീ എനിക്കു കാണിച്ചു തന്നു
നിന്‍ വിനയ ദൃഷ്ടിയില്‍ നിന്നുമവനോട്‌ എന്നില്‍ ഭയഭക്തിയുമുതിര്‍ന്നു

അഭ്യസതവിദ്യരാം ‘ജ്ഞാനി വര്യരെ’ ഞാനിന്നൊരുപാട്‌ കണുന്നൂ
മഹാകേമര്‍! ഒത്തിരി ഒത്തിരി ഗ്രന്ഥങ്ങള്‍ പഠിച്ചവര്‍!

ഹാ കഷ്ടം! പക്ഷേ എന്തുണ്ട്‌ പ്രയോജനം?
അവന്റെ സ്നേഹം എന്നിലുണര്‍ത്തുവാന്‍ അവര്‍ക്കാര്‍ക്കുമാവുന്നില്ല…

ഓ പ്രിയ തിരിനാളമേ!എന്നെ വിട്ടേച്ചു പോവല്ലെ കൂരിരുട്ടില്‍
കാരണം, ദുഷ്ടനാം പിശാചിന്‍ ദുശ്ശക്തികള്‍ പതുങ്ങിപ്പതുങ്ങി എന്‍ പിറകിലുണ്ട്‌

ഇല്ല ഞാനീ പരിഭവം പറച്ചില്‍ നിര്‍ത്തുകില്ല
നീ അതുമായി സമരപ്പെട്ടു കഴിവതോളം

അള്ളാഹു നിനക്ക്‌ കനിഞ്ഞിടട്ടേ ഇനിയുമൊരായിരം വര്‍ഷത്തെ ആയുര്‍ദൈര്‍ഘ്യം
പൂര്‍വോപരി അവനെ ഭയപ്പെടാനും സ്നേഹിച്ചു സ്നേഹിച്ചു അടുത്തിടാനും.

Translated by Alavi Al Hudawi.