ഒരു ദിനം എന്‍ പ്രിയ മാര്‍ഗദര്‍ശകന്‍ എനിക്കുമേല്‍ വല്ലാതെ ശകാരവര്‍ഷം ചൊരിഞ്ഞു
അവന്റെ ഭത്സനം കാതോര്‍ത്തു കേട്ട്‌ എന്‍ കണ്‍കളില്‍ കണ്ണുനീര്‍ തുളുമ്പി.

ഒരക്ഷരം ഉരിയാടിടാന്‍ പറ്റാതെ തല്‍ക്ഷണം ഞാന്‍ സഭ വെടിഞ്ഞു
ആകെ തകര്‍ന്ന എന്നെ ആരും കാണാതിരിക്കാന്‍ ഞാന്‍ തടിയെടുത്തു.

ആ ദിനം എന്റെ ഹൃദയം വേദന തന്‍ കായലില്‍ വീണു മുങ്ങി
തെല്ലൊരാശ്വാസവും തേടി ഞാന്‍ എന്‍ സുഹൃത്തിന്‍ സമീപത്തേക്ക്‌ പാഞ്ഞു.

മിന്നും പ്രകാശം ചൊരിഞ്ഞിടും മുഖവുമായ്‌ നില്‍ക്കുന്ന എന്‍ പൊന്‍ സുഹൃത്തിനോട്‌
ചെന്നു ഞാന്‍ ഓതിക്കൊടുത്തു സവിസ്തരം എന്‍ ഹൃദയത്തിനേറ്റൊരു കഷ്ടമാം ദുര്‍ഗതി

ദീര്‍ഘ നേരം എന്റെ പരാതികള്‍ക്ക്‌ ചെവിയോര്‍ത്ത്‌
തന്നൂ ഉത്തരം എന്നെ ശക്തിപ്പെടുത്തുവാന്‍-

“ഓ ജൈഹൂന്‍! വെറുതെ നീ എന്തിന്‌ മനം പോട്ടിത്തകരണം?
ധീരന്മാര്‍ ഒരിക്കലും അത്ര പെട്ടെന്ന്‌ കരയരുത്‌…

നിന്‍ മാര്‍ഗദര്‍ശകന്‍ തന്നൂ നിനക്കായ്‌ അത്തരം നോവു നിറയും സദുപദേശം
കാരണം അവന്ന്‌ നീ താന്‍ മറ്റാരിലും ഉപരി ഏറ്റം പ്രിയങ്കരന്‍

അവനെപ്പോലൊരു മഹോന്നതന്റെ മഹിതമാം സൌഹൃദം വരിച്ചു കഴിഞ്ഞ നീ
അനുഗ്രഹീതനും മഹാഭാഗ്യശാലിയും ആണെന്നതെപ്പോഴും ഓര്‍മ്മയുണ്ടാവണം”

ഓ പ്രിയ അനുവാചകാ! ജീവിതത്തില്‍ അഗ്നിപരീക്ഷകള്‍ നിനക്കുമേല്‍ വര്‍ഷിക്കവേ
സംരക്ഷ നല്‍കുക തന്നെയാണൊരു സാക്ഷാല്‍ സുഹൃത്തിന്‍ ധര്‍മ്മവും

ഹാ! ശൈത്യമെത്ര ഘോരവും ഉഗ്രതീഷ്‌ണവുമെങ്കിലും
നിന്‍ സുഹൃത്ത്‌ പറഞ്ഞിടും: ‘ഒരു നാള്‍ വസന്തവും വന്നു ചേരും…’

അവന്റെ കാരുണ്യ ദീക്ഷയില്‍ കൊളിത്തിടാന്‍ വേണ്ടി നിയുക്തമാം
ഒരു മെഴുകുതിരി തന്നെയാം സത്യത്തിലേതു മിത്രവും.

Translated by Alavi Al Hudawi.