മഴവില്ല് പോലെ ജൈഹൂൻ
കുടുംബ മാധ്യമം
July 18 2009
മഴവില്ല്‌ പോലെ ജൈഹൂൻ
തയ്യാറാക്കിയത്‌: ബെക്കർ
ആർദ്രമായ വരികളിലൂടെ, ദയാവായ്പ നിറഞ്ഞ കണ്ണുകളിലൂടെ ജൈഹൂൻ എന്ന മലയാളി ചെറുപ്പക്കാരൻ ലോകത്തെ അമ്പരപ്പിക്കുകയാണ്‌. ഇംഗ്ലീഷിൽ കവിതകളെഴുതി ദേശാന്തരങ്ങൾ കടക്കുന്ന മലപ്പുറത്തുകാരന്റെ ജീവിതം….
ജൈഹൂൻ നദി ഒഴുകിക്കൊണ്ടേ ഇരിക്കുകയാണ്‌. മൗസിൽ നിന്ന്‌ മൗസുകളിലേക്ക്‌ ക്ലിക്കുകളായും അവിടെനിന്ന്‌ മനസ്സുകളിലേക്ക്‌ നറുംനിലാവായും. അക്ഷരങ്ങളുടെ അഗ്നിനാവ്‌ കൊണ്ട്‌ മറുനാട്ടിൽ ജൈഹൂനായി മാറിയ ഒരു മലയാളി. മുജീബ്‌ റഹ്മാനെ മലപ്പുറത്തുകാരൻ പടിഞ്ഞാറൻ ഭാഷയിലൂടെ സൂഫിസത്തിന്റെ ആത്മാവ്‌ തൊട്ടറിയുമ്പോൾ തുർക്കിസ്ഥാനിലെ മണ്ണിലും മനസ്സിലും ലാവണ്യമായൊഴുകുന്ന ജൈഹൂൻ നദി ഒരിക്കൽ കൂടി ഒഴുകിയൊഴുകിപ്പടരുന്നത്‌ ഏത്‌ മടിത്തട്ടിലേക്കാണ്‌…?
സൂഫികളുടെ കഥ പറച്ചിലുകൾ ഇവിടെ അവസാനിക്കുന്നില്ല. അതുകൊണ്ട്‌ തന്നെയാണ്‌ മുജീബ്‌ എന്ന പേര്‌ ഉപേക്ഷിച്ച്‌ ജൈഹൂൻ എന്ന തൂലികാ നാമം സ്വീകരിച്ച്‌ ആത്മീയ രാഗമായ്‌ ഒരു പയ്യൻ പെയ്തിറങ്ങിയത്‌. ജൈഹൂൻ ഇപ്പോൾ ഒരു നദി മാത്രമല്ല. മലയാളികൾക്കിടയിൽ ഇവിടെ അത്രയൊന്നും അപരിചിതമായ ഒരു പേരുമല്ല. വെബ്പോർട്ടലുകൾ പ്രചാരണം നേടുന്നതിനും മുമ്പേ ഇന്റർനെറ്റിന്റെ സാധ്യതകളിലൂടെ പേർഷ്യൻ മിസ്റ്റിക്ക്‌ കൊണ്ട്‌ തന്റെ സർഗ്ഗവൈഭവങ്ങൾക്ക്‌ മേലാപ്പ്‌ ചാർത്തിയ അത്യപൂർവ്വ മലയാളി കൂടിയാണ്‌ ജൈഹൂൻ.
മലപ്പുറം ജില്ലയിൽ എടപ്പാൾ സ്വദേശി മൊയ്തുണ്ണിഹാജിയുടെയും സുലൈഖയുടെയും മകനായ മുജീബുറഹ്മാൻ പ്രാഥമിക വിദ്യാഭ്യാസം പാതിവഴിയിലെത്തി നിൽക്കവെ ബാപ്പയുടെയും ഉമ്മയുടെയും ഒപ്പം കടൽ കടന്ന്‌ ഷാർജയിലെത്തുകയായിരുന്നു. തുടർന്നുള്ള പഠനം ഇംഗ്ലീഷിലായതോടെ വായനയും ഇംഗ്ലീഷിൽ മാത്രമായി. പിന്നെപ്പിന്നെ മലയാളത്തിൽ ചിന്തിച്ച്‌ ഇംഗ്ലീഷിൽ ചിലതൊക്കെ എഴുതിക്കൂട്ടുവാൻ മനസ്സ്‌ പാകമാക്കുകയും എഴുത്തൊരു തപസ്സായി മാറുകയുമായിരുന്നു.
jaihoon.com എന്ന സ്വന്തം വെബ്സൈറ്റിലൂടെയാണ്‌ വിദ്യാർഥിയായിരിക്കെ ജൈഹൂൻ തന്റെ എഴുത്ത്‌ തുടങ്ങിയത്‌. ആകർഷകമായ ഈ വെബ്സൈറ്റിലൂട്‌ ആദ്യമാദ്യം പ്രവാസിമലയാളികളെ ആകർഷിച്ചു. പിന്നെപ്പിന്നെ അത്‌ അതിർത്തികൾ കടന്ന്‌ മറുനാട്ടുകാരെയും ഏറെ ആകർഷിച്ചു തുടങ്ങി. അങ്ങനെ യൂറോപ്പിലേയും അമേരിക്കയിലേയും പശ്ചിമേഷ്യയിലേയും വായനക്കാരുടെ അഭിപ്രായങ്ങളുടെ ഉൾക്കരുത്തുമായി ജൈഹൂൻ എന്ന എഴുത്തുകാരൻ പുറംലോകത്തെത്തുകയായിരുന്നു. ഇവിടെ തന്നെ പഠിച്ച്‌ വളർന്ന ജൈഹൂൻ ഷാർജ ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്രീസോൺ ലൈസൺ ഓഫീസറായി ഇപ്പോൾ ജോലി ചെയ്യുന്നു.
2001-ലാണ്‌ ആദ്യ കവിതാസമാഹാരം ‘ഈഗോപ്റ്റിക്സ്‌’ പ്രസിദ്ധീകൃതമാകുന്നത്‌. ജലാലുദ്ധീൻ ർർറൂമിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും സ്വാധീനം ഏറെ നിറഞ്ഞു നിൽക്കുന്നതായിരുന്നു അത്‌. കേരളത്തിൽ ജനിച്ച്‌ ഗൾഫിൽ ജീവിക്കുന്ന സാഹചര്യത്തിൽ ദേശങ്ങൾക്കപ്പുറത്തുള്ള മാനവികതക്ക്‌ ഏറെ പ്രസക്തിയുണ്ട്‌. അതു തന്നെയാണ്‌ ജൈഹൂൻ ‘ഇഗോപ്റ്റിക്സി’ലൂടെ വരച്ചിടുന്നതും. രണ്ടാമത്തെ കവിതാസമാഹാരം 2003-ൽ അമേരിക്കയിൽനിന്നാണ്‌ പ്രസിദ്ധീകൃതമായത്‌. ‘ഹെന്ന ഫോർ ദി ഹാർട്ട്‌’. കാലത്തിന്റെ പൊള്ളത്തരങ്ങളെ രോക്ഷാഗ്നി മുഴക്കുന്ന വരികളിലൂടെ ജൈഹൂൻ പരിഹസിക്കുകയായിരുന്നു ഇവിടെ. മാത്രമല്ല സുന്ദരവസ്തുക്കളെപ്പോലെ സ്ത്രീകളെയും വിൽപ്പനച്ചരക്കാക്കുന്ന കാലത്തിന്റെ കയ്പു നിറഞ്ഞ ഗതിവിഗതികളെയോർത്ത്‌ നൊമ്പരപ്പെടുന്ന കാഴ്ചയും കാണാം ഈ പുസ്തകത്തിൽ. ഇഖ്ബാൽ ദർശനങ്ങളുടെ മാധുര്യവും നിരന്തരമായ അന്വേഷണ ത്വരയും ജൈഹൂനെ പരിപക്വമായ ഒരു എഴുത്തുകാരനാക്കി മാറ്റി.
ചെറിയ പ്രായത്തിൽ തന്നെ വായനയിലൂടെ സ്വന്തമായകാഴ്ചപാടുണ്ടാക്കിയ ജൈഹൂന്‌ കേരളീയ പശ്ചാത്തലത്തിൽ നിന്ന്‌ ഗൾഫിലെത്തിയപ്പോൾ വായനയുടെ ഭാഷ മാറി എന്നു മാത്രം. ഇന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ മേൽവിലാസമുണ്ടാകിയ ജൈഹൂന്‌ ഇപ്പോഴും മലയാളത്തിൽ എഴുതുവാൻ കഴിയാതെപോകുന്നതിൽ വിഷമമുണ്ട്‌. ബന്ധുക്കളും സുഹൃത്തുക്കളും മലയാളത്തിലൊരു രചനയുണ്ടാകണമെന്ന്‌ പ്രോത്സാഹിപ്പിക്കുമ്പോൾ മലയാളിയായിട്ടും മാതൃഭാഷയിൽ സാഹിത്യരചന നടത്താനുള്ള പരിമിതിയെക്കുറിച്ച്‌ ബോധവാനായി മൗനം പാലിക്കുകയായിരുന്നു ജൈഹൂൻ. പക്ഷെ ഈ മലയാളിയുടെ കവിതാസമാഹാരം മലയാളത്തിൽ വിവർത്തനം ചെയ്തു ഇപ്പോൾ. ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്നകവിത മലയാളിക്ക്‌ വേറിട്ടൊരു കാവ്യാനുഭവമായി മാറിക്കഴിഞ്ഞു. ഇസ്ലാമിക സാഹിത്യ അക്കാദമിയഅണ്‌ പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത്‌.
സ്വന്തമായി രൂപവൽകരിച്ച വെബ്സൈറ്റിലൂടെ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലുമുള്ള വായനക്കാരുമായുള്ള നിരന്തരമായ ഇടപെടലുകളിൽ നിന്ന്‌ പ്രചോദനമുൾകൊണ്ട്‌ ജൈഹൂൻ താൻ തിരഞ്ഞെടുത്ത ഇന്റർനെറ്റ്‌ എന്ന ക്യാൻവാസിന്റെ അനന്തസാധ്യതകലെ സുതാര്യമാക്കുകയായിരുന്നു.ജൈഹൂൻ എന്ന പേരിലൊരു ബ്ലോഗ്‌ സംവിധാനം ചെയ്ത ജൈഹൂൻ മലയാളത്തിലാദ്യമായി ജൈഹൂൻ ടിവി എന്ന പേരിലൊരു ഓൺലൈൻ ടി വിയും രൂപീകരിച്ചു കഴിഞ്ഞു. പ്രമുഖരുമായുള്ള അഭിമുഖങ്ങളും പണ്ഡിതരുടെ പ്രഭാഷണങ്ങളും വെള്ളിയാഴ്ച്ചകളിൽ വായിക്കപ്പെടുന്ന ഖുതുബയുടെ പരിഭാഷകളും ലോകത്തിനുമുന്നിൽ സമർപ്പിക്കുന്ന ജൈഹൂൻ ടി.വി കാലികപ്രാധാന്യമുള്ള വിഷയങ്ങളിലും സജീവമയി ഇടപെടുന്നുണ്ട്‌.
വടക്കെ ഇന്ത്യയിൽ സാക്കിർ നായിക്‌ നയിക്കുന്ന പ്രമുഖ ചാനലായ പീസ്‌ ടിവിയോടാണ്‌ പല പ്രമുഖരും ജൈഹൂൻ ടിവിയെ ഉപമിച്ചിരിക്കുന്നത്‌. ജൈഹൂൻ ഡോട്ട്‌ കോമിന്‌ വായനക്കാരുടെ എണ്ണം കൂടുമ്പോൾ അഭിമാനവും ആത്മനിർവൃതിയും തോന്നിയ ജൈഹൂനെ ഒരിക്കൽ അമേരിക്കയിൽനിന്നും ഒരു വായനക്കാരൻ വിളിച്ചു പറഞ്ഞത്‌ ഞാൻ ഹജ്ജ്‌ തീർഥാടനവേളയിൽ ജൈഹൂൻ ഡോട്ട്‌ കോമിന്‌ വേണ്ടി പ്രത്യേകം പ്രാർഥിച്ചിരുന്നു എന്നാണ്‌. അതുപോലെത്തന്നെ തന്നെക്കുറിച്ച്‌ ജൈഹൂൻ ഡോട്‌ കോമിൽ പരാമർശിച്ചതു കണ്ട്‌ മലയാളത്തിന്റെ സുഗന്ധമായ കമലാ സുരയ്യ കത്തെഴുതി അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്തത്‌ ജൈഹൂന്‌ കിട്ടിയ നല്ല ഒരു അനുഭവമായും ഇദ്ദേഹം കരുതുന്നു. വാലന്റൈൻസ്‌ ദിനത്തെക്കുറിച്ച്‌ ജൈഹൂൻ ഡോട്ട്‌ കോമിൽ പ്രസിദ്ദേ‍ീകരിച്ച ലേഖനം കാനഡയിലെ ഒരു കോളേജ്‌ മാഗസിൻ പ്രസിദ്ദേ‍ീകരിക്കുവാനുള്ള അനുമതി തേടിയതും ഈ മലയാളിക്ക്‌ ണല്ലോരു അംഗീകാരമായിരുന്നു.
സാമ്രാജ്യത്വ അധിനിവേശവും കൺസ്യൂമറിസവും മാനവികതയുടെ ശത്രുക്കളാണെന്നും അതിനെതിരെ ശബ്ദിക്കേണ്ടത്‌ എഴുത്തുകാരന്റെ ബാധ്യതയാണെന്നും ഇദ്ദേഹം പറയുന്നു. നമ്മുടെ നാട്ടുകാർക്ക്‌ ഈ എഴുത്തുകാരനെ തിരിച്ചറിയാനാവാതെ പോകുന്നത്‌ ഭാഷയുടെ പരിമിതി കൊണ്ടാകാം. കേരളത്തിലെ സൂഫിസത്തിന്റെ ചരിത്രപശ്ചാതലത്തിന്റെ വളക്കൂറുകളിലൂടെയൊക്കെ സഞ്ചരിച്ചിട്ടുണ്ട്‌ ഇയാൾ.
ജൈഹൂന്റെ ‘ഹെന്ന ഫോർ ദി ഹാർട്ടി’ന്റെ അറബി പരിഭാഷ പൂർത്തിയായിക്കഴിഞ്ഞു. പ്രകാശനം ഇവിടെ ഗൾഫിൽ തന്നെ നടത്തുവാനുള്ള ഒരുക്കത്തിലാണ്‌. വിദ്യാർഥിയായിരിക്കുമ്പോൾ അല്ലാമാ ഇഖ്ബാലും യുവാവായപ്പൊൾ ജലാലുദ്ദേ‍ീൻ ർറൂമിയും ഹസ്സൻ ബസ്വരിയും ജൈഹൂനെ വികാരതരളിതമാക്കിയപ്പോൾ പുതിയ കാഴ്ച്ചകളും കാഴ്ചപ്പാടുകളും അതിലേക്കൂള്ള ലക്ഷ്യപ്രാപ്തിയും അകലെയല്ലെന്ന്‌ ജൈഹൂൻ മനസ്സിലാക്കി കവിതാസമഹാരങ്ങളും നോവലും ലേഖനങ്ങളുമായി അഞ്ചിലേറെ പുസ്തകങ്ങളുടെ ഉടമയായ ജൈഹൂൻ സ്വപ്നം കാണുന്നത്‌ ആത്മീയമായ അനുഭൂതിയുടെ പ്രസന്നമായ ഒരു ലോകത്തെതന്നെയാണ്‌. ‘മുസ്ലീം ലോകത്തെകുറിച്ച്‌ അന്തദേശീയമായ ഒരു കാഴ്ച്ച ഉണ്ടാക്കിയെടുക്കാൻ നാളിതുവരെ ഒരു മലയാളിയും തയ്യാറായിട്ടില്ല. അതിലേക്കൊരു ചവിട്ടുപടിയാവാൻ നമുക്കെന്നാണ്‌ സാധ്യമാകുക’-ജൈഹൂൻ ചോദിക്കുന്നു.
നിറവും നിലാവും പ്രണയവും ചിന്തയും പെയ്തിറങ്ങുന്ന സൂഫിസത്തിന്റെ ആത്മാവ്‌ തേടിയിറങ്ങിയ ഒരു ചെറുപ്പക്കാരൻ ആംഗലേയ സാഹിത്യത്തിലൂടെ നമ്മെ പുതിയ വെളിപാടുകളിലേക്ക്‌ ആനയിക്കുകയാണ്‌. ആർദ്ദ്രമായ വരികളിലൂടെ,ദയാവായ്പ്‌ നിറഞ്ഞ കണ്ണുകളിലൂടെ,രോഷാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത ചിന്താശകലങ്ങളെ പതുക്കെ കൈപിടിച്ചു കൂട്ടികൊണ്ടുപോയി കാണിച്ചുതരികയാണ്‌ .സ്വീകാര്യമെങ്കിൽ ഞാനെന്റെ മേലാപ്പ്‌ നിങ്ങൾക്കഴിച്ചു തരാമെന്ന്‌ പാടിപ്പറഞ്ഞ്‌ മലയാളിയുടെ ഉൾത്തൂടിപ്പുകളിലെവിടെയൊക്കെയോ മഴവില്ലു പോലെ നിറഞ്ഞു നിന്ന്‌ ജൈഹൂൻ ജൈത്രയാത്ര തുടരുമ്പൊൾ അങ്ങകലെ ജൈഹൂൻ നദീ തീരത്ത്‌ നിന്നൊഴുകി വരുന്ന കാറ്റും പതുക്കെ ഒരു കവിത പാടിത്തരുന്നു. ഉദ്യാനം മറന്ന വാനമ്പാടികളെ, നിങ്ങൾക്കൊരു നിമിഷം ഇനി ഹൃദയസങ്കീർത്തനങ്ങളെ പ്രണയിക്കാം.

മഴവില്ല് പോലെ ജൈഹൂൻ