അവതാരിക എഴുതാതെ തങ്ങൾ യാത്രയായി; സഫലമാകാത്ത മോഹവുമായി പ്രവാസി കവി
മിഡിൽ ഈസ്റ്റ്‌ ചന്ദ്രിക
സാദിഖ്‌ കാവിൽ
Middle East Chandrika report, Aug 07 2009

ദുബൈ: സഫലീകരിക്കാനാവത്ത ഒരു ജീവിതാഭിലാഷത്തിന്റെ കഥയാണ്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ വിയോഗവുമായി ബന്ധപ്പെട്ട്‌ പ്രവാസ കവി മുജീബ്‌ റഹ്മാന്‌ പറയാനുള്ളത്‌. വിശേഷണങ്ങൾക്കെല്ലാമപ്പുറമുള്ള വ്യക്തിത്വത്തോടെ കേരള മനസ്സിനെ കീഴടക്കിയ തങ്ങളുടെ വിയോഗം ‘ജയ്ഹൂൻ’ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന 31കാരനും വെദനയാണ്‌ നൽകുന്നത്‌.

തന്റെ ‘ഹെന്ന ഫോർ ദി ഹാർട്ട്‌’ എന്ന അറബിക്‌ പരിഭാഷക്ക്‌ തങ്ങൾ അവതാരിക എഴുതണമെന്നായിരുന്നു മുജീബിന്റെ ആഗ്രഹം. ഈ മാസം ഒന്നിന്‌ അറബിയിലേക്ക്‌ പുസ്തകം വിവർത്തനം ചെയ്ത, ഖത്തറിൽ ജോലി ചെയ്യുന്ന അബ്ദുൽ ഗഫൂറുമായി ആലോചിച്ച്‌ എല്ലാം തീരുമാനിച്ചതായിരുന്നു; തങ്ങളെ സമീപിച്ച്‌ അവതാരികെ എഴുതാൻ അഭ്യർത്ഥിക്കാനും സാധിക്കുമെങ്കിൽ അദ്ദേഹത്തെ കൊണ്ട്‌ തന്നെ പ്രകാശനം ചെയ്യിക്കാനും. അറബിക്‌ ഭാഷയിൽ അദ്ദേഹത്തിനുള്ള പ്രാവീണ്യവും കവിതകളോട്‌ സ്നേഹവുമുണ്ടായിരുന്ന മികച്ചൊരു വായനക്കാരനായിരുന്ന തങ്ങൾ … അറബിക്കിൽ നിന്ന്‌ നിരവധി കവിതകൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തിട്ടുള്ള കവി… ഏറ്റവും സന്തോഷത്തോടെ അഭ്യർത്ഥന അദ്ദേഹം സ്വീകരിക്കുമെന്നറിയാമായിരുന്നു. പക്ഷെ …

‘ഹെന്ന ഫോർ ദി ഹാർട്ട്‌’ അടക്കം നാല്‌ ഇംഗ്ലീഷ്‌ പുസ്തകങ്ങളുടെ രചയിതാവാണ്‌ ഷാർജ അന്താരാഷ്ട്ര വിമാനത്താവളം ഫ്രീസോണിൽ ലൈസൻസിംഗ്‌ ഓഫീസറായ മുജീബ്‌. 2002ൽ ‘ഈഗോപ്റ്റിക്സ്‌’ (സ്വത്വവിചാരങ്ങൾ) എന്ന കവിത-ലേഖന സമാഹാരമാണ്‌ ആദ്യമായി പുറത്തിറങ്ങിയത്‌. അടുത്ത വർഷം കവിതാസമാഹാരമായ ‘ഹെന്ന ഫോർ ദി ഹാർട്ട്‌’ പ്രസിദ്ധീകരിച്ചു. ഇതിന്റെ മലയാളം വിവർത്തനം ‘ഉദ്യാനം മടുത്തൊരു വാനമ്പാടി’ എന്ന പേരിലും പുറത്തിറങ്ങി. തൊട്ടടുത്ത വർഷം കേരളത്തിന്റെ ആത്മീയ മനസ്സ്‌ തേടിയുള്ള യാത്രാ വിവരണമായ ‘ദി കൂൾ ബ്രീസ്‌ ഫ്രം ഹിൻദ്‌’ ഇറങ്ങി. 2007ലാണ്‌ മുഹമ്മദ്‌ നബി (സ)യുടെ സ്നേഹത്തെ വാഴ്ത്തുന്ന കവിതകളടങ്ങിയ ‘മദീനൈസ്ഡ്‌’ പ്രസിദ്ധീകരിച്ചതു. ‘ദി കൂൾ ബ്രീസ്‌ ഫ്രം ഹിൻദ്‌’ന്‌ വേണ്ടി 1999ലായിരുന്നു മുജീബ്‌ ആദ്യമായി തങ്ങളെ സന്ദർശിക്കുന്നത്‌. പുസ്തകത്തിലെ ഡെമോക്രസി എച്ച്‌2എച്ച്‌ (ഹാർട്ട്‌ ടു ഹാർട്ട്‌) എന്ന അധ്യായത്തിൽ ഈ കൂടിക്കാഴ്ചയുടെ വിവരണമാണുള്ളത്‌. മണിക്കൂറുകളെടുത്ത സംഭാഷണത്തിൻ ശേഷം മുജീബ്‌ തയ്യാറാക്കിയ അധ്യായത്തിന്റെ മുഴുവൻ വിശേഷിപ്പികുന്നത്‌ ഇതാണ്‌- ശിഹാബ്‌ തങ്ങൾ ‘മലബാറിന്റെ മഹാത്മ’.

www.jaihoon.com എന്ന പേരിൽ മുജീബ്‌ ഒരു വാർത്താ പോർട്ടലും നടത്തുന്നുണ്ട്‌. തങ്ങളുടെ നിര്യാണ വാർത്ത വായിച്ച്‌ കമന്റുകൾ നൽകിയവരിൽ ഏറ്റവും കുടുതൽ ഇതര സംസ്ഥാനക്കാർ. ലോക മുസ്ലിംകൾ തങ്ങളുടെ ജീവിതത്തിൽനിന്ന്‌ സന്ദേസം ഉൾകൊള്ളണമെന്നാണ്‌ ഒരാൾ പ്രതികരിച്ചതു. സമീപിച്ചവർകൊക്കെ തങ്ങൾ ഏറ്റവും അടുപ്പമുള്ള വ്യക്തിത്വമാകുന്നത്‌ പോലെ മുജീബും അദ്ദേഹവുമായി ഏറെ അടുത്തു. ഒടുവിൽ 2004ൽ, മുജീബിന്റെ വിവാഹം കൊടപ്പനക്കുന്നിൽ നടക്കുന്നത്‌ വരെ അതെത്തി. ആ മഹദ്‌ ജീവിതം കേരളത്തിന്‌ പുറത്തും ആഴത്തിൽ പരിചയപ്പെടുത്തുന്നതിന്‌ ഒരു ഇംഗ്ലീഷ്‌ പുസ്തകം രചിക്കുന്നതടക്കമുള്ള പദ്ധതികൾ തയ്യാറായി വരുന്നതായി മുജീബ്‌ മിഡിലീസ്റ്റ്‌ ചന്ദ്രികയോട്‌ പറഞ്ഞു.

Middle East Chandrika report, Aug 07 2009

Middle East Chandrika report, Aug 07 2009

Shihiab Thangal, an ardent lover of Arabic language and poetry, bid farewell unable to write the foreword for a young poet’s Arabic translation of poetry. Sadiq Kavil explains the story in Middle East Chandrika