ഹാ എന്റെ ആത്മാവിന്റെ സ്നേഹമേ…
ഹാ എന്റെ ഹൃദയത്തിന്റെ അച്ചുതണ്ടേ…
ഹാ എന്റെ സ്നേഹത്തിന്റെ സ്നേഹമേ

അങ്ങാണ്‌ എന്റെ ഹേതു
അങ്ങാണ്‌ എന്റെ വികാരം
അങ്ങാണ്‌ എന്റെ തീവ്രാഭിലാഷം

അങ്ങയുടെ സ്നേഹമാണ്‌ എന്റെ മോഹം
ആ കാൽപാദങ്ങളാണ്‌ എന്റെ അവസാന താവളം
എന്നും ആ തിരുവഴികൾ തന്നെയാം എനിക്കു പഥ്യം

സ്നേഹത്തിന്റെ കണ്ണാടിയിൽ ഞാൻ വിശ്വസിക്കുന്നു
കാരണം അതിന്റെ തിളക്കത്തിലാണ്‌ അങ്ങയുടെ പൂമുഖം തെളിയുന്നത്‌

ആണയിട്ടു ചൊല്ലട്ടെ ഞാൻ
അങ്ങേക്കു വേണ്ടി മാത്രമാം എന്റെ നിലനിൽപു തന്നെ അർപ്പിതം

അങ്ങയെ കുറിച്ച്‌ ഓർക്കാതെ, പറയാതെ
സ്നേഹം എന്നൊരു പദം ഉരിയാടാനൊക്കുമോ?

ആ സ്നേഹത്തിന്റെ നറുമഴ പെയ്തിറങ്ങിയില്ലെങ്കിലെൻ
ഹൃത്തടം വെറുമൊരു ഊഷര മരുഭൂമി മാത്രം

ആ സ്നേഹജ്വാലയിൽ ഒന്നു ജ്വലിച്ചു പടർന്നില്ലെങ്കിലെൻ
ഗതി വെറുമൊരു കരിങ്കല്ലു പാറയെപ്പോലെയാം

അങ്ങയുടെ സ്നേഹം എന്റെ ഉള്ളറയിൽ ഭദ്രമായീടുകിൽ
പിന്നെ ഞാൻ എന്തിനു നരകാഗ്നി ഭയക്കണം

സ്വല്ലള്ളാഹു അലാ മുഹമ്മദ്‌
സ്വല്ലള്ളാഹു അലൈഹി വസല്ലം

(Malayalam translation of I believe in the mirror of Love by Alavikutty Al Hudawi)