സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
സ്നേഹിത്തിനായ്‌ കേഴുന്ന തേൻശലഭങ്ങൾക്കിന്നു നാം
തേനീച്ചക്കൂടുകൾ ആയിക്കഴിഞ്ഞ പോൽ

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
സ്നേഹശൂന്യർക്ക്‌ സ്നേഹാക്ഷരം ചെല്ലുവാൻ
നാം ഇന്നൊരു പുസ്തകം ആയിക്കഴിഞ്ഞപോൽ

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
ഈ മലർ വനിയിൽ പൂക്കളായ്‌ നാം മാത്രമെന്ന പോൽ

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
മരണ വക്‌ത്രത്തിൽ പിടയുന്നൊരാളിന്ന്‌
ഒരു കൈക്കുമ്പിൾ വെള്ളം പ്രിയങ്കരമെന്നപോൽ

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
നിൻ ചാരെ ഞാൻ ചേർന്നു നിൽക്കുമ്പോഴും
ശേഷം ഇക്കളിമണ്ണ്‌ മണ്ണോട്‌ ചേർന്നാലും

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
കാമുകനും രക്തസാക്ഷിയും തുല്യരാണെന്ന മാത്രയിൽ

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
നിന്റെ തീവ്രസ്നേഹം കണ്ട്‌ മാലാഖമാർ പോലും അസൂയപ്പെടും വിധം

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
സ്നേഹിക്കുന്നവർക്കു മാത്രമായ്‌ നാഥൻ മറ്റൊരു സ്വർഗ്ഗം തന്നെ തീർത്തപോൽ

ഹാ കാരുണ്യം തൂവിത്തുളുമ്പുന്ന മദ്യമേ
നിന്നെ വാരിക്കോരി മൊന്തുവാൻ ഞാനെത്ര ഭാഗ്യവാൻ

സ്നേഹിക്കയെന്നെ ധാരാളം,
നിർലോഭമായ്‌ ആവോളം
ഭാവിയിൽ ഇത്രമേൽ ഒരിക്കലും
നിനക്കു സ്നേഹിക്കുവാനാവില്ലെന്ന മാത്രയിൽ

(Malayalam translation of Another paradise for the Lovers by Alavikutty Al Hudawi)

Sep 20, 2009