‘ഒറ്റ വെടികൊണ്ട് തകര്‍ത്തത് ന്റെ കുടുംബത്തെ’
http://www.madhyamam.in
Nov 24 09
ചെറുവത്തൂര്‍: ‘ഒരു കുടുംബത്തെ അനാഥമാക്കിയിട്ടും ആ പൊലീസ് എസ്.പിയുടെ അഹങ്കാരം മാറിയില്ലല്ലോ…. എന്തിനാ അയാള്‍ എന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്തത്…… മോന്റെ തണലില്‍ പച്ചപിടിച്ചുവരുന്നതാ എന്റെ കുടുംബം….. ഒറ്റ വെടികൊണ്ട് ആ എസ്.പി എല്ലാം തീര്‍ത്തില്ലേ…….’ ^മകന്‍ നഷ്ടപ്പെട്ടതിന്റെ വേദന വിട്ടൊഴിയാതെ മുസ്തഫ ഹാജി കരഞ്ഞു പിറുപിറുക്കയാണിങ്ങനെ.
അയാള്‍ക്ക് എന്റെ മോന്റെ ജീവനെടുക്കാനുള്ള അധികാരം ആരാ കൊടുത്തത്. നിരപരാധികളെ കൊന്നാല്‍ ഖേദം പ്രകടിപ്പിക്കാത്തവരാരുമില്ല. എന്നാല്‍, രാംദാസ് പോത്തന്‍ എന്ന എസ്.പി മകനെ കൊന്നതില്‍ ചങ്കൂറ്റം കൊള്ളുകയാണ്. ഇത്തരമൊരു ഓഫീസറെ ഈ കേരളം കണ്ടിട്ടില്ല ^പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഷഫീഖിന്റെ പിതാവ് മുസ്തഫ ഹാജി തന്റെ സങ്കടങ്ങള്‍ ‘മാധ്യമ’ത്തോട് പങ്കുവെക്കുകയായിരുന്നു. മകനെ വെടിവെച്ചുകൊന്ന ഓഫീസറെ മാറ്റിയുള്ള അന്വേഷണം മാത്രമേ ഈ കേസില്‍ വേണ്ടൂ. എസ്.പിയെ വിശദമായി ചോദ്യം ചെയ്യണം. ഒരു നിരപരാധിയെ പൊലീസ് വെടിവെച്ചുകൊന്നിട്ട് ഉത്തരവാദിത്തമുള്ള ആഭ്യന്തരമന്ത്രി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാത്തതില്‍ ഏറെ വിഷമമുണ്ട്. പ്രദേശത്തെ മുസ്ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും മറ്റെല്ലാ ജനവിഭാഗങ്ങളും ഒരുപോലെ ഇടപെടുന്നതുകൊണ്ടാണ് എല്ലാ ദു:ഖവും മറക്കാന്‍ എന്റെ കുടുംബത്തിന് സാധിക്കുന്നത്. മന്ത്രിമാര്‍ പൊലീസിനെ കയറൂരിവിട്ടതുകൊണ്ടാണ് അവര്‍ നിരപരാധികളെ വേട്ടയാടുന്നത്. നിഷ്പക്ഷ അന്വേഷണം നടത്തണം. എനിക്ക് നീതി ലഭിക്കണം ^മുസ്തഫ ഹാജി പറഞ്ഞു.


