വിവര്‍ത്തകമൊഴി

ആംഗ്ലോ-ഇന്ത്യന്‍ സാഹിത്യരംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ്‌ ‘ജൈഹൂന്‍’ എന്ന മുജീബ്‌ റഹ്‌മാന്‍ എടപ്പാള്‍. തന്റെ വെബ്‌ പോര്‍ട്ടിലുടെയും കവിതാസമാഹാര, നോവല്‍ ഗ്രന്ഥങ്ങളിലുടെയും ലോകത്തെമ്പാടുമുള്ള പരസഹസ്രം അനുവാചകരില്‍ ആസ്വാദനത്തിന്റെ വ്യതിരിക്തമായ ഒരു വന്യാഭൂതി തന്നെ പകര്‍ന്നു നല്‍കുന്നതില്‍ ജയ്ഹൂന്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു. തൊഴിലും കുടുംബസമേത ജീവിതവും കര്‍മമണ്ഡലവുമെല്ലാം ഐക്യ അറബ്‌ എമിറേറ്റ്‌സിലെ ഷാര്‍ജയിലാണെങ്കിലും ജന്മംകൊണ്ട്‌ അതിലേറെ ചിന്തകൊണ്ടും നൂറുവട്ടം മലയാളിയായ ജയ്ഹൂന്‍ പക്ഷെ, തന്റെ രചനകളത്രയും നിര്‍വഹിച്ചിട്ടുള്ളത്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ മാത്രമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ പോലും ഏറെ വായിക്കപ്പെട്ടു കഴിഞ്ഞിട്ടും ഇങ്ങനെയൊരു മലയാളി പ്രതിഭയുടെ സര്‍ഗസാനിധ്യം നാളിന്നോളം കേരളീയ സമാജത്തിന്റെ വായനാപരിസരത്ത്‌ അനുഭവപ്പെടാതെ പോയത്‌. ഈയൊരു വിടവു നികത്താന്‍ നിനച്ചൊരു ലളിത യത്നമാണ്‌ ഈ മലയാളമൊഴി.

ഉല്‍കൃഷ്ട ഗദ്യ (ഞന്‍ധവയശഫ ഛഴസറഫ) ത്തിനും നാനാവര്‍ണ്ണ പദ്യ (ഘസറദയന ഛഴസറഫ) ത്തിനുമിടയിലെ അതിര്‍വരമ്പുകള്‍ നേര്‍ത്തുനേര്‍ത്ത്‌ ഇല്ലാതാവുന്നിടത്താണ്‌ ജയ്ഹൂന്‍ കവനത്തിന്റെ വ്യതിരക്തത നാം അറിയുന്നത്‌. പുറം കാഴ്ച്ചയില്‍ നാം സര്‍വ്വസാധാരണം എന്ന്‌ കരുതിപ്പോരുന്ന പ്രമേയങ്ങളിലൂടെ പോലും ജയ്ഹൂന്റെ കൈപിടിച്ച്‌ കടന്ന്‌ പോകുമ്പോള്‍ അവാച്യവും അവര്‍ണ്ണനീയവുമായൊരു അനുഭൂതിയാണ്‌ നമ്മില്‍ അരിച്ചിറങ്ങുക. ജയ്ഹൂന്‍ നമുക്ക്‌ വെച്ചുതരുന്ന കണ്ണടക്കണ്ണുകളിലൂടെ നോക്കുമ്പോള്‍ മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത നിറവും മിഴിവും ഏത്‌ നിത്യ കാഴ്ചകളിലും വന്നുനിറയുന്ന ഒരു പ്രതീതി.

തീവ്രമായ ദൈവാനുരാഗത്തിലും പ്രവാചക സ്നേഹത്തിലും ലയിച്ചു ചേര്‍ന്ന്‌ എല്ലാം മറന്ന്‌ അലിഞ്ഞു കലരാന്‍ വെമ്പുന്ന കവിയുടെ കൂടെ നടക്കുന്നവര്‍ പോലും ആ ആര്‍ദ്രതയുടെ സുഖപ്രതമായ തണുപ്പില്‍ സ്വല്‍പ്പം കുളിര്‍ത്തുപോകും.

ജയ്ഹൂന്‍ കവിതകളിലെ സൌന്ദര്യം ഒരിക്കലും പദസംബന്ധിയില്ല. അതുകൊണ്ട്‌ തന്നെ ആ വരികളുടെ ഉപരിതലത്തിലൂടെ അലസമായി കടന്നുപോകുന്നവര്‍ക്ക്‌ അവ പേറുന്ന ആന്തരിക സൌന്ദ്യ്‌രത്തിന്റെ അടിയൊഴുക്ക്‌ അനുഭവപ്പെട്ടെന്ന്‌ വരില്ല. വരികള്‍ക്കിടയിലുടെയും പിന്നെ അവക്കടിയിലുടെയും സര്‍വേന്ദൃയങ്ങളും തുറന്നുപിടിച്ച്‌ കടന്നുപോകാന്‍ അനുവാചകര്‍ ശ്രമിക്കണം. ഓരോ വരിയിലും മീതേക്ക്‌ മീതേക്ക്‌ പൊങ്ങിക്കിടക്കുന്നത്തിലും എത്രയോ അധികം താഴേക്ക്‌ മുങ്ങിക്കിടക്കുന്നുവെന്ന്‌ സാരം. ആദ്യം പാരായണ മധ്യേയും പിന്നെ കുറേക്കൂടി വ്യക്തതയില്‍ വിവര്‍ത്തനമധ്യേയും ഞാന്‍ അനുഭവിച്ചറിഞ്ഞതാണീ വസ്തുത. ഭാഷ്യത്തിന്റെ ഗഹനതയും ഭാഷയുടെ വശ്യതയും വഴി മൂലകൃതിക്ക്‌ കൈവന്ന അനന്യമായ ശക്തിയും ദീപ്തിയും തന്നെയാകുമോ ഈ മൊഴിമാറ്റത്തിന്റെ ഏറ്റവും വലിയ കൈമോശവുമെന്ന്‌ എനിക്ക്‌ ആശങ്കയില്ലാതില്ല. അല്ലെങ്കിലും മനുഷ്യമനസ്സിന്റെ ആത്മാവിഷ്കാരമാണല്ലൊ കവിത. അതിനാകട്ടെ ഭാഷകളുടെ വകഭേതമൊന്നുമില്ലതാനും.അങ്ങനെ പറഞ്ഞുവരുമ്പോള്‍ ജയ്ഹൂന്‍ കവിത ഇംഗ്ലിഷും മലയാളവുമല്ല. ചുടുനിണം നിര്‍ഗളിക്കുന്ന ഹൃദയം കുത്തിപ്പിടിച്ചുകൊണ്ടെഴുതിയ ഒരു വിശേഷാല്‍ ഹൃദയഭാഷയാണ്‌.

ജയ്ഹൂന്റെ വരികള്‍ വായനക്കാരന്റെ മനസ്സിലുളവാക്കുന്ന പ്രതിഫലനം തന്നെയാണ്‌ അവയുടെ സാക്ഷാല്‍ വിവര്‍ത്തനം. ആ അര്‍ത്ഥത്തില്‍ അനുവാചകന്‍ തന്നെയാണ്‌ ഇവിടെ വ്യാഖ്യാതാവും വിവര്‍ത്തകനുമെല്ലാം. ഏറ്റവും ഒടുവില്‍ ഇതിന്റെ രചയിതാവ്‌ തന്നെയും താന്‍ തന്നെയോ എന്ന്‌ വായനക്കാരന്‍ ശങ്കിച്ചു പോകുന്നിടത്ത്‌ കുടികൊള്ളുന്നു കവിയുടെ കര്‍മ്മ സാഫല്യം.

പി.എ. അലവി അല്‍ ഹുദവി മുണ്ടംപറമ്പ്‌.
ദാറുല്‍ ഹുദാ ഇസ്ലാമിക്‌ അക്കാദമി
ചെമ്മാട്‌