അഭിമുഖം : ജൈഹൂണ്‍
തയ്യാറാക്കിയത്‌ : ഹുസൈന്‍ കൊടിഞ്ഞി,
പ്രവാസി ദൂതന്‍, ഉഫന 2006

ഇംഗ്ലീഷില്‍ സാഹിത്യ രചന നടത്തുന്ന താങ്കളുടെ കവിതകള്‍ ആദ്യമായി മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെടുകയാണല്ലോ. എന്താണ്‌ താങ്കളുടെ പ്രതികരണം?

ജയ്ഹൂണ്‍ കവിതകളുടെ മലയാള ഭാഷാന്തരം എന്റെ നീണ്ട കാലത്തെ ഒരു ആഗ്രഹത്തിന്റെ സഫലീകരണമാണ്‌. എഴുതിത്തുടങ്ങിയ കാലം മുതല്‍ക്കെ എന്റെ കുടുംബവും മലയാളി വായനക്കാരും ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷെ മലയാളിയായിട്ടും മാതൃഭാഷയില്‍ സാഹിത്യ രചന നടത്താനുള്ള എന്റെ പരിമിതിയാണ്‌ ഈ ശ്രമം വൈകാനുള്ള കാരണം. എന്റെ സുഹൃത്തും ദാറുല്‍ ഹുദാ അധ്യാപകനുമായ അലവി അല്‍ ഹുദവിയാണ്‌ ഈ ദൌത്യം ഭംഗിയായി പൂര്‍ത്തിയാക്കിയത്‌.
പ്രഗത്ഭ ഇസ്ലാമിക പണ്ഡിതനായ അബുല്‍ ഹസന്‍ അലി നദ്‌വിക്ക്‌ വേണ്ടി സമര്‍പ്പിക്കപ്പെട്ട ഈ കൃതിയുടെ പ്രസാധനം ഏറ്റെടുത്തത്‌ ഇസ്ലാമിക്‌ സാഹിത്യ അക്കാദമിയാണ്‌.

നേരത്തെ ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമായ ‘ഇഗോപ്റ്റിക്സ്‌’, ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌’ എന്നീ സമാഹാരങ്ങളിലെ തെരെഞ്ഞെടുത്ത കവിതകളാണ്‌ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ആത്മീയ സുഹൃത്തുമായുള്ള താദാത്മ്യം, സ്നേഹം, പ്രതിഷേധം, വ്യവസ്ഥിതിയോടുള്ള കലഹം, സൃഷ്ടാവിനോടുള്ള സമര്‍പ്പണം, പ്രവാചക പ്രകീര്‍ത്തനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ്‌ സമാഹാരം.

സാമ്പ്രദായിക കവിതാ രചന സങ്കേതങ്ങളെ മറികടന്ന്‌ വായനക്കാരില്‍ പ്രതീക്ഷയുടേയും സ്നേഹത്തിന്റേയും വെളിച്ചമെത്തിക്കാനുള്ള എളിയ ശ്രമമാണ്‌ ഈ കവിതകള്‍

കേരളീയ പാശ്ചാതലത്തില്‍ എഴുതപ്പെട്ട താങ്കളുടെ നോവലിനു പകരം എന്തുകൊണ്ടാണ്‌ കവിതകള്‍ വിവര്‍ത്തനത്തിനായി തെരഞ്ഞെടുത്തത്‌?

ഇസ്ലാമിക സൂഫിസത്തിന്‌ മലയാള കവിതയുടെ സംഭാവന വളരെ വിരളമാണ്‌. ഇതിന്‌ സാംസ്കാരികവും മതപരവുമായ കാരണങ്ങളുണ്ടാാ‍വാം. മത സാംസ്കാരിക ചുറ്റുപാടില്‍ വികസിച്ചുവന്ന ഉപമകളും അലങ്കാരങ്ങളും തീര്‍ത്തും വ്യത്യസ്തമായ ഒരു സംസ്കാരത്തിലേക്ക്‌ പരാവര്‍ത്തനം ചെയ്യപ്പെടണമെങ്കില്‍ അതിന്‌ അനുകൂലമായ സാഹചര്യങ്ങള്‍ കൂടിയുണ്ടാവണം. മലബാറിന്റെ സാമൂഹ്യ ചരിത്രം അത്തരം രചനകളുടെ വളര്‍ച്ചയ്ക്ക്‌ അനുയോജ്യവുമായിരുന്നു.പൊന്നാനി, മമ്പുറം, കൊണ്ടോട്ടി തുടങ്ങിയ മുസ്ലിം കേന്ദ്രങ്ങളില്‍ ധാരാളം സൂഫീ ചിന്തകളുടെ സാന്നിധ്യവുമുണ്ടായിരുന്നു.

പക്ഷേ, മലയാളത്തിന്‌ പകരം അത്തരം രചനകള്‍ പുറത്ത്‌ വന്നത്‌ അറബി മലയാളത്തിലാണ്‌. ചരിത്രവും ആത്മീയതയും ഇഴകിച്ചേര്‍ന്ന ഇത്രയും രചനകള്‍ മുസ്ലിം ചരിത്രത്തിലെ വിലപ്പെട്ട ഏടുകളാണ്‌. ഒരു ജീവന്‍ ഭാഷ എന്ന നിലക്ക്‌ അറബി മലയാളം കാലഗതി പ്രാപിച്ചതോടെ അത്തരം രചനകളും ചരിത്രത്തിന്റെ ഭാഗമായി.

കേരളത്തിന്റെ ഇന്നത്തെ പ്രത്യേക സാമൂഹിക ചുറ്റുപാടില്‍ ആത്മീയതയുടെ ഉള്‍ക്കരുത്തുള്ള സൂഫീ രചനകള്‍ക്ക്‌ വളരെയേറെ പ്രസക്തിയുണ്ട്‌. ഭൌതികതയും ഉപഭോക തൃഷ്ണയും മത വിശ്വാസത്തെ കേവലം ആത്മീയതയാക്കി വീര്യം ചോര്‍ത്തിക്കളയുന്ന സാഹചര്യത്തില്‍ ഒരു ഉണര്‍ത്തു പാട്ടാവാന്‍ ഈ കവിതകള്‍ക്കു കഴിയുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

ആത്മീയതയുടെ അഭാവം യുവ സമുഹത്തില്‍ അക്ഷമയും നിരാശയും വര്‍ദ്ധിപ്പിക്കും. ഈ ആത്മീയ ശൂന്യതയാണ്‌ കേരളീയ സമുു‍ഹത്തിലെ ആത്മഹത്യാ നിരക്കും കണ്‍സ്യൂമറിസ്റ്റ്‌ അഭിനിവേശത്തിന്റെയും ഒരു പ്രധാന കാരണം. ആത്മീയതയില്ലാത്ത മത ബോധമാണ്‌ വര്‍ഗീയതയും ഭീകരതയും വളര്‍ത്തുന്നത്‌.വിദ്വേഷം കൊണ്ട്‌ മലിനമായ മനസ്സുകളെ ശുദ്ധീകരിക്കുന്ന ഒരു ‘സ്പിരിച്വല്‍ കാറ്റ്‌വാക്ക്‌’ ആണ്‌ എന്റെ കവിതകളുടെ ദൌത്യമെന്ന്‌ ഞാന്‍ കരുതുന്നു.

പ്രവാസ ജീവിതം ഷാര്‍ജയില്‍, എഴുത്ത്‌ ഇംഗ്ലീഷില്‍, മാതൃഭാഷ മലയാളം, ഈ വിരുദ്ധ ധ്രുവങ്ങളെ ഒരു എഴുത്തു കാരനെന്ന നിലയില്‍ എങ്ങനെയാണ്‌ താങ്ങള്‍ അഭിമുഖീകരിക്കുന്നത്‌?

മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ജനിച്ച എന്റെ പ്രാഥമിക വിദ്യാഭ്യാസം മലയാളത്തിലായിരുന്നു. കുടുംബം ഷാര്‍ജയിലേക്ക്‌ പറിച്ച്‌ നടപ്പെട്ടതോടെ വിദ്യാഭ്യാസം ഇംഗ്ലീഷില്‍ ആയി. വായനയും പഠനവും ഇംഗ്ലീഷിലായതോടെ എഴുത്തും ഇംഗ്ലീഷിലായി. പക്ഷേ, എന്റെ ഭാവനകള്‍ക്ക്‌ തീ പിടിപ്പിച്ചത്‌ കിഴക്കിന്റെ ആശയങ്ങളാണ്‌.ഭാഷ പടിഞ്ഞാറിന്റേതും. എന്റെ കവിതകളിലെ ഉപമകളും അലങ്കാരങ്ങളും കിഴക്കന്‍ മിസ്റ്റിക്ക്‌ സാഹിത്യത്തിന്റേതാണ്‌. അതില്‍ നിന്ന്‌ മാറിനില്‍ക്കുന്ന ഒരു കവിത എനിക്ക്‌ സങ്കല്‍പിക്കാനവില്ല. ഷാര്‍ജയിലെ പ്രവാസ ജീവിതം വ്യത്യസ്ത സംസ്കാരങ്ങളുമായി ബന്ധപ്പെടാനും കാഴ്ചപ്പാടുകള്‍ വിശാലമാക്കുവാനും ഒട്ടേറെ സഹായകമായിട്ടുണ്ട്‌. ഇംഗ്ലീഷിലെ സാഹിത്യ രചന ലോകത്തെമ്പാടുമുള്ള വായനക്കാരുമായി സംവദിക്കാന്‍ സഹായിച്ചിട്ടുണ്ട്‌

ഇന്റര്‍നെറ്റ്‌ ഒരു കാന്‍വാസായി തെരെഞ്ഞെടുത്ത അപൂര്‍വം എഴുത്തുകാരില്‍ ഒരാളാണ്‌ താങ്കള്‍. സാഹിത്യ രചനകള്‍ക്കുള്ള ഒരു മാധ്യമം എന്ന നിലയില്‍ താങ്കളെങ്ങനെ ഇതിനെ വിലയിരുത്തുന്നു?

എന്റെ എല്ലാ രചനകളും ആദ്യം വെളിച്ചം കാണുന്നത്‌ ഇന്റര്‍നെറ്റിലാണ്‌. ജയ്ഹൂണ്‍ ഡോട്ട്കോം എന്ന സ്വന്തം വെബ്‌സൈറ്റാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌.ഒരു കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ അല്ലെങ്കിലും ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ലോകത്തിന്റെ നാനാ ഭാഗത്തുള്ള വായനക്കാരുമായി ഇടപഴകാനും അവരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ അറിയാനും സാധിക്കുന്നുണ്ട്‌. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ എന്റെ കവിതകള്‍ക്ക്‌ വായനക്കാരുണ്ടായത്‌ ഇന്റര്‍നെറ്റ്‌ വഴിയാണ്‌. എന്റെ രണ്ടാമത്തെ കൃതിയായ ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌’ പ്രസിദ്ധീകരിച്ചത്‌ അമേരിക്കയില്‍ നിന്നാണ്‌. ഇപ്പോള്‍ ‘ജയ്ഹൂണ്‍സ്‌’ എന്ന പേരില്‍ സ്വന്തമായി ബ്ലോഗും ആരംഭിച്ചിട്ടുണ്ട്‌. അറിവിന്റെയും കലയുടെയും ജനാധിപത്യ വല്‍ക്കരണമാണ്‌ ഇന്റര്‍നെറ്റ്‌ സാധ്യമാക്കുന്നത്‌. മനുഷ്യ നിര്‍മിത അതിര്‍വരമ്പുകളെ അത്‌ ഭേദിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ ആധികാരികതയും ബൌദ്ധിക മാഫിയയുടെ അധീഷത്വവും അത്‌ ചോദ്യം ചെയ്യുന്നു.

സൂഫീ ചിന്തകളുടെ ശക്തമായ സ്വാധീനം താങ്കളുടെ എല്ലാ രചനകളിലും പ്രകടമാണ്‌. എങ്ങനെയാണ്‌ സൂഫിസം താങ്കള്‍ക്ക്‌ പ്രചോദനമായത്‌?

എന്റെ ചിന്തകള്‍ക്ക്‌ കരുത്ത്‌ പകര്‍ന്ന സൂഫീചിന്തകളുടെ സ്വാധീനം എന്റെ രചനകളിലുടനീളമുണ്ട്‌. പലപ്പോഴും അത്‌ ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായി വരുന്നതല്ല. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അല്ലാമാ ഇഖ്ബാലിന്റെ കവിതകള്‍ അടുത്തറിയാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌. യുവാവായതോടെ ജലാലുദ്ദീന്‍ റൂമിയുടെയും ഹസന്‍ ബസ്വരിയുടെയും കൃതികള്‍ തേടിപ്പിടിച്ചു വായിച്ചു. മൃഗീയത മുഖമുദ്രയായ പാശ്ചാത്യ സംസ്കാരത്തിന്റെ ദു:സ്വാധീനത്തില്‍ നിന്ന്‌ എന്റെ വ്യക്തിത്വത്തെ കാത്ത്‌ രക്ഷിച്ചത്‌ സൂഫീ ചിന്തകളാണ്‌. മനുഷ്യ ചിന്തകളുടെ പരിമിതികളെ കുറിച്ച്‌ എനിക്ക്‌ ഉള്‍ക്കാഴ്ച നല്‍കിയത്‌ ഇമാം സര്‍ഹിന്ദിയുടെ രചനകളാണ്‌. ഷാ വലിയുള്ളാഹിയുടെയും അബുല്‍ ഹസന്‍ നദ്‌വിയുടെയും രചനകള്‍ എനിക്ക്‌ വളരെയേറെ പ്രചോദനമായിട്ടുണ്ട്‌. ഈ മഹാ മനീഷികളുടെ സ്വാധീനത്തില്‍ നിന്ന്‌ എനിക്ക്‌ എങ്ങനെയാണ്‌ മുക്തനാകാനാവുക?

താങ്കളുടെ പല കവിതകളും സാമ്രാജ്യത്വത്തിനും സാംസ്കാരിക അധിനിവേശത്തിനുമെതിരെയുള്ള ചെറുത്തു നില്‍പിനുള്ള ആഹ്വാനങ്ങളാണ്‌? എന്ത്‌ സന്ദേശമാണ്‌ താങ്കള്‍ നല്‍കാന്‍ ശ്രമിക്കുന്നത്‌?

സാമ്രാജ്യത്വ അധിനിവേശവും കണ്‍സ്യൂമറിസവും മാനവികതയുടെ ശത്രുക്കളാണ്‌. അതിനെതിരെ ശബ്‌ദിക്കേണ്ടത്‌ എഴുത്തുകാരന്റെ ബാധ്യതയാണ്‌. അന്യായമായി വേട്ടയാടപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശബ്ദിക്കേണ്ടത്‌ മനുഷ്യത്വത്തിന്റെ താല്‍പര്യമാണ്‌. എല്ലാം ഭൌതികതയുടെ കണ്ണിലൂടെ മാത്രം നോക്കിക്കാണുന്ന ലോകത്ത്‌ മനുഷ്യത്വം ഏറ്റവും വിലകുറഞ്ഞ വസ്തുവാണ്‌. സ്ത്രി ഏറ്റവും നല്ല വില്‍പനച്ചരക്കും. ലാഭനഷ്ട്ങ്ങള്‍ മാത്രം നോക്കി സ്നേഹം പങ്കിടുന്ന ലോകത്ത്‌ ദൈവികമയ സ്നേഹത്തിന്റെ സന്ദേശമാണ്‌ എനിക്കു നല്‍കാനുള്ളത്‌. ദൈവത്തിനൊരു പങ്കുമില്ലെങ്കില്‍ സ്നേഹം സ്നേഹമേ അല്ല.

കേരള മുസ്ലിംകളെക്കുറിച്ച്‌ താങ്കളുടെ കാഴ്ചപ്പാടെന്താണ്‌?

ഇസ്ലാമിക ചരിത്രവുമായും ജ്ഞാന ലോകവുമായും ബന്ധമുള്ള മുസ്ലിംകള്‍ ഇനിയും ഉറക്കില്‍ നിന്ന്‌ ഉണര്‍ന്നിട്ടില്ല. കാലിക സമസ്യകളുമായി സംവദിക്കാനും അവക്ക്‌ പരിഹാരം നേടാനും കര്‍മമ ശാസ്ത്ര പണ്ഡിതന്മാര്‍ ഇനിയും മടിച്ചു നില്‍ക്കുകയാണ്‌. പല മേഖലയിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഭൌതിക തലത്തില്‍ കേരള മുസ്ലിം നേതൃത്വത്തിന്റെ സംഭാവന നിരാശാജനകമാണ്‌. മത രംഗം സജീവമാവുമ്പോഴും കാഴ്ചപാടുകളില്‍ വിഷാലത പ്രകടമല്ല.

അബ്ദുല്‍ ഖാദര്‍ ജീലാനിയുടെയും മറ്റും പേരില്‍ ആഘോഷങ്ങള്‍ അരങ്ങ്‌ തകര്‍ക്കുമ്പോഴും അവരുടെ ജന്മഗേഹങ്ങളില്‍ സാമ്രാജ്യത്വം നരനായാട്ട്‌ നടത്തിയപ്പോള്‍ പോലും കാര്യമായ ഒരു പ്രതിഷേധവും കേരളത്തില്‍ നിന്ന്‌ ഉണ്ടായില്ല. മുസ്ലിം ലോകത്തെക്കുറിച്ച്‌ ഒരു അന്താരാഷ്‌ട്രീയമായ കാഴ്ചപ്പാട്‌ ഇല്ല എന്നതാണ്‌ പ്രശ്‌നം.