– അബ്‌ദു രഹ്‌മാന്‍, പട്ടാമ്പി

പിറന്ന നാടും പെറ്റമ്മയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമെന്ന ആപ്ത്‌ വാക്യം എത്ര പരമാര്‍ത്ഥം!. പ്രവാസ ലോകത്തും മറുനാടന്‍ മലയാളിയുടെ ഉള്‍ തുടിപ്പുകള്‍ക്ക്‌ ജീവവായുയാകുന്നത്‌ ജനിച്ച മണ്ണിന്റെ ഗൃഹാതുരമായ ഓര്‍മകളാണ്‌. പറന്നകലുന്ന മനസ്സിനൊപ്പം അറിയാതെ തന്നെ അനുഗമിക്കുന്ന ഉര്‍വരതയും ഹരിതാഭയും തന്റെ മണ്ണിന്റേതാണെന്നവന്‍ തിരിച്ചറിയുന്നു. യൌവനത്തിന്റെ ചോരത്തിളപ്പിലും ഉത്തരവാദിത്വത്തിന്റെ മഹാഭാരം പേറാന്‍ വിധിക്കപ്പെടുന്നവര്‍ ഒരു വേള തന്റെ പൊലിഞ്ഞ ബാല്യത്തെ കുറിച്ച്‌ പരിതപിക്കാതിരിക്കില്ല.കളിവഞ്ചിയും കൈതോടും കണ്ട്‌ കണ്ണു പൊത്തിക്കളിക്കുന്ന ശൈശവത്തിന്റെ ഉള്ളു തുടിക്കുന്ന ഓര്‍മകളില്‍ അവര്‍ക്കിപ്പോള്‍ നിറഞ്ഞൊഴുകുന്ന നയനങ്ങള്‍ മാത്രം!

മരുപ്പറമ്പിന്റെ ഊഷരതയിലും മനസിലെവിടെയോ ആര്‍ദ്രമായ മലയാണ്മയില്‍ നിന്നും പച്ചപ്പ്‌ നുകരുന്ന പ്രവാസിയുടെ നിനവുകള്‍ നാം അറിയാതെ പോകുന്നു.

ജനിച്ച മണ്ണിന്റെ ഗന്ധം നെഞ്ചിലേറ്റി ഇടറുന്ന മനസ്സിന്റെ ഗദ്ഗദം ഏറ്റുവാങ്ങി അവന്‍ പിരിയുമ്പോള്‍ തീര്‍ത്താല്‍ തീരാത്ത കടം പോലെ തന്റെ നാടിന്റെ ഓര്‍മകള്‍ അവനില്‍ അവശേഷിക്കുന്നു.

ഇവിടെ ഒരു മറുനാടന്‍ മലയാളിയുടെ യാത്രാവിഷ്കാരമാണ്‌ ജയ്ഹൂന്‍ എന്ന അനുഗ്രഹീത പ്രതിഭ തുറന്ന്‌ കാട്ടുന്നത്‌. ജീവിതത്തിന്റെ പാതി വഴിയിലെവിടെയോ നഷ്ട്പ്പെട്ട മാതൃഭൂമിയുടെ സത്വം ഒരു നിധിപോലെ മൂല്യമുള്ളതായി തന്റെ ഓരോ വരികളിലും കടന്ന്‌ വരുന്നു.

മനസില്‍ നിന്നും വേര്‍പ്പെട്ട സ്വപ്നങ്ങളുടെ ശകലങ്ങളെ ആ ഇടവഴികളില്‍ നിന്നും അദ്ദേഹം വീണ്ടും പെറുക്കിയെടുക്കുന്നു. തീഷ്ണമായ സൂര്യതാപമേറ്റ്‌, തീ കാറ്റിന്റെ മര്‍മരങ്ങള്‍ക്ക്‌ കാതോര്‍ത്ത്‌ മരുഭൂമിയില്‍ സമൃദ്ധമായ ഈത്തപ്പഴങ്ങള്‍ പൂത്തുലയുമ്പോഴും നെല്‍കതിര്‍ പൂത്ത സ്വന്തം ഗ്രാമഭംഗി വിസ്മരിക്കാന്‍ നോവലിസ്റ്റ്‌ വിസമ്മതിക്കുന്നു.

ഇന്ത്യന്‍ ഉറുദു സംഗീതത്തിന്റെ പൂങ്കുയിലെന്നറിയപ്പെടുന്ന അല്ലാമാ ഇഖ്ബാലിന്റെ ‘തറാനെ ഹിന്ദി’യിലെ ദേശഭക്തിയും , ‘തരാനെ മില്ലി’യിലെ ആത്മീയനുഭൂതിയും ഈ പ്രവാസ ജീവിതത്തില്‍ തനിക്കൊരുപോലെ അനുഭവപ്പെടുന്ന വികാരങ്ങളായി ഗ്രന്ഥകാരന്‍ ഓര്‍ക്കുന്നു.

സ്വദേശ ചാരുതയുടെ അമൂല്യമായ വര്‍ണ്ണനയിലൂടെ അനുവാചക വൃന്ദത്തെ പ്രീതിപ്പെടുത്തുമ്പോഴും ചോര്‍ന്ന്‌ പോവാത്ത ആത്മീയ വികാരം ഓരോ വരികളിലും സ്ഫുരിച്ച്‌ നില്‍ക്കുന്നു. ജീവിതത്തിന്റെ ഇടവേളയില്‍ വെച്ച്‌ വീണ്ടും മറുനാട്ടിലേക്ക്‌ കടല്‍ കടക്കുമ്പോഴും തന്നെ തലോടുന്ന മാരുതനോട്‌ സ്വദേശത്തിന്റെ കഥകള്‍ തിരക്കുന്ന ഇഖ്ബാല്‍ ശെയിലി ഈ ഗ്രന്ഥത്തെ അമൂല്യമാക്കുന്നു.

വര്‍ത്തമാന ദര്‍പ്പണത്തില്‍ തനിക്കു മുമ്പിലെത്തുന്ന നാട്ടു പെരുമയെ മനസ്സിലിട്ട്‌ പളുങ്കായ്‌ മാറ്റുന്ന ഈ കലാ കാരന്റെ വേറിട്ട സൃഷ്ടിയായ്‌ പരിണമിക്കുമെന്നതില്‍ സന്ദേഹമില്ല. പ്രവാസ ജീവിതത്തില്‍ സ്വല്‍പം വിശ്രമം തേടി വീണ്ടും കൈരളിയുടെ സ്വര്‍ഗീയ ഉദ്യാനത്തിലെത്തുന്ന തനിക്ക്‌ അനുഭൂതിയുടെ രണ്ടാം ജന്മം കൈവന്ന പ്രതീതിയാണ്‌.

നീണ്ട വേര്‍പാടിന്‌ ശേഷം മനസ്സിന്റെ കണ്ണാടിയിലൂടെ മലയാണ്മയെ നോക്കിക്കാണുന്ന ഏതൊരു മലയാളിയുടെയും ചിന്താമണ്ഡലങ്ങളിലൂടെയുള്ള ഒരു യാത്ര കൂടിയാണ്‌ ‘ദി കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ . അങ്ങനെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ചരിത്ര ശീകരങ്ങളെ ഒരുമിച്ച്‌ കൂട്ടി ഒരു മഹാ സമുദ്രം സൃഷ്ടിച്ച്‌ ജയ്ഹൂണിന്റെ ‘മേരാ വതന്‍’ എന്ന പ്രയോഗം തന്നെ ഇതിനുള്ള ഒത്ത നിദര്‍ശനമാണ്‌.

വേലിക്ക്‌ വെളിയിലൂടെ ഇഴഞ്ഞു നീങ്ങുന്ന കാളവണ്ടി കണ്ടപ്പോള്‍ വണ്ടിയിലും, കാളയിലും ഓടിക്കുന്ന മനുഷ്യനിലുമായി ജീവിതത്തിന്റെ മൂന്നു ദിശ നിര്‍ണയിക്കുമ്പോഴും, വേലിക്കുള്ളിലെ ചേമ്പിലയില്‍ മഴത്തുള്ളി കനിഞ്ഞ നിര്‍മലക്കഴ്ച നോക്കി മലയാള ഭംഗി വിശദീകരിക്കുമ്പോഴും തന്റെ പ്രവാസ ജീവിതത്തിലും സ്വദേശം തന്നെ എത്രമാത്രം സ്വാധീനിച്ചെന്ന്‌ മനസ്സിലാക്കാം.

ചുരുക്കത്തില്‍ കാലാന്തരത്തിലും കനകമായ്‌ തന്റെ മുമ്പില്‍ പരിലാസം തൂക്കുന്ന സ്വന്തം ജന്മനാടിനെ ലാളിക്കുന്ന ഈ സഹൃദയന്‍ ഭാഷകളിലൊതുങ്ങാത്ത വര്‍ണ്ണനയിലൂടെ അതിന്റെ മൂല്യം തുറന്ന്‌ കാട്ടിത്തരുന്നു.

അങ്ങനെ ഇടതൂര്‍ന്ന അനുഭൂതിയുടെ അടങ്ങാത്ത വികാരങ്ങളാല്‍ കോറിയിടപ്പെട്ട ഈ അനശ്വര വാങ്ങ്‌മയത്തെ മലയാളിക്ക്‌ സമ്മാനിക്കുകയാണ്‌ മലയാളത്തിന്റെ വരദാനമായ ജയ്ഹൂന്‍ ഈ ഗ്രന്ഥത്തിലൂടെ..