നജീബ്‌ കാന്തപുരം, ചന്ദൃക ആഴ്ചപ്പതിപ്പ്‌, FEB 22 2004

നമുക്ക്‌ അന്യമാവുന്ന വിചാര രീതികളെ നമ്മില്‍ തന്നെ കുടികൊള്ളുന്ന അരൂപിയായ സര്‍ഗ്ഗശക്തിയുടെ ചാട്ടവാറു കൊണ്ട്‌ ഒരാള്‍ ആഞ്ഞടിക്കുകയാണ്‌. വേദനയുടെ മധുരവും ഈ കഥയും നമ്മുടെതുതന്നെയാണെന്ന്‌ ഓരോ വായനക്കാരനെക്കൊണ്ടും ഏറ്റു പറയിക്കുകയാണ്‌. വായനയുടെ മാറുന്ന രീതികളില്‍ നിന്ന്‌ പുസ്തകങ്ങളുടെ പുറന്തോട്‌ പൊളിച്ച്‌ ഇന്റര്‍നെറ്റിന്റെ സാധ്യതകളിലേക്കും തിരിച്ചിങ്ങോട്ടും നമ്മെ ആനയിക്കുന്ന ജയ്ഹൂന്‍ മാന്ത്രികയെക്കുറിച്ച്‌

***

സൂഫികളുടെ കഥ പറച്ചില്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രണയത്തിന്റെ അപൂര്‍വ്വമായ വഴികളിലൂടെ കാലത്തിന്റെ കലണ്ടര്‍ കളങ്ങളെ കടന്ന്‌ അത്‌ ഇപ്പോഴും തുടരുന്നുണ്ട്‌. അനുരാഗമെന്നത്‌ കോസ്മെറ്റിക്‌ കാലത്ത്‌ വിപണിയുടെ അലങ്കാരമാണെങ്കില്‍ അതിനുമപ്പുറത്തേക്കു നീളുന്ന ആത്മീയഭാവങ്ങളെ അക്ഷരങ്ങള്‍ കൊണ്ട്‌ ജ്വലിപ്പിച്ചു നിര്‍ത്തി ഒരാള്‍ എഴുതികൊണ്ടേയിരിക്കുന്നു.

ജയ്ഹൂന്‍ ഇപ്പോള്‍ അത്രയൊന്നും അപരിചിതമായ പേരല്ല. മലയാളികള്‍ക്കിടയില്‍ വെബ്‌ പോര്‍ട്ടലുകള്‍ പ്രചാരണം നേടുന്നതിനു മുമ്പു തന്നെ എടപ്പാള്‍ സ്വദേശിയായ മുജീബുറഹ്‌മാന്‍ എന്ന ജയ്ഹൂന്‍ തന്റെ വിനിമയ മാധ്യമം തെരഞ്ഞെടുത്തിട്ടുണ്ട്‌. ഇന്റര്‍നെറ്റിന്റെ അനന്ത സാധ്യതകളിലൂടെ മലയാളത്തിന്റെ മണമുള്ള സര്‍ഗ്ഗസൃഷ്ടികള്‍ക്ക്‌ പേര്‍ഷ്യന്‍ മിസ്റ്റിക്‌ ചുവയുള്ള മേലാപ്പു പണിതപ്പോള്‍ അത്യപൂര്‍വ്വമായൊരു വായനവിഭവമായി അതുമാറി.

നാട്ടുകാര്‍ക്കിടയില്‍ ഈ കവി വായിക്കപ്പെടാതെ പോവാന്‍ കാരണം അദ്ദേഹം തിരഞ്ഞെടുത്ത മാധ്യമമോ അല്ലെങ്കില്‍ ആ മാധ്യമം നിഷ്കര്‍ഷിക്കുന്ന ഭാഷയോ ആവാം. 25 വയസ്സിനുള്ളില്‍ രണ്ടാമത്തെ പുസ്തകവും പ്രസിദ്ധീകരിച്ച്‌ ജയ്ഹൂന്‍ ആംഗലേയ രചനാ ലോകത്ത്‌ തന്റെ സാന്നിദ്ധ്യം ഉറപ്പിച്ചു നിര്‍ത്തുകയാണിപ്പോള്‍.

ജയ്ഹൂന്‍ ഡോട്‌ കോം എന്ന സ്വന്തം സൈറ്റിലൂടെയാണ്‌ വിദ്യാര്‍ത്ഥിയായിരിക്കെ ജയ്ഹൂന്‍ തന്റെ സര്‍ഗ്ഗയാത്ര തുടങ്ങിയത്‌. ആകര്‍ഷകമായ ഡിസൈനിങ്ങിലൂടെ ഒരുക്കിയ ഈ വെബ്‌സൈറ്റ്‌ ആദ്യമാദ്യം പ്രവാസി മലയാളികളെയും മെല്ലെ മെല്ലെ അതിര്‍ത്തികള്‍ കടന്ന്‌ മറുനാട്ടുകാരെയും ആകര്‍ഷിച്ചു. മിസ്റ്റിക്‌ കവിതകളുടെ പ്രണയാര്‍ദ്രതയും ഇഖ്ബാലിയന്‍ ദര്‍ശനത്തിന്റെ ഉള്‍ക്കരുത്തും തുടിച്ചു നിന്ന കുറിപ്പുകള്‍ കവിതക്കും ലേഖനങ്ങള്‍ക്കുമിടയില്‍ പുതിയൊരു വഴി തുറന്നു. മലയാളത്തിന്റെ ദൃശ്യവിരുന്നിലൂടെ ആര്‍ദ്രമായ ഒരു ലോകത്തെ സ്വപ്നം കാണാനുള്ള ഒരു ശ്രമമായിരുന്നു ജയ്ഹൂന്‍ നടത്തിയത്‌. ഇത്‌ ഒട്ടും പരാജയമായില്ലെന്ന്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.ഇപ്പോള്‍ യൂറോപ്പിലും അമേരിക്കയിലും പഷ്ചിമേഷ്യയിലും ജയ്ഹൂന്‌ നല്ല വായനക്കാരുണ്ട്‌. ഇവരുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്‌ 2001-ല്‍ ഫഭസഹര്‍യനറ എന്ന പ്രഥമ കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്‌.

ജലാലുദ്ദീന്‍ റൂമിയുടെയും അല്ലാമാ ഇഖ്ബാലിന്റെയും സ്വാധീനം തന്റെ രചനയില്‍ നിറഞ്ഞുനില്‍ക്കുന്നുവെന്ന്‌ പറയുന്നതില്‍ ജയ്ഹൂന്‍ ഒട്ടും മടിക്കുന്നില്ല. സൂഫികളുടെ കലയും ജീവിത ദര്‍ശനവുമാണ്‌ ജയ്ഹൂന്‌ വളക്കൂറുള്ള മണ്ണൊരുക്കിയത്‌. ഇഖ്ബാലിയന്‍ ദര്‍ശനത്തിലെ അവഗാഹവും നിരന്തരമായ അന്വേഷണത്വരയും ജയ്ഹൂനെ പക്വതയുള്ള ഒരു എഴുത്തുകാരനാക്കിയെന്ന്‌ പ്രഥമ പുസ്തകമായ ഫഭസഹര്‍യനറ തെളിയുക്കുന്നു. ഗൃഹാതുരത നിറഞ്ഞ മനസ്സോടെ സ്വന്തം ബാല്യത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുകയാണ്‌. ഇപ്പോള്‍ ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ ജയ്ഹൂന്‍ ജനിച്ച മണ്ണിനോടുള്ള പൊക്കിള്‍ക്കൊടി ബന്ധവും വളര്‍ന്നുവലുതായ നാടിനോടുള്ള ആദരങ്ങളും പുതിയൊരു മിശ്രദേശീയത കൂടി സൃഷ്ടിക്കുന്നുണ്ട്‌. സ്വന്തം നാടിനെക്കുറിച്ചുള്ള അഭിമാനം മറ്റൊരു രാജ്യത്തെ അനാദരിച്ചുകൊണ്ടാകരുതെന്ന സന്ദേശവും ജയ്ഹൂന്റെ കവിതകളിലുണ്ട്‌. അതുകൊണ്ട്‌ തന്നെ സങ്കുചിതമായി മാറുന്ന ദേശീയതക്കുമപ്പുറം മാനവികതയെക്കുറിച്ചുള്ള വ്യാകുലപ്പെടലാണ്‌ ഫഭസഹര്‍യനറ തുറന്നു കാട്ടുന്നത്‌.

വേട്ടയാടപ്പെടുന്ന സ്ത്രീത്വവും നിരാലംബമാവുന്ന ബാല്യവും എല്ലാറ്റിലുമുപരി ഏകധ്രുവലോകത്തിന്റെ സാംസ്കാരിക അധിനിവേശവും കവിതകളില്‍ കടന്നുവരുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയും ദൈവത്തിന്റെ അധീശത്വവും ആര്‍ദ്രത വറ്റിയ ലോകത്തിനുള്ള ചില ഓര്‍മ്മപ്പെടുത്തലുകളായിത്തീരുന്നു.

എന്നാല്‍ 2003-ല്‍ പ്രസിദ്ധീകരിച്ച ഒഫഷഷദ ബസഴ ര്‍മഫ മഫദഴര്‍ വ്യത്യസ്തമായൊരു വായനാനുഭവമാണ്‌ നല്‍കുന്നത്‌. സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ സ്ത്രീയും മനോഹരമായ എല്ലാ വസ്തുക്കളും വില്‍പ്പനക്ക്‌ വെക്കുമ്പോല്‍ ദയാരഹിതമായ ഒരു കാലത്തിനു നേരെയുള്ള രോഷവും പരിഹാസവുമാണ്‌ ഈ കവിതകളെ സമ്പുഷ്ടമാക്കുന്നത്‌.അമേരിക്കയില്‍നിന്ന്‌ പ്രസിദ്ധീകരിച്ച ഒഫഷഷദ വായനക്കാരുടെ മുക്തകണ്ഠ പ്രശംസ നേടുകയുണ്ടായി. പറിച്ചുനടപ്പെട്ടവന്റെ അക്ഷരങ്ങളില്‍നിന്ന്‌ തീയുണ്ടാവുമെന്നാണ്‌ ജയ്ഹൂന്‍ തന്റെ കവിതകളിലൂടെ തെളിയിക്കുന്നത്‌.

ഇപ്പോള്‍ ലോകത്തിന്റെ അച്ചുതണ്ടായിത്തീരുന്നത്‌ വിപണിയാണ്‌. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിപണിയുടെ അധിപന്മാരാണ്‌ ലോകത്തെ നിയന്ത്രിക്കുന്നത്‌. ഈ അധീശശക്തികള്‍ക്ക്‌ വേണ്ടത്‌ പണം മാത്രമാണ്‌. പണം നേടാനുള്ള ഏത്‌ വഴിയും ഇവര്‍ക്ക്‌ വര്‍ജ്യമല്ല. അതുകൊണ്ടുതന്നെ മൂല്യങ്ങളുടെ തുണിയുരിയുന്ന കാഴ്ചയാണ്‌ വിപണിയെ ഭരിക്കുന്നത്‌. ഈ വിപണികള്‍ നമ്മെ എങ്ങോട്ടാണ്‌ നയിക്കുന്നത്‌? മനുഷ്യനെ വ്യത്യസ്തനാക്കുന്ന അവന്റെ സ്വഭാവ സവിഷേശതകള്‍ക്ക്‌ നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്‌ പുതിയ ലോകക്രമമെന്ന്‌ ജയ്ഹൂന്‍ വിചാരപ്പെടുന്നു. ഭൌതികതയുടേയും ആഢംബര പ്രമത്തതയുടെയും മരുക്കറ്റില്‍നിന്ന്‌ ആത്മീയത അന്വേഷിക്കുന്ന പടിഞ്ഞാറന്‍ വായനക്കര്‍ ജയ്ഹൂന്റെ വചനങ്ങളിലേക്ക്‌ വലിച്ചടുപ്പിക്കപ്പെടുന്നതില്‍ ഒട്ടും അത്ഭുതപ്പെടനില്ല.

ജീവിതം മടുപ്പ്‌ നിറഞ്ഞ ആവര്‍ത്തനങ്ങളായി തീരുമ്പോള്‍ കൌതുകങ്ങള്‍ വറ്റാത്ത ഒരു നദിക്കരയിലേക്കാണ്‌ ഈ യുവ എഴുത്തുകാരന്‍ നമ്മെ ക്ഷണിക്കുന്നത്‌. അത്‌ ഒരിക്കലും നമുക്ക്‌ അന്യമായ ഭൂമികയുമല്ല.

നാം അറിഞ്ഞ നാട്ടുവഴികളിലൂടെ, നിലാവും നക്ഷത്രവെളിച്ചവും നിറഞ്ഞ ഗ്രാമവീഥികളിലൂടെ ഒരാള്‍ നമ്മെ ആനയിക്കുകയാണ്‌. ഈ വഴിയത്രയും പിന്നിട്ടുവെങ്കിലും ഇതൊന്നും നമ്മല്‍ കണ്ടുതീര്‍ത്തില്ലല്ലോ എന്ന ദുഖം ജയ്ഹൂന്റെ ‘ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌’ വായിക്കുമ്പോള്‍ നാം അനുഭവിക്കും.

സ്നേഹത്തിന്‌ അനിതരസാധാരണമായ ഒരു ദൃശ്യഭംഗി ഈ എഴുത്തുകാരന്റെ ഓരോ രചനയിലുമുണ്ട്‌. വിക്രംസേത്തിനെപ്പോലെ, ഖുഷ്‌വന്ത്‌സിങ്ങിനെപ്പോലെ, അരുണ്ഠതി റോയിയെപ്പോലെ കിഴക്കിന്റെ ഉല്‍പ്പന്നങ്ങള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുകയല്ല ജയ്ഹൂന്റെ കവിതകളില്‍. പകരം കിഴക്കിനേയും പടിഞ്ഞാറിനേയും ചേര്‍ത്തുനിര്‍ത്തി ജീവിതത്തെക്കുറിച്ചുള്ള ചെറിയ ചോദ്യങ്ങളുയര്‍ത്തുകയാണ്‌ ഇവിടെ സംഭവിക്കുന്നത്‌. തീപിടിച്ച അക്ഷരങ്ങള്‍ സംഹാരതൃഷ്ണയോടെ പാഞ്ഞടുക്കുകയല്ല. ദയാവായ്പ്‌ നിറഞ്ഞ ആര്‍ദ്രതയോടെ നമ്മെ വന്ന്‌ മൂടുന്ന ചിന്തയുടെ അനുഭവിപ്പിക്കലാണ്‌ ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്‌.

സ്വത്വബോധത്തോടെ ഒരു ചെറുപ്പക്കാരന്‍ തന്റെ ചുറ്റുമുള്ള യുവതയെ ഉണര്‍ത്തുകയാണ്‌. ഇവിടെ ചില അപകടങ്ങളുണ്ട്‌. അതുകൊണ്ട്‌ ശ്രദ്ധിക്കുക. ജാഗ്രതയോടെ അതിനെ മറികടക്കാനുള്ള കരുത്തുനേടുക. വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ചരക്കുകളെ മനുഷ്യത്വത്തോടെ നോക്കാന്‍ ഇവിടെ ഒരാള്‍ നമ്മെ ക്ഷണിക്കുന്നു.

ജയ്ഹൂന്‍.ഡോട്ട്‌.കോം എന്ന ജനപ്രിയ സൈറ്റില്‍നിന്ന്‌ പുസ്തകരചനയിലേക്ക്‌ കടക്കുമ്പോള്‍ ജയ്ഹൂന്‍ അല്‍പംകൂടെ ഗൌരവം വരുത്തുന്നുണ്ട്‌. ഷാര്‍ജയില്‍ സ്ഥിരതാമസമാക്കിയ മൊയ്തുണ്ണിഹാജിയുടെ പുത്രനാണ്‌ ബി.ബി.എ ബിരുദധാരിയായ ജയ്ഹൂന്‍, ഇപ്പോള്‍ ഷാര്‍ജ ഫ്രീസോണില്‍ ജോലിചെയ്യുന്നു