മാനവികതയുടെ വിഹ്വലതകളിലേക്ക്‌ തുരക്കുന്ന മുന്നാം കണ്ണ്‌.

ചന്ദൃക വാരാന്തപ്പതിപ്പ്‌, Oct 20, 2002

ഉല്‍കണ്ഠാകുലമായ വര്‍ത്തമാനത്തിന്റെ ഇരുണ്ട വാര്‍ത്തകള്‍ക്കിടയില്‍ മാനവികതയാണ്‌ ഏറ്റവും വലിയ സത്യമെന്ന്‌ ഉറക്കെ വിളിച്ചു പറയുന്ന അപൂര്‍വ്വ രചനകളുടെ സമാഹാരമാണ്‌ ജയ്ഹൂന്‍ എഴുതിയ ഈഗോപ്റ്റിക്സ്‌.’ സാമ്രാജ്യത്വത്തിന്റെ ക്രൂരദംഷ്ട്രങ്ങള്‍ നിസ്സഹായരായ മൂന്നാം ലോക രാഷ്ട്രങ്ങളുടെ കരള്‍ ചോര ഊറ്റിയെടുക്കുമ്പോള്‍ നിശബ്ദമാകുന്ന സമകാലിക സാമൂഹ്യ ഘടനക്കെതിരെ ശക്തമായി തന്റെ തൂലികയിലൂടെ എഴുത്തുകാരന്‍ പ്രതികരിക്കുകയാണ്‌. ഭീകരതക്ക്‌ ഒരു മുഖം മാത്രം നല്‍കി തങ്ങള്‍ നടത്തുന്ന എല്ലാ ക്രൂരതകളെയും മറച്ചുപിടിക്കുന്ന മുതലാളിത്തത്തിന്റെ അപകടകരമായ മുഖം ശ്രദ്ദേയമായ രീതിയില്‍ തുറന്നു കാട്ടാന്‍ ഈ പുസ്തകത്തിന്‌ സാധിക്കുന്നു. നിസ്സഹായരും പീഡിതരുമായ ജനതയുടെ ആര്‍ത്തനാദങ്ങള്‍ ഒപ്പിയെടുത്ത്‌ ശബ്ദമില്ലാത്ത സമൂഹത്തിനു വേണ്ടി ഉറക്കെപ്പറയാന്‍ ഒരു യുവ എഴുത്തുകാരന്‍ നടത്തുന്ന പ്രോത്സാഹനകരമായ ശ്രമങ്ങളാണ്‌ ഈഗോപ്റ്റിക്സിലെ കവിതകളും ലേഖനങ്ങളും.

മിസ്റ്റിക്‌ രചനയുടെ അപൂര്‍വ്വ ചാരുതയും മലബാറിന്റെ ഗൃഹാതുരതയും സംഗമിക്കുന്ന ഈ സമാഹാരം പ്രവാസിയുടെ നൊമ്പരങ്ങള്‍ മാത്രമല്ല പകര്‍ന്നു നല്‍കുന്നത്‌. വേരറ്റു പോവാത്ത ബന്ധങ്ങള്‍, പിടയുന്ന നെഞ്ചില്‍ ഏറ്റുവാങ്ങി മഹത്തരമാണ്‌ തന്റെ നാടിന്റെ സാംസ്കാരിക പൈതൃകമെന്ന്‌ ജയ്ഹൂന്‍ ലോകത്തോട്‌ പറയുന്നു. ഇന്റര്‍നെറ്റ്‌ മാധ്യമത്തിലുടെ ലോകശ്രദ്ധ നേടിയ ഇംഗ്ലീഷ്‌ കവിതകളും ലേഖനങ്ങളും മലയാള സര്‍ഗസമ്പത്തിന്റെ മൊഴിമാറ്റംകൂടിയാണ്‌. ഉമര്‍ഖാളിയടക്കമുള്ള സൂഫി കവികളുടെ പാരമ്പര്യത്തെ ഓര്‍മ്മിപ്പിക്കുന്ന കവിതകളില്‍ ഇഖ്ബാലിയന്‍ ദര്‍ശനത്തിന്റെ മനോഹാരിതയും ജലാലുദ്ദീന്‍ റൂമിയുടെ ദാര്‍ശനികതയും ഒന്നായി ചേരുന്നുണ്ട്‌. മലബാറിന്റെ പൈതൃകം ഇംഗ്ലീഷ്‌ വായനക്കാരിലേക്ക്‌ സുന്ദരമായി അവതരിപ്പിക്കുന്ന ഈഗോപ്റ്റിക്സ്‌ ഒരു പക്ഷേ ഇത്തരത്തിലുള്ള ആദ്യ ശ്രമങ്ങളിലൊന്നാണ്‌.

ആത്മീയത ഏറ്റവും വലിയ വില്‍പനച്ചരക്കാവുന്ന പുതിയ കാലത്ത്‌ മലിനമാക്കപ്പെടുന്ന വിചാരങ്ങള്‍ക്കെതിരെ മൂല്യബോധത്തോടെ പ്രതികരിക്കന്‍ ജയ്ഹൂന്‌ സാധിക്കുന്നുണ്ട്‌. മതത്തിന്റെ നന്മ തുറന്നെഴുതുമ്പോഴും അതിനെ വികലമാക്കന്‍ നടത്തുന്ന ശ്രമങ്ങളെ ഈ കൃതിയില്‍ പരിഹസിക്കുന്നു. മലബാറിന്റെ മിത്തുകളും സാമൂഹ്യ ഘടനയും മലയാളികളല്ലാത്ത വായനക്കാര്‍ക്കു മുമ്പില്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത്‌ ഈഗോപ്റ്റിക്സിന്റെ വിജയമായി കാണാവുന്നതാണ്‌.

മാനവീകതയെന്ന സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മനുഷ്യന്റെ ഒരിക്കലുമൊടുങ്ങാത്ത വ്യഥകള്‍ക്ക്‌ വ്യത്യസ്തമായ മുഖം നല്‍കാനും ജയ്ഹൂന്‍ ശ്രമിക്കുന്നുണ്ട്‌. പാഷ്ചാത്യവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ ജീര്‍ണ്ണതകളെ ഉല്‍കണ്ഠയോടെ വീക്ഷിക്കുകയും അതിന്റെ യാഥാര്‍ത്ഥ്യത്തെ മുന്‍വിധികളില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്ന ഈ പുസ്തകം അപൂര്‍വ്വമായ വായനാനുഭവമാണ്‌ നമുക്ക്‌ പകര്‍ന്നു നല്‍കുന്നത്‌. ലോകത്തിന്‌ നഷ്ടമാവുന്ന സാന്ത്വനത്തിന്റെ സ്പര്‍ശം സ്ഥാപിച്ചെടുക്കുവാനുള്ള ഒറ്റയാന്‍ പോരാട്ടമായി ഈഗോപ്റ്റിക്സിനെ വിശേഷിപ്പിക്കാവുന്നതാണ്‌. ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍വെച്ച്‌ പാണക്കാട്‌ സയ്യിദ്‌ ബഷീറലി ഷിഹാബ്‌തങ്ങള്‍ കഴിഞ്ഞമാസം ഈ ഗ്ര്ന്ഥം പ്രകാഷന്മ്‌ ചെയ്തു.

ഈഗോപ്റ്റിക്സ്‌
(ഇംഗ്ലീഷ്‌ കവിത, ലേഖന സമാഹാരം)
ഗ്രന്ഥകര്‍ത്താവ്‌: ജയ്ഹൂന്‍
പ്രസാധകന്‍: ഒലീവ്‌ പബ്ലിക്കേഷന്‍സ്‌
വിതരണം: കറന്റ്‌ ബുക്സ്‌ തൃശൂര്‍

Follow MujeebJaihoon on Twitter

JAIHOON

Related posts