– Jaihoon

ഓ അള്ളാഹ്‌!
എന്‍ ഹൃദയത്തെയും
അതില്‍ വിസ്മയാവഹ ധനത്തെയും
അസൂയാ മലീമസ മാലോക ദൃഷ്ടിയില്‍
നിന്നു നീ എപ്പൊഴും കാക്കുമാറാകണം

എന്‍ പ്രവര്‍ത്തനങ്ങള്‍ക്കോരു ശ്ലാഖനം
എവിടെയാണെനിക്കാവശ്യമയ്‌ ഭവിക്കുക?
എന്‍ വചസ്സുകള്‍ക്കൊരു ബഹുമതി
എപ്പോഴാണെനിക്കൊരു അഭിലാഷമാവുക?

ആള്‍ക്കൂട്ടത്തിന്റെ ദൃഷ്ടിയില്‍
ഞാന്‍ ഒരു അഹങ്കാരിയായിരിക്കാം
എന്‍ പ്രവൃത്തികള്‍ ഉച്ചത്തിലൊച്ച്‌ വെക്കാതിരിക്കവേ
അവര്‍ക്കെന്നെ ഒരു ചതിയനെന്നും വിളിക്കാം

അവര്‍ പറയാറുണ്ട്‌;
‘ചതിക്കുഴികളാണ്‌ അവന്റെ വഴികളൊക്കെയും
കരിതിയിരിക്കണമവന്റെ കുടില കാപട്യം.’

ഇങ്ങനെ അതുമിതും പലതും പറഞ്ഞ്‌
അവര്‍ എന്നെ നിശിതമായ്‌ ഭത്സിച്ചിടുന്നു
ഹാ കഷ്ടം! ഒരു മാനുഷികമുഖം പോലുമേ
നിര്‍ദയം എനിക്കവര്‍ നിഷേധിക്കുന്നു

അത്തരമൊരു ദുര്‍ഘട വേളയില്‍
സകലരും നമ്മെ ഭത്സിച്ചീടവെ
ഏറ്റം പ്രിയപ്പെട്ടവര്‍ പോലും അതിനു മുന്‍പന്തിയില്‍
നിന്നു കാണുന്നതെപ്പൊഴും ദുഖഹേതുവാം നിശ്ചയം

ഓ കാരുണ്യമറ്റ എന്‍ സ്നേഹിതാ
‘ജയ്ഹൂന്റെ’ പ്രതീക്ഷകള്‍ മുക്കി നശിപ്പിച്ചേക്കാമെന്ന്‌
നീ ശരിക്കുമങ്ങ്‌ ധരിച്ചുവോ?

പക്ഷേ നിന്‍ ആക്ഷേപ വാക്കുകള്‍ക്ക്‌ എന്‍ മനത്തെ
മുടന്തനാക്കാനാകുമെന്ന്‌ നീ ഒട്ടും വിചാരിക്ക വേണ്ട

ആ മഹദ്‌ സ്നേഹശോഭയില്‍
മമ ഹൃത്തടം പൂരിതമായിടുവോളമത്രയും
പരിഗണിക്കില്ല തന്നെ ഞാന്‍ അശേഷവും
തനിക്കു മാത്രം ഞാന്‍ ഇന്ന്‌ അനുയോജ്യനോ എന്ന കാര്യം

ഓ ശക്തികേദാരമാം എന്‍ തമ്പുരാനേ
നീ എന്‍ അഹംബുദ്ധിയെ ഭ്രമിപ്പിച്ചു നിര്‍ത്തണേ
എന്നെ സാക്ഷാല്‍ ഒരു മരതകമുത്താക്കണേ

എന്‍ അഹംബുദ്ധിയെ നീ മൂര്‍ച്ചകൂട്ടണേ
എന്നെ വെട്ടിത്തിളങ്ങുമൊരു വാളാക്കി മാറ്റണേ

എന്‍ അഹംബുദ്ധിയെ നീ തേച്ചു മിനുക്കണേ
അതുവഴി സംശുദ്ധമാം തനി തങ്കമാക്കിയെടുക്കണേ

ഒരു കൊച്ചുതട്ടിനു തന്നെ തകര്‍ന്നുപൊളിഞ്ഞുവോം
പുകച്ചുരുള്‍ കണക്കെ നീ ആക്കരുതൊരിക്കലും

അകമെയും പുറമെയും സര്‍വ്വവിധേനയും
എന്‍ ആത്മാവിനെ നീ ആട്ടിയിളക്കണേ
കാവ്യമേലങ്കിയാല്‍ എന്‍ ഹൃദയത്തിനെപ്പൊഴും
പ്രോത്സാഹനത്തിന്‍ നിറാച്ചര്‍ത്തണിയിക്കണേ

അകം പൊരുളും പുറം വേലയും ഇഴ ചേര്‍ത്തു കോര്‍ക്കുവാന്‍
സൌഭാഗ്യമെന്നില്‍ കടാക്ഷിക്കുമാറാകണേ

നിന്നോടൊപ്പമെന്‍ ഹൃദയബന്ധം നില്‍ക്കുവോളം
ഇതരര്‍ എന്തി ചിന്തിക്കുമെന്ന്‌ ഗൌനിക്കില്ല ഞാന്‍ അശേഷവും

Translated by Alavi Al Hudawi.