മലബാർ: പൈതൃകവും പ്രതാപവും:
ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങൾ

മഹ്മൂട്‌ കൂരിയ

അക്കാദമിക തലങ്ങളിൽ കേരളത്തെക്കാളേറെ മലബാറാണ്‌ പഠനവിധേയമായിട്ടുള്ളതെന്ന്‌ പലപ്പോഴും തോന്നാറുണ്ട്‌. ചരിത്രപരമായും സാമൂഹികശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമെല്ലാം മലബാറിനെക്കുറിച്ച്‌ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്‌. തദ്ദേശീയരായ പണ്ഡിത?​‍ാരെക്കാളേറെ, വിദേശ അക്കാദമികവൃന്ദങ്ങളാണ്‌ പലപ്പോഴും മലബാറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നതും വിസ്മയം. റൊണാൾഡ്‌ മില്ലർ, സ്റ്റീഫൻ ഡെയ്‌ല്‌, അഷിൻദാസ്‌ ഗുപ്ത, മൈക്കൽ പിയേഴ്സൺ, ഇയാൻ മക്ഡൊണാൾഡ്‌, ജി. ടാരബൗട്ട്‌, ഫിലിപ്പോ ഓസെല്ല, കരോലിൻ ഓസെല്ല, എറിക്‌ മില്ലർ തുടങ്ങിയവരും സി. ഗോപാലൻ നായർ, കെ.എം. പണിക്കർ, കെ.എൻ. പണിക്കർ, കെ.കെ.എൻ. കുറുപ്പ്‌, എം.ജി.എസ്‌. നാരായണൻ, ദിലീപ്‌ മേനോൻ, എം.ആർ രാഘവ വാര്യർ, എസ്‌.എം. മുഹമ്മദ്‌ കോയ, ജി. അരുണിമ, എം. ഗംഗാധരൻ, എൻ.എം. നമ്പൂതിരി, കെ.എൻ. ഗണേഷ്‌, കെ. ഗോപാലൻകുട്ടി, ജോൺ ഓച്ചന്തുരുത്ത്‌, കെ.വി. അബ്ദുറഹ്മാൻ, പ്രവീണ കോടോത്ത്‌, കെ.എസ്‌. മാത്യു, പി. രാധാകൃഷ്ണൻ തുടങ്ങിയ കേരളീയരും വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്‌. അപ്രകാശിതമായിത്തുടരുന്ന ഗവേഷണപ്രബന്ധങ്ങളെക്കൂടി മുഖവിലക്കെടുത്താൽ, കേരളത്തെക്കാളേറെ മലബാർ തന്നെയാണ്‌ പഠിക്കപ്പെട്ടിട്ടുള്ളതെന്ന ധാരണ ശക്തമാകും.
അക്കാദമികപഠനങ്ങളൂടെ ഈ ബാഹുല്യങ്ങൾക്കിടയിൽ, മലബാറിൽ നിന്ന്‌ അടുത്ത കാലത്തായി പുറത്തിറങ്ങിയ രചനകളിൽ മുന്നിട്ടു നിൽക്കുന്ന ഒരു സമാഹാരമാണ്‌ മലബാർ: പൈതൃകവും പ്രതാപവും. പി.ബി. സലീം ഐ.എ.എസ്‌., എൻ.പി. ഹാഫിസ്‌ മുഹമ്മദ്‌, എം.സി. വസിഷ്ഠ്‌ എന്നിവർ ചേർന്ന്‌ എഡിറ്റ്‌ ചെയ്ത്‌ മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥം. ‘മലബാറിന്റെ ഭൂമിശാസ്ത്ര, നരവംശശാസ്ത്ര, ചരിത്ര, സാമൂഹികശാസ്ത്ര, സാംസ്കാരികസവിശേഷതകൾ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം’ എന്നാണ്‌ പുസ്തകത്തിന്റെ പുറംചട്ട അവകാശപ്പെടുന്നത്‌. മലബാർ, മലബാർ എന്ന്‌ കൃതിയുടെ സാമാന്യത്വം നിരന്തരം വിളിച്ചു പറയുന്നുണ്ടെങ്കിലും കോഴിക്കോട്‌ എന്ന ദേശത്തിലൂടെയുള്ള സാംസ്കാരികവും അക്കാദമികവുമായ എഴുത്തുയാത്രകളാണ്‌ ഉള്ളടക്കത്തിൽ ഭൂരിപക്ഷവും. തലക്കെട്ടിലും ആമുഖത്തിലും ഓരോ ഭാഗങ്ങളുടെ തുടക്കത്തിലും പുറംചട്ടയിലും നിരന്തരമായി ആവർത്തിക്കുന്ന വ്യർഥമായ ഈ അവകാശവാദത്തിന്‌ പകരം, കോഴിക്കോട്‌ എന്ന്‌ ആത്മാർഥമായി നൽകിയിരുന്നെങ്കിൽ ഉള്ളടക്കവുമായി കൂടുതൽ സത്യസന്ധത പുലർത്താൻ എഡിറ്റർമാർക്കും പ്രസാധകർക്കും സാധിക്കുമായിരുന്നു.
‘എനിക്ക്‌ മൺപശിമയും അമ്മപ്പിരിശവും സ്നേഹാശ്ലേഷ ചുംബനച്ചൂടും വേണ്ടതിൻവണ്ണം തന്ന്‌ എന്നെ ഈവണ്ണമൊക്കെ രൂപപ്പെടുത്തി ജീവിതത്തിന്റെ ഊടും പാവും നെയ്ത്‌ കരപറ്റിക്കൊൾവാൻ പ്രാപ്തിയുണ്ടാക്കിത്തന്ന നഗരമാണ്‌ കോഴിക്കോട്‌’ (വെൺമയുടെ വർത്തകമനസ്സ്‌, പു. 41) എന്ന യൂ.എ. ഖാദറിന്റെ ആത്മപ്രകാശനം പുസ്തകത്തിന്റെ സാരസ്യങ്ങളിലേക്ക്‌ വാതിൽ തുറക്കുന്നു. കോഴിക്കോടുമായി ഉൾചേർന്ന്‌ കിടക്കുന്ന ജീവിത, സാംസ്കാരിക, ചരിത്ര, സാമൂഹ്യ ദർശനങ്ങളെ ഏറെക്കുറെ ആഴത്തിൽ സ്പർശിക്കുന്നു മലബാർ: പൈതൃകവും പ്രതാപവും.
എൺപത്തെട്ട്‌ രചനകൾ ആറ്‌ ഭാഗങ്ങളിലായി വേർതിരിക്കപ്പെട്ടിരിക്കുന്നു. സ്നേഹസംഗമഭൂമി, ചരിത്രം, ദേശം, ദേശീകർ, മതനിരപേക്ഷത, സാംസ്കാരികം എന്നീ ഭാഗങ്ങൾ, ഉള്ളിലടങ്ങിയ രചനകളുടെ വൈവിധ്യത്താൽ ഭാഗീകരണത്തിലെ സാംഗത്യം മനസ്സിലാക്കുക ബുദ്ധിമുട്ടാക്കിത്തീർക്കുന്നു. ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളും അവയിലെ രചനകളും പരസ്പരം നീതി പുലർത്തുന്നവയാണ്‌. എന്നാൽ, ശേഷമുള്ള ഭാഗങ്ങൾ പരസ്പരം വിഭിന്നമാകുന്നത്‌ എങ്ങനെയെന്നോ, രണ്ടാംഭാഗമായ ചരിത്രത്തിൽ നിന്ന്‌ എങ്ങനെ വേറിട്ട്‌ നിൽക്കുന്നുവേന്നോ ഇഴ പിരിച്ചെടുക്കുന്നത്‌ ഒരു സാമാന്യവായനക്കാരനെ സംബന്ധിച്ചിടത്തോളം അൽപം വിഷമം പിടിച്ച ജോലിയാണ്‌. ദേശം, ദേശീകർ, സാംസ്കാരികം തുടങ്ങിയ സംജ്ഞകൾ ഭാഷാപരമായി അത്ര ക്ലിഷ്ടത ആവശ്യമില്ലാത്ത പദങ്ങളാണ്‌. പക്ഷേ, ഈ സമാഹാരത്തിലെ ഭാഗീകരണത്തിലെത്തുമ്പോൾ അവയുടെ നിർമലത്വം നഷ്ടമാകുന്നു. ഭാഗീകരണത്തിലെ സാംഗത്യം എന്താണെന്ന്‌ ഗ്രന്ഥപരിശോധകർ വ്യക്തമാക്കുന്നുമില്ല. ഏതൊരു സംയോജിത കൃതിയിലും ഭാഗീകരണത്തിനു പിന്നിലെ സാംഗത്യം വ്യക്തമാക്കുന്നത്‌ സമാഹർത്താക്കളുടെ അലിഖിത ഉത്തരവാദിത്തമാണ്‌. അത്‌ ഈ കൃതിയിൽ സംഭവിച്ചില്ലെന്നു മാത്രമല്ല, വളരെ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന തരത്തിൽ ഭാഗീകരണം നടത്തുകയും ചെയ്തിരിക്കുന്നു ഈ സമാഹാരത്തിന്റെ സംയോജകർ.
മലബാറിനകത്ത്‌ മലബാറിനെക്കുറിച്ച്‌ വ്യവസ്ഥാപിതവും സൂക്ഷ്മവുമായ അക്കാദമിക പഠനങ്ങൾ വേണ്ടത്ര നടക്കുന്നില്ല, നടന്നിട്ടില്ല എന്നതിന്റെ പ്രകടനം കൂടിയായിരിക്കാം ഈ കൃതി നേരെചൊവ്വെയല്ലാത്ത സാക്ഷ്യം. കൃതിയുടെ ആമുഖത്തിൽ സമാഹൃത്താക്കൾ എടുത്തുപറയുന്നുണ്ടിക്കാര്യം: ‘സർവകലാശാലകളിലോ, സന്നദ്ധസേവാസംഘടനാതലത്തിലോ പഴയതും പുതിയതുമായ മലബാറിനെ സൂക്ഷ്മതലങ്ങളിൽ വിശകലനം ചെയ്യാനുള്ള പ്രത്യേകസ്ഥാപനങ്ങളോ വിഭാഗങ്ങളോ, സാമൂഹ്യശാസ്ത്രവിഭാഗത്തിന്‌ തന്നെയുമോ, രൂപം കൊടുത്തിട്ടില്ല. ഈയൊരു സാധ്യതകൾക്കും പരിമിതികൾക്കുമിടയിലാണ്‌ മലബാർ: പൈതൃകവും പ്രതാപവും ഒരുക്കപ്പെടുന്നത്‌’ (പു. ഃ​‍്‌). ഈ പരിമിതകളെ മറികടക്കുന്നതനപ്പുറം അടിവരയിടുകയാണ്‌ സമാഹാരം ചെയ്യുന്നതെന്ന്‌ പറയാതെ വയ്യ.
ആദ്യഭാഗം ‘സ്നേഹസംഗമഭൂമി’യിൽ എം.ടി. വാസുദേവൻ നായർ, ചീഫ്‌ സെക്രട്ടറി കെ. ജയകുമാർ, യു.എ. ഖാദർ, തിരക്കഥാകൃത്ത്‌ ടി.എ. റസാക്ക്‌, കൈതപ്രം, പത്രപ്രവർത്തകൻ പി. ദാമോദരൻ, എഴുത്തുകാരി കെ.പി. സുധീര എന്നിവർ കോഴിക്കോട്‌ എന്ന ദേശത്തിന്റെ ന?കളെ ഹൃദ്യമായി വരച്ചിടുന്നു. എം.ടി.യും യു.എ. ഖാദറും കഴിഞ്ഞ അമ്പത്‌, അറുപത്‌ വർഷങ്ങളായി കോഴിക്കോടിന്റെ ജീവൽസ്പന്ദങ്ങളുമായി ചേർന്നുനിൽക്കുന്നവരാണ്‌ എന്നതിനാൽ തന്നെ അവരുടെ എഴുത്തുകൾക്ക്‌ ചരിത്രരചനാപരമായി സമകാലികച്ചരിത്രത്തിന്റെ പ്രാഥമികസ്രോതസ്സുകളുടെ സ്ഥാനമുണ്ട്‌. സത്യത്തിന്റെ തുറമുഖനഗരം എന്ന കോഴിക്കോടിനെക്കുറിച്ചുള്ള വിശേഷണം, തങ്ങൾ എങ്ങനെ ജീവിച്ചറിഞ്ഞു എന്ന്‌ ഈ ഭാഗത്തെ ഓരോ എഴുത്തുകളും അടിവരയിടുന്നു.
മുപ്പതോളം രചനകൾ ഉൾക്കൊള്ളുന്ന രണ്ടാം ഭാഗം ‘ചരിത്രം’, ശിലായുഗസംസ്കാരം മുതൽ സമകാലിക ചരിത്രം വരെയുള്ള ദീർഘമായ സഹസ്രാബ്ധങ്ങളിലൂടെ, ശതാബ്ധങ്ങളിലൂടെ കടന്നുപോകുന്നു. ചില ലേഖനങ്ങൾ കോഴിക്കോടിന്‌ പുറത്തേക്ക്‌ വ്യാപിക്കുമ്പോൾ തന്നെ, മറ്റു ചിലത്‌ മലബാറിന്‌ പുറത്തേക്കും വ്യാപിക്കുന്നു. മലബാറിന്റെ ശിലായുഗസംസ്കാരത്തെക്കുറിച്ചുള്ള കെ.കെ. മുഹമ്മദിന്റെ നിരീക്ഷണങ്ങളും, കേരള-ചീനാ ബന്ധങ്ങളെക്കുറിച്ചുള്ള എം.ആർ രാഘവരാരിയറുടെ പഠനവും, എൻ.എം. നമ്പൂതിരിയുടെ രേവതി പട്ടത്താനത്തിന്റെ പശ്ചാത്തലവിവരണങ്ങളും, കോഴിക്കോടിന്റെ പോർച്ചുഗീസുകാരുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങൾ വിശകലനം ചെയ്യുന്ന കെ.എസ്‌. മാത്യുവിന്റെ പ്രബന്ധവും, മലബാർ കലാപത്തെക്കുറിച്ചുള്ള കെ.എൻ. പണിക്കരുടെ എഴുത്തുകളും, മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള കെ. ഗോപാലൻകുട്ടിയുടെ പഠനവും, കേരളീയ മുസ്ലിംകളുടെ മതവിദ്യാഭ്യാസത്തെപ്പറ്റിയുള്ള എം. സുമയ്യയുടെ വിശകലനങ്ങളും, തൊഴിലാളി സംഘടനാപാരമ്പര്യം അനാവരണം ചെയ്യുന്ന കെ.എസ്‌. ഹക്കീമിന്റെ രചനയും, നീതിനിർവഹണത്തെക്കുറിച്ചുള്ള എ.ബി. രാജീവിന്റെ ലേഖനവും, മലബാറിലേക്കുള്ള ക്രിസ്ത്യൻ കർഷകകുടിയേറ്റത്തിന്റെ ചരിത്രവഴികൾ തേടുന്ന ജോൺ ഓച്ചന്തുരുത്തിന്റെ അന്വേഷണവും ഈ ഭാഗത്ത്‌ വേറിട്ടു നിൽക്കുന്ന ശ്രദ്ധേയമായ സംഭാവനകളാണ്‌. പഠനങ്ങളുടെ മൗലികത്വവും സമഗ്രതയും അക്കാദമികമായ അഭിനവത്വവുമാണ്‌ ഈ പ്രബന്ധങ്ങളെ വ്യത്യസ്തമാക്കുന്നത്‌.
മറ്റുള്ള രചനകളിൽ മിക്കവയും പ്രാഥമികമായ പഠനങ്ങൾക്കോ ആലോചനകൾക്കോ മുതിർന്നിട്ടില്ലെന്നാണ്‌ അവയുടെ ഉള്ളടക്കങ്ങൾ വ്യക്തമാക്കുന്നത്‌. മലബാറിലെ ഹിന്ദു-മുസ്ലിം ബന്ധത്തെക്കുറിച്ച്‌ എം. ഗംഗാധരൻ നടത്തുന്ന നിരീക്ഷണങ്ങൾ തന്നെയാണ്‌ ഏറ്റവും വലിയ ഉദാഹരണം. ചരിത്രപരമായി നിരവധി അബദ്ധങ്ങൾ മുന്നോട്ടുവെക്കുന്ന ഗംഗാധരൻ, തന്റെ തനതായ സാംസ്കാരിക വിമർശന രചനാരീതി ചരിത്രരചനയിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കുന്നു. അദ്ദേഹമുയർത്തുന്ന വാദങ്ങളിൽ ചിലതിന്‌ തൊട്ടുമുമ്പുള്ള അധ്യായത്തിൽ വിജയലക്ഷ്മി എം. തന്നെ ചില ഖണ്ഡനങ്ങൾ ഉയർത്തുന്നുണ്ട്‌. എഴുത്തുകാരുടെ ആശയങ്ങൾ ഒരേ സംയോജിത കൃതിയിൽ പരസ്പരം വൈരുധ്യമാകുന്നത്‌ സമാഹാരത്തിന്റെ താൽപര്യങ്ങളെ ഹനിക്കുമെന്നതാണ്‌ സ്വാഭാവികമായ അക്കാദമികവൃത്താന്തം. അത്തരം വൈരുധ്യങ്ങളാണെങ്കിൽ മലബാർ: പൈതൃകവും പ്രതാപവും പലയിടങ്ങളിലായി ആവർത്തിക്കുന്നതായി കാണാം. അവ വരാതെ സൂക്ഷിക്കാൻ പോലും ഗ്രന്ഥപരിശോധകർ തയ്യാറായില്ലെങ്കിൽ, ആത്യന്തികമായി അവർ നിർവഹിച്ചതെന്താണ്‌?
മൂന്നാം ഭാഗം ‘ദേശം’ പതിനഞ്ചിലധികം രചനകൾ ഉൾക്കൊള്ളുന്നു. എടക്കൽ, ഏഴിമല, പൊന്നാനി, തിരുമരതൂർ, കൽപാത്തി, ഗുരുവായൂർ തുടങ്ങിയ ഏതാനും ഇടങ്ങൾ ഒഴിച്ചുനിർത്തിയാൽ ഈ ഭാഗത്തെ മിക്കവാറും ലേഖനങ്ങൾ കോഴിക്കോടിന്റെ മത സാംസ്കാരിക വൈവിധ്യങ്ങൾ ചർച്ച ചെയ്യുന്നവയാണ്‌. തളി മഹാദേവക്ഷേത്രം, കുറ്റിച്ചിറയിലെ പള്ളികൾ, മിസ്കാൽ പള്ളി, ദേവമാത കത്ത്രീഡൽ എന്നീ കോഴിക്കോട്ടെ ദേവാലയങ്ങളാണ്‌ ‘മലബാർ: ദേശം’ എന്ന ഉപഭാഗത്തിൽ ചർച്ച ചെയ്യുന്നത്‌ എന്നത്‌, മേൽപറഞ്ഞ വിമർശനസംശയങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ഇവയുമായി കൂടിക്കുഴയുന്നതോ, വേറിട്ട്‌ നിൽക്കുന്നതോ ആണ്‌ ബിന്ദുമാത്യുവിന്റെ എടക്കൽ ഗുഹാചിത്രവിവരണവും, എം.ജി.എസ്‌. നാരായണന്റെ കോഴിക്കോടിന്റെ ഉദയവുമായി ബന്ധപ്പെട്ടുള്ള ചരിത്രനിരീക്ഷണവും, ലൈല പി.യുടെ കോഴിക്കോടൻ സ്ഥലപ്പേരുകളുടെ സംജ്ഞാന്വേഷണവും, സത്യൻ എടക്കാടിന്റെയും ഷൈജു ഹെൻഡ്രിക്സിന്റെയും വിവിധ കോട്ടകളെക്കുറിച്ചുള്ള എഴുത്തുകളും, കിഷോർകുമാർ കെ.യുടെ മലബാറിലെ പുഴകളും കാടുകളും വിശദമാക്കുന്ന ലേഖനവും, മുഹമ്മദ്‌ ജാഫർ പാലോട്ടിന്റെയും സി. രാധാകൃഷ്ണന്റെയും ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള പഠനവും. ലേഖനങ്ങളുടെ ക്രമം ഏതടിസ്ഥാനത്തിലാണെന്നത്‌ ചികഞ്ഞന്വേഷിക്കേണ്ടതുണ്ട്‌. കാലക്രമത്തിനനുസരിച്ചാണ്‌ എന്ന്‌ പ്രഥമദൃഷ്ട്യാ തോന്നുന്നുവേങ്കിലും അങ്ങനെയാകാൻ വഴിയില്ല. കാരണം, അങ്ങനെയെങ്കിൽ പുഴകളും കാടുകളും ജന്തുവൈവിധ്യവുമെല്ലാം ഉപഭാഗത്തിന്റെ അവസാനങ്ങളിലേക്ക്‌ പോകുമായിരുന്നില്ലല്ലോ.
എട്ട്‌ രചനകൾ അടങ്ങിയ നാലാം ഭാഗം ‘ദേശീകർ’ ഉള്ളടക്കത്തിന്റെ കാര്യത്തിൽ വലിയ തെറ്റില്ലാത്ത സാമ്യത പുലർത്തുന്നു. മലബാറിലെ ആദിവാസികൾ, നമ്പൂതിരിമാർ, ഭാഷാന്യൂനപക്ഷങ്ങൾ, മുസ്ലിംവിഭാഗങ്ങൾ, കോയമാർ എന്നിവരാണ്‌ ഈ ഭാഗത്ത്‌ ചർച്ച ചെയ്യപ്പെടുന്ന ദേശീകർ. കൂടെ ജ?​‍ിവ്യവസ്ഥ, ജാതിവ്യവസ്ഥ, അടിമത്തവ്യവസ്ഥ എന്നിവയും ചർച്ചിതമാകുന്നു. ഇവ എന്തുകൊണ്ട്‌ രണ്ടാം ഭാഗം ‘ചരിത്ര’ത്തിൽ ഉൾക്കൊള്ളിക്കാമായിരുന്നില്ല? ആദിവാസികളെയും നമ്പൂതിരിമാരെയും കുറിച്ചുള്ള പഠനങ്ങൾ അക്കാദമികമായും വസ്തുതാപരമായും ഏറെ വിശ്വാസ്യത പുലർത്തുന്നു. എന്നാൽ, അക്കാദമികമാക്കാനുള്ള വ്യർഥശ്രമത്തിലൂടെ മലബാറിലെ മുസ്ലിംകളെക്കുറിച്ച്‌ മുഹമ്മദ്‌ ഫക്രുദ്ദേ‍ീൻ അലി നടത്തുന്ന ‘സിദ്ധാന്തീകരണങ്ങൾ’ എഴുത്തുകാരന്‌ തന്നെ മനസ്സിലായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. അർജുൻ അപ്പാദുരൈ എന്ന സാമൂഹ്യ-സാംസ്കാരിക നരവംശശാസ്ത്രജ്ഞനെ അർജുനൻ അപ്പാദുരൈയായും പിന്നീട്‌ ഗ്രന്ഥസൂചിയിൽ അരവിന്ദൻ അപ്പാദുരൈയായും ഫക്രുദ്ദേ‍ീൻ അലി അവതരിപ്പിക്കുന്നത്‌ കാണുമ്പോൾ സഹതാപം തോന്നേണ്ടത്‌ ആരോടാണ്‌? മലബാറിൽ, ചുരുങ്ങിയത്‌ കോഴിക്കോട്ട്‌, വ്യത്യസ്ത ജാതി-മതവിഭാഗങ്ങളിലായി നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന വിവിധ ‘ദേശീകർ’ നിലനിൽക്കെ കോഴിക്കോട്ടെ കോയമാരെക്കുറിച്ച്‌ മാത്രം (എൻ.പി. ഹാഫിസ്‌ മുഹമ്മദിന്റെ ലേഖനനം, പു. 424-427) ചർച്ച ചെയ്യുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല.
അഞ്ചാം ഭാഗം ‘മതനിരപേക്ഷത’ അഞ്ച്‌ ലേഖനങ്ങളാണ്‌ ഉൾക്കൊള്ളുന്നത്‌. മതനിരപേക്ഷത എന്ന ആശയലോകത്തെ സ്ഥിരീകരിക്കുന്ന ഒരു പഠനവും ഈ ഭാഗത്തിൽ കാണാൻ കഴിയുന്നില്ല. മറിച്ച്‌, ഓരോ ലേഖനവും മുന്നോട്ടുവെക്കുന്നത്‌ വ്യത്യസ്ത ആശയപരിസരങ്ങളാണ്‌. സാമൂതിരി രാജവംശത്തിന്റെ മതനിരപേക്ഷതയെക്കുറിച്ചുള്ള ടി.ബി. സെലുരാജിന്റെ രചന, സാമൂതിരിമാർ മാപ്പിളമാരോട്‌ കാണിച്ചിരുന്ന സൗഹാർദത്തിലാണ്‌ പ്രധാനമായും ഊന്നുന്നത്‌. അതിനെ മതസൗഹാർദം എന്ന്‌ വിളിക്കാമെന്നതിനപ്പുറം മതനിരപേക്ഷത എന്നതിലേക്ക്‌ വളരുന്നതെങ്ങനെയാണ്‌? മതസൗഹാർദം, മതേതരത്വം, മതനിരപേക്ഷത എന്നീ പ്രയോഗങ്ങൾ സൈദ്ധാന്തികമായി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള സമകാലിക ബൗദ്ധികപശ്ചാത്തലങ്ങളിൽ പ്രത്യേകിച്ചും. ഈ തരംതിരിവുകളോടും മതേതരത്വമെന്ന പ്രയോഗത്തോടും ഏറെക്കുറെ കൂറു പുലർത്തുന്നത്‌ ഫ്രഡറിക്‌ സുനിൽകുമാർ എഴുതിയ ബാസൽ മിഷനെക്കുറിച്ചും അവരുടെ മതേതരവിദ്യാഭ്യാസശ്രമങ്ങളെക്കുറിച്ചുമുള്ള പഠനമാണ്‌. പതിനാറ്‌-പതിനേഴ്‌ നൂറ്റാണ്ടുകളിലെഴുതപ്പെട്ട ഫഥുൽ മുബീൻ എന്ന കൃതിയുടെ ഉള്ളടക്ക അനാവരണങ്ങളിലൂടെ കോഴിക്കോടിന്റെ സാംസ്കാരികപാരമ്പര്യത്തെക്കുറിച്ച്‌ പി.പി. അബ്ദുൽ റസാക്‌ എഴുതിയ പഠനം, ഒരിക്കൽ കൂടി ‘മതനിരപേക്ഷത’ എന്ന ശീർഷകത്തെ ചോദ്യം ചെയ്യുന്നു. റസാക്‌ തന്നെ എഴുതുന്നത്‌ പോലെ, ഒരു ബഹുസ്വര/ബഹുമതസമൂഹത്തിലെ ജീവിതത്തിന്റെ ശൈലിയും, കോഴിക്കോടിന്റെ ‘സാമുദായിക സഹവർത്തിത്വ’ത്തിന്റെ ചരിത്രപരമായ രൂപീകരണവുമാണ്‌ ഈ കൃതി വിളിച്ചറിയിക്കുന്നത്‌. മതേതരസമൂഹ നിർമിതിയിൽ മലബാറിലെ സ്ത്രീസമൂഹം വഹിച്ച പങ്കിനെക്കുറിച്ച്‌ വാസന്തി വി. മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങളും, മതമൈത്രിയുടെ ചില അടയാളങ്ങൾ എടുത്തുകാണിക്കുന്ന പി.എൻ.എം. കദീജയുടെയും എം. ബാബുരാജിന്റെയും വരികളും തുടർന്നുള്ള അധ്യായങ്ങളാണ്‌.
ഇരുപതിലധികം രചനകൾ ഉള്ളടങ്ങുന്ന ആറാം ഭാഗം ‘സാംസ്കാരികം’ മലബാറിന്റെ വിവിധ കലാ-കായിക-സംഗീത-വിനോദതലങ്ങളിലൂടെ കടന്നപോകുന്നു. സംസ്കാരം ചരിത്രത്തിന്റെ ഭാഗമാണെന്നും, ചരിത്രം ചുരുങ്ങിയത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ സാംസ്കാരികച്ചരിത്രത്തെ നെഞ്ചിലേറ്റിത്തുടങ്ങിയിട്ടുമുണ്ടെന്ന ബൗദ്ധികവസ്തുതകൾ നിലനിൽക്കെ, രണ്ടാം ഭാഗം ‘ചരിത്ര’ത്തിൽ നിന്ന്‌ ആറാം ഭാഗത്തെ വ്യത്യസ്തമാക്കുന്ന മാനദണ്ഡങ്ങൾ അപ്രത്യക്ഷമാകുന്നു. അനുഷ്ഠാനകലകൾ, തെയ്യം, അറബി-മലയാളം, മാപ്പിളക്കലകൾ, സംഗീതം, വടക്കൻപാട്ട്‌, കളരിപ്പയറ്റ്‌, കായികം, നാടകം, ചലച്ചിത്രം, റേഡിയോ, ദിനപത്രങ്ങൾ, വേഷങ്ങൾ, സാഹിത്യം, ഭക്ഷണങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നു. പരമ്പരാഗതതൊഴിലുമായി ബന്ധപ്പെട്ടുള്ള കപ്പൽനിർമാണവും മറ്റുമെല്ലാം ഈ ഭാഗത്ത്‌ കടന്നുവരുന്നത്‌, ഒരിക്കൽ കൂടി ഈ ഭാഗത്തിന്റെ തനിമയ്ക്ക്‌ മങ്ങലേൽപിക്കുന്നു.

കേരളത്തിന്റെ, മലബാറിന്റെ, കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ചർച്ച ചെയ്യുന്ന വിവിധ തലങ്ങളിൽ നിന്നുള്ള നിരവധി രചനകൾ ഒരു പുസ്തകത്തിൽ സമാഹരിച്ചു എന്നതാണ്‌ മലബാർ: പൈതൃകവും പ്രതാപവുത്തിന്റെ പ്രഭാവം. ഉദ്ധൃതദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങൾക്ക്‌ ആത്യന്തികമായി അവലംബിക്കാവുന്ന പ്രഥമകൃതികളിലൊന്നായി ഈ സമാഹാരം നമ്മുടെ ഗ്രന്ഥശേഖരങ്ങളിൽ ഇടംപിടിക്കുമെന്ന്‌ തീർച്ച. മലബാറുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളിൽ ണല്ലോരു ശതമാനവും ഏതെങ്കിലുമൊരു തലത്തിൽ മാത്രം ശ്രദ്ധയൂന്നുവയാണ്‌ എന്നതിനാൽ, പൈതൃകവും സംസ്കാരവും സാമൂഹികതയും ചരിത്രവുമെല്ലാം ഒരുമിച്ച്‌ ചർച്ച ചെയ്യുന്ന ഈ പുസ്തകത്തിന്‌ പ്രസക്തിയുണ്ട്‌. ഗ്രന്ഥപരിശോധനയിലെ പരിശോധകരുടെ സ്വാഭാവികമല്ലാത്ത പാളിച്ചകൾ ഒഴിച്ചു നിർത്തിയാൽ, മലബാർ: പൈതൃകവും പ്രതാപവും അടുത്ത കാലത്തായി മലയാളവായനാലോകം കണ്ട ഉത്തമകൃതികളിലൊന്നാണെന്ന്‌ സംശയലേശമന്യേ പറയാം.