പി. മുഹമ്മദ്‌ കുട്ടശ്ശേരി, ചന്ദൃക മിഡില്‍ ഈസ്റ്റ്‌

മനുഷ്യന്റെ ഭൂമുഖത്തെ വാസം അവസാനിക്കുമ്പോള്‍ അവന്‌ ആറടി മണ്ണിന്റെ സ്ഥലം മാത്രമേ ആവശ്യമായി വരികയുള്ളൂ. പക്ഷേ ഒരിഞ്ച്‌ ഭൂമിക്കു വേണ്ടി അവന്‍ എത്രമാത്രം കടിപിടികൂടൂന്നു. അതിര്‍ത്തി തര്‍ക്കങ്ങളില്‍ കൊല്ലപ്പെടുന്നവരും, മുറിവേല്‍ക്കുന്നവരും ഭൂസ്വത്ത്‌ സംബന്ധിച്ച വ്യവഹാരങ്ങള്‍ക്കായി പണം നഷ്ടപ്പെടുത്തുന്നവരും എത്രയാണ്‌. ഭൂമികയ്യേറ്റമെന്ന കുറ്റകൃത്യത്തിന്‌ മനുഷ്യനോളം തന്നെ പഴക്കമുണ്ട്‌. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശിക്ഷ ലഭിക്കാതെ ഭൌതിക ജീവിതത്തില്‍ രക്ഷപ്പെടാന്‍ കഴിഞ്ഞെന്നുവരുമെങ്കിലും മരണാനന്തരം അതിന്റെ തിക്ത ഫലം അനിവാര്യമായും അനുഭവിക്കേണ്ടിവരുമെന്ന ബോധം സൃഷ്ടിക്കുകയാണല്ലോ ഇസ്‌ലാം ചെയ്യുന്നത്‌. പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു. “ഒരു ചാണ്‍ ഭൂമി അന്യായമായി ആരെങ്കിലും പിടിച്ചടക്കിയാല്‍ മരണാനന്തരം അല്ലാഹു ഏഴ്‌ ഭൂമികള്‍ അവന്റെ കഴുത്തിലിടും.” ഈ ആലങ്കാരിക പ്രയോഗത്തിലുടെ ഭൂമി കയ്യേറ്റത്തിന്റെ പാപഭാരമാണ്‌ നബി സൂചിപ്പിക്കുന്നത്‌.

“കയ്യേറ്റം നടത്തിയവന്റെ വിയര്‍പ്പിന്‌ ഒരവകാശവുമില്ല” എന്ന പ്രഖ്യാപനത്തിലൂടെ കയ്യേറിയ ഭൂമിയില്‍ നടത്തിയ കൃഷിക്കോ അവിടെ നിര്‍മ്മിച്ച കെട്ടിടത്തിനോ ഒരവകാശവുമില്ല എന്നത്രെ നബി വ്യക്തമാക്കുന്നത്‌.

തിരുമേനിയുടെ കാലത്ത്‌ ഒരാള്‍ മറ്റൊരാളുടെ ഭൂമി കയ്യേറി അവിടെ ഈത്തപ്പനകള്‍ വെച്ചുപിടിപ്പിച്ചു. സ്ഥലം ഉടമ കേസുമായി തിരുസന്നിധിയിലെത്തി. അന്യായക്കാരന്‌ അനുകൂലമായി വിധി നടത്തിയ നബി കയ്യേറ്റക്കാരനോട്‌ അവന്‍ നട്ടു വളര്‍ത്തിയ ഈത്തപ്പന മരങ്ങള്‍ ഒഴിവാക്കാന്‍ ആജ്ഞാപിച്ചു. കയ്യേറ്റക്കാരന്റെ ഉപയോഗം കാരണം ഭൂമിക്ക്‌ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തീര്‍ത്തുകൊടുക്കേണ്ട ബാധ്യതയും അവനുണ്ട്‌. ഉദാഹരണമായി കിണര്‍ കുഴിക്കുകയോ കുഴി എടുക്കുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അവ മണ്ണിട്ടുമൂടണം. മണ്ണ്‌ നീക്കം ചെയ്‌തിട്ടുണ്ടെങ്കില്‍ എടുത്ത മണ്ണ്‌ തിരിച്ചുകൊണ്ടിടണം. അതിന്‌ കഴിയില്ലെങ്കില്‍ മണ്ണുള്ള അവസ്ഥയിലെ വിലയേക്കാള്‍ ഭൂമിക്ക്‌ മണ്ണില്ലാത്ത അവസ്ഥയിലെ വിലയില്‍ എത്രയാണ്‌ കുറവുള്ളതെങ്കിലും അത്രയും സംഖ്യ കൂടി കയ്യേറ്റക്കാരന്‍ സ്ഥലത്തിന്റെ ഉടമക്ക്‌ കൊടുക്കണം.

കയ്യേറ്റക്കാരന്‍ ഭൂമിയില്‍ കൃഷിചെയ്‌തിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുമ്പോള്‍ നാലില്‍ ഒരു മാര്‍ഗമാണ്‌ അവന്റെ മുമ്പിലുണ്ടാവുക. ഒന്ന്‌: ഉടമ ആവശ്യപ്പെടുകയാണെങ്കില്‍ കയേറ്റക്കാരന്‍ കൃഷി മറ്റൊരു സ്ഥലത്തേക്ക്‌ പിഴുതുമാറ്റുക. രണ്ട്‌: സ്ഥലം ഉടമക്ക്‌ പാട്ടം നല്‍കി കയ്യേറ്റക്കാരന്‍ അവന്റെ കൃഷിയുടെ ഫലം അനുഭവിക്കുക. മൂന്ന്‌: സ്ഥലം ഉടമക്ക്‌ കൃഷിയുടെ ഫലം ആവശ്യമുണ്ടെങ്കില്‍ കയ്യേറ്റക്കാരന്‌ കൃഷിക്ക്‌ ചിലവായ പണം കൊടുക്കുക. നാല്‌: കയ്യേറ്റക്കാരന്‍ യാതൊരു അവകാശവാദവും ഉന്നയിക്കാതെ കൃഷി പൂര്‍ണ്ണമായും സ്ഥലത്തിന്റെ ഉടമക്ക്‌ വിട്ടുകൊടുക്കുക, ഇമാം ശാഫിഈ ഇബ്‌നു ഖുദാമ, ഇബ്‌നു റുശ്‌ദ്‌ തുടങ്ങിയ പണ്‌ഡിതന്മാരെല്ലാം അവരുടെ ഗ്രന്ഥങ്ങളില്‍ ഈ രൂപങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്‌. ഇതല്ലാതെ അഞ്ചാമത്തെ മാര്‍ഗം – വിള നശിപ്പിക്കുകയും വെട്ടിനിരത്തുകയും ചെയ്യുക – ഉപയോഗിക്കാന്‍ പാടില്ല. കൃഷി നശിപ്പിക്കുന്നത്‌ ഖുര്‍ആന്‍ നിരോധിച്ച നടപടിയാണ്‌. കൂടുതല്‍ പ്രയോജനപ്രദമായ മറ്റൊരു നന്മ സാധിക്കുന്നതിനേ കൃഷി നശിപ്പിക്കുക എന്ന ആ തിന്മ ചെയ്യാന്‍ പാടുള്ളൂ.

കയ്യേറിയ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കുമ്പോള്‍ കയ്യേറ്റക്കാരന്‍ മാറ്റി ഒഴിവാക്കാത്ത എല്ലാ വസ്‌തുക്കളും ഭൂമിയോടൊപ്പം സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ വരുന്നു – അതായത്‌, രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുസ്വത്തായി മാറുന്നു. ലക്ഷക്കണക്കില്‍ രൂപ വിലയുള്ളതും, പല ഉപയോഗങ്ങള്‍ക്കും ഉപകരിക്കുന്നതുമായ കെട്ടിടങ്ങള്‍ ഇടിച്ചുതകര്‍ക്കുന്നത്‌ പൊതുസ്വത്ത്‌ നശിപ്പിക്കലും, നഗ്നമായ മറ്റൊരു കയ്യേറ്റവുമാണെന്നതില്‍ സംശയമില്ല.

കയ്യേറ്റം നടന്നതായി സ്ഥിരീകരിക്കണമെങ്കില്‍ ആരോപിക്കപ്പെടുന്നവര്‍ അത്‌ സമ്മതിക്കുകയോ, നിഷേധിച്ചാല്‍ തെളിവുകളും ന്യായങ്ങളുംകൊണ്ട്‌ സ്ഥാപിക്കുകയോ ചെയ്യണമെന്നതാണ്‌ ഇസ്‌ലാമിക നീതി. ഇമാം ശാഫിഈ അദ്ദേഹത്തിന്റെ ഗ്രന്ഥമായ ഉമ്മില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. തര്‍ക്കമുണ്ടാകുമ്പോല്‍ കോടതികളാണ്‌ തീര്‍പ്പ്‌ കല്‍പ്പിക്കേണ്ടത്‌. കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികള്‍ക്ക്‌ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം നിഷേധിക്കുന്നത്‌ നീതിയുടെ വ്യക്തമായ ലംഘനമാണ്‌. ന്യായാധിപന്മാരും ഭരണാധികാരികളും തമ്മിലുള്ള അകല്‍ച്ച ചരിത്രത്തില്‍ പലപ്പോഴും സംഭവിച്ചിട്ടുണ്ട്‌. ഭരണകൂടത്തിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും അനുകൂലമായി ന്യായാധിപന്മാര്‍ വിധി പ്രസ്താവിക്കാത്തതിനാല്‍ ജനങ്ങള്‍ കോടതികളെ സമീപിക്കുന്നതിനെ ഭരണാധികാരികള്‍ ഭയപ്പെടുന്ന വിചിത്രമായ സ്ഥിതിവിശേഷം ഇന്ന്‌ നിലവിലുണ്ട്‌.

കൃത്രിമ മാര്‍ഗത്തിലൂടെയും വ്യാജരേഖകള്‍ കെട്ടിച്ചമച്ചും കൈക്കൂലി കൊടുത്തും ഭൂമികയ്യേറ്റം നടത്തിയവര്‍ അവരുടെ കുറ്റത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുന്നത്‌ നീതിയുടെ തേട്ടമാണ്‌. എന്നാല്‍ കാര്യമറിയാതെ കബളിപ്പിക്കപ്പെട്ട നിലയില്‍ വിലകൊടുത്ത്‌ ഭൂമി വാങ്ങിയവരാണ്‌ കയ്യേറ്റക്കാരെങ്കില്‍ അവര്‍ക്ക്‌ കബളിപ്പിച്ച സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും വ്യക്തികളില്‍നിന്നും നഷ്‌ടപരിഹാരം ഈടാക്കിക്കൊടുക്കുന്നതാണ്‌ നീതി. ഭൂമി കയ്യേറ്റപ്രശ്‌നം കൈകാര്യം ചെയ്യുന്ന ഭരണാധികാരികള്‍ക്ക്‌ നീതിയുടെ സംരക്ഷണമല്ലാതെ മറ്റൊരു താല്‍പര്യവും പാടില്ലാത്തതാണ്‌.

സമ്പത്തിന്റെ വളര്‍ച്ചയാണ്‌ ഇസ്‌ലാമിന്റെ ലക്ഷ്യം. വ്യക്തികള്‍ക്ക്‌ എത്രയും സമ്പാതിക്കാം. പക്ഷേ, അത്‌ സംശുദ്ധവും, നിയമാനുസൃതവുമായ മാര്‍ഗത്തിലൂടെയാകണം.

ഹദീസ്‌ – ഫിഖ്ഹ്‌ ഗ്രന്ധങ്ങളിലെല്ലാം ‘അല്‍ ഗസ്ബ്‌’ (അന്യായമായി മറ്റൊരാളുടെ സ്വത്ത്‌ കയ്യടക്കുക) എന്നൊരു അധ്യായമുണ്ട്‌. ഭൂമികയ്യേറ്റമടക്കമുള്ള എല്ലാതരം സ്വത്ത്‌ കയ്യേറ്റങ്ങളും സംബന്ധിച്ച ഇസ്‌ലാമിക നീതിയുടെ നേര്‍രേഖ ഈ ഗ്രന്ഥങ്ങള്‍ കാണിച്ചുതരുന്നു