Sheikh CCherussery Zainudheen Musliyar sharing his views on scope of Kerala Muslims’ unity

മുഖ്യധാരയിലെ ഐക്യം: സമസ്തക്ക്‌ പറയാനുള്ളത്‌
(തയ്യാറാക്കിയത്‌: മഹ്മൂദ്‌ പനങ്ങാങ്ങര)
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍

പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി തലപൊക്കിയ പുത്തനാശയക്കാരുടെ വഴിപിഴച്ച ആശയപ്രചരണങ്ങളെയും മറ്റും പ്രതിരോധിക്കുന്നതിന്‌ വേണ്ടി മഹാന്മാരായ പണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും മേല്‍നോട്ടത്തില്‍ സ്ഥാപിതമായ മഹത്തായ പ്രസ്ഥാനമാണ്‌ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. അഭിവന്ദ്യരായ വരക്കല്‍ മുല്ലക്കോയതങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിപുലമായ പണ്ഡിത സംഗമത്തിലാണ്‌ ബിദഇകളെ പ്രതിരോധിക്കുന്നതിനായി അഹ്ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ അനുയായികളെ ഒരുമിപ്പിച്ച്‌ ഒരു സംഘടനക്ക്‌ രൂപം നല്‍കാന്‍ തീരുമാനമാകുന്നത്‌. അങ്ങനെയാണ്‌ 1926 ല്‍ കോഴിക്കോട്ട്‌ വെച്ച്‌ സമസ്ത രൂപീകൃതമാകുന്നത്‌.

എണ്‍പത്തൊന്ന്‌ വര്‍ഷം കഴിഞ്ഞ്‌ തിരിഞ്ഞുനോക്കുമ്പോള്‍ സമസ്തക്ക്‌ ഇതിനകം കേരളമുസ്ലിംജീവിതത്തില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്‌. ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ മതബോധവും അറിവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെ മുസ്ലിംകള്‍ ഏറെ മുന്നില്‍ നില്‍ക്കാന്‍ കാരണം സമസ്ത കൊണ്ടുവന്ന വലിയ മുന്നേറ്റങ്ങളാണ്‌. എണ്ണായിരത്തില്‍ പരം മദ്രസകള്‍ നടത്തുന്ന ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌, യുവജനങ്ങളുടെ വിഭാഗമായ സുന്നി യുവജന സംഘം, വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ തുടങ്ങി നിരവധി ഉപസമിതികളും സമസ്തക്ക്‌ കീഴില്‍ നാടിനും ദീനിനും ഉപകാരപ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചുകൊണ്ടിരിക്കുന്നു.

മുഖ്യധാരയില്‍ നമ്മള്‍ എന്തിനാണ്‌ വിഘടിച്ചുനില്‍ക്കുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം നല്‍കുമ്പോള്‍, സമസ്തയെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായി പറയേണ്ട ഒരാമുഖമാണ്‌ ഇപ്പറഞ്ഞത്‌. ഇത്തരം വിഷയങ്ങളോട്‌ സമസ്ത പുലര്‍ത്തുന്ന നിലപാട്‌ വളരെ വ്യക്തമാണ്‌. അതായത്‌, രാഷ്ട്രീയപരമായി സമസ്ത ഒരു പ്രത്യേക സംഘടനയോടും ആഭിമുഖ്യം പുലര്‍ത്തുന്നില്ല. അണികള്‍ക്ക്‌ മതത്തിന്റെ വിധിവിലക്കുകള്‍ക്കെതിരാകാത്ത വിധത്തില്‍ ഏത്‌ രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കാം എന്നുതന്നെയാണ്‌ കാലാകാലങ്ങളായി സമസ്ത മതകാര്യങ്ങള്‍ മാത്രം നോക്കുകയും അതിന്‌ മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്‌ ഒരിക്കലും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല. ഇനി അങ്ങനെ വല്ലവരും ചെയ്യുന്നെങ്കില്‍ അതവരുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയായിരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക്‌ അതില്‍ ഒരു കക്ഷിയോടും പ്രത്യേഖ ആഭിമുഖ്യമോ വൈരാഗ്യമോ ഇല്ല. അതേസമയം, മതപ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും കോട്ടം തട്ടുന്ന വല്ല പ്രവര്‍ത്തനങ്ങളും സര്‍ക്കാറിന്റെയോ രാഷ്ട്രീയക്കാരുടെയോ ഭാഗത്തുനിന്നുണ്ടായാല്‍ സമസ്ത ശക്തമായി ഇടപെടുക തന്നെ ചെയ്യും. ഈയടുത്ത്‌, മദ്രസാസമ്പ്രദായത്തെ താറുമാറാക്കുന്ന വിധം സ്കൂള്‍ സമയം മാറ്റാന്‍ ആലോചിച്ചുകൊണ്ട്‌ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാടുകളോട്‌ സമസ്ത ശക്തമായി പ്രതികരിച്ചതും അതിനെതിരെ രംഗത്തിറങ്ങിയതും ഇക്കാരണത്താലാണ്‌.

അതിനാല്‍ത്തന്നെ, രാഷ്ട്രീയപരമായ കാര്യങ്ങളില്‍ സമസ്ത ഒരുവിഭാഗത്തോട്‌ പ്രത്യേകം മമത പുലര്‍ത്തിയുള്ള ഒരു തീരുമാനം പറയുന്നില്ല. മുഖ്യധാരയിലും പൊതുസമൂഹത്തിലും ഇസ്ലാമിനെയും മുസ്ലിംകളെയും ബാധിക്കുന്ന ഒരു പ്രശ്നം ഉടലെടുക്കുമ്പോള്‍ ഇക്കാലമെത്രയും കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ചു നിന്നിട്ടുണ്ട്‌. ശരീഅത്ത്‌ പ്രശ്നത്തിലും ബാബരി മസ്ജിദ്‌ പ്രശ്നത്തിലും മാറാട്‌ പ്രശ്നത്തിലുമൊക്കെ എല്ലാ വിഭാഗങ്ങളും ഒറ്റക്കെട്ടായി നിന്ന്‌ എതിരാളികളെ നേരിട്ട ചരിത്രമാണുള്ളത്‌. അത്‌ ഇനിയും തുടരുകയും വേണം. ഇപ്പോള്‍ സ്കൂള്‍ സമയമാറ്റത്തെക്കുറിച്ചാലോചിക്കാന്‍ ഗവണ്‍മെന്റ്‌ വിളിച്ചുകൂട്ടിയ മുസ്ലിംസംഘടനകളുടെ യോഗത്തിലും എല്ലാവരും ഒറ്റക്കെട്ടായി ആ തീരുമാനത്തെ എതിര്‍ക്കുകയുണ്ടായി. ഇതുപോലെ എല്ലാവരെയും ബാധിക്കുന്ന ഓരോ പ്രശ്നത്തിലും എല്ലാവരും വിഭാഗീയത മറന്ന്‌ നിലകൊള്ളണമെന്നുതന്നെയാണ്‌ സമസ്തയുടെ കാഴ്ചപ്പാട്‌.

മറ്റൊന്ന്‌ സുന്നിഐക്യമാണ്‌. അതിനെക്കുറിച്ച്‌ പറയാനുള്ളത്‌, സമസ്തയുടെ ഭരണഘടന അനുശാസിക്കുന്ന നിബന്ധനകളും ചട്ടവട്ടങ്ങളും അനുസരിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും സമസ്തയിലേക്ക്‌ വരാം. ആരും ആരെയും തടയുന്നില്ല. വിഘടിച്ചുപോയ വിഭാഗത്തോടും അതുതന്നെയാണ്‌ പറയാനുള്ളത്‌. എണ്‍പതുവര്‍ഷത്തിലധികമായി സമസ്ത നിലകൊണ്ട ആശയാദര്‍ശങ്ങളോട്‌, വിശ്വാസ പ്രമാണങ്ങളോട്‌, നിലപാടുകളോട്‌ പരിപൂര്‍ണമായും കൂറ്‌ പുലര്‍ത്തുകയും അവ അനുസരിക്കുകയും ചെയ്യുന്ന ആര്‍ക്കും സമസ്തയിലേക്ക്‌ വരാം.