T.P. Abdullakoya Madani sharing his views on scope of Kerala Muslims’ unity

(തയ്യാറാക്കിയത്‌: മഹ്മൂദ്‌ പനങ്ങാങ്ങര)

വളരെ സജീവമായ നിലയില്‍ ഇസ്ലാമിക മത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ടുതന്നെ വിവിധ ലക്ഷ്യങ്ങളിലധിഷ്ഠിതമായി മുസ്ലിം സമുദായത്തില്‍ നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. സമുദായത്തിന്റെ പൊതുവായ ആവശ്യങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക്‌ എന്തുകൊണ്ട്‌ ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ എന്നതാണ്‌ നമ്മുടെ ചര്‍ച്ചാവിഷയം.

ഓരോ സംഘടനകളുടെയും അടിസ്ഥാന വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട്‌ പൊതുകാര്യങ്ങളില്‍ ഐക്യപ്പെടുന്നത്‌ എന്തുകൊണ്ടും ഗുണകരമാണ്‌. മുസ്ലിം സമുദായത്തിന്റെ ഭരണഘടനാനുസൃതമായുള്ള അതിന്റെ നിലനില്‍പിനും മതവിശ്വാസം നിലനിര്‍ത്തുന്നതിനും അനുഷ്ഠാനങ്ങള്‍ ആചരിക്കുന്നതിനും അവ പ്രബോധനം ചെയ്യുന്നതിനുമുള്ള സ്വാതന്ത്യ്‌രം സ്വാഭാവികമായി പലപ്പോഴും ഹനിക്കപ്പെടാറുണ്ട്‌. ഈ സന്ദര്‍ഭങ്ങളിലെല്ലാം സമുദായത്തിന്റെ വിവിധ വിഭാഗങ്ങളുടെ ആരോഗ്യകരമായ കൂട്ടായ ആവശ്യമാണ്‌. പലപ്പോഴും അനിവാര്യവുമാണ്‌. പല മേഖലകളിലും നമ്മള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക്‌ വിവേചനം നേരിടേണ്ടി വരികയും അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യാറുണ്ട്‌. ഇവിടെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി സംഭവങ്ങളെ അഭിമുഖീകരിക്കേണ്ടതുണ്ട്‌.

ഒരുപാട്‌ കാര്യങ്ങളില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കാവുന്ന അവസരങ്ങളുണ്ടാകാറുണ്ട്‌. മുന്‍കാല ചരിത്രത്തില്‍ നമുക്ക്‌ ഐക്യം അനിവാര്യമായ പല ഘട്ടങ്ങളും ഉണ്ടായിട്ടുമുണ്ട്‌. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ അതിന്റെ തുടക്കം മുതലേ ഇങ്ങനെയൊരു കൂട്ടായ്മക്കും യോജിച്ചുള്ള പ്രവര്‍ത്തനത്തിനും മുന്നില്‍ നിന്ന ചരിത്രമാണുള്ളത്‌. 1921 ല്‍ ഐക്യവേദിയെന്ന പേരില്‍ മുജാഹിദ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌ തന്നെ ഇത്തരമൊരു ലക്ഷ്യത്തിലധിഷ്ഠിതമായായിരുന്നു എന്നത്‌ ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത ചരിത്ര വസ്തുതയാണ്‌.

പിന്‍കാലത്തേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക്‌ കാണാന്‍ കഴിയും, 1921 ല്‍ ഐക്യവേദിയും തുടര്‍ന്ന്‌ നദ്‌വത്തുല്‍ മുജാഹിദീനും രൂപീകരിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ആകെ ഒന്നുരണ്ട്‌ പ്രസ്ഥാനങ്ങളേ സജീവമായി കര്‍മപഥത്തിലുണ്ടായിരുന്നുള്ളൂ. എന്നാല്‍ പത്തെണ്‍പത്‌ എണ്‍പത്തഞ്ച്‌ വര്‍ഷങ്ങള്‍ പിന്നിട്ട ഇക്കാലത്ത്‌ കേരളത്തില്‍ ഒരുപാടൊരുപാട്‌ പ്രസ്ഥാനങ്ങള്‍ നിലവിലുണ്ട്‌. അതിനുകാരണം ഐക്യപ്പെട്ടുപോകേണ്ട ഒരു സമുദായം വിശ്വാസ ആചാരങ്ങളിലുള്ള ഭിന്നതകള്‍ കാരണം സ്വാഭാവികമായി അകന്നുപോകുന്നതാണ്‌. ഈ സമയത്തും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഐക്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ വളരെ വ്യക്തമാണ്‌. അതായത്‌ നേരത്തെ സൂചിപ്പിച്ചത്‌ പോലെ ആദര്‍ശരംഗത്തും വിശ്വാസാചാര മേഖലകളിലുമുള്ള ഭിന്നത നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന കാര്യങ്ങളിലുള്ള ഐക്യം എന്നേ ഐക്യശ്രമങ്ങള്‍ കൊണ്ട്‌ ലക്ഷ്യമാക്കാന്‍ പാടുള്ളൂ.

എന്നാല്‍, ഇത്തരം ഐക്യശ്രമങ്ങളോടും ഐക്യവേദികളോടും പുറംതിരിഞ്ഞു നില്‍ക്കുന്ന ചില ഘടകങ്ങളാണ്‌ എന്നും ഈ ശ്രമങ്ങളെ ദുര്‍ബലമാക്കിയിട്ടുള്ളത്‌. ആന്തരികമായും ബാഹികമായും ഓരോ പ്രസ്ഥാനങ്ങളുടെയും നിലനില്‍പിനെ ആശ്രയിച്ചിരിക്കുന്ന അത്തരം ഘടകങ്ങള്‍ ഐക്യത്തെ അസ്ഥാനത്താക്കുകയായിരുന്നു. അടുത്ത കാലത്ത്‌ ഒന്നിച്ചിരിക്കാനും സഹകരിക്കാവുന്ന പൊതുഅജണ്ട തയ്യാറാക്കാനുമുള്ള ഒരു നിര്‍ദ്ദേശം കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഭാഗത്തുനിന്നും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ആ നിലക്കുള്ള അതിന്റെ സാധ്യതയും സാധുതയും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.

ഐക്യശ്രമങ്ങള്‍ എവിടെ നടത്തുമ്പോഴും ഭൂരിപക്ഷ സംഘടനകളുടെ പരിപൂര്‍ണ പിന്തുണ ഇവക്ക്‌ കിട്ടിയാലേ അവ വിജയിക്കുകയുള്ളൂ. അതായത്‌ സമകാലിക കേരളാന്തരീക്ഷത്തില്‍ മതപരമായി ഇ.കെ സുന്നി വിഭാഗത്തിന്റെയും രാഷ്ട്രീയ പരമായി മുസ്ലിം ലീഗിന്റെയും പിന്തുണയും അവര്‍ സജീവമായി രംഗത്തുണ്ടാവുകയും ചെയ്താല്‍ ഐക്യ-സൌഹൃദ പ്രവര്‍ത്തനങ്ങള്‍ എന്തുതന്നെയായാലും ലക്ഷ്യം കാണാതെ പോകില്ല.

മുസ്ലിം സമുദായത്തെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ കാലങ്ങളായി പ്രതിനിധീകരിക്കുന്ന വലിയൊരു ശക്തിയാണ്‌ മുസ്ലിം ലീഗ്‌. ലീഗ്‌ കാരണം സമുദായത്തിന്‌ നിരവധി നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. നമുക്ക്‌ അര്‍ഹമായ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നിടത്തും മറ്റുമൊക്കെ ലീഗ്‌ വഹിച്ച പങ്ക്‌ അനിഷേധ്യമാണ്‌. ഈയടുത്ത കാലത്ത്‌ ലീഗിനപ്പുറത്തേക്ക്‌ സമുദായത്തെ രാഷ്ട്രീയപരമായി കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പല ഭാഗത്തുനിന്നുമുണ്ടായിട്ടുണ്ട്‌. എന്തുതന്നെയായാലും രാഷ്ട്രീയ കാര്യങ്ങളിലെ ഒരു പൊതുപ്ലാറ്റ്ഫോം ആയി മുസ്ലിംലീഗിന്റെ സംഘടനാശക്തിയെയും മറ്റും അംഗീകരിക്കുന്നതും അനുസരിക്കുന്നതും സമുദായത്തിന്റെ ഉന്നമനങ്ങള്‍ക്ക്‌ ഏറെ സഹായകമാകും.

മതരംഗത്ത്‌ ആശയപരമായി നിലവിലുള്ള പ്രസ്ഥാനങ്ങളെല്ലാം വിവിധ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‌. അതിനാല്‍ത്തനെ ആശയരംഗത്ത്‌ ഒരു യോജിപ്പ്‌ അസാധ്യമാണ്‌. കാരണം അടിസ്ഥാനപരമായി ഓരോ സംഘടനയും നിലകൊള്ളുന്നത്‌ തന്നെ അത്തരം ആശയങ്ങളുടെ മേലിലായിരിക്കും. അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. അടിസ്ഥാന ആശയങ്ങള്‍ക്കപ്പുറത്ത്‌ സമൂഹം നിര്‍ബന്ധമായും ഒറ്റക്കെട്ടായി നില്‍ക്കേണ്ട ചില സംഭവങ്ങളും പ്രശ്നങ്ങളും ഇടക്കിടെ തലപൊക്കാറുണ്ട്‌. അത്തരം വിഷയങ്ങളിലാണ്‌ നാം കാര്യമായും ഒന്നിച്ച്‌ ഇടപെടേണ്ടത്‌.

നിരവധി ഉദാഹരണങ്ങള്‍ നമുക്കീ രംഗത്ത്‌ ചൂണ്ടിക്കാന്‍ കഴിയും. സ്ത്രീധനം തന്നെയെടുക്കാം. കേരളത്തിലെ മുസ്ലിം സംഘടനകളൊക്കെയും സ്ത്രീധനത്തോട്‌ അനുകൂലമായ സമീപനം ഒരിക്കലും സ്വീകരിക്കുന്നില്ല. ചില സംഘടനകള്‍ ശക്തമായി എതിര്‍ക്കുമ്പോള്‍ മറ്റുചിലര്‍ അത്ര ശക്തമായി എതിര്‍ക്കുന്നില്ലെങ്കിലും അത്‌ സമൂഹത്തിന്‌ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന്‌ അംഗീകരിക്കുകയും അതിന്റെ വിപത്തുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്തരമൊരവസ്ഥയില്‍ നമ്മള്‍ മുസ്ലിം സംഘടനകളൊക്കെയും ഒന്നിച്ചുനിന്ന്‌ സ്ത്രീധനത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്‌. കൂട്ടായ ഒരു വേദി രൂപപ്പെടുകയും അവര്‍ ഏകസ്വരത്തില്‍ സമൂഹത്തോട്‌ ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോള്‍ ജനങ്ങളില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും,
ഇതുപോലെ നിരവധി മേഖലകള്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കേണ്ടതായുണ്ട്‌. പൊതുവിദ്യാഭ്യാസ മേഖലയിലുള്ള സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാനാവശ്യമായ മാര്‍ഗങ്ങള്‍ കണ്ടെത്തല്‍, മാറിമാറി വരുന്ന ഭരണകൂടങ്ങളില്‍ മുസ്ലിം സമുദായം ആരെ അനുകൂലിക്കണമെന്ന്‌ തീരുമാനിക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി വേണ്ടതെല്ലാം ചെയ്യുക, സമൂഹത്തെ ആഴത്തില്‍ ഗ്രസിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വിഷവിത്തുകള്‍ വിപാടനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുക തുടങ്ങി ഒരുപാട്‌ മേഖലകളില്‍ മുസ്ലിം സംഘടനകളും പ്രസ്ഥാനങ്ങളും ഒന്നിച്ചു നിന്ന്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. സമുദായത്തിന്റെ പൊതുവായ ആവശ്യങ്ങളാണ്‌ ഇവയിലൂടെയൊക്കെയും നിറവേറ്റപ്പെടുന്നത്‌.

കേരള മുസ്ലിം ജനത മുമ്പെന്നത്തെക്കാളുമേറെ വിവിധങ്ങളായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈയവസ്ഥയില്‍ ഇത്തരമൊരു ചര്‍ച്ച സംഘടിപ്പിച്ചതു വളരെ സ്തുത്യര്‍ഹമാണ്‌. അതുകൊണ്ട്‌ പേജുകള്‍ക്കപ്പുറം ഇത്തരമൊരു ശ്രമം കൊണ്ടുവരാന്‍ നമ്മളെല്ലാവരും ശ്രമിക്കണം. പൊതുകാര്യങ്ങളില്‍ ഐക്യപ്പെടാനായിരിക്കട്ടെ നമ്മുടെ അടുത്ത ചുവടുവെയ്പുകള്‍.