ന്യൂനപക്ഷ സ്നേഹം പ്രകടമാകേണ്ടത്‌ പ്രവൃത്തിയില്‍

Deepika, Feb 13 2008

മാര്‍ ജോസഫ്‌ പവ്വത്തില്‍,

അടുത്ത കാലത്തായി ചില രാഷ്ട്രിയക്കാര്‍ തങ്ങളാണു യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളുടെ സുഹൃത്തുക്കളെന്നു ഇടയ്ക്കിടെ പ്രഖ്യാപിക്കാറുണ്ട്‌. അതിന്‌ ഉദാഹരണമായി പറയുന്ന ഒരു കാര്യം അടുത്തയിടെ ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്ക്‌ പീഡനങ്ങള്‍ ഉണ്ടായപ്പോള്‍ അവരുടെ കേന്ദ്ര നേതാക്കന്മാര്‍ ഓറീസയ്ക്കു പോകുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നതാണ്‌.
Mother Teresa
അതുപോലെ ഗുജറാത്തിലെ ക്രിസ്ത്യാനികള്‍ക്കും അവര്‍ പിന്തുണനല്‍കി എന്നുപറയുന്നുണ്ട്‌. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ജീവന്‍ പോലും ബലികഴിക്കാന്‍ സന്നദ്ധരായതു തങ്ങള്‍ മാത്രമാണന്നാണ്‌ ഒരു നേതാവ്‌ പറഞ്ഞതായി കേട്ടത്‌. അത്‌ എവിടെയാണെന്ന്‌ മനസിലായിട്ടില്ല. ഈ പറഞ്ഞ ഇടങ്ങളിലെല്ലാം ഭരണം നടത്തുന്നവര്‍ തങ്ങള്‍ക്കെതിരായതുകൊണ്ടല്ലേ ഇങ്ങനെയുള്ള പ്രകടനങ്ങള്‍ നടത്തിയത്‌ ഏന്നൊരു സംശയം അവശേഷിക്കു ന്നു വെന്നുമാത്രം.

ഇപ്പോള്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച്‌ മദര്‍ തെരേസായുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതായി കണ്ടു. അതുപോലെതന്നെ പള്ളിയുടെയും മോസ്കിന്റെയുമെല്ലാം ചിത്രീകരണങ്ങളും.

ഒരു വശത്ത്‌ ഈശ്വരനാമത്തില്‍ നിയമസഭാംഗങ്ങള്‍ സത്യ പ്രതി ജ്ഞ ചെയ്യുന്നത്‌ അപമാനകരമാ ണന്നു പറഞ്ഞു വച്ചിട്ടു അധികകാലമായിട്ടില്ല. മറ്റൊരു എം. എല്‍.എ കൂദാശ സ്വീകരിച്ചുവെന്നു ഒരാള്‍ പറഞ്ഞത്‌ മോശമായി ചിത്രീകരിക്കപ്പെട്ടതും അടുത്തയിടെയാണല്ലോ. ഒരു കാലത്ത്‌ മദര്‍തെരേസായുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ മുതലാളിത്തത്തെ നിലനിര്‍ത്തുന്നതിനാണന്നു പറഞ്ഞവര്‍ മദറിന്റെ സംസ്കാരചടങ്ങുകള്‍ ആഘോഷമാക്കി, ഇപ്പോള്‍ ചിത്രങ്ങള്‍ സ്ഥാപിക്കുന്നു!

അതേസമയം, കുറെ നാളുകളായി സഭാധ്യക്ഷന്മാരെയും പു രോഹിതരെയും ദിവസേന മന്ത്രിമാരും നേതാക്കന്‍മാരും ആ ക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത്‌ ഏവരും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്‌. സംസ്ഥാനസമ്മേളന റാലിയില്‍ ചേര്‍ന്നു പോയവര്‍ പുരോഹിതന്മാരെ അവഹേളിച്ചുള്ള പാട്ടുകള്‍പാടി പോകുന്നതും കേള്‍ക്കാന്‍ കഴിഞ്ഞല്ലോ. സഭയുടെ വിദ്യാലയങ്ങളിലെല്ലാം വിദ്യാഭ്യാസക്കച്ചവടമാണെന്ന വ്യാപകമായ ദുഷ്പ്രചരണവും നേതാക്കന്മാരും, ആസ്ഥാനബുദ്ധിജീവികളും ചൊല്‍പടിയില്‍ നില്‍ക്കുന്ന മാധ്യമങ്ങളും ചേര്‍ന്നു നടത്തുന്നുണ്ട്‌. എന്നാല്‍ സഭാ ശുശ്രൂഷികള്‍ ആശയങ്ങളെയും പ്രവണതകളെയുമാണ്‌ എതിര്‍ക്കുക. മന്ത്രിമാരെയും നേതാക്കന്‍മാരെയും അവഹേളിക്കാന്‍ ഒരിക്കലും ശ്രമിക്കുന്നില്ല. അതവരുടെ ക്രിസ്തീയതയുടെ സ്വഭാവം മാത്രമാണ്‌.

ഭംഗിവാക്കുകളോ ചില അനുഭാവ പ്രകടനങ്ങളോ അല്ല ന്യൂന പക്ഷങ്ങള്‍ക്കാവശ്യം. അവരുടെ ന്യായമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ജനാധിപ ത്യ മെന്തെന്നും മതവിശ്വാസങ്ങളുടെ മൂല്യമെന്തെന്നും അറിയാവുന്ന ഭരണഘടനാ നിര്‍മാതാക്കള്‍ അംഗീകരിച്ച അവകാശങ്ങള്‍ എടുത്തുകളയാനുള്ള ശ്രമമാണ്‌ ഈ സര്‍ക്കാരും ഭരണകക്ഷികളും ആദ്യം തന്നെ നടത്തിയത്‌. മതസമൂഹങ്ങളുടെ നിലനില്‍പ്‌ അവരുടെ ജീവിതദര്‍ശനവും ധാര്‍മ്മികതയുടെ സംസ്കാരവുമെല്ലാം ഫലപ്രദമായി തലമുറകള്‍ തോറും കൈമാറിക്കൊടുക്കുന്നതിലൂടെയാണ.്‌ ജന്മസിദ്ധമായ ഈ അവകാശം കവര്‍ന്നെടുക്കാ ന്‍ ശ്രമിക്കുകയും അതേ സമയം ന്യൂനപക്ഷസ്നേഹിതരെന്ന്‌, പ്രചരണം നടത്തുകയും ചെയ്യുന്നതിലെ പൊള്ളത്തരം മനസ്സിലാക്കാന്‍ ജനങ്ങള്‍ക്കറിയാം. എല്ലാം സ്റ്റേറ്റ്‌ ഉടമയില്‍ വന്നുചേര്‍ന്നാല്‍ മാത്രമേ സോഷ്യലിസംസ്ഥാപിക്കാന്‍ സാധിക്കൂ എന്ന പാര്‍ട്ടി നിലപാട്‌ (ഉദാ. 1979 ല്‍ പാര്‍ട്ടി ഇ റക്കിയ രേഖ) നിലവിലുള്ളപ്പോള്‍ ഭംഗിവാക്കുകള്‍ വിശ്വസിക്കാന്‍ ആര്‍ക്കും പ്രയാ സമുണ്ടാകും.

അവകാശം നിഷേധിക്കു ക മാത്രമല്ല, ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന സമീപനമാണ്‌ ഇന്നത്തെ ഭരണാധികാരികള്‍ക്കുള്ളത്‌. ഭരണഘടനാനുസൃതമായ വിദ്യാഭ്യാസസ്വാതന്ത്യ്‌രം നിഷേധിക്കുന്നതിനു പറയുന്ന കാരണങ്ങള്‍തന്നെ സ്വകാര്യ ഏജന്‍സികളെ അപമാനിച്ചുകൊണ്ടാണ്‌. വിദ്യാഭ്യാസരംഗത്തെ അഴിമതി ഇല്ലാതാക്കാനാണെന്നു പറഞ്ഞാണ്‌ സ്വാശ്രയനിയമത്തിലൂടെ ന്യൂനപക്ഷാവകാശം നിഷേധിക്കാന്‍ ശ്രമിച്ചത്‌. അഴിമതി ആരോപണങ്ങളുടെ നടുവില്‍ നില്‍ക്കുന്ന നേതാക്കളും ഉദ്യോഗസ്ഥന്മാരും ന്യൂനപക്ഷങ്ങളെ അവഹേളിച്ചു ബലിയാടുകളാക്കുകയാണ്‌. സ്വകാര്യ വിദ്യാഭ്യാസ രംഗത്താണോ ഈ ദുഷ്ട്‌ കൂമിഞ്ഞു കൂടിയിരിക്കുന്നത്‌? പാപമില്ലാത്തവന്‍ കല്ലെറിയട്ടെ എന്ന വേദവാക്യംകൂടി ഭരണകര്‍ത്താക്കള്‍ വായിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ന്യായമായ ഫീസ്‌ നിശ്ചയിക്കതെ, മറ്റു മാര്‍ഗങ്ങളിലൂടെ വിദ്യാലയനടത്തിപ്പിനാവശ്യമായ വക കണെ്ടത്തേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്ന സര്‍ക്കാരാണു വാസ്തവത്തില്‍ വിദ്യഭ്യാസരംഗത്തു അഴിമതിനടക്കുന്നുവെങ്കില്‍ അതിന്‌ ഉത്തരവാദി. അതോടൊപ്പം സ്വശ്രയസ്ഥാപനങ്ങളില്‍ നിന്ന്‌ പലയിനങ്ങളിലായി വന്‍തുകകള്‍ വസൂലാക്കി സര്‍വ്വകലാശാലകള്‍ക്കു മുതലാക്കുന്ന സര്‍ക്കാര്‍ നടപടിയെക്കുറിച്ച്‌ ആരും പറയുന്നില്ല. അതും പകല്‍കൊള്ളയല്ലയോ?

ഉന്നതവിദ്യാഭ്യാസരംഗത്തും സ്കൂള്‍തലത്തിലും നടത്തുന്ന പരിഷ്കാരങ്ങളെന്ന്‌ പറഞ്ഞുകൊണ്ടുവരുന്നതെല്ലാം മാനേജുമെന്റുകളെ നോക്കുകുത്തികളാക്കാനും എല്ലാം സര്‍ക്കാരിന്റെ പിടിയിലാക്കാനുമുള്ള ശ്രമങ്ങള്‍ മാത്രമാണ്‌. സ്വകാര്യവിദ്യാലയങ്ങള്‍ പ്രായോഗികമായി സര്‍ക്കാര്‍ പിടിയിലായാല്‍ ഗുണനിലവാരം ഉയരുമെന്നു പറഞ്ഞാല്‍ കേരളത്തില്‍ ആരും വിശ്വസിക്കില്ല. കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഗുണനിലവാരമെന്താണ്‌? നല്ല സ്വഭാവരൂപവല്‍ക്കരണവും ശിക്ഷണബോധവും ഉറപ്പിക്കുന്ന സ്വകാര്യ ഏജന്‍സികളെ ബലഹീനമാക്കുന്നത്‌ സമുദായങ്ങള്‍ക്കു മാത്രമല്ല സംസ്ഥാനത്തിനുതന്നെ വിപത്തായിത്തീരും.

ന്യൂനപക്ഷങ്ങളെ ആക്ഷേപിക്കുക മാത്രമല്ല, മറ്റു സമുദായങ്ങളെ ന്യൂനപക്ഷങ്ങളില്‍ നിന്നകറ്റാനായിട്ടാണ്‌ ഇവിടെ ഇക്കൂട്ടര്‍ വര്‍ഗീയതയുടെ വാദം ഉന്നയിക്കുന്നത്‌. എന്നും ക്രൈസ്തവവിദ്യാലയങ്ങളില്‍ മതബോധനവും നല്ല സ്വഭാവ രൂപവല്‍ക്കരണവും നടത്തിയിരുന്നു. അതൊന്നും വര്‍ഗീയതയ്ക്ക്‌ ഇടയാക്കയിട്ടില്ല. ഒരു പക്ഷേ, കൂടുതല്‍ ക്രൈസ്തവവിദ്യാലയങ്ങള്‍ ഉള്ളയിടങ്ങളിലാണ്‌ വര്‍ഗീയത ഏറെ കുറഞ്ഞിരിക്കുന്നത്‌. ഈ നിലപാടുകള്‍ തുടരുന്നതില്‍ മറ്റു മതങ്ങള്‍ക്ക്‌ എതിര്‍പ്പില്ല. വര്‍ഗീയത ഉണെ്ടന്നു വരുത്താന്‍ സിദ്ധാന്തവാദികളായ പാര്‍ട്ടിക്കാരാണ്‌ ശ്രമിക്കുന്നത്‌ എന്നതാണ്‌ വിചിത്രമായിട്ടുള്ളത്‌.

ഭംഗിവാക്കുകള്‍കൊണ്ടു മയങ്ങുന്നവരുടെ കൂട്ടത്തില്‍ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ ഉണ്ടാവില്ല. അവര്‍ക്ക്‌ ഭംഗിവാക്കുള്‍ അല്ല വേണ്ടത്‌. അവരുടെ താല്‍പര്യങ്ങളും മൌലികാവകാശങ്ങളും നിലനില്‍ക്കണം. അവരുടെ നിലനില്‍പ്പിന്റെ കാര്യമായ വിദ്യാഭ്യാസരംഗത്തുള്ള സ്വാതന്ത്യ്‌രം നഷ്ടപ്പെടാന്‍ പാടില്ല. അതിനുസഹായിക്കുന്നവരെയാണ്‌ ന്യൂനപക്ഷങ്ങള്‍ മിത്രങ്ങളായി കാണുന്നത്‌.

ഇവിടുത്തെ ക്രൈസ്തവര്‍ക്ക്‌ വിശ്വാസം അവരുടെ ജീവനാണ്‌, സഭ അവരുടെ മാതാവാണ്‌. വിശ്വാസത്തെ ഹനിക്കുന്ന സംരഭങ്ങളുമായി മുന്നോട്ടുപോകുന്നവരെ എതിര്‍ക്കാതെ വയ്യ. നിരീശ്വരത്വത്തെ അടിസ്ഥാനമാക്കി സമൂഹത്തെ മുഴുവന്‍ രൂപാന്തരപ്പെടുത്താന്‍ ശ്രമിക്കുന്നിടത്ത്‌ മതവിശ്വാസികള്‍ അതിനെ എതിര്‍ക്കുക സ്വാഭാവികം മാത്രമാണ്‌.

ഇവിടെയാണു അടുത്തകാലത്തിറങ്ങിയ ഇടയലേഖനത്തിന്റെ പ്രസക്തി. മറ്റു പല രാജ്യങ്ങളിലും സംഭവിച്ചതുപോലെ അത്തരം നീക്കങ്ങളില്‍നിന്ന്‌ പാര്‍ട്ടികള്‍ പിന്മാറുകയാണ്‌ ജനാധിപത്യത്തിനു ചേര്‍ന്നത്‌. അതുപോലെതന്നെ സഭയെ ബലഹീനപ്പെടുത്താനും സഭാ ശുശ്രൂഷികളെ ആക്ഷേപിക്കാനുമുള്ള ശ്രമങ്ങളെ എതിര്‍ക്കാതെയും വയ്യ. ഇത്തരം നയപരിപാടികളും പ്രവര്‍ത്തന ശെയിലിയും മാറിയാലേ ഏതെങ്കിലും പാര്‍ട്ടിയെ ന്യൂനപക്ഷങ്ങളോടു അനുഭാവമുള്ളവരായി കാണാന്‍ കഴിയൂ. ആക്ഷേപിച്ചും, അവകാശങ്ങള്‍ കൈയേറിയും ഭീഷണിപ്പെടുത്തിയും ന്യൂനപക്ഷസംരക്ഷണം സാധിക്കില്ലല്ലോ. ന്യൂനപക്ഷങ്ങള്‍ക്ക്‌ ഭദ്രതാബോധം ഉണ്ടാകുകയുമില്ല. അവരുടെ വിശ്വാസം സമാര്‍ജിക്കാനും പറ്റില്ല.

വാക്കുകളേക്കാള്‍ തുറന്നമനോഭാവവും പ്രവൃത്തികളുമാണാവശ്യം. വിദ്യാഭ്യാസരംഗത്തുള്ള സ്വകാര്യ ഏജന്‍സികളെ പങ്കാളികളായികാണാന്‍ കഴിയണം. തെറ്റുകളുണെ്ടങ്കില്‍ സര്‍ക്കാരും വിദ്യാലയങ്ങളും അവ തിരുത്തണം, അസ്തിത്വം നിഷേധിക്കുകയല്ല വേണ്ടത്‌.

Follow MujeebJaihoon on Twitter

JAIHOON

Related posts