തമസ്സ് (അതാണ് ഷംഷാദ് രാജാവിന്റെ മൂത്ത മകന്റെ പേര്) എന്തോ ആലോചിച്ചിരിക്കുകയാണ്. കാര്യമായ എന്തോ പ്രശ്നം അയാളെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ടെന്ന് ആ മുഖഭാവത്തില്‍നിന്ന് മനസ്സിലാക്കാം. കുറെ നാളായി ഈ ആലോചന തുടങ്ങിയിട്ട്. മനസ്സിന്ന് ഒരു സ്വസ്ഥതയും ഇല്ല. ഊണില്ല, ഉറക്കമില്ല. ക്രമേണ ആ യുവകോമളന്റെ മുഖഭാവം മാറാന്‍ തുടങ്ങി. ക്ഷീണിച്ച് എല്ലും തൊലിയുമായി. കണ്ടാലറിയാതെയായി. തന്റെ മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവമെന്താണെന്നാലോചിച്ച് അയാള്‍ക്കുപോലും ഒരെത്തും പിടിയും കിട്ടിയില്ല.
ഈ മനോദുഃഖത്തില്‍നിന്ന് മോചനം ലഭിക്കാനെന്താണൊരു മാര്‍ഗ്ഗം. തമസ്സ് തലപുകഞ്ഞാലോചിച്ചു. അവസാനം അയാള്‍ ഒരു പോംവഴി കണ്ടുപിടിച്ചു. ഒരു നായാട്ടിന് പുറപ്പെടുക, കാനനത്തിന്റെ നിറപ്പകിട്ടില്‍ സര്‍വ്വം മറന്ന് ഉല്ലസിച്ചു നടക്കുക. എങ്കില്‍ തന്റെ മാനസികവിഷമങ്ങള്‍ക്ക് തെല്ലു പരിഹാരമുണ്ടായേക്കും. ഇങ്ങിനെ മനസ്സില്‍ ആലോചിച്ചുറച്ചുകൊണ്ട് തമസ് പിതാവിനെ സമീപിച്ചു.
‘അല്ലയോ പിതാവെ, കുറെ നാളായി എന്തെന്നില്ലാത്ത ഒരു വ്യഥ എന്റെ മനസ്സിനെ അലട്ടുന്നു.വയറു നിറയെ എന്തെങ്കിലും കഴിച്ചകാലം മറന്നു. എല്ലാം മറന്ന് ഒന്നുറങ്ങിയ നാളോര്‍മ്മയില്ല.ഈ അവസ്ഥയില്‍ നിന്ന് ഒരു മോചനം എനിക്കാവശ്യമായി വന്നിരിക്കുന്നു. അതുകൊണ്ട് ഞാന്‍ പരിവാരസമേതം ഒരു വേട്ടക്ക് പുറപ്പെടാന്‍ ഉദ്ദേശിക്കുന്നു. അങ്ങ് അനുവദിക്കുമെന്നാണെന്റെ പ്രതീക്ഷ.
മകന്റെ വിനയാന്വിതമായ സംസാരം ആ പിതാവിന്റെ ഹൃദയത്തെ വല്ലാതെ ആകര്‍ഷിച്ചു.
‘നിനക്ക് ഒരു മാറ്റം ആവശ്യമാണ്. അതുകൊണ്ട് നീയും പരിവാരവും അടുത്തദിവസം തന്നെ പുറപ്പെട്ടു കൊള്ളുക’. ആ പിതാവ് യാത്രക്കുള്ള അനുമതി നല്‍കി.
തമസ് രാജകുമാരന്‍ ഉടന്‍തന്നെ യാത്രക്കുള്ള തയ്യാറെടുപ്പു തുടങ്ങി. പ്രത്യേകം പരിശീലിപ്പിച്ച അശ്വരൂഡന്‍മാരായ കുറെ ഭടന്മാരോടും ആവശ്യമായ മറ്റു സാധനസാമഗ്രികളോടും കൂടി അടുത്തദിവസം തന്നെ യാത്രപുറപ്പെട്ടു. പട്ടണത്തില്‍നിന്ന് ഗ്രാമത്തിലേക്ക്, ഗ്രാമത്തില്‍നിന്ന് തുടങ്ങുന്ന ഒറ്റയടിപ്പാതയിലൂടെ വനാന്തര്‍ഭാഗത്തിലേക്ക് രാജകുമാരനും സംഘവും ഊളിയിട്ടു.
മൂന്നില്‍ കറുത്തകാട്, എങ്ങും കാട്ടുമൃഗങ്ങളുടെ ശബ്ദകോലാഹലം, അവര്‍ക്കിടയിലൂടെ അജ്ഞാതമായ തങ്ങളുടെ ലക്ഷ്യവും തേടി ഓടുന്ന കുതിരകള്‍. ഇപ്പോള്‍ അവര്‍ക്കു മുന്നില്‍ കാണുന്നത് മാനം മുട്ടെ വളര്‍ന്ന ഭീമാകാരനായ പര്‍വ്വതമാണ്. പര്‍വ്വതത്തിന്റെ ഒത്ത നടുവില്‍ ഒരു ഗുഹ. രാജകുമാരനും സംഘവും നോക്കിനില്‍ക്കെ ആ ഗുഹയില്‍നിന്നും ഒരു ജീവി പുറത്തിറങ്ങി, ഒരു കൃഷ്ണമൃഗം ഇത്രയും മനോഹരമായ ഒരു മാന്‍കുട്ടിയെ അവരാരും കണ്ണ് മുളച്ചതിനുശേഷം കണ്ടിട്ടുണ്ടായിരുന്നില്ല. ആരെയും അതിശയിപ്പിക്കുന്ന മനോഹാരിത. എല്ലാവരുടേയും നയനങ്ങള്‍ ആ മൃഗത്തില്‍ തറച്ചു നിന്നു.
മനസ്സിന് സമനില വീണ്ടുകിട്ടിയപ്പോള്‍ രാജകുമാരന്‍ തന്റെ അനുചരന്മാരോട് പറഞ്ഞു.
‘നോക്കൂ, ആ മാനിന്റെ സൌന്ദര്യം എന്നെ അത്യധികം ആകര്‍ഷിച്ചിരിക്കുന്നു. എനിക്കതിനെ കിട്ടണം. പക്ഷെ, സാധാരണ വേട്ടമൃഗങ്ങളെ പിടിക്കുന്നതുപോലെ അമ്പെയ്തു മുറിവാക്കിയിട്ടല്ല. മുറിവ് പോയിട്ട് ഒരു പോറല്‍ പോലും ആ ജീവിക്കേല്‍ക്കാന്‍ പാടില്ല. തന്നെയുമല്ല അതിനെ ഒരു തരത്തിലും നോവിക്കയുമരുത്. മുറിവൊ നോമ്പരമൊ ഏല്‍ക്കാതെ ആ മാനിനെ എന്റെ കൈവശം എത്തിക്കുന്നവര്‍ക്ക് ഞാന്‍ വിലപിടിച്ച പാരിതോഷികങ്ങള്‍ നല്‍കുന്നതാണ്. നേരെമറിച്ച് അതിനെ വ്രണപ്പെടുത്തിയെന്നറിഞ്ഞാല്‍ ശക്തമായ ശിക്ഷയായിരിക്കും നിങ്ങള്‍ക്ക് പ്രതീക്ഷിക്കേണ്ടിവരിക.
രാജകുമാരന്റെ വാക്കുകള്‍കേട്ട് കൂടെയുണ്ടായിരുന്ന യോദ്ധാക്കള്‍ ഓരോരുത്തരും തനിക്ക് സമ്മാനങ്ങള്‍ ലഭിക്കണം എന്ന മത്സരബുദ്ധിയോടുകൂടി കുതിരപ്പുറത്തുകയറി മാനിന്റെ പിറകെകൂടി. രാജകുമാരനും വെറുതെ നിന്നില്ല. അദ്ദേഹവും അശ്വരൂഡനായി മാനിനെത്തേടി പറന്നു. ശരം കണക്കെയാണ് ആ കൊച്ചുമൃഗം പായുന്നത്. ഘോരവിപിനത്തില്‍ ‘മാന്‍’ എന്ന ഒരൊറ്റ ലക്ഷ്യം വെച്ചുകൊണ്ട് അവരെല്ലാം പായുകയാണ്. പലരും പലവഴിക്ക് തിരിഞ്ഞു. എല്ലാവരും ഒറ്റപ്പെട്ട് വേര്‍പിരിഞ്ഞുപോയി. രാജകുമാരന്‍ മാത്രമാണ് ഇപ്പോള്‍ മാനിനെ കാണുന്നത്.കുന്നും, മലകളും, മരങ്ങളും, വള്ളിപ്പടര്‍പ്പുകളും പിന്നിട്ട് മാന്‍കുട്ടി ഓടിക്കൊണ്ടിരുന്നു. അതിനോടൊപ്പം വിടാതെ കുമാരനും എത്രദൂരം സഞ്ചരിച്ചുവെന്ന് ഒരു പിടിയുമില്ല. ഒരുപാടകലെ അത്രമാത്രമറിയാം.
പെട്ടെന്ന് വലിയ ഒരുള്‍പ്പടര്‍പ്പിലേക്ക് ആ മാന്‍കുട്ടി ഓടിക്കയറി. അതിനകത്തേക്കു കയറിയാല്‍ താനും കുതിരയും മുള്ളുകൊണ്ടു കീറിപ്പോകും. തല്‍ക്കാലം ഇവിടെവെച്ചു മതിയാക്കുകയാണ് നല്ലത് എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് രാജകുമാരന്‍ നിരാശനായി പിന്തിരിഞ്ഞു. തന്റെ അനുചരന്‍മാരെല്ലാം എവിടെപ്പോയി. ഒന്നിനേയും കാണുന്നില്ലല്ലോ? ഈ കൊടുംകാട്ടില്‍ അവരെ എങ്ങനെ കണ്ടുപിടിക്കാനാണ്. കുമാരന്‍ പലയിടത്തും അന്വേഷിച്ചു. കുതിരയും കുമാരനും ഒന്നുപോലെ തളര്‍ന്നു.
അതാ അല്‍പ്പം അകലെ മരുഭൂമിയിലെ മരുപ്പച്ചയെന്നവണ്ണം മനോഹരമായ ഒരു കുന്ന്. അവിടെ എത്തിയാല്‍ സുഖമായി ഒന്ന് വിശ്രമിക്കാം. കൂട്ടുകാര്‍ വരുന്നുണ്ടെങ്കില്‍ അകലെനിന്നുതന്നെ അവരെ കാണുകയും ചെയ്യാം. ഇപ്രകാരം ചിന്തിച്ച് തമസ് രാജകുമാരന്‍ ഓടിത്തളര്‍ന്ന കുതിരയുടെ കടിഞ്ഞാണ്‍ വലിച്ചു. അത് വൃദ്ധനായ ഒരു വണ്ടിക്കാളയെപ്പോലെ കിതച്ച് പതതുപ്പി ഏന്തിവലിച്ച് നടക്കാന്‍ തുടങ്ങി. പകുതി വഴി പിന്നിട്ടപ്പോഴേക്ക് ആജീവി തളര്‍ന്നവശനായി തറയില്‍ വീണുപോയി. ശക്തമായ ദാഹവും വിശപ്പും രാജകുമാരനെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു. അതൊന്നും വകവെക്കാതെ എങ്ങനെയെങ്കിലും കുന്നിന്‍പുറത്തെത്തണമെന്ന വാശിയോടെ അയാള്‍ വേച്ചുവേച്ചു നടന്നു. ഒടുവില്‍ ഒരുവിധത്തില്‍ കുന്നിന്‍പുറത്തെ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പേരാല്‍വൃക്ഷത്തിന്റെ ചുവട്ടില്‍ അയാളെത്തി. എത്തിയതുമാത്രം ഓര്‍മ്മയുണ്ട്. ഒരു മോഹാലസ്യത്തിലേക്ക് രാജകുമാരന്‍ വഴുതിവീഴുകയായിരുന്നു.


