ചോദ്യത്തിനുത്തരം തേടി

ചോദ്യത്തിനുത്തരം തേടി

Download Latest Book by Jaihoon (The Twitter-based Micro-Travelogue about a journey across four Indian states)

  MISSION NIZAMUDDIN (112.0 KiB, 250 hits)

> > > > > >> > >> > >> > >> > >> > >

ദില്ലാറാം രാജകുമാരനെ കുളിപ്പിച്ച്‌ വിശേഷപ്പെട്ട വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും സുഗന്ധലേപനങ്ങള്‍ പുരട്ടിക്കൊടുക്കുകയും ചെയ്തു. രുചികരമായ ഭക്ഷണങ്ങളും പാനീയങ്ങളും കൊണ്ട്‌ അവള്‍ കുമാരനെ സല്‍ക്കരിച്ചു. വേഷം മാറിയ കുമാരനെക്കണ്ട്‌ അവള്‍ അത്ഭുതപ്പെട്ടു. എന്തൊരഴക്‌, എന്തൊരു കുലീനത. തീര്‍ച്ചയായും ഇദ്ദേഹം രാജസന്തതിയാവാനാണ്‌ സാധ്യത. പക്ഷെ, എന്തുചെയ്യാം. വിധി അതായിപ്പോയി. എന്തെല്ലാമാണെന്നോ പിറുപിറുക്കുന്നത്‌. കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും പിന്നീടാലോചിക്കുമ്പോള്‍ കരയാന്‍ തോന്നും. ഇത്രയും സുന്ദരനായ ഒരു യുവാവിന്‌ ഈ ഗതി വന്നല്ലോ.

ദില്ലാറാമിന്റെ ശുശ്രൂഷയില്‍ അല്‍പം മെച്ചം വന്നതുപോലെ അഭിനയിച്ചുകൊണ്ടിരുന്നു. രാജകുമാരന്‍. അതുകണ്ട്‌ ആ തൊഴിക്ക്‌ സന്തോഷം തോന്നി. കൂടെ ദുഃഖവും. ഇയാളുടെ അസുഖം ഭേദമായാല്‍ പിന്നെ തന്റെ കൂടെ ഇങ്ങിനെ കഴിയുകയില്ലല്ലോ. അതായിരുന്നു അവളുടെ സങ്കടം.

രാജകുമാരിയുടെ സ്വഭാവത്തെക്കുറിച്ച്‌ അവരുടെ വിചിത്രമായ ചോദ്യത്തെക്കുറിച്ച്‌ ദില്ലാറാമിനോട്‌ ചോദിച്ചു മനസ്സിലാക്കിയാലോ എന്ന്‌ പലവട്ടം വിചാരിച്ചതാണ്‌. പക്ഷെ, അതെങ്ങിനെ? ഒരു സന്ദര്‍ഭം വരുന്നില്ല, തന്നെ തെറ്റിദ്ധരിച്ചെങ്കിലോ? ഇങ്ങനെയുള്ള വിചാരത്തോടെ തന്റെ ഉദ്യമത്തില്‍നിന്ന്‌ കുമാരന്‍ പിന്തിരിയുകയാണുണ്ടായത്‌.

ദിവസങ്ങള്‍ ചിലതുകൂടി കഴിഞ്ഞു. രാജകുമാരിക്ക്‌ തന്റെ പൂന്തോട്ടത്തില്‍ നിന്ന്‌ പിടിച്ച ഭ്രാന്തനെക്കുറിച്ചുളള ഓര്‍മ്മവന്നു. അവര്‍ ദില്ലാറാമിനെ വിളിച്ചു. അയാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ ആകെ സങ്കടത്തിലായി. താന്‍ ആരാധിച്ചു വളര്‍ത്തുന്ന ആ സുന്ദരസൂനം തനിക്ക്‌ നഷ്ടമാകുമോ? കുറച്ചുനാളത്തേക്കെങ്കിലും ഇയാള്‍ തന്റെ കൂടെയുണ്ടെങ്കില്‍ ജീവിതം എത്ര രസകരമാകുമായിരുന്നു. പക്ഷെ, തന്നില്‍നിന്ന്‌ അയാളെ അകറ്റപ്പെടുകയാണ്‌. ഇയാളുടെ ഭ്രാന്ത്‌ സുഖപ്പെട്ടിട്ടില്ല. പിന്നെയെങ്ങിനെയാണ്‌ തന്റെ ഹൃദയാഭിലാഷം മനസ്സിലാക്കിക്കൊടുക്കുക. അഥവാ താന്‍ പറഞ്ഞാല്‍ തന്നെ അയാള്‍ക്ക്‌ മനസ്സിലാകുമോ? രാജകുമാരിയുടെ ആവശ്യപ്രകാരം അല്‍മാസ്‌ റൂഹിനെ അവള്‍ കുളിപ്പിച്ച്‌ പട്ടുവസ്ത്രങ്ങളണിയിച്ച്‌ അന്തപുരത്തില്‍ കൊണ്ടുപോയി.

മഹ്‌റങ്കീസിന്‌ അയാളുടെ സൌന്ദര്യം കണ്ട്‌ ഉടലാകെ കുളിരുകോരി. പക്ഷെ, എന്തുചെയ്യാം. കേവലം ഒരു ഭ്രാന്തന്‍. ഭ്രാന്തനെക്കൊണ്ട്‌ തനിക്കെന്തുകാര്യം. അഥവാ വല്ല ഉപദ്രവവും ചെയ്താലോ. ഇതൊക്കെ ആയിരുന്നു അവളുടെ ചിന്ത. കുമാരി അയാളോട്‌ പല വര്‍ത്തമാനങ്ങളും ചോദിച്ചു. എല്ലാറ്റിനും പരസ്പരവിരുദ്ധമായ മറുപടിയാണ്‌ ലഭിച്ചത്‌. അയാളുടെ ചില വാക്കുകള്‍ കേട്ട്‌ കുമാരി പൊട്ടിപ്പൊട്ടി ചിരിച്ചു. അപ്പോഴൊക്കെ ദില്ലാറാം അവിടെ പറ്റിക്കൂടി നിന്നു. അവള്‍ക്ക്‌ അയാളെവിട്ട്‌ പോകാന്‍ മനസ്സുവന്നില്ല. തോഴിയുടെ നില്‍പ്പും ഭാവങ്ങളുമെല്ലാം കണ്ടപ്പോള്‍ രാജകുമാരിക്ക്‌ ഏതാണ്ടെല്ലാം പിടികിട്ടി. തനിക്ക്‌ ഈ ഭ്രാന്തനെക്കൊണ്ട്‌ ഒരു കാര്യവുമില്ല. എന്നാല്‍ ഇവള്‍ കൊണ്ടുപോയി നോക്കിക്കൊള്ളട്ടെ എന്നുറച്ച്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു.

‘ദില്ലാറാമേ, നിനക്കെന്താ ഇവനില്‍ നോട്ടമുണ്ടോ? മാറാതെ കൂടിയിരിക്കുന്നല്ലോ.’
തോഴി കാല്‍കൊണ്ട്‌ ചിത്രം വരച്ചതല്ലാതെ ഒന്നും ഉരിയാടിയില്ല. കുമാരി തുടര്‍ന്നു. എങ്കില്‍ നീ തന്നെ കൊണ്ടുപോയ്ക്കൊള്ളൂ. അവന്റെ മാനസിക വിഷമങ്ങള്‍ മാറട്ടെ, അതിനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുക. തോഴിക്ക്‌ നിന്നനില്‍പ്പില്‍നിന്ന്‌ മേല്‍പ്പോട്ട്‌ ചാടണമെന്ന്‌ തോന്നിപ്പോയി. ആഹ്ലാദം അത്രകണ്ടുണ്ടായിരുന്നു.

അവള്‍ വീണ്ടും കുമാരനെ പരിചരിച്ചു കഴിഞ്ഞുകൂടി. ആ പാലൊളിവദനത്തിലേക്ക്‌ നോക്കുമ്പോളൊക്കെയും ദില്ലാറാമിന്റെഖല്‍ബില്‍ ആയിരം വീണകള്‍ ഒന്നിച്ചുമീട്ടിയതുപോലെയുള്ള സ്വരരാഗസുധയായിരുന്നു. അവളുടെ ഹൃദയത്തിനകത്ത്‌ അങ്കുരിച്ച പ്രേമത്തിന്റെ വിത്ത്‌ മുളച്ചുപൊന്താന്‍ തുടങ്ങിയിരുന്നു. തന്റെ പരിലാളനയില്‍ രാജകുമാരന്‌ ഒരു വിധം സുഖമുണ്ടെന്ന്‌ മനസ്സിലാക്കിയ അവള്‍ തന്റെ ഹൃദയാഭിലാഷം വെളിപ്പെടുത്തുവാന്‍ ഏറ്റവും ഉചിതമായ അവസരം ഇതുതന്നെ എന്ന നിനവോടെ അയാളോട്‌ ഇപ്രകാരം പറഞ്ഞു.

‘എന്റെ പ്രാണനാഥാ, അങ്ങ്‌ ഇവിടെ ഈ പൂന്തോട്ടത്തില്‍ എത്തിയനാള്‍ മുതല്‍ എന്റെ ഹൃദയത്തിലുള്ള ഒരഭിലാഷം, അദമ്യമായ ഒരു മോഹം അങ്ങയോട്‌ തുറന്നുപറയണമെന്നാഗ്രഹിക്കുകയാണ്‌. ഇതുവരെയും അത്‌ പറയാതിരുന്നത്‌ അങ്ങയുടെ മനസ്സ്‌ സമനിലയിലല്ല എന്നറിഞ്ഞുകൊണ്ടായിരുന്നു. ഇപ്പോള്‍ അങ്ങേക്ക്‌ ഞാന്‍ പറയുന്നത്‌ മനസ്സിലാക്കാനുള്ള വിവേകം ഉണ്ടെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു. എന്റെ ജീവനേക്കാളുപരിയായി.

ദില്ലാറാമിന്റെ വാക്കുകള്‍കേട്ട്‌ രാജകുമാരന്‍ ഒന്നും ഉരിയാടിയില്ല. അയാള്‍ ഓര്‍ക്കുകയായിരുന്നു. സ്ത്രീകള്‍, ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ രഹസ്യമാണവര്‍. അവരുടെ ബുദ്ധിവ്യാപാരിക്കുന്നതെവിടെയെല്ലാമെന്ന്‌ സൃഷ്ടാവിനല്ലാതെ ഒരാള്‍ക്കും അറിയുകയില്ല. ഒരു പക്ഷെ, ഇവളെ തന്റെ ഭാവിയുടെ ചൂണ്ടു പലകയാക്കാം. ഇവളില്‍നിന്ന്‌ എന്തെങ്കിലും രഹസ്യം ചോര്‍ത്തിയെടുക്കുവാന്‍ കഴിഞ്ഞെങ്കില്‍ അത്രയുമായല്ലൊ. രാജകുമാരന്‍ അവളെ പ്രേമപുരസ്സരം കടാക്ഷിച്ചു. ഒരൊറ്റ നോട്ടം. അതവളുടെ ഹൃദയത്തെ പിടിച്ചുലച്ചു. വിഭ്രാന്തി പിടിപെട്ടപോലെ കുമാരനെ കെട്ടിപ്പിടിച്ച്‌ കവിളിലും നെറ്റിയിലും ചുംബിച്ചുകൊണ്ട്‌ അവള്‍ മൊഴിഞ്ഞു. ‘എന്റെ നാഥാ അങ്ങ്‌ എന്നെ വെടിയരുതേ, ഈ ഏഴയെ കൈവെടിയരുതേ, ഇല്ല ഞാനൊരിക്കലും നിന്നെ കൈവെടിയില്ല’അവള്‍ക്ക്‌ സന്തോഷമായി. അങ്ങിനെ അവര്‍ രണ്ടുപേരും ഹൃദയരഹസ്യങ്ങള്‍ കൈമാറി ജീവിക്കുമ്പോള്‍ സന്ദര്‍ഭം അനുകൂലമാണെന്ന്‌ മനസ്സിലാക്കിയ ശേഷം അല്‍മാസ്‌ റൂഹ്‌ രാജകുമാരന്‍ അവളോട്‌ ചോദിച്ചു. രാജകുമാരിയുടെ വിചിത്രമായ ഒരു ചോദ്യമുണ്ടല്ലൊ, അതിനെക്കുറിച്ച്‌ നിനക്ക്‌ വല്ലതും അറിയാമോ?

No tags for this post.

Related posts