മമ്പുറം സയ്യിദ്‌ അലവി തങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന അവുക്കോയ (അബൂബക്ര് കോയ) മുസ്ലിയാർ, തങ്ങളുടെ മരീദുമാരിൽ പ്രമുഖനായിരുന്നു. മുസ്ലിയാർ പൊന്നാനിയിൽ താമസിക്കുന്ന കാലത്ത്‌ ഹി. 1241ൽ തന്റെ ആത്മീയഗുരുവായ തങ്ങളെ കാണാൻ മമ്പുറത്തെത്തി. വ്യത്യസ്ത വിഷയങ്ങൾ ചർച്ചചെയ്ത ആ കൂടിക്കാഴ്ചയിൽ ഭാവിയിൽ സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളെ കുറിച്ചും തങ്ങൾ പ്രവചിക്കുകയുണ്ടായി. തങ്ങളുടെ ദീർഘദൃഷ്ടിക്കും ആത്മീയ സിദ്ധിക്കും തെളിവായി ഈ പ്രവചനങ്ങൾ തന്നെമതി.
സുന്ദരമായ അറബിയിൽ തങ്ങൾ ചൊല്ലിക്കൊടുത്ത കവിതാശകലങ്ങൾ വരും തലമുറക്ക്‌ ഒരു അനശ്വരസമ്പത്തായി ലഭിക്കാൻ പൊന്നാനി വലിയ ജുമുഅത്ത്‌ പള്ളിയുടെ മിഹ്‌റാബിൽ എഴുതിവെക്കാൻ ശിഷ്യനായ അവുക്കോയ മുസ്ലിയാരോട്‌ അദ്ദേഹം കൽപിച്ചു. ഗുരുവിന്റെ നിർദേശം സ്വീകരിച്ച്‌ പൊന്നാനി ജുമുഅത്ത്‌ പള്ളി മിഹ്‌റാബിൽ മുസ്ലിയാർ ആ വരികൾ കുറിച്ചിട്ടു. വരാനിരിക്കുന്ന പലകാര്യങ്ങളെയും കുറിച്ചുള്ള പ്രവചനമടങ്ങിയ അർത്ഥഗംഭീരമായ കവിതയാണിത്‌:
നാലു പക്ഷികളുടെ ദുർഗുണങ്ങളിൽ നിന്നു നിങ്ങൾ അകന്നു നിൽക്കുക. മയിൽ, കോഴി, കാക്ക, പരുന്ത്‌ എന്നിവയാണത്‌. അവയുടെ ദുർഗുണങ്ങൾ അഹങ്കാരം, വികാരം, അത്യാഗ്രഹം, അഹംഭാവം എന്നിവയാണ്‌. ഇവ അസത്യവാന്മാരുടെ സ്വഭാവങ്ങളാണ്‌.
നഫാഇശുദ്ദുറർ, അദ്കിയ, ജൗഹറത്തുത്തൗഹീദ്‌ എന്നീ ഗ്രന്ഥങ്ങൾ ശുദ്ധാത്മാക്കളുടെ ആഹാരമാകുന്നു. ഇംഗ്ലീഷുകാർ നാടുവിടുന്നതു വരെ ഇവ ഹൃദിസ്ഥമാക്കേണ്ടതാണ്‌.
ഇംഗ്ലീഷുകാർ നാടുവിട്ട ശേഷം നമ്മുടെ ജനങ്ങളിൽ ആപത്തിറങ്ങുകയും ദീനിലും ജീവിതത്തിലും ദാരിദ്ര്യം ബാധിക്കുകയും ചെയ്യും. അക്കാലത്തുള്ള ജനങ്ങൾ പുകവലിക്കാരുടെ സേവകരും ഉപകരണങ്ങളുമാകും.
അവരിൽ ചിലർ ഭൗതിക ഭരണ നിയമങ്ങളും യുക്തിവാദങ്ങളും പഠിക്കുന്നതിൽ ഉൽസുകരാകും. ബ്രിട്ടീഷുകാർ നാടുവിട്ട ശേഷം വഴിപിഴച്ച പ്രകൃതിവാദികൾ വർദ്ധിക്കും.
മനുഷ്യരെ വഴിതെറ്റിക്കാൻ പിശാചൊരുക്കുന്ന കെണിയാണ്‌ പുകയിലയുടെയും തീയിന്റെയും തിരികൾ. (പുകവലിക്കാർ ശ്രദ്ധിക്കുക)
കാലത്തിന്റെ ലഹരിയിലകളുടെ ഉപാസകന്മാർ തങ്ങളുടെ മതത്തിൽ നിന്നു വ്യതിചലിച്ചിരിക്കുന്നു. മറ്റുള്ളവരോട്‌ കൂടെ അവർ ഉരുണ്ടു വീഴുകയും ചെയ്തിരിക്കുന്നു.
ജനങ്ങൾക്കിടയിൽ സമ്പത്ത്‌ തുല്യമായി വിതരണം ചെയ്യണമെന്ന്‌ വാദിക്കുന്നവരുടെ പ്രസ്താവം വളരെ ദുഷിച്ചതാണ്‌.
റഷ്യക്കാരധികവും ഖിബ്ത്വികളും പ്രകൃതിവാദികളും നിരീശ്വരവാദികളും നാഗരികവാദികളായ സിന്ധികളുമാണ്‌.
ഫിർഔനിന്റെ ജനത ആഴിയിൽ മുങ്ങുന്നതു കണ്ട്‌ ഓടി രക്ഷപ്പെട്ട അവർ സിന്ധ്‌ നാടിൽ നാഗരിക ജീവിതം തൃപ്തിപ്പെട്ടു കൂടി.
റഷ്യക്കാർ അവസാന കാലത്ത്‌ ദജ്ജാലിന്റെ പാർട്ടികളും സേവകരുമാകും. പ്രിയപ്പെട്ട ഔക്കോയാ, എന്റെ ഈ വാക്കുകൾ പരിശുദ്ധ ജുമുഅത്ത്‌ പള്ളിയുടെ മിഹ്‌റാബിൽ എഴുതുക.

Source : Mamburam Tangal
Jeevitam Atmeeyata Porattam
Biography/Study
Editing
Dr. Bahauddeen Muhammad Nadwi
Authors
Moyin Hudawi Malayamma
Mahmood Panangangara
First Edition
January 2009
Publishers
ASAs Book Cell
Darul Huda Islamic Academy
Chemmad, Tirurangadi, Malappuram
Ph: 0494 2460575, 2463155
മമ്പുറം തങ്ങൾ
ജീവിതം ആത്മീയത പോരാട്ടം
മോയിൻ ഹുദവി മലയമ്മ
മഹ്മൂട്‌ പനങ്ങാങ്ങര
എഡിറ്റിങ്‌:
ഡോ. ബഹാഉദ്ദേ‍ീൻ മുഹമ്മദ്‌ നദ്‌വി


May 30, 2009