അപവാദ പ്രചാരണം സമൂഹം അവജ്ഞയോടെ തള്ളും: മുസ്ലിം നേതാക്കള്‍
http://mechandrikaonline.com/viewnews.asp?mcat=keralanews&mitem=MJ201112224166

രാഷ്ട്രീയ സാമ്പത്തിക ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിന്റെ പേരില്‍ മഹാന്മാരെ വലിച്ചിഴക്കുന്നതും അപമാനിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്ല്യാരും ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരും പ്രസ്താവിച്ചു.

അഞ്ച് പതിറ്റാണ്ടിലധികം കേരള മുസ്ലിംകള്‍ക്ക് പക്വമായ നേതൃത്വം നല്‍കുകയും നാനൂറിലധികം മഹല്ലുകളുടെ ഖാസി സ്ഥാനം അലങ്കരിക്കുകയും സര്‍വ്വരാലും ആദരിക്കപ്പെടുകയും ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ആര്‍ക്കെങ്കിലും തെറ്റായ വഴിയിലൂടെ സ്വാധീനിക്കാനോ, മറ്റെന്തെങ്കിലും പേരില്‍ ഹൈജാക്ക് ചെയ്യാനോ കഴിയുമെന്ന് പറയുന്നത് അവിശ്വസനീയമാണെന്ന് ഇരുവരും പറഞ്ഞു.

ആലിമീങ്ങളെയും സാദാത്തുക്കളെയും ബഹുമാനിക്കാനല്ലാതെ അപമാനിക്കാന്‍ പാടില്ലെന്നും തെറ്റുകള്‍ പറഞ്ഞ് പിന്നീട് തിരുത്താനാവില്ലെന്നും സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് ടി.കെ.എം. ബാവ മുസ്ല്യാര്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവും സയ്യിദ് കുടുംബത്തിലെ ആദരണീയ വ്യക്തിത്വവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് ചില കേന്ദ്രങ്ങള്‍ ഉന്നയിച്ച ആരോപണം അപലപനീയവും മരണപ്പെട്ട വ്യക്തികളെക്കുറിച്ച് അപവാദം പറയുന്നത് ഇസ്ലാമിക വിശ്വാസ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി. വിഭാഗം) ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ പ്രസ്താവിച്ചു. കേരളീയ സമൂഹം ഇത്തരം അപവാദ പ്രസ്താവനകളെ അതര്‍ഹിക്കുംവിധം അവജ്ഞയോടെ തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതകാലത്ത് ജാതിമത വ്യത്യാസമില്ലാതെ മഹദ് ഗുണങ്ങളെ ആദരിച്ച മഹാവ്യക്തിയെ മരണാനന്തരം നിരുത്തരവാദിത്വത്തോടെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് അപലപനീയമാണെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി എന്നിവര്‍ പ്രസ്താവിച്ചു.

ഇത്തരം നീക്കങ്ങളെ മതപരമായി നീതീകരിക്കാന്‍ സാധ്യമല്ല. ഈ സംഭവത്തോടുള്ള ശിഹാബ് തങ്ങളുടെ കുടുംബത്തിന്റെ പ്രതികരണം മാതൃകാപരവും ക്ഷമയോടെയുള്ള മാന്യവുമായ സമീപനമാണെന്നും കെ.എന്‍.എം നേതാക്കള്‍ അറിയിച്ചു.

സര്‍വ്വരാലും ആദരിക്കപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഒരു വ്യക്തി നടത്തിയ പരാമര്‍ശം അപലപനീയവും മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ഇ.കെ. അഹമ്മദ്കുട്ടിയും ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സമൂഹം ആദരിക്കുകയും മരണപ്പെടുകയും ചെയ്ത ഒരു വ്യക്തിക്കുനേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പൊതു സമൂഹം ഒരിക്കലും ഇത് വിശ്വാസത്തിലെടുക്കുകയില്ലെന്ന് നേതാക്കള്‍ പറഞ്ഞു.

*****************************
റഊഫിന്റെ പ്രസ്താവനക്കെതിരെ പാണക്കാട് കുടുംബം
Published on Mon, 02/14/2011
http://www.madhyamam.com/news/47922/110214

മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ബന്ധപ്പെടുത്തി റഊഫ് നടത്തിയ പ്രസ്താവനക്കെതിരെ തങ്ങള്‍ കുടുംബം ഒറ്റക്കെട്ടായി രംഗത്ത്. പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതും അപകീര്‍ത്തികരവുമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദ സ്ഥാപനങ്ങളുടെ നബിദിന പരിപാടികളില്‍ പങ്കെടുക്കാന്‍ ആന്ധ്രയില്‍ എത്തിയ തങ്ങള്‍ ടെലിഫോണിലൂടെയാണ് പ്രതികരണം അറിയിച്ചത്.
മുസ്‌ലിംലീഗിന് പുറത്തുള്ളവര്‍ കാര്യലാഭങ്ങള്‍ക്കുവേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല. വ്യാജമായ തെളിവുകള്‍ നിര്‍മിച്ച് കുടുംബത്തെയും മുസ്‌ലിംലീഗ് നേതാക്കളെയും അപമാനിക്കാന്‍ ശ്രമിക്കുന്നത് ജനം തിരിച്ചറിയും.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ ഫലിക്കാതായപ്പോള്‍ എതിരാളികള്‍ മറ്റുമാര്‍ഗങ്ങള്‍ തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ സമൂഹം പൂര്‍ണമായി തള്ളിക്കളയുമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്ന റഊഫിനെയും ഇതിനുപിന്നിലുള്ള ദുരുദ്ദേശ്യങ്ങളെയും കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു വിധ സ്വാധീനങ്ങള്‍ക്കോ ഭീഷണികള്‍ക്കോ വഴങ്ങാത്ത വ്യക്തിയാണ് ശിഹാബ് തങ്ങളെന്ന് എല്ലാവര്‍ക്കും അറിയാം.
അദ്ദേഹത്തിന്റെ ജീവിതം തുറന്ന പുസ്തകമാണ്. ഇത്രയേറെ ആദരണീയനായ വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുക വഴി റഊഫിന്റെ ഉള്ളിലിരിപ്പ് കൃത്യമായി വെളിപ്പെട്ടിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഞങ്ങളുടെ കുടുംബത്തിനുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തത്ര സുദൃഢവും പഴക്കമുള്ളതുമാണ്. ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം സ്‌നേഹ ബഹുമാനം നിറഞ്ഞതും നിഷ്‌കളങ്കവുമായിരുന്നു. വ്യക്തിപരമായി അവര്‍ തമ്മിലുള്ള ബന്ധം മറ്റാരെക്കാളും ഞങ്ങള്‍ക്കൊക്കെ അറിയാവുന്നതാണ്. മുസ്്‌ലിംലീഗിനെ തകര്‍ക്കാന്‍ എതിരാളികള്‍ പല കാര്യങ്ങളും പല കാലങ്ങളിലും ചെയ്തു നോക്കിയിട്ടുണ്ട്. ഇപ്പോള്‍ സ്വീകരിച്ച മാര്‍ഗം ഏറ്റവും ഹീനമാണെന്നും തങ്ങള്‍ പറഞ്ഞു.

മരിച്ചുപോയ വന്ദ്യപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണ് റഊഫിന്റെ പ്രസ്താവനയെന്ന് മകന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്‌ലാമിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ലിബിയയില്‍ എത്തിയ തങ്ങള്‍ ടെലിഫോണിലൂടെയാണ് പ്രതികരിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കുടുംബവുമായി പാണക്കാട് കുടുംബത്തിന് പൂര്‍വികമായ ബന്ധമാണുള്ളത്. പിതാവിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്.
പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെടുത്തി റഊഫ് പറഞ്ഞതിനെ പൂര്‍ണമായി നിഷേധിക്കുന്നു. ബാപ്പ പറഞ്ഞത് അനുസരിക്കുക മാത്രമാണ് കുഞ്ഞാലിക്കുട്ടി എക്കാലത്തും ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട കാര്യം ഒരുകാലത്തും ഉണ്ടായിട്ടില്ല. റഊഫിനെ പോലുള്ളവരുടെ വാക്കുകള്‍ ജനം വിശ്വസിക്കില്ലെന്നും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

ശിഹാബ് തങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മകന്‍ ബശീറലി ശിഹാബ് തങ്ങളും വ്യക്തമാക്കി. ഇത് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്.
വന്ദ്യപിതാവിനെ അടുത്തറിയാന്‍ കഴിയാത്തയാള്‍ക്ക് എങ്ങനെയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കാന്‍ സാധിക്കുക. ജീവിച്ചിരിക്കെ പലതവണ പിതാവുമായി അടുക്കാന്‍ റഊഫ് ശ്രമം നടത്തിയിരുന്നുവെങ്കിലും അതിന് അവസരം നല്‍കിയിരുന്നില്ല. അവസാന നിമിഷം വരെ ഇയാളെ പിതാവ് അകറ്റിനിര്‍ത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.