Email This Email This

സ്നേഹത്തിന്റെ അറബീ ഭാഷ്യം

08 June 2008CE | 03 Jumada al-Thanni 1429AH

Print This Post Print This Post  Email This Email This   

1 Star2 Stars3 Stars4 Stars5 Stars (1 votes, average: 5 out of 5)
Loading ... Loading ...

Essay by Cherussery Zainudheen Musliyar
Praise of Prophet
Published by Asas Book Cell (ABC)
First Edition: May 2005/Rabee’ul Awwal 1426

പ്രവാചക പ്രകീര്‍ത്തനം
അസാസ്‌ ബുക്‌ സെല്‍

- ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍

മഹാനായ റസൂല്യെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും വളരെ പുണ്യമുള്ള കാര്യമാണ്‌. മഹാന്മാരായ സ്വഹാബത്തിന്റെ കാലം മുതല്‍ തന്നെ ഈ സല്‍കര്‍മം ലോകത്ത്‌ നിലനിന്നിരുന്നു. വിവിധ ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി രചിക്കപ്പെട്ടിട്ടുണ്ട്‌. അറബി ഭാഷയില്‍ ഇതുസംബന്ധമായി നിലവില്‍ വന്ന പ്രസിദ്ധമായ ചില സൃഷ്ടികളെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണിത്‌.

പ്രവാചക പ്രകീര്‍ത്തനങ്ങളുള്‍ക്കൊള്ളുന്ന മൌലിദുകളെയും മറ്റും എതിര്‍ക്കുന്ന ചില ഉല്‍പതിഷ്‌ണുക്കളെ നമുക്ക്‌ കാണാന്‍ കഴിയും. വാസ്തവത്തില്‍, ഇവര്‍ മഹാന്മാരായ സ്വഹാബത്തിന്റെ ജീവിതം വേണ്ടവിധം പരിശോധിക്കാത്തതാണ്‌ കുഴപ്പം. റസൂല്യെ പുകഴ്ത്തി കവിത പാടാറുണ്ടായിരുന്ന പ്രധാനപ്പെട്ട ചില സ്വഹാബികളുണ്ടായിരുന്നു. ഹസ്സാനുബ്‌നു സാബിത്‌(റ), അബ്ദുല്ലാഹിബ്‌നു റവാഹ(റ), കഅ്ബുബ്‌നു മാലിക്‌(റ) തുടങ്ങിയവര്‍ ചിലര്‍ മാത്രം.
ശാഇറു റസൂലില്ലാഹ്‌ (റസൂല്യുടെ കവി) എന്ന പേരിലായിരുന്നു ഹസ്സാന്‍(റ) അറിയപ്പെട്ടിരുന്നത്‌. ആഇശ ബീവി(റ) ഹസ്സാനുബ്‌നുസാബിത്‌(റ)വിന്റെ കവിത ഉദ്ധരിച്ചുകൊണ്ട്‌ പറയാറുണ്ടായിരുന്നു: ‘അല്ലാഹുവാണ്‌ സത്യം, റസൂല്‍ഫഅസ്സാന്‍(റ) പറഞ്ഞ പോലുള്ളവരായിരുന്നു.’

ഹസ്സാന്‍(റ) പറഞ്ഞതിപ്രകാരമാണ്‌:

‘അവിടത്തെ തിരുനെറ്റി അന്ധകാരനിബിഢമായ രാത്രിയില്‍ കത്തിജ്ജ്വലിക്കുന്ന ദീപം പോലെ തിളങ്ങുമായിരുന്നു. അവിടത്തെ കവച്ചുവെക്കാന്‍ കഴിഞ്ഞ കാലത്തോ ഭാവിയിലോ ആരുണ്ട്‌?!

റസൂല്‍ഫഅസ്സാന്‍(റ)വിനു വേണ്ടി പള്ളിയില്‍ പ്രത്യേക ഇരിപ്പിടം സജ്ജീകരിച്ചുകൊടുക്കാറുണ്ടായിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവിടന്ന്‌ ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: ‘നിശ്ചയം അല്ലാഹു ഹസ്സാനിനെ ജിബ്‌രീലിനെക്കൊണ്ട്‌ ശക്തിപ്പെടുത്തട്ടെ.’
ഹിജ്‌റ 40 നു മുമ്പ്‌ ഹസ്സാനുബ്‌നു സാബിത്‌(റ) വഫാത്തായി.
റസൂല്യെ പ്രകീര്‍ത്തിച്ച്‌ കവിത പാടിയ മറ്റൊരു സ്വഹാബിവര്യനാണ്‌ അബ്ദുല്ലാഹിബ്‌നു റവാഹ(റ). ഹിജ്‌റ 8-ാ‍ം വര്‍ഷം മുഅ്തത്ത്‌ യുദ്ധത്തില്‍ മഹാനവര്‍കള്‍ രക്തസാക്ഷിയായി. അദ്ദേഹം പാടുന്നു:

(അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയില്‍ ഞാന്‍ നന്മ ദര്‍ശിക്കുന്നു. അല്ലാഹു സത്യം, എന്റെ കണ്ണ്‌ എന്നെ വഞ്ചിച്ചിട്ടില്ല. അങ്ങ്‌ നബിയാണ്‌. അങ്ങയുടെ ശിപാര്‍ശ ലഭിക്കാത്തവന്‍ എത്ര ഭാഗ്യദോഷി! അങ്ങേക്ക്‌ നല്‍കിയ നന്മകള്‍ അല്ലാഹു നിലനിറുത്തട്ടെ. മൂസാ നബി സഹായിക്കപ്പെട്ട പോലെ അല്ലാഹു അങ്ങേക്കും സഹായം പ്രദാനം ചെയ്യട്ടെ.)

കഅ്ബ്‌നുബ്‌നു മാലിക്‌(റ)വും അനസ്ബ്‌നു സുനൈമിനിദ്ദെയിലി(റ)വും റസൂല്യെ പുകഴ്ത്തി കവിതകള്‍ പാടാറുണ്ടായിരുന്നു.
അബൂഥാലിബ്‌ പ്രവാചകന്യെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഇപ്രകാരം പാടി:

(അനാഥരുടെ ആശാകേന്ദ്രമാണ്‌ റസൂല്‍ വിധവള്‍ക്കാശ്വാസമാണ്‌. അങ്ങയെ മുന്‍നിറുത്തി മഴ തേടപ്പെടുന്നു.)
ഇമാം ബുഖാരി(റ) ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്‌.
റസൂലിനെ പ്രകീര്‍ത്തിച്ച്‌ പ്രസിദ്ധ സ്വഹാബിവര്യന്‍ സവാദുബ്‌നു ഖാരിബ്‌(റ) പാടിയ വരികള്‍ ചരിത്രപ്രസിദ്ധമാണ്‌. അതിലദ്ദേഹം പാടുന്നു:

(അല്ലാഹുവിന്റെ തിരുദൂതരേ, ഈ സവാദുബ്‌നു ഖാരിബിന്‌ അല്‍പം പോലും ആവശ്യപൂര്‍ത്തീകരണം നടത്താന്‍ ശിപാര്‍ശകരില്ലാത്ത സമയത്ത്‌ അങ്ങ്‌ എന്റെ ശിപാര്‍ശകരാവുക.) ഇങ്ങനെ ഏറെ ശ്രദ്ധേയമായ വരികളദ്ദേഹം ആലപിച്ചിട്ടുണ്ട്‌.

ബാനത്‌ സുആദ്‌

ഗ്രന്ഥരൂപത്തില്‍ ഇന്നും നമുക്കിടയില്‍ പ്രചാരത്തിലുള്ള മഹത്തായ പ്രവാചക പ്രകീര്‍ത്തനമാണ്‌ ബാനത്‌ സുആദ്‌. സ്വഹാബിവര്യനായ കഅ്ബ്‌നുബ്‌നു സുഹൈര്‍(റ) ആണ്‌ രചയിതാവ്‌. കഅ്ബും സഹോദരന്‍ ബുജൈറും റസൂല്യെ കാണാന്‍ പുറപ്പെട്ടു. വഴിമധ്യേ ബുജൈര്‍ കഅ്ബിനോട്‌ പറഞ്ഞു: നീ നമ്മുടെ ആടുകളെ ശ്രദ്ധിക്കാനായി ഇവിടെ നില്‍ക്കണം. ഞാന്‍ ആ മനുഷ്യന്റെ (റസൂല്യുടെ) അടുക്കല്‍ പോയി അദ്ദേഹം പറയുന്നത്‌ കേള്‍ക്കാം.
ബുജൈര്‍ റസൂല്യുടെ അടുക്കലെത്തുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. വാര്‍ത്തയറിഞ്ഞ കഅ്ബ്‌ സഹോദരനൊരു കത്തെഴുതി. കവിതാരൂപത്തിലുള്ള കത്തിന്റെ ഉള്ളടക്കം ഇപ്രകാരമാണ്‌:
‘സ്വന്തം മാതാവും പിതാവും സഹോദരനും സ്വീകരിക്കാത്ത മാര്‍ഗം പിന്‍പറ്റിയ ബുജൈറിന്‌ നാശം ഭവിക്കട്ടെ!’
വിവരമറിഞ്ഞ റസൂല്‍ പറഞ്ഞു: ‘കഅ്ബിനെ കണ്ടുമുട്ടുന്നവര്‍ അവനെ കൊന്നുകളയുക.’ അപ്പോള്‍ ബുജൈര്‍ കഅ്ബിനു വീണ്ടും കത്തെഴുതുകയും റസൂലിന്റെ മുമ്പില്‍ വന്ന്‌ ഇസ്ലാം സ്വീകരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം തിരുസവിധത്തില്‍ വന്നു പാടിയ കവിതയാണ്‌ ബാനത്‌ സുആദ്‌.

അറുപതോളം വരികളുള്‍ക്കൊള്ളുന്ന ഇതില്‍ താന്‍ ചെയ്തുപോയ അപരാധങ്ങള്‍ക്ക്‌ മാപ്പിരക്കുന്നതായി കാണാന്‍ കഴിയും. അദ്ദേഹം പാടുന്നു: ‘അല്ലാഹുവിന്റെ ദൂതര്‍ എനിക്കെതിരെ ഭീഷണി മുഴക്കിയതായി ഞാനറിയുന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ക്കു മുമ്പില്‍ മാപ്പ്‌ പ്രതീക്ഷിക്കപ്പെടാവുന്നതാണ്‌.

‘ഏഷണിക്കാര്‍ എനിക്കെതിരെ പറഞ്ഞു പരത്തുന്ന അപരാധങ്ങള്‍ കാരണം അങ്ങെന്നെ പിടിച്ച്‌ ശിക്ഷിക്കാതിരുന്നാലും…’
‘നിശ്ചയം അല്ലാഹുവിന്റെ പ്രവാചകന്‍ വെളിച്ചം സ്വീകരിക്കപ്പെടുന്ന പ്രകാശഗോപുരമാണ്‌. അല്ലാഹുവിന്റെ വാളുകളുടെ കൂട്ടത്തില്‍ മുന്തിയ വാളുമാണ്‌.’

ഈ വരികള്‍ കേട്ടപ്പോള്‍ അതിലെ സാഹിത്യഭംഗിയില്‍ സന്തുഷ്ടനായി തിരുനബിയവിടുത്തെ അനുചരന്മാരെ അത്ഭുതത്തോടെ നോക്കിയെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പാഞ്ഞുവരുന്ന ശത്രുക്കള്‍ക്കു മുമ്പിലും ധീരതയോടെ ഉറച്ചുനിന്ന സ്വഹാബത്തിന്റെ വിശേഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ്‌ കവിത അവസാനിക്കുന്നത്‌.

‘സ്വഹാബികള്‍ ധീരന്മാരാണ്‌. കുന്തമുനകളെ അവര്‍ക്ക്‌ പേടിയില്ല. ഭീരുത്വം കാരണം ഓടിക്കളയുകയില്ല. കഴുത്തിലാണ്‌ അവര്‍ക്ക്‌ വെട്ട്‌ കൊള്ളാറുള്ളത്‌. (പിന്തിരിഞ്ഞോടുന്നതുകാരണം പിരടിയില്‍ വെട്ടുകൊള്ളാറില്ലെന്ന്‌ സാരം.) മരണത്തെ അവര്‍ക്ക്‌ ഭയമില്ല.’

ബാനത്‌ സുആദിന്റെ വരികള്‍ ആലപിച്ച്‌ അവസാനിക്കുമ്പോഴേക്കും റസൂലദ്ദേഹത്തിനൊരു പുതപ്പ്‌ സമ്മാനിച്ചുവെന്ന്‌ ഹദീസില്‍ കാണാം. ഭയത്തോടെ കടന്നുവന്ന കഅ്ബ്‌ സന്തോഷത്തോടെയാണ്‌ മടങ്ങിപ്പോകുന്നത്‌. ബാനത്‌ സുആദ്‌ എന്ന ഒരൊറ്റ കവിതാ സമാഹാരത്തിലൂടെ അദ്ദേഹം ലോകശ്രദ്ധ നേടി.

അല്‍ഖസ്വീദത്തുല്‍ വിത്‌രിയ്യ

മുത്തുനബിയുടെ ലോകത്ത്‌ ഏറെ പ്രസിദ്ധമായ കാവ്യമാണ്‌ അല്‍ഖസ്വീദത്തുല്‍ വിത്‌രിയ്യ. പ്രവാചക പ്രേമത്തില്‍ ജീവിതം മുഴുവന്‍ ചെലവഴിക്കുകയും അതിനുവേണ്ടി എല്ലാം ത്യജിക്കുകയും ചെയ്ത മുഹമ്മദുബ്‌നു അബീബക്‌രിബ്നി റശീദില്‍ ബഗ്ദാദി(റ)യാണ്‌ ഇതിന്റെ രചയിതാവ്‌. ഹിജ്‌റ 662 ലാണ്‌ താന്‍ വഫാത്തായത്‌. ‘അല്‍വിത്‌രിയ്യ ഫീ മധി ഖൈരില്‍ ബരിയ്യ’ എന്നാണ്‌ കൃതിയുടെ മുഴുവന്‍ പേര്‌.
അറബിയിലെ ഓരോ അക്ഷരം കൊണ്ട്‌ തുടങ്ങുന്ന 28 ഖാഫിയ അടങ്ങിയതാണ്‌ ഈ ഗ്രന്ഥം.

(അത്യുന്നതങ്ങള്‍ ആര്‍ക്കു വേണ്ടി സംവിധാനിക്കപ്പെട്ടുവോ അവിടത്തേക്ക്‌ ആകാശഭൂമികള്‍ നിറക്കുന്ന രക്ഷക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു) എന്ന വരിയോടെയാണ്‌ തുടക്കം.

അര്‍ശും കുര്‍സിയ്യും റസൂല്യുടെ പ്രകാശത്താല്‍ ജാജ്ജ്വല്യമാനമായതായി അദ്ദേഹം രേഖപ്പെടുത്തുന്നു. തുരുമ്പു പിടിച്ച ഹൃദയങ്ങളെ സ്ഫുടം ചെയ്യുന്നത്‌ പ്രവാചക സ്നേഹമാണ്‌.
കവി തന്റെ മനോവിഷമം വായനക്കാരുമായി പങ്കുവെക്കുന്നു. ‘ഇല്ല, എനിക്ക്‌ ക്ഷമിക്കാന്‍ സാധ്യമല്ല. സൂര്യനെ കവച്ചുവെക്കുന്ന സുന്ദര മുഖമുള്ള തിരുമേനിയോടുള്ള എന്റെ പ്രേമം വര്‍ധിച്ചിരിക്കുന്നു.’ രക്ഷക്ക്‌ അങ്ങ്‌ മാത്രേയുള്ളൂവെന്ന്‌ കവി തെര്യപ്പെടുത്തുന്നു. അവിടത്തെ ശഫാഅത്തിലാണല്ലോ കവിയോടൊപ്പം നമ്മുടെയും പ്രതീക്ഷ.

റസൂല്യോട്‌ തന്റെ ആവലാതി ബോധിപ്പിച്ച്‌ കവി പറയുന്നു: ‘അശരണനായി, ദരിദ്രനായി, നിന്ദ്യനായാണ്‌ അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങയിലേക്ക്‌ ഞാന്‍ ഓടി വന്നിരിക്കുന്നത്‌. ജീവിതം മുഴുവന്‍ പാപത്തിലായി ജീവിച്ചാലും അങ്ങയെ പുകഴ്ത്തിയതു കാരണം എന്റെ പാപം പൊറുക്കപ്പെടുമെന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌. അവിടത്തെ സന്ദര്‍ശിക്കാതെ ഭൌതിക ജീവിതത്തിനെന്തു രസം! അങ്ങയെ കാണാത്തതില്‍ നോവുന്ന ഹൃദയത്തോടെ ജീവിക്കാന്‍ വല്ല സുഖവുമുണ്ടോ?!’

മദീനയിലെത്താന്‍ പറ്റാത്തതിലുള്ള വേദനയും ദുഃഖവും കവി വ്രണിത ഹൃദയത്തോടെ പങ്കുവെക്കുന്നു. കിഴക്കന്‍ കാറ്റിനെ നോക്കി അദ്ദേഹം പറയുന്നു: ‘അല്ലയോ കിഴക്കന്‍ കാറ്റേ, മുഹമ്മദ്‌യുടെ ഖബ്‌റിലൂടെ അടിച്ചുവീശി ആ സുഗന്ധം എനിക്കെത്തിച്ചുതരിക.’

റസൂല്യുടെ തിരുറൌള സന്ദര്‍ശിക്കാന്‍ മാത്രം താന്‍ അര്‍ഹനാണോ എന്നദ്ദേഹം സംശയിക്കുന്നു; ചെയ്തുപോയ പാപഭാരം പേറി എങ്ങനെ തിരുമേനിയുടെ മുമ്പില്‍ ഹാജറാകും?
‘ഞാന്‍ പാപിയാണ്‌. നബിതിരുമേനിയെ ഞാനെങ്ങനെ ദര്‍ശിക്കും… ഹബീബിനെ പുകഴ്ത്തിയതു കാരണം അല്ലാഹു എനിക്ക്‌ മാപ്പ്‌ നല്‍കിയേക്കാം.’

പ്രവാചക പ്രേമികള്‍ക്ക്‌ ഭക്ഷണം വേണ്ട; ഭൌതിക സുഖം അവര്‍ക്ക്‌ വിഷയമേ അല്ല.
‘സത്യവിശ്വാസികളുടെ ഭക്ഷണവും പാഥേയവും പ്രവാചക പ്രകീര്‍ത്തനമാണ്‌. അത്‌ ഭക്ഷണത്തേക്കാളും ഉന്നതമാണ്‌.’

തിരുമേനിയുടെ ഖബൃ ശരീഫ്‌ സന്ദര്‍ശിക്കാന്‍ സാധിക്കാത്തതില്‍ നൊന്തുകൊണ്ടദ്ദേഹം വിലപിക്കുന്നു: ‘അവിടത്തെ ഖബൃ ചുംബിച്ചുകൊണ്ട്‌ എന്റെ വ്യഥയും വേപഥുവും എന്നാണ്‌ ശമിക്കുക! ആ തിരുമണ്ണില്‍ കവിളുരക്കാന്‍ എന്നാണെനിക്ക്‌ കഴിയുക!’
ഖസ്വീദ അവസാനിക്കുന്നതിങ്ങനെയാണ്‌:

(മുഹമ്മദ്‌ നബിയുടെ ഖബൃ സന്ദര്‍ശിക്കാനുള്ള ആഗ്രഹം എന്നെ ഇളക്കിവിടുന്നു. ചെയ്തുപോയ പാപങ്ങളാണ്‌ എന്നെ അതില്‍ നിന്ന്‌ പിന്തിരിപ്പിക്കുന്നത്‌. അല്ലാഹു സത്യം, എന്റെ ഹൃദയം അവിടത്തെ സ്നേഹിക്കുന്നു. മരണത്തിലും ജീവിതത്തിലും അതാണെന്റെ പ്രതീക്ഷയും.)

ബുര്‍ദ

പ്രവാചക പ്രകീര്‍ത്തനത്തില്‍ കേളി കേട്ട മറ്റൊരു കാവ്യമാണ്‌ ‘ഖസ്വീദതുല്‍ ബുര്‍ദാഅ്‌’ എന്ന ബുര്‍ദ. ഇമാം ബൂസ്വീരി(റ) ആണ്‌ രചയിതാവ്‌. മുഹമ്മദുബ്‌നു സഅ്ദുബ്‌നു ഹമ്മാദ്‌ അദ്ദലാസ്വി അല്‍ബൂസ്വീരി എന്നാണ്‌ പൂര്‍ണ നാമം. ഹിജ്‌റ 608 ല്‍ ജനിച്ച്‌ 696 ല്‍ വഫാത്തായി.

160 ഓളം വരികളുള്ള ബുര്‍ദ പ്രവാചക പ്രകീര്‍ത്തന മേഖലയില്‍ വിരചിതമായ കാവ്യങ്ങളില്‍ അതുല്യമാണ്‌. ഇമാം ബൂസ്വീരി(റ)ക്ക്‌ പക്ഷാഘാതം പിടിപെട്ട്‌ ശരീരത്തിന്റെ പകുതി ഭാഗം പ്രവര്‍ത്തനരഹിതമായി. ഡോക്ടര്‍മാര്‍ കൈയൊഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പ്രവാചക പ്രകീര്‍ത്തനത്തില്‍ ഒരു കാവ്യമെഴുതാന്‍ തീരുമാനിച്ചത്‌. എഴുതിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം സ്വപ്നം കണ്ടു. തിരുമേനിയവിടത്തെ തൃക്കരങ്ങള്‍ കൊണ്ട്‌ ബൂസ്വീരി(റ)യുടെ ശരീരം തടവുന്നു. അങ്ങനെ താന്‍ രോഗവിമുക്തനായി. ബുരുദ്ദാഅ്‌ (രോഗശമനം) എന്ന പേര്‌ ഇങ്ങനെയാണ്‌ ഈ കാവ്യത്തിന്‌ ലഭിച്ചത്‌. സ്വപ്നത്തില്‍ റസൂലൊരു പുതപ്പില്‍ അദ്ദേഹത്തെ മൂടിയെന്ന്‌ ഇബ്‌റാഹീമുല്‍ ബാജൂരി(റ) പറയുന്നുണ്ട്‌. തന്മൂലം പുതപ്പ്‌ എന്നര്‍ഥം വരുന്ന ‘ബുര്‍ദ’ എന്ന പേരിലാണ്‌ ഈ ഗ്രന്ഥം പ്രസിദ്ധമായത്‌.

സജലങ്ങളായ കണ്ണുകളോടെ തന്റെ ശരീരത്തോട്‌ ചില ചോദ്യങ്ങള്‍ ചോദിച്ചാണ്‌ കവിത ആരംഭിക്കുന്നത്‌. ‘ദീ സലം നിവാസികളെ (ദീ സലം-മക്കയുടെയും മദീനയുടെയും ഇടയിലുള്ള ഒരു സ്ഥലം) ഓര്‍ത്തതുകൊണ്ടാണോ നിന്റെ കണ്‍തടങ്ങളില്‍ നിന്ന്‌ രക്തം കലര്‍ന്ന കണ്ണുനീരൊലിക്കുന്നത്‌? അതോ, കാദിമയുടെ ഭാഗത്തു നിന്ന്‌ വല്ല കാറ്റുമടിച്ചോ? അതോ, ഇദം താഴ്‌വരയില്‍ നിന്ന്‌ കൂരിരുട്ടില്‍ മിന്നെറിഞ്ഞോ?’
‘നിന്റെ രണ്ട്‌ കണ്ണുകള്‍ക്കെന്തു പറ്റി? അവയോട്‌ നിറുത്താന്‍ പറയുമ്പോള്‍ ധാരധാരയായി ഒഴുകുന്നു! നിന്റെ ഹൃദയത്തിനെന്തു പറ്റി? പ്രേമത്തില്‍ നിന്നുണരാന്‍ പറയുമ്പോള്‍ അത്‌ പ്രേമത്തില്‍ മുങ്ങുന്നു!

വിവിധ ചോദ്യങ്ങള്‍ക്കു ശേഷം കവി തന്നെ മറുപടി കണ്ടെത്തുന്നു:

(അതെ, പ്രേമഭാജനത്തെക്കുറിച്ചുള്ള ചിന്ത എന്നിലേക്ക്‌ കടന്നുവരികയും ഉറക്കം കെടുത്തുകയും ചെയ്തിരിക്കുന്നു. അനുരാഗം മുഴുവന്‍ സുഖങ്ങളെയും തട്ടിമാറ്റിയിരിക്കുന്നു.)
തീവ്രപ്രേമത്തില്‍ തന്നെ ആക്ഷേപിക്കുന്നവരോട്‌ ക്ഷമ ചോദിച്ചുകൊണ്ട്‌ കവി പറയുന്നു: ‘നിയന്ത്രിക്കാനാവാത്ത പ്രേമത്തില്‍ എന്നെ ആക്ഷേപിക്കുന്ന മനുഷ്യാ, ഞാന്‍ നിനക്കു മുന്നില്‍ കാരണം ബോധിപ്പിക്കുന്നു. നീതിയുക്തമായി നീ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എന്നെ ആക്ഷേപിക്കുമായിരുന്നില്ല.

പ്രവാചക തിരുമേനിയുടെ ചര്യ പൂര്‍ണമായും മുറുകെ പിടിക്കാന്‍ കഴിയാത്തതില്‍ കവി ഖേദം പ്രകടിപ്പിക്കുന്നതായും കാണാം: ‘നീരു കെട്ടി വീര്‍ത്തതു കാരണം പാദങ്ങള്‍ പോലും ആവലാതി പറയുംവിധം രാത്രി മുഴുവന്‍ (ആരാധനകള്‍ കൊണ്ട്‌) ജീവിപ്പിച്ച തിരുമേനിയുടെ ചര്യയോട്‌ ഞാന്‍ എതിര്‌ പ്രവര്‍ത്തിച്ചിരിക്കുന്നു.

ലോകത്തു കഴിഞ്ഞുപോയ പ്രവാചകന്മാര്‍ മുഴുവനും ജ്ഞാനം സ്വീകരിക്കുന്നത്‌ വിജ്ഞാനത്തിന്റെ കരകാണാകടലായ തിരുനബിയില്‍ നിന്നാണെന്നാണ്‌ കവിയുടെ പക്ഷം.
ഗുണമായ എന്ത്‌ വിശേഷണവും അവിടത്തേക്ക്‌ യോജിക്കും. അവിടത്തെ വിശേഷണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്നതല്ല. അവിടത്തെ യഥാര്‍ഥ രൂപം ദര്‍ശിക്കാനുള്ള ശക്തി നമ്മുടെ കണ്ണുകള്‍ക്കില്ല. വാനലോകത്ത്‌ കത്തിജ്ജ്വലിക്കുന്ന സൂര്യനെ അടുത്തു നിന്ന്‌ നോക്കുന്ന പോലെ.

കവിത അവസാനിപ്പിക്കുന്നതിനു മുമ്പ്‌ തിരുമേനിയെ അഭിസംബോധന ചെയ്തുകൊണ്ട്‌ കവി പറയുന്നു: ‘സൃഷ്ടികളില്‍ അത്യുത്തമരേ, അന്ത്യനാളില്‍ അങ്ങല്ലാതെ എനിക്കൊരു രക്ഷാകേന്ദ്രവുമില്ല.

ലൌഹും ഖലമും ഉള്‍ക്കൊള്ളുന്ന വിജ്ഞാനീയങ്ങള്‍ തിരുനബിയുടെ വിജ്ഞാനത്തില്‍ നിന്നൊരു ഭാഗം മാത്രമാണെന്ന്‌ കവി നമ്മെ തെര്യപ്പെടുത്തുന്നു. റസൂല്യുടെ അദൃശ്യജ്ഞാനത്തെ ചോദ്യം ചെയ്യുന്ന നവീന വാദികള്‍ക്കൊരു താക്കീതാണ്‌ ബുര്‍ദ. തിരുനബിയുടെ മേല്‍ സ്വലാത്തുകളുടെ ചാറല്‍വര്‍ഷം നടത്താന്‍ അല്ലാഹുവിനോട്‌ ഇമാം ബൂസ്വീരി(റ) പ്രാര്‍ഥിക്കുന്നു. കവിത അവസാനിക്കുമ്പോഴേക്കും വായനക്കാരന്റെ മനസ്സ്‌ കവിയോടൊപ്പം പറന്നുപോകുന്നു.

പ്രവാചകപ്രേമം! അതുതന്നെയാണൊരു മുസല്‍മാന്റെ ലക്ഷ്യം. അവിടത്തെ ശിപാര്‍ശയില്ലാതെ പരലോകത്ത്‌ രക്ഷ നേടാമെന്ന്‌ വ്യാമോഹിക്കുന്നത്‌ തനി വിഡ്ഢിത്തം.

അല്‍ഖസ്വീദത്തുന്നുഅ്മാനിയ്യ

പ്രസിദ്ധ പണ്ഡിതനും നാല്‌ മധബുകളുടെ ഇമാമുകളുടെ കൂട്ടത്തില്‍ പ്രധാനിയുമായ അബൂഹനീഫത്തുല്‍ കൂഫീ(റ)വിന്റെ അല്‍ഖസ്വീദത്തുന്നുഅ്മാനിയ്യ പ്രവാചക പ്രകീര്‍ത്തനത്തില്‍ അറിയപ്പെട്ട കൃതിയാണ്‌.
നബിതിരുമേനിയെ അഭിസംബോധന ചെയ്തുകൊണ്ട്‌ അദ്ദേഹം പറയുന്നു: ‘നേതാക്കളുടെ നേതാവേ, പ്രതീക്ഷയോടെയാണ്‌ അങ്ങിലേക്ക്‌ ഞാന്‍ വന്നിരിക്കുന്നത്‌. അങ്ങയുടെ തൃപ്തി, അങ്ങയുടെ സംരക്ഷണം ഇവയാണ്‌ ഞാനാഗ്രഹിക്കുന്നത്‌. അല്ലാഹു സത്യം, സൃഷ്ടികളില്‍ ഉത്തമരായവരേ, അങ്ങല്ലാതെ മറ്റാരെയും കൊതിക്കാത്ത ഒരു ഹൃദയം എനിക്കുണ്ട്‌… അങ്ങയുടെ ഔദാര്യമാണ്‌ ഞാന്‍ കൊതിക്കുന്നത്‌. അബൂഹനീഫക്ക്‌ അങ്ങല്ലാതെ സൃഷ്ടികളില്‍ മറ്റാരുണ്ട്‌?!

അമ്പതിലേറെ കവിതകള്‍ ഈ രൂപത്തില്‍ അദ്ദേഹം പാടിയിട്ടുണ്ടെന്ന്‌ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

അല്‍ഖസ്വീദതുല്‍ഹംസിയ്യ

ഇമാം ബൂസ്വീരി(റ)യുടെ മറ്റൊരു പ്രവാചക പ്രകീര്‍ത്തന കാവ്യമാണ്‌ അല്‍ഖസ്വീദത്തുല്‍ ഹംസിയ്യ ഫില്‍ മദാഇഹിന്നബവിയ്യ. എല്ലാ വരികളും ‘ഹംസ’യെന്ന അക്ഷരത്തില്‍ അവസാനിക്കുന്നതിനാലാണ്‌ ഇതിന്‌ ഹംസിയ്യ എന്ന്‌ പേര്‌ ലഭിച്ചത്‌. 450 ഓളം കവിതകളുള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം പ്രവാചക പ്രേമത്തിന്റെ വിവിധ വശങ്ങളെ സ്പര്‍ശിക്കുന്നു. ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത മഹോന്നത പദവിയില്‍ വിരാജിക്കുന്ന ലോകൈക ഗുരുവാണ്‌ നബിതിരുമേനീന്ന്‌ ഖസ്വീദ വിളിച്ചുപറയുന്നു.

നഖസ്വീദ തുടങ്ങുന്നതിങ്ങനെയാണ്‌:

നബിതിരുമേനിയുടെ മഹോന്നത പദവി മറ്റു അമ്പിയാക്കള്‍ക്ക്‌ കരസ്ഥമാക്കാന്‍ സാധ്യമല്ലെന്നാണ്‌ ഈ കവിത ഉദ്ഘോഷിക്കുന്നത്‌. അവിടന്ന്‌ ആകാശമാണ്‌. അവിടത്തെ കവച്ചുവെക്കാന്‍ മറ്റാര്‍ക്കും സാധ്യമല്ല. എല്ലാ വിശേഷണങ്ങളുടെയും ഉറവിടമാണ്‌ അവിടന്ന്‌. അവിടത്തെ പ്രകാശത്തില്‍ നിന്നാണ്‌ മറ്റു പ്രകാശങ്ങള്‍ പ്രഭ സ്വീകരിക്കുന്നത്‌.

ശേഷം അവിടത്തെ ജനനവും തുടര്‍ന്നുണ്ടായ അത്ഭുത സംഭവങ്ങളും ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നു. കവി ഒരു പൊതുതത്ത്വത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. അഥവാ, റസൂലിളംപ്രായത്തില്‍ തന്നെ ആരാധനയും ഏകാന്തവാസവും പതിവാക്കിയിരുന്നുപോല്‍. (ഹിദായത്ത്‌ യഥാര്‍ഥ രൂപത്തില്‍ ലഭിച്ചവര്‍ക്ക്‌ ആരാധനയില്‍ അതിയായ താല്‍പര്യമുണ്ടാകും.)

അലസത കാരണം ആരാധനകളുടെ രസമനുഭവിക്കാന്‍ കഴിയാത്ത നമ്മുടെ ഹൃദയത്തില്‍ യഥാര്‍ഥ ഹിദായത്തുണ്ടോ എന്ന്‌ ഈ കവിത നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു.

ശേഷം അവിടത്തെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ മനോഹരമായ രൂപത്തില്‍ അയവിറക്കുന്നു. സാഹിത്യസംരാട്ടുകളായിരുന്ന അറബികള്‍ക്ക്‌ അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ നിര്‍ജീവ വസ്തുക്കള്‍ വരെ ഉള്‍ക്കൊണ്ടുവെന്ന്‌ കവി അത്ഭുതം കൂറുന്നു. ബുദ്ധിയുള്ള മനുഷ്യന്‌ അവിടുത്തെ അംഗീകരിക്കാന്‍ കഴിയാത്തത്‌ സഹതാപത്തോടെയാണ്‌ ഇമാം ബൂസ്വീരി(റ) നോക്കിക്കാണുന്നത്‌.

(ഉടുമ്പുകളും മാന്‍പേടകളും വരെ ഇഷ്ടം വെച്ച തിരുമേനിയെ അതേ ഭൂമിയില്‍ വെച്ച്‌ ബുദ്ധിമുട്ടിച്ച സമുദായം നശിച്ചുപോകട്ടെ!)
റസൂലുല്ലാഹിയുടെ ജീവിതത്തില്‍ സംഭവിച്ച വിവിധ അമാനുഷികതകള്‍ ഹൃദയഹാരിയായി അവതരിപ്പിക്കാന്‍ കവിക്കായിട്ടുണ്ട്‌. ഊരിപ്പിടിച്ച വാളുമായി അവിടത്തെ സമീപിച്ചവര്‍ അവിടത്തെ വധിച്ചുകളയാന്‍ തീരുമാനിച്ചു. പക്ഷേ, വാളിനേക്കാളും കടുത്തുപോയിരുന്നു അവരുടെ ഹൃദയമെന്ന തിരിച്ചറിവാണ്‌ അവര്‍ക്കുണ്ടായത്‌.
വിശാല ജ്ഞാനവും ക്ഷമാശീലവുമുടയവരാണ്‌ നബി ???ൌന്ദര്യത്തില്‍ അവിടുത്തെ കവച്ചുവെക്കാന്‍ ആരുണ്ട്‌?

(പ്രഭാതം വന്നാല്‍ പിന്നെ നക്ഷത്രത്തിനെന്തു പ്രഭ! നേരം പുലര്‍ന്നാല്‍ പിന്നെ അന്ധകാരം ശേഷിക്കുമോ?)
നബിയുടെ പരിശുദ്ധ വദനം കാണാനുള്ള ആഗ്രഹം ബൂസ്വീരി (റ) മുന്നോട്ടുവെക്കുന്നു.
(ആ തിരുവദനം കാണാന്‍ എനിക്ക്‌ ഭാഗ്യം ലഭിച്ചിരുന്നെങ്കില്‍. കാണുന്ന ആരുടെയും പരാജയാവസ്ഥ നീങ്ങിപ്പോകുന്ന പരിശുദ്ധ മുഖമാണത്‌.)

തിരുനബിയുടെ നെറ്റിത്തടത്തില്‍ ഉഹുദ്‌ യുദ്ധത്തില്‍ മുറിവേറ്റതിന്റെ പാടുണ്ടായിരുന്നു. ബൂസ്വീരി(റ) മനോഹരമായി അതിനെ വിശേഷിപ്പിക്കുന്നു: ആ പാട്‌ ഒരിക്കലും അവിടത്തെ തിരുനെറ്റിയില്‍ അഭംഗിയായിരുന്നില്ല. മറിച്ച്‌ അത്‌ അവിടത്തെ ഭംഗിയുടെ മാറ്റ്‌ കൂട്ടുകയാണുണ്ടായത്‌. തിരുനബിു‍ള്ളും പുറവും ഭംഗിയുള്ളവരായിരുന്നു. മുറിവേറ്റപ്പോള്‍ ഉള്ളിലെ ഭംഗി പുറത്തേക്ക്‌ വരികയുണ്ടായി; പൂമൊട്ടില്‍ നിന്ന്‌ പുഷ്പം പുറത്തേക്ക്‌ വരുന്നതുപോലെ!

അവിടത്തെ ഹസ്തം ചുംബിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹവും കവി പ്രകടിപ്പിക്കുന്നുണ്ട്‌. തീവ്രപ്രേമത്തിലെത്തുമ്പോള്‍ ബൂസ്വീരി(റ) ആഗ്രഹിച്ചുപോകുന്നു: ‘ആ തൃപ്പാദങ്ങളില്‍ നിന്ന്‌ വേര്‍പ്പെട്ട മണ്ണ്‌ ചുംബിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നുവെങ്കില്‍…’

അവസാനം നബിയുടെ മേല്‍ വിവിധ ശെയിലിയില്‍ സ്വലാത്തും സലാമും ചൊല്ലി കവിതയവസാനിപ്പിക്കുന്നു: ‘അണ മുറിയാത്ത സലാം അങ്ങയുടെ മേലുണ്ടാവട്ടെ. അങ്ങയുടെ ഭാഗത്തു നിന്നുള്ള സലാമും അങ്ങേക്കുണ്ടാകട്ടെ. ലോകത്തുള്ള മുഴുവന്‍ സൃഷ്ടികളുടെയും ഭാഗത്തുനിന്നുള്ള സലാം അങ്ങയുടെ മേല്‍ സദാ ഉണ്ടാകട്ടെ.’
അവസാന വരികള്‍ ഇപ്രകാരമാണ്‌:

സ്തുതികീര്‍ത്തനങ്ങള്‍ ഒരു കാണിക്കയായി കവി അവതരിപ്പിക്കുന്നു. ലോകം നിലനില്‍ക്കുന്ന കാലത്തോളം, ആരാധനകള്‍ നിലനിറുത്തപ്പെടുന്ന കാലത്തോളം അഥവാ കാലാകാലം അവിടത്തേക്ക്‌ രക്ഷയുണ്ടാകാന്‍ പ്രാര്‍ഥിച്ചുകൊണ്ട്‌ കവിത അവസാനിക്കുന്നു.

അല്ലഫല്‍ അലിഫ്‌

പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അല്ലഫല്‍ അലിഫ്‌ എന്ന കാവ്യം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല. അത്രയും സ്ഥാനമര്‍ഹിക്കുന്നതാണത്‌.
ഹിജ്‌റ 1153 ല്‍ ജനിച്ച്‌ 1216 ല്‍ ഇഹലോകവാസം വെടിഞ്ഞ പ്രസിദ്ധ സ്വൂഫീവര്യന്‍ ഉമറുല്‍ ഖാഹിരിയാണ്‌ രചയിതാവ്‌. തമിഴ്നാട്ടിലെ കായല്‍പട്ടണത്തുകാരനായ ഇദ്ദേഹം കിടയറ്റ പണ്ഡിതനും പ്രവാചക പ്രേമിയുമായിരുന്നു.
ഹജ്ജിനു പോയ വേളയില്‍ ലോകൈക ഗുരു നബിതിരുമേനിയെ സന്ദര്‍ശിക്കാനും മദീനയിലെ അസ്സയ്യിദുല്‍ മുഹ്സിന്‍ എന്ന സ്വൂഫിവര്യനില്‍ നിന്ന്‌ ആത്മിക ശിക്ഷണം നേടാനും ഉമറുല്‍ ഖാഹിരിക്ക്‌ കഴിഞ്ഞു. ബഹുമാനപ്പെട്ടവരുടെ ഉപദേശമനുസരിച്ച്‌ അദ്ദേഹം അഞ്ചു വര്‍ഷത്തോളം മദീനയിലെ മദ്‌റസയില്‍ ജോലി ചെയ്യുകയും പിന്നീട്‌ നാട്ടിലേക്ക്‌ തിരിച്ചുവരികയും ചെയ്തു.

31 വരികളുള്‍ക്കൊള്ളുന്ന ഈ പ്രകീര്‍ത്തനത്തിന്റെ വശ്യത ആരെയും ആകര്‍ഷിക്കുന്നതാണ്‌. അറബിയിലെ മുഴുവന്‍ അക്ഷരങ്ങളും വിവിധ രൂപത്തില്‍ കോര്‍ത്തിണക്കിയാണ്‌ കവിത എഴുതിയിട്ടുള്ളത്‌.

കവിത തുടങ്ങുന്നതിങ്ങനെ:

ഉന്നതങ്ങള്‍ താണ്ടിയ നബിതിരുമേനിയുടെ പ്രകീര്‍ത്തനം ‘അലിഫ്‌’ രചിച്ചുവെന്നാണ്‌ ഇവിടെ പറയുന്നത്‌. തന്നെക്കുറിച്ചാണ്‌ കവി അലിഫ്‌ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. അലിഫ്‌ എന്ന അക്ഷരം പോലെ ബലഹീനനാണ്‌ താനെന്നും റസൂലുല്ലാഹിയുടെ സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കാന്‍ മാത്രം അര്‍ഹത തനിക്കില്ലെന്നും കവി ഇതിലൂടെ വ്യംഗ്യമായി സൂചിപ്പിക്കുന്നു.

തിരുമേനിയെ വിശേഷിപ്പിക്കാന്‍ അവിടത്തെ ജന്മത്തിനു മുമ്പു മുതല്‍ ഇന്നേവരെ കോടിക്കണക്കിനാളുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്‌. എന്നിട്ടും എല്ലാവരും അവസാനം തുറന്നു സമ്മതിച്ചു: ‘അവിടന്ന്‌ കരകാണാകടലാണ്‌. അവിടത്തെ പൂര്‍ണരൂപത്തില്‍ വിശേഷിപ്പിക്കുക അസാധ്യം!’
അല്ലഫല്‍ അലിഫിലെ വരികള്‍ ശ്രദ്ധിക്കുക:

അവിടത്തെ വിശേഷണങ്ങളില്‍ പത്തിലൊന്നു പോലും പറഞ്ഞുതീര്‍ക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌.
മദീനയില്‍ ചെന്നപ്പോള്‍ താന്‍ അമ്പരന്നുപോയ സംഭവം കവി അനുസ്മരിക്കുന്നു:

വാദിന്നഖ(ഹിജാസിലെ ഒരു സ്ഥലം)യില്‍ ഞാന്‍ ചെന്നപ്പോള്‍ എന്റെ ഹൃദയം അമ്പരന്നുപോയി. തിരുമേനിയുടെ റൌളാശരീഫ്‌ സന്ദര്‍ശിക്കാന്‍ അടുക്കുംതോറും അവിടുത്തോടുള്ള തീവ്രപ്രേമം ഒഴിച്ചുനിറുത്താന്‍ സാധിച്ചില്ല എന്ന്‌ കവി സൂചിപ്പിക്കുന്നു.

പ്രവാചക സ്നേഹം ഒരു വിത്തുപോലെയാണ്‌. ആ വിത്ത്‌ ഹൃദയത്തിനുള്ളില്‍ മുളക്കുകയും വടവൃക്ഷമായും വിവിധ ശിഖിരങ്ങളായും വ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതാണ്‌ കവി സൂചിപ്പിക്കുന്നത്‌:

നബിതിരുമേനിയുടെ തിരുറൌള സന്ദര്‍ശിക്കാന്‍ വിശ്വാസികളോട്‌ ആഹ്വാനം ചെയ്തുകൊണ്ട്‌ ഉമറുല്‍ ഖാഹിരി എഴുതുന്നു:

ഇങ്ങനെ വശ്യമായ ശെയിലിയില്‍ വിരചിതമായ 31 കവിതകള്‍ വിവിധ ആത്മിക വശങ്ങളിലേക്കു കൂടി വിരല്‍ ചൂണ്ടുന്നു. ഒരു സ്വൂഫീകാവ്യമായാണ്‌ അല്ലഫല്‍ അലിഫ്‌ അറിയപ്പെടുന്നത്‌.

ഇതര പ്രവാചക പ്രകീര്‍ത്തനങ്ങള്‍

മേല്‍പറയപ്പെട്ടവക്കു പുറമെ അറബിസാഹിത്യത്തില്‍ വേറെയും ഒരുപാട്‌ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ വെളിച്ചം കണ്ടിട്ടുണ്ട്‌. ഇതുവരെ പറഞ്ഞവയില്‍ മിക്കവയും എ.ഡി. 15, 16 നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ രചിക്കപ്പെട്ടവയാണ്‌. എന്നാല്‍ കഴിഞ്ഞ ഒന്നു രണ്ടു നൂറ്റാണ്ടുകളിലായി വിരചിതമായ പ്രധാന പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളില്‍ മുഖ്യമായവയുടെ പേരുവിവരം മാത്രം ഇവിടെ കുറിക്കാം.

ഹറമിലെ ഇമാമായിരുന്ന പ്രശസ്ത പണ്ഡിതന്‍ ഇമാം യൂസുഫുന്നഭാനി എഴുതിയ റാഇയ്യത്തുല്‍ കുബ്‌റാ വളരെ പ്രശസ്തമാണ്‌. 500 ല്‍ പരം വരികളുള്ള ഈ കവിതാസമാഹാരത്തിലെ എല്ലാ വരികളും അവസാനിക്കുന്നത്‌ ‘റാഅ്‌’ എന്ന അക്ഷരത്തിലാണ്‌. അതുകൊണ്ടാണ്‌ റാഇയ്യത്ത്‌ എന്ന്‌ പേരുവന്നത്‌. മതപരിഷ്കരണവാദികളായി രംഗത്തെത്തിയിരുന്ന ജമാലുദ്ദീന്‍ അഫ്ഗാനി, റശീദ്‌ രിളാ, മുഹമ്മദ്‌ അബ്ദു തുടങ്ങിയവരെ വിമര്‍ശിച്ചെഴുതിയ ‘റാഇ’ല്‍ തന്നെ അവസാനിക്കുന്ന ഒരു ലഘുകൃതി തനിക്കുതന്നെ ഉണ്ടായതുകൊണ്ടാണ്‌ ഈ പ്രവാചക പ്രകീര്‍ത്തന കാവ്യം റാഇയ്യത്തുല്‍ കുബ്‌റാ എന്നറിയപ്പെടുന്നത്‌.

അബ്ദുര്‍റസാഖ്‌ ഖന്‍സ്വര്‍ എഴുതിയ ബുസ്താനുല്‍ അഷാര്‍ ഫീ മധി ഥാഹല്‍ മുഖ്താര്‍ എന്ന കൃതിയും ഈ ശ്രേണിയില്‍ വളരെ പ്രസിദ്ധമാണ്‌. 262 വരികളുണ്ട്‌. എല്ലാം പ്രവാചക സ്നേഹത്താല്‍ തുളുമ്പുന്നവയാണ്‌.

മുമ്പ്‌ പ്രതിപാദിച്ച ഇമാം ബൂസ്വീരി(റ)യുടെ ബുര്‍ദയുടെ അതേ രൂപത്തില്‍ പ്രവാചക സ്തുതികീര്‍ത്തനങ്ങള്‍ എഴുതാന്‍, കഴിഞ്ഞ ഒന്നു രണ്ടു നൂറ്റാണ്ടുകളില്‍ പലരും ശ്രമിച്ചിട്ടുണ്ട്‌. അതുവഴി അമ്പതില്‍ പരം സമാന്തര ബുര്‍ദകള്‍ വെളിച്ചം കാണുകയുണ്ടായി. ഈജിപ്ഷ്യനായ അഹ്മദ്‌ ശൌഖി എഴുതിയ നഹ്ജുല്‍ ബുര്‍ദ, ഥാഹാ ഹുസൈന്‍ സഖാഫിന്റെ മുആറളതുല്‍ ബുര്‍ദ, ഹസന്‍ മുഹമ്മദ്‌ ശദ്ദാദിന്റെ അബീറുല്‍ വര്‍ദ ഫീ നഹ്ജില്‍ ബുര്‍ദ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.

മുഹമ്മദ്‌ മാളീ അബുല്‍ അസാഈ, മുഹമ്മദ്‌ ഖലീലുല്‍ ഖഥീബ്‌, അബ്ദുര്‍റഹീമുല്‍ ബുറഈ, മഹ്മൂദ്‌ സാമില്‍ ബാറൂദി, മുഹമ്മദ്‌ അമീന്‍ കുത്താബീ, ബദ്‌റുദ്ദീനുല്‍ മിസ്വ്‌രി, ളിയാഉദ്ദീനുസ്സ്വാബൂനി, മഹ്മൂദ്‌ ജബര്‍, മഹ്ദി മുഹമ്മദ്‌ അബ്ദുല്ലാഹ്‌, അസീസ്‌ അബാള, ഥാഹബ്‌നു ഹുസൈന്‍ സഖാഫ്‌ തുടങ്ങി ഒരുപാട്‌ കവികള്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രവാചക സ്തുതിഗീതങ്ങള്‍ എഴുതിയിട്ടുണ്ട്‌. എല്ലാം വിശദമായ പഠനത്തിനു വിധേയമാക്കാന്‍ നാം മുന്നോട്ടുവരേണ്ടതുണ്ട്‌.

മൌലിദുകള്‍

പ്രവാചക പ്രകീര്‍ത്തനത്തില്‍ വിരചിതമായ കവിതകളെക്കുറിച്ചായിരുന്നു ഇതുവരെയുള്ള ചര്‍ച്ച. പ്രസിദ്ധമായ ഏതാനും ചിലതിനെക്കുറിച്ച്‌ പറഞ്ഞുവെന്ന്‌ മാത്രം. അസംഖ്യം ഗ്രന്ഥങ്ങള്‍ വേറെയും വിരചിതമായിട്ടുണ്ട്‌. അനുവാചകരുടെ അന്വേഷണത്തിന്‌ വിട്ടുതരുന്നു.

പ്രവാചക പ്രകീര്‍ത്തനത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച മറ്റൊരു കവിതാരൂപമാണ്‌ മൌലിദ്‌. ചരിത്രത്തില്‍ പേരു കേട്ട പല മഹാന്മാരും മൌലിദുകള്‍ രചിച്ചതായി കണ്ടെത്താന്‍ കഴിയും. ഇമാം ഗസ്സാലി(റ) സുഭാന മൌലിദ്‌ എന്ന പേരില്‍ മൌലിദ്‌ രചിച്ചിരുന്നുവെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു. മൌലിദുകള്‍ രചിച്ച ചില പ്രസിദ്ധ പണ്ഡിതന്മാരെ പരിചയപ്പെടാം:

ഇബ്‌നുല്‍ ജൌസി: ഹിജ്‌റ 597 ല്‍ വഫാത്തായ വിഖ്യാത ഹമ്പലീ പണ്ഡിതനാണ്‌ അബുല്‍ഫറജ്‌ ഇബ്‌നുല്‍ ജൌസി(റ). അല്‍അറൂസ്‌ എന്ന പേരില്‍ ഒരു മൌലിദ്‌ ഗ്രന്ഥമുണ്ട്‌.
ഇബ്‌നു ദിഹ്‌യ: ഹിജ്‌റ 633 ല്‍ വഫാത്തായ പ്രസിദ്ധ ളാഹിരി മധബുകാരനായ പണ്ഡിതനാണ്‌ ഇബ്‌നു ദിഹ്‌യത്തുല്‍കല്‍ബീ. അദ്ദേഹം അത്തന്‍വീര്‍ ഫീ മൌലിദില്‍ ബശീറിന്നദീര്‍ എന്ന പേരില്‍ ഒരു മൌലിദ്‌ ഗ്രന്ഥം രചിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം.

ഇബ്‌നുല്‍ ജസ്‌രി: ശൈഖുല്‍ ഖുര്‍റാഅ്‌ എന്നും ഇമാമുല്‍ ഖിറാാ‍ത്ത്‌ എന്നും അപരനാമമുള്ള വിഖ്യാത പണ്ഡിതനാണ്‌ അബ്ദുല്ലാഹിബ്‌നുല്‍ ജസ്‌രി. ഹിജ്‌റ 660 ലാണ്‌ വഫാത്തായത്‌. ഉര്‍ഫുത്തഅ്‌രീഫ്‌ ബില്‍മൌലിദിശ്ശരീഫ്‌ എന്ന പേരില്‍ ഒരു മൌലിദ്‌ ഗ്രന്ഥം രചിച്ചിട്ടുണ്ട്‌.

അബ്ദുര്‍റഹീം അല്‍ഇറാഖി: അല്‍ഹാഫിളുല്‍ ഇറാഖീ എന്ന പേരില്‍ പ്രസിദ്ധനായ അബ്ദുര്‍റഹീമുബ്‌നുല്‍ ഹുസൈനില്‍ ഇറാഖീ അശ്ശാഫിഈ(റ) അല്‍മൌരിദുല്‍ ഹനിയ്യ്‌ ഫില്‍ മൌലിദിസ്സനിയ്യ്‌ എന്ന പേരിലൊരു മൌലിദ്‌ രചിച്ചിട്ടുണ്ടെന്ന്‌ ഇമാം സുയൂഥി(റ) പോലെയുള്ള പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഹിജ്‌റ 806 ല്‍ കൈറോവിലാണ്‌ മഹാന്‍ വഫാത്തായത്‌.

ഇബ്‌നു നാസ്വിറുദ്ദീനിദ്ദിമിശ്ഖി: ഹിജ്‌റ 842 ല്‍ വഫാത്തായ മഹാപണ്ഡിതന്‍ അല്‍ഹാഫിള്‌ ഇബ്‌നു നാസ്വിറുദ്ദീനിദ്ദിമിശ്ഖി വിവിധ മൌലിദുകള്‍ രചിച്ചതായി ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. പ്രധാനപ്പെട്ടവ: ജാമിഉല്‍ ആസാര്‍ ഫീ മൌലിദിന്നബിയ്യില്‍ മുഖ്താര്‍, അല്ലഫ്ലുര്‍റാഇഖ്‌ ഫീ മൌലിദി ഖൈരില്‍ ഖലാഇഖ്‌, മൌലിദുസ്സ്വാദീ ഫീ മൌലിദില്‍ ഹാദീ. ഇതുപോലെ പല ഗ്രന്ഥങ്ങളും രചിച്ചതായി ഹാജി ഖലീഫ തന്റെ കശ്ഫുള്ളുനൂന്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ഇബ്‌നുഹജരിനില്‍ ഹൈതമീ: ശാഫിഈ മധബിലെ കര്‍മശാസ്ത്ര വിശാരദനും ലോകപ്രശസ്ത പണ്ഡിതനുമായ അല്ലാമ ഇബ്‌നു ഹജരിനില്‍ ഹൈതമി(റ) ഇത്മാമുന്നിഅ്മ അലല്‍ ആലമി ബിമൌലിദി സയ്യിദി വുല്‍ദി ആദം എന്ന ഒരു മൌലിദ്‌ ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ഇതിനു പുറമെ അന്നിഅ്മത്തുല്‍ കുബ്‌റാ അലല്‍ ആലം എന്ന പേരില്‍ മറ്റൊരു മൌലിദും അദ്ദേഹം രചിച്ചതായി കാണാം. ഇബ്‌റാഹീമുല്‍ ബാജൂരി(റ) ഈ മൌലിദിന്‌ തുഹ്ഫതുല്‍ ബശര്‍ അലാ മൌലിദി ഇബ്നി ഹജര്‍ എന്ന പേരില്‍ വ്യാഖ്യാനവുമെഴുതിയിട്ടുണ്ട്‌.

സൈനുദ്ദീന്‍ മഖ്ദൂം: പ്രശസ്ത പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂം(റ) രചിച്ച അല്‍മൌലിദുല്‍ മന്‍ഖൂസ്വ്‌ നമ്മുടെ നാടുകളില്‍ പ്രചാരം നേടിയ മൌലിദാണ്‌. പൊന്നാനിയിലും ചുറ്റുവട്ടത്തും മാറാവ്യാധി പിടിപെട്ടപ്പോള്‍ ജനങ്ങള്‍ മഹാനവര്‍കളുടെ മുന്നില്‍ ആവലാതി ബോധിപ്പിച്ചു. അങ്ങനെ അതിനു പരിഹാരമായാണ്‌ അദ്ദേഹം മന്‍ഖൂസ്വ്‌ മൌലിദ്‌ രചിക്കുന്നത്‌.

നബിതിരുമേനിയുടെ സൌന്ദര്യവും മറ്റു പ്രവാചകന്മാര്‍ക്കിടയിലുള്ള ഔന്നത്യവും ഇതില്‍ മനോഹരമായ ശെയിലിയില്‍ അവതരിപ്പിക്കുന്നുണ്ട്‌. ‘നക്ഷത്രങ്ങള്‍ക്കിടയില്‍ പൂര്‍ണചന്ദ്രനെപ്പോലെ, അല്ല അതിലും ഉന്നതമായി അങ്ങ്‌ ഞങ്ങള്‍ക്കിടയില്‍ പ്രകാശം പരത്തുന്നു’, ‘ഉമ്മയെക്കാളും ഉപ്പയെക്കാളും നാം സ്നേഹിക്കാന്‍ ബന്ധപ്പെട്ടവരാണ്‌ നബിതിരുമേനി ???ുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ വരികള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

അവസാനം തന്റെ മനസ്സിലുള്ള ഉല്‍ക്കടമായ ആഗ്രഹങ്ങള്‍ ശൈഖവര്‍കള്‍ തിരുമേനിയോട്‌ പറയുന്നു: ‘നേതാക്കന്മാരുടെ നേതാവേ, പ്രതീക്ഷയോടെയാണ്‌ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്‌. അങ്ങയുടെ തൃപ്തിയാണ്‌ ഞാന്‍ കൊതിക്കുന്നത്‌. എന്നെ നിരാശപ്പെടുത്താതിരുന്നാലും…

‘ഞാന്‍ അങ്ങയുടെ മുമ്പില്‍ അതിഥിയാണ്‌. അതിഥികളെ പൂര്‍ണ രൂപത്തില്‍ സല്‍ക്കരിക്കുന്നവരാണല്ലോ അങ്ങ്‌.’
‘എന്റെ രക്ഷക്കായി അങ്ങയോടുള്ള സ്നേഹമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അങ്ങ്‌ എന്റെ മേല്‍ ഔദാര്യം ചൊരിഞ്ഞാലും! എങ്കില്‍ ഞാന്‍ ഭാഗ്യവാനായി.’

മുല്ലാ അലിയ്യുല്‍ ഖാരി: മൌലിദ്‌ രചിച്ച മറ്റൊരു പണ്ഡിതനാണ്‌ മുല്ലാ അലിയ്യുല്‍ ഖാരി എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ്‌ നൂറുദ്ദീന്‍ അലിയ്യുബ്‌നു സുല്‍ഥാന്‍ അല്‍ഹറവീ(റ). ഹിജ്‌റ 1014 ലാണ്‌ മഹാനവര്‍കള്‍ വഫാത്തായത്‌. അല്‍മൌലിദുര്‍റവിയ്യ്‌ ഫില്‍മൌലിദിന്നബവി എന്ന പേരില്‍ അദ്ദേഹം ഒരു മൌലിദ്‌ രചിച്ചതായി പ്രസിദ്ധ ചരിത്രകാരന്‍ ഹാജി ഖലീഫ തന്റെ കശ്ഫുള്ളുനൂനില്‍ രേഖപ്പെടുത്തുന്നുണ്ട്‌.

ശൈഖ്‌ ബര്‍സഞ്ചി: ബര്‍സഞ്ചീ മൌലിദ്‌ എന്ന പേരില്‍ പ്രസിദ്ധമായ മൌലിദിന്റെ രചയിതാവാണ്‌ ശൈഖ്‌ സയ്യിദ്‌ ജഅ്ഫറുബ്‌നു ഹസനിബ്നി അബ്ദില്‍കരീം അല്‍ബര്‍സഞ്ചി(റ). ഹിജ്‌റ 1177 ലാണ്‌ താന്‍ വഫാത്തായത്‌. പ്രസ്തുത മൌലിദിന്റെ യഥാര്‍ഥ പേര്‌ അഖ്ദുല്‍ ജൌഹര്‍ ഫീ മൌലിദിന്നബിയ്യില്‍ അഷര്‍ എന്നാണെന്ന്‌ ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അല്‍ഖൌലുല്‍ മുന്‍ജീ അലാ മൌലിദില്‍ ബര്‍സഞ്ചി എന്ന ഒരു വ്യാഖ്യാനം ഈ മൌലിദിനുണ്ട്‌.

സമാപ്തം

ഇതുവരെ പറഞ്ഞതില്‍ നിന്ന്‌ ചരിത്രത്തില്‍ പേരുകേട്ട ഒട്ടേറെ പണ്ഡിത ശ്രേഷ്ഠര്‍ മൌലിദുകള്‍ രചിച്ചിരുന്നുവെന്നും അതിനെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിയും. മൌലിദ്‌ സംബന്ധമായി കര്‍മശാസ്ത്ര പണ്ഡിതന്‍ സയ്യിദ്‌ അലവിയ്യുബ്‌നുസ്സയ്യിദ്‌ അഹ്മദ്‌ അസ്സഖാഫ്‌ തന്റെ തര്‍ശീഹില്‍ ഇപ്രകാരം പറയുന്നു:

‘ഇമാം സുയൂഥി(റ)യോട്‌ റബീഉല്‍ അവ്വല്‍ മാസത്തില്‍ മൌലിദ്‌ കഴിക്കുന്നതിനെക്കുറിച്ച്‌ ആരോ സംശയം ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞത്‌, ജനങ്ങള്‍ ഒരുമിച്ചുകൂടി അല്‍പം ഖുര്‍ആന്‍ ഓതലും നബിതിരുമേനിയുടെ പ്രാരംഭകാലത്തും ജനനസമയത്തുമുണ്ടായ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകള്‍ പാരായണം ചെയ്യലുമാണ്‌ മൌലിദ്‌ കൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. അതിനുശേഷം ഭക്ഷണം വിതരണം ചെയ്യപ്പെടുകയും അത്‌ കഴിച്ച്‌ ജനങ്ങള്‍ പിരിഞ്ഞുപോവുകയും ചെയ്യുന്നു. ഇതില്‍ കവിഞ്ഞ്‌ മറ്റൊന്നും (ശര്‍ഇല്‍ അംഗീകരിക്കാത്ത പ്രവൃത്തികള്‍) അവര്‍ ചെയ്യാറില്ല. ഇത്‌ ബിദ്‌അത്ത്‌ ഹസനയില്‍ പെട്ടതാണ്‌. റസൂലുല്ലാഹിയെ ആദരിക്കലും അവിടത്തെ ജന്മത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തലും ഇതില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടും.

ചുരുക്കത്തില്‍, ശര്‍അ്‌ വിരോധിക്കാത്ത കാര്യങ്ങള്‍ ഉള്‍ക്കൊണ്ട മൌലിദുകളും ആഘോഷങ്ങളും സന്തോഷ പ്രകടനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും പ്രതിഫലാര്‍ഹവുമാണ്‌. അല്ലാതെ, ചില ഉല്‍പതിഷ്‌ണുക്കള്‍ ചെയ്യുന്നതുപോലെ മൌലിദുകളെയും നബിദിനാഘോഷങ്ങളെയും എതിര്‍ക്കുന്നതും എതിര്‍പ്രചാരവേലകള്‍ നടത്തുന്നതും തനിവങ്കത്തമാണ്‌. നബിദിനാഘോഷങ്ങളും പ്രവാചക പ്രകീര്‍ത്തനങ്ങളുമെല്ലാം ഉറവ പൊട്ടുന്നത്‌ നബിതിരുമേനിയോട്‌ സ്നേഹമുള്ളവരുടെ മനസ്സില്‍ നിന്നാണ്‌. പേരിനു മാത്രം മുസ്ലിമാവുകയും അതിന്റെ മറവില്‍ അപകടകരമായ ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പുത്തന്‍വാദികള്‍ ഇത്തരം സല്‍കര്‍മങ്ങളെ എതിര്‍ക്കുന്നത്‌ ഖേദകരമാണ്‌.

തിരുമേനിയുടെ മാര്‍ഗം പിന്തുടരുവാനും അവിടത്തെ അഗാധമായി സ്നേഹിക്കാനും അല്ലാഹു തൌഫീഖ്‌ നല്‍കട്ടെ ആമീന്‍.

പ്രവാചകപ്രകീര്‍ത്തനം series

  1. സ്നേഹത്തിന്റെ അറബീ ഭാഷ്യം

Related Topics

Tags: ,

Print This Post Print This Post  Email This Email This

Leave a Reply

Close
E-mail It