Tuesday, 6th January 2009
Email This
ഗുല്‍ സനോബര്‍
11 May 2008CE | 06 Jumada al-Ula 1429AHStory of Gul Sanobar
Reinterpretation: Abu Jubaira
രാജപുത്രിയുടെ അത്ഭുതം നിറഞ്ഞ ചോദ്യം
പുനരാഖ്യാനം: അബൂജുബൈറ
ഹൊ ഉപ്പയൊന്ന് സമ്മതിച്ചുകിട്ടാന്‍ എത്ര പാടുപെട്ടു. എന്തെല്ലാം അനുനയവാക്കുകള്‍ പറയേണ്ടിവന്നു ആ നാവില്‍ നിന്ന് അനുകൂലമായ ഒരുവാക്ക് വീണുകിട്ടാന്‍. അല്‍മാസ് റൂഹ് ചിന്തിക്കുകയായിരുന്നു. ചുവന്ന് മിടുമിടുക്കനായ കുതിരയുടെ കടിഞ്ഞാണ്‍ അയാള്‍ ശക്തിയായി വലിച്ചു. അത് പറപറക്കുകയാണ് മുന്നോട്ട്. കുതിരപ്പുറത്തിരിക്കുകയാണെങ്കിലും അല്‍മാസ് റൂഹ് രാജകുമാരന്റെ മനസ്സ് അവിടെയെങ്ങും അല്ലായിരുന്നു. തന്റെ ജീവിതത്തിലെ വഴിത്തിരിവുകളെക്കുറിച്ചായിരുന്നു കുമാരന്റെ ചിന്തമുഴുവനും. തന്റെ പ്രിയപ്പെട്ട ജ്യേഷ്ഠന്മാര്‍ ഒന്നിനുപുറകെ മറ്റൊന്നായി ആറുപേരും ഈ ലോകത്തോട് വിടപറഞ്ഞിരിക്കയാണ്.
ഓരോരുത്തരും തീജ്വാല കണ്ട് പാറിയടുക്കുന്ന ഇയ്യാം പാറ്റകളെപ്പോലെ മരണത്തിലേക്ക് ഓടിയടുക്കുകയായിരുന്നു. ജ്യേഷ്ഠന്മാരുടെ പുഞ്ചിരിതൂകുന്ന മുഖങ്ങള്‍ രാജകുമാരന്റെ ഹൃദയഭിത്തികളില്‍ വെള്ളിത്തിരയിലെന്നവണ്ണം മിന്നിമറയുന്നു. അവര്‍ തന്നെമാടിവിളിക്കുകയാണ്. രക്ഷിക്കൂ! ഞങ്ങളെപ്പോലെയുള്ള ആയിരക്കണക്കില്‍ യുവാക്കളെ കാലപുരിയിലേക്കയച്ച ആ ഭീകര രാക്ഷസിയില്‍ നിന്ന് ഈ ലോകത്തെ രക്ഷിക്കൂ. കാറ്റിനുപോലും ഇങ്ങിനെയൊരു അപേക്ഷയുടെ ധ്വനിയുണ്ടോ എന്ന് രാജകുമാരന്‍ സന്ദേഹിച്ചു.
ലോകപ്രശസ്തനായ ചക്രവര്‍ത്തിയാണ് ഷംഷാദ്, അദ്ദേഹത്തെപ്പോലെ ഒരു ഉദാരമതി അക്കാലത്ത് ജീവിച്ചിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അഗതികളെയും ആര്‍ത്തന്മാരെയും ആലംബഹീനരേയും അകമഴിഞ്ഞ് സഹായിക്കുന്നതിനുവേണ്ടി തന്റെ ജീവിതം തന്നെ ഉഴിഞ്ഞ് വെച്ചിരിക്കയാണ് ആ മഹാരഥന്‍. പ്രജാക്ഷേമ തല്‍പ്പരനായ ഷംഷാദ് രാജാവിനെ നാട്ടുകാര്‍ മുഴുവനും ആദരിച്ചു ബഹുമാനിച്ചു. രാജകല്‍പ്പനയെ ഓരോരുത്തരും മാനിച്ചു. രാജാവിനുവേണ്ടി ജീവത്യാഗത്തിനുപോലും ഓരോ പ്രജകളും തയ്യാറായിരുന്നു. ആ ഷംഷാദ് രാജാവിന്റെ ഏറ്റവും ഇളയപുത്രനാണ് ‘അല്‍മാസ് റൂഹ്’. അല്‍മാസ് റൂഹ് രാജകുമാരന്‍ കുതിരപ്പുറത്തുകയറി ഇത്രയും തിരക്കുപിടച്ച് എങ്ങോട്ടാണ് പോകുന്നത്? അദ്ദേഹത്തിന്റെ മൂത്ത സഹോദരന്മാര്‍ക്ക് എന്തു സംഭവിച്ചു? ഈ ചോദ്യങ്ങള്‍ക്ക് നമുക്ക് മറുപടി ലഭിക്കേണ്ടിയിരിക്കുന്നു.
ഷംഷാദ് ബാദുഷക്ക് മക്കളെന്നുവെച്ചാല്‍ ജീവനാണ്. തന്റെ ഏഴുസന്തതികളെയും ഏറ്റക്കുറച്ചില്‍ കൂടാതെ അദ്ദേഹം സ്നേഹിച്ചു. പിതാവിന്റെ ആഗ്രഹാഭിലാഷങ്ങള്‍ പോലെത്തന്നെ ആ തങ്കക്കുടങ്ങള്‍ വളര്‍ന്നു യുദ്ധമുറകളും മറ്റഭ്യാസങ്ങളും പഠിച്ച് അതിസമര്‍ത്ഥന്മാരായ യുവാക്കളായിത്തീര്‍ന്നു. സൌന്ദര്യത്തിലും ബുദ്ധിസാമര്‍ത്ഥ്യത്തിലും ഷംഷാദ് രാജന്റെ സന്തതികള്‍ ഒന്നിനൊന്ന് മെച്ചമായിരുന്നു. അസൂയാവഹമായ പൊരുത്തം. ഈ സന്തതികളെക്കുറിച്ച് രാജാവ് അഭിമാനം കൊള്ളും. മക്കള്‍ വളര്‍ന്ന് എന്തിനും പോന്ന യുവാക്കളായപ്പോള്‍ ഷംഷാദ് ബാദുഷ തന്റെ സൈന്യങ്ങളെ ഏഴുബറ്റാലിയനുകളാക്കി ഓരോന്നിന്റെയും നേതൃത്വം ഓരോരുത്തരെ ഏല്‍പ്പിച്ചു. ആയോധനമുറകളില്‍ തങ്ങളുടെ അതിസാമര്‍ത്ഥ്യം പ്രകടിപ്പിച്ചുകൊണ്ട് ശത്രുരാജ്യങ്ങളെ കിടിലം കൊള്ളിച്ച്കൊണ്ട് ആ യുവകോമളന്മാര്‍ വാഴ്ച തുടങ്ങി. രാജാവിന് സന്തോഷം, രാജകുമാരന്മാര്‍ക്ക് ആനന്ദം, പ്രജകള്‍ക്കൊ പരമാനന്ദം. ഈ ആനന്ദം എത്രകാലം നീണ്ടുനില്‍ക്കും. നമുക്ക് കാത്തിരുന്നു കാണാം.
ഗുല്സനോബാര് കഥ series
- ഗുല്‍ സനോബര്‍
- മാനിനെത്തേടി
- കാട്ടിലൊരു രാജാവ്
- വിളക്കിലേക്ക് പാറിയടുക്കുന്ന ഈയാമ്പാറ്റകള്‍
- കദനകഥ
- ശിരസ്സുകള്കൊണ്ടലങ്കരിച്ച കോട്ട
- കൊട്ടാരത്തില്‍ പ്രവേശിക്കുന്നു
- ചോദ്യത്തിനുത്തരം തേടി
- വഖാഫിലേക്ക്
- മാന്കിടാവാകുന്ന കുമാരന്
- ജമീലാ രാജകുമാരി
- തടസ്സങ്ങള്‍ നീക്കി ഒരു യാത്ര
- ആനറാഞ്ചി പക്ഷികള്‍
- വഖാഫിലെത്തി
- കള്ളി വെളിച്ചത്തായി
- മറുപടിക്കൊരുങ്ങുന്നു
- വിവാഹം

