Tuesday, 6th January 2009
Email This
കാട്ടിലൊരു രാജാവ്
13 May 2008CE | 08 Jumada al-Ula 1429AHഭയങ്കരമായ ഒരട്ടഹാസം കേട്ടാണ് തമസ് രാജകുമാരന്‍ മൂര്‍ച്ചയില്‍ നിന്നുണര്‍ന്നത്. മന്ദമാരുതന്റെ ആശ്വാസത്തലോടലേറ്റ് സുഖശീതളഛായയില്‍ കിടന്നു എത്ര സമയമാണ് ഉറങ്ങിയതെന്ന് ഒരു കണക്കുമില്ല. അപ്പോഴാണ് അട്ടഹാസം. ‘നീയാര്’ എന്റെ സാമ്രാജ്യത്തില്‍ അനുവാദമില്ലാതെ കടന്നുവരാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു. ക്രൂരരെന്ന് അഹങ്കരിക്കുന്ന വന്യമൃഗങ്ങള്‍പോലും ഇങ്ങോട്ടെത്തിനോക്കാറില്ല. ഇതിനുമുകളിലൂടെ ഒരു പറവപോലും പറന്നുപോകാറില്ല. ജീവനില്‍ കൊതിയുള്ള ഒരു മനുഷ്യകുഞ്ഞുപോലും ഇത്രയും നാള്‍വരെ ഈ കുന്നിലേക്ക് കാലെടുത്തുവെച്ചിട്ടില്ല. ഒരു പുല്‍കൊടിപോലും ഇവിടെ അകാരണമായി ചലിച്ചിട്ടില്ല. പിന്നെ, നിനക്കുമാത്രം ഇവിടെ വരാന്‍ എങ്ങനെ ധൈര്യം വന്നു. നിനക്ക് ജീവനില്‍ തീരെ കൊതിയില്ലെ?
ഒരൊറ്റ ശ്വാസത്തില്‍ ഒരുപാട് ചോദ്യങ്ങള്‍. കുമാരന്‍ ചോദ്യകര്‍ത്താവിനെ ഒന്നുനോക്കി. വേഷവും ഭാവവുമെല്ലാം കണ്ടാല്‍ തനിപ്രാകൃതന്‍. ഭ്രാന്തമായ ഒരാവേശം അയാളെക്കൊണ്ട് അങ്ങനെയൊക്കെ പറയിക്കുന്നുവെങ്കിലും അയാള്‍ അത്ര ക്രൂരനൊന്നുമല്ലെന്നാണ് തേജസ്സാര്‍ന്ന ആ മുഖം വിളിച്ചോതുന്നത്. തലയിലെ വെള്ളിക്കമ്പികള്‍ അയാള്‍ക്കൊരുപാട് വയസ്സായിട്ടുണ്ടെന്ന് വിളിച്ചറിയിച്ചു. മനുഷ്യരാരും എത്തിപ്പെടാത്ത ഘോരവിപിനത്തില്‍ ഈ മനുഷ്യന്‍ എങ്ങനെ എത്തിപ്പെട്ടുവെന്ന് കുമാരന്‍ സന്ദേഹിച്ചു. അയാള്‍ ഒന്നുകൂടി ഉഴിഞ്ഞു നോക്കിയപ്പോഴാണ് യഥാര്‍ത്ഥ സംഭവം മനസ്സിലായത്.
വൃദ്ധന്‍ ഇരിക്കുന്നത് ഒരു സിംഹാസനത്തിലാണ്. പ്രസിദ്ധരായ ചക്രവര്‍ത്തിമാര്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടം. ഇതെന്തുകഥ? കാട്ടില്‍ ഇപ്രകാരം ഒരു സിംഹാസനം എങ്ങനെവന്നു? ഇയാള്‍ കാട്ടിലെ രാജാവാണോ? ഒന്നും മനസ്സിലാകുന്നില്ലല്ലോ? എല്ലാം ചോദിച്ചു മനസ്സിലാക്കുക. ഭയപ്പെട്ടു നിന്നിട്ട് ഒരു കാര്യവുമില്ല. അതിനുമുമ്പ് അല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍, തൊണ്ട വരളുകയാണ്. കുമാരന്‍ ചുറ്റുപാടും തിരിഞ്ഞു. അതാ ഒരു പൊയ്ക.
താമരപ്പൂക്കളും കാട്ടുചെടികളും വളര്‍ന്ന് സുന്ദരിയായി തെളിനീരുറവുമായി കാത്തിരിക്കുന്ന കാട്ടുപൊയ്ക. കുമാരന്‍ മന്ദം മന്ദം പൊയ്കയിലേക്ക് നടന്നു. ഇരുകൈകള്‍കൊണ്ടും മതിയാവോളം വെള്ളം കോരി കുടിച്ചു. സിരകളില്‍ ഉണര്‍വും ഉന്മേഷവും വിരുന്നു വന്നു. മനസ്സിന്റെ കോണുകളില്‍ വൃദ്ധനെ നേരിടാനുള്ള ഉശിര് അടിഞ്ഞുകൂടി. അയാള്‍ സിംഹാസനത്തിനുനേരെ നടന്നു. വിനയാന്വിതനായി പറഞ്ഞു,’ഞാന്‍ തമസ് രാജകുമാരനാണ്. വേട്ടക്ക് വന്നതായിരുന്നു. കൂട്ടമ്പിരിഞ്ഞ് ഇവിടെവന്നുചേര്‍ന്നതാണ്. അതിരിക്കട്ടെ അങ്ങ് ഒറ്റക്ക് ഈ കൊടുംകാട്ടില്‍ ജീവിക്കുന്നതെന്താണ്! അങ്ങ് ഇവിടെ രാജാവാണോ? എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ?
കുമാരന്റെ ഘനഗാംഭീര്യമാര്‍ന്ന സ്വരവും സൌന്ദര്യവും കരുത്തുമാര്‍ന്ന ദേഹപ്രകൃതിയുമെല്ലാം വൃദ്ധനെ ആകര്‍ഷിച്ചു. അയാളുടെ ക്രൌര്യം എങ്ങോ പോയി മറഞ്ഞു. അതിനുപകരം ആ വദനത്തില്‍ വാത്സല്യത്തിന്റെ തൂമന്ദഹാസം വിടര്‍ന്നു. വൃദ്ധന്‍ മൊഴിഞ്ഞു.’മകനെ എന്റെ കഥ, അതൊരാളും അറിയുന്നതെനിക്കിഷ്ടമല്ല. വേദനയുടെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്ന എന്റെ ദുഃഖം പങ്കിടാനോ എന്നെ ആശ്വസിപ്പിക്കാനോ ഒരാളും ഇന്നുവരെ ഇവിടെ വന്നിട്ടില്ല. എന്റെ കഥനകഥകള്‍ കേട്ട് നിന്റെ കുരുന്നുമനസ്സ് എന്തിന് നൊമ്പരപ്പെടണം? പോകൂ ഉടന്‍ ഈ പ്രദേശം വിട്ട് പോകൂ. എനിക്ക് ഞാന്‍ മതി. ഞാന്‍ മാത്രം.
ഏതോ വലിയൊരു ദുഃഖം വൃദ്ധന്റെ കരളില്‍ ഘനീഭവിച്ചു കിടക്കുന്നുണ്ടെന്ന് രാജകുമാരന് മനസ്സിലായി. അപ്പോള്‍ അതറിയാനുള്ള ജിജ്ഞാസ കുമാരനെ മഥിച്ചു. വൃദ്ധനോട് അയാള്‍ പല അനുനയവാക്കുകളും പറഞ്ഞുനോക്കി. പക്ഷെ, ഒന്നുകൊണ്ടും വഴങ്ങുന്ന മട്ടില്ല. അവസാനത്തെ കയ്യെന്നവണ്ണം കുമാരന്‍ ഇപ്രകാരം പറഞ്ഞു. ‘എന്തോ രഹസ്യം അങ്ങയുടെ ജീവിതത്തില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ദുഃഖം പങ്കിടാനെങ്കിലും എന്നെ അനുവദിക്കൂ. അങ്ങ് അത് പറയുന്നില്ലെങ്കില്‍ ഞാന്‍ ഇവിടെനിന്ന് പോകുന്നില്ല. ഞാനും അങ്ങയോടൊപ്പം ഈ കാട്ടില്‍ത്തന്നെ കഴിയാം’.
രാജകുമാരന്റെ ആത്മാര്‍ത്ഥത തുളുമ്പിനില്‍ക്കുന്ന വാക്കുകള്‍ വൃദ്ധന്റെ ഹൃദയത്തില്‍ തട്ടി. അയാള്‍ പറഞ്ഞു. ‘കുമാരാ, നിനക്ക് അത്ര നിര്‍ബ്ബന്ധമാണെങ്കില്‍, അറിഞ്ഞേ കഴിയൂ എന്നുണ്ടെങ്കില്‍ ഞാന്‍ എന്റെ ദുഃഖപൂര്‍വമായ കഥ പറയാം.’
ഗുല്സനോബാര് കഥ series
- ഗുല്‍ സനോബര്‍
- മാനിനെത്തേടി
- കാട്ടിലൊരു രാജാവ്
- വിളക്കിലേക്ക് പാറിയടുക്കുന്ന ഈയാമ്പാറ്റകള്‍
- കദനകഥ
- ശിരസ്സുകള്കൊണ്ടലങ്കരിച്ച കോട്ട
- കൊട്ടാരത്തില്‍ പ്രവേശിക്കുന്നു
- ചോദ്യത്തിനുത്തരം തേടി
- വഖാഫിലേക്ക്
- മാന്കിടാവാകുന്ന കുമാരന്‍
- ജമീലാ രാജകുമാരി
- തടസ്സങ്ങള്‍ നീക്കി ഒരു യാത്ര
- ആനറാഞ്ചി പക്ഷികള്‍
- വഖാഫിലെത്തി
- കള്ളി വെളിച്ചത്തായി
- മറുപടിക്കൊരുങ്ങുന്നു
- വിവാഹം

