Tuesday, 6th January 2009
Email This
താജിന്റെ കഥ
14 April 2008CE | 07 Rabbi al-Thanni 1429AHDr. R. Leeladevi | Published by Ashrafi Book Centre
1607 ല്‍ ഇന്ത്യയിലെ ഒരുമുഖ്യ നഗരമായിരുന്നു ആഗ്ര. വലിയതും പരിഷ്കാരമുള്ളതുമായ വീടുകളും, ജലധാരകളും ചെറിയ അരുവികളും ഉദ്യാനങ്ങളും, വീതിയേറിയ വീഥികളും , പേര്‍ഷ്യ, തുര്‍ക്കി, അറേബ്യ, സമര്‍ക്കണ്ഡ്, ബാഗ്ദാദ്, ചൈന , യൂറോപ്പ് മുതലായസ്ഥലങ്ങളില്‍നിന്നുള്ള വിലയേറിയ ചരക്കുകള്‍ വില്‍ക്കുന്ന ബസാറുകളും ആഗ്രയെ അലങ്കരിച്ചിരുന്നു.
മണല്‍ക്കല്ലും ഇഷ്ടികയും കൊണ്ടുപടുത്ത രാജകീയ സൌധങ്ങള്‍ ആഗ്രകോട്ടയിലേക്കുള്ള രാജവീഥിയുടെ ഇരുവശങ്ങളിലും തല ഉയര്‍ത്തിനിന്നിരുന്നു. രാജാക്കന്മാരും മന്ത്രിമാരും മറ്റു പ്രഭുക്കന്മാരും ഈ സൌധങ്ങളില്‍ വസിച്ചു. ഇവിടെയായിരുന്നു മുഗള്‍ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരം. യമുനയുടെ തീരത്തു പണിത ഗംഭീരമായ ആ കോട്ട ഒരു പട്ടണം തന്നെ ആയിരുന്നു. നാലുമെയില്‍ചുറ്റളവുള്ള കോട്ടയ്ക്കുള്ളില്‍ ഹരിതാഭമായ പുല്‍ത്തകിടികളും, മാര്‍ബിള്‍ ജലധാരകളും, പൂന്തോട്ടങ്ങളും ജലമാര്‍ഗ്ഗങ്ങളും ഉണ്ടായിരുന്നു. കോട്ടയുടെ ഉന്നതമായ ചുമരുകള്‍ക്കുള്ളില്‍ ഗംഭീരമായ കെട്ടിടങ്ങളും വള്ളികളും അന്തഃപുരങ്ങളും ഉണ്ടായിരുന്നു.
ഈ വലിയകോട്ടയില്‍ രാജകീയ ഉത്സവം ഉണ്ടാകാറുണ്ട്. അന്നുണ്ടാകുന്ന ബസാറുകളില്‍ അന്തഃപുരത്തിലെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും പതിവാണ് അവര്‍ ആഭരണം. സുഗന്ധ വസ്തുക്കള്‍, പട്ട്, വള തുടങ്ങിയവ വില്‍ക്കുക പതിവായിരുന്നു. രാജകുമാരന്‍മാര്‍ അപൂര്‍വ്വമായി അവിടെ എത്തും.
പുതിയ ഉത്സവം എത്തി. ഒരു കടയില്‍ മനോഹരമായ ആഭരണങ്ങള്‍ വിറ്റുകൊണ്ടു പതിനഞ്ചു വയസ്സുുകഴിഞ്ഞ സുന്ദരിയുംസുശീലയും പ്രസന്നവദനയും ആയ അര്‍ജ്ജുമാന്‍ ബിനു ബീഗം നിന്നിരുന്നു. അവള്‍ മനോഹരമായി സംസാരിച്ചു തന്റെ സാധനങ്ങള്‍ വിറ്റു. പലരും അവളുടെ സംസാരം കേട്ടുനിന്നു.
മുഗള്‍ രാജകുമാരനായ ഖുറം ഈ ചന്ത സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചു പുറപ്പെട്ടു. കുമാരന്‍ ചന്തക്കടുത്തെത്തിയപ്പോള്‍ പരിവാരങ്ങള്‍ അയാളുടെ ആഗമനം അറിയിക്കുന്നതിനായി കാഹളം മുഴക്കി.
“കാഹളനാദം നിര്‍ത്തൂ” - ഖുറം ആജ്ഞാപിച്ചു.
“ഞാനിവിടെ വന്നിട്ടുണ്ടെന്ന് ലോകരെല്ലാം അറിയുന്നത് ഞാനിഷ്ടപ്പെടുന്നില്ല”.
പതിനാറുവയസ്സുകാരനായ ഖുറമ്രാജകുമാരന്‍തന്റെ കുതിരപ്പുറത്തുനിന്ന് ഇറങ്ങി ബസാറിലേക്കുനടന്നു.
കൂട്ടുകാരോടും പരിചയക്കാരോടും സംസാരിക്കുകയും അവിടുന്നും ഇവിടുന്നും ചില സാധനങ്ങള്‍ വാങ്ങുകയുംചെയ്തുകൊണ്ട് രാജകുമാരന്‍ ബസാറിലൂടെ സഞ്ചരിച്ചു. സുന്ദരിയായ ഒരു പെണ്‍കുട്ടി ഒരു മോതിരം ഉയര്‍ത്തിപ്പിടിച്ച് ഒരു യുവാവിനോട് അഹങ്കാരത്തോടുകൂടി അയാള്‍ക്ക് അത് വാങ്ങാനാവുകയില്ല, കാരണം, അതിന് 100 സ്വര്‍ണ്ണനാണയം കൊടുക്കണം, എന്ന് പറയുന്നത് കേട്ടു ആശ്ചൃയപ്പെട്ട് രാജകുമാരന്‍ അവിടേയ്ക്കുചെന്ന് പറഞ്ഞു. “ഞാന്‍ അതൊന്നു കാണട്ടെ”.
വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ച പ്രൌഢനായ ആ യുവാവിനെ അര്‍ജ്ജുമാന്‍ ആശ്ചൃയത്തോടെ തുറിച്ചുനോക്കി. അവളുടെ കണ്ണുകള്‍ തിളങ്ങി. “ഈ കണ്ണാടി കഷ്ണത്തിന് നൂറ് സ്വര്‍ണ്ണനാണയം വിലയാണ്, താങ്കള്‍ക്ക് ആവുമെങ്കില്‍ ഇതു വാങ്ങാം……….” അവള്‍ ഗമയോടെ പറഞ്ഞുചിരിച്ചു.
ഖുറം പുഞ്ചിരിച്ചുകൊണ്ട് തന്റെ രത്നഖചിതമായപേഴ്സ് തുറന്ന് 100 പവന്‍ എടുത്തു. ആശ്ചൃയസ്തബ്ദയായ പെണ്‍കുട്ടി എന്തെങ്കിലും പറയാന്‍ വായ തുറക്കുന്നതിനു മുമ്പ്, മോതിരമെടുത്ത് പറഞ്ഞു. ” മരതകങ്ങള്‍ക്കും രത്നങ്ങള്‍ക്കുമൊപ്പം ഞാന്‍ ഈ വിലകുറഞ്ഞവസ്തു നിന്റെ വിരലിലിടുമ്പോള്‍ നീ പുഞ്ചിരിക്കും”.
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളില്‍ ഒന്നിന്റെ - താജ്മഹലിന്റെ - കഥ ആരംഭിക്കുന്നത് ഇവിടെനിന്നാണ്.
ഖുറം ഒരുസാധാരണ രാജകുമാരനായിരുന്നില്ല. ചക്രവര്‍ത്തി ജഹാംഗീറിന്റെ പുത്രനായ അയാള്‍ ബാബറിന്റെയും, ഹുമയൂണിന്റെയും അക്ബറിന്റെയും പിന്‍ഗാമിയായിരുന്നു. അവര്‍ - മുഗളന്മാര്‍ - പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപാദമ്മുതല്‍ ഇന്ത്യ ഭരിച്ചിരുന്നു.
സമയം നഷ്ടപ്പെടുത്തുവാന്‍ ഇഷ്ടപ്പെടാത്ത ഖുറം രാജകുമാരന്‍, ചക്രവര്‍ത്തിനി നൂര്‍ജഹാനോട് വ്യക്തിപരമായി സംസാരിക്കുന്നതിന് അനുവാദം ചോദിച്ചു. നൂര്‍ജഹാന്‍ ജഹാംഗീറിന്റെ ഏറ്റവും പ്രിയപ്പെട്ടവളും ശക്തയുമായ പത്നിയായിരുന്നു. ഒരുതരത്തില്‍ നൂര്‍ജഹാനായിരുന്നു രാജ്യഭരണം നടത്തിയിരുന്നത്. അവര്‍ അര്‍ജ്ജുമാന്റെ അമ്മായിയുമായിരുന്നു. ചക്രവര്‍ത്തിയെക്കൊണ്ട് ഏത് ആഗ്രഹവും സാധിപ്പിക്കുവാന്‍ സാധിക്കുന്ന ഒരാളോട് സംസാരിക്കുമ്പോള്‍, ഇതും ഒരുസഹായമാകുമെന്ന് ഖുറം രാജകുമാരന്‍ പ്രതീക്ഷിച്ചു.
ഖുറം രാജകുമാരന് മുഖം കാണിക്കുവാന്‍ അനുജ്ഞകിട്ടി. രാജകീയ വസ്ത്രങ്ങള്‍ അണിഞ്ഞ് രത്നഖചിതമായാരുസ്വര്‍ണ്ണ സിംഹാസനത്തില്‍ റാണിയിരുന്നു. “എന്താണ് കാര്യം, ഖുറം ? അവര്‍ ആശ്ചൃയത്തോടെ ചോദിച്ചു. “നീ ഒരിക്കലും വാക്കുകള്‍ക്ക് വിഷമിക്കുന്നത് ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. പറയൂ!
“ഞാന്‍…വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അവിടുത്തേ അനുവാദത്തോടെ”. ഖുറം വളരെ വിഷമിച്ചു പറഞ്ഞൊപ്പിച്ചു.
രാജ്ഞി മുഷിച്ചല്‍ കാട്ടി. ഇത്തരത്തിലുള്ള വാക്കുകള്‍ ഒരു രാജകുമാരനില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല, കാരണം രാജകീയ വിവാഹങ്ങള്‍ രാഷ്ട്രീയ ബന്ധങ്ങള്‍ വളര്‍ത്തുവാനുള്ളവയായിരുന്നു. ” നീ ആരെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് ” പരുപരുത്തസ്വരത്തില്‍ അവര്‍ ചോദിച്ചു.
രാജ്ഞിയുടെ ഭാവം കണ്ട് നിരാശനായി ഖുറം പ്രതിവചിച്ചു. “പ്രധാനമന്ത്രി, വസീര്‍ ആസഫ് ഖാന്റെ പുത്രി……..അര്‍ജ്ജുമാന്‍ ബാനു ബീഗം”.
രാജ്ഞി പതുക്കെ പുഞ്ചിരിച്ചു. “അതിസുന്ദരിയും സുശീലയുമായ ഒരു പെണ്‍കുട്ടി. അവള്‍ തീര്‍ച്ചയായും നിന്നെ ആകര്‍ഷിച്ചിരിക്കും”.
രാജകുമാരന്‍ പറഞ്ഞു. ” താങ്കള്‍ എന്റെ പിതാവിന്റെ ഹൃദയത്തിലും മനസ്സിലും ചെയ്യുന്നതുപോലെ അദ്ദേഹം പറയുന്നത് “എനിക്ക് ഒരുകപ്പ് വീഞ്ഞും ഒരു കഷണം മാംസവും മതി. രാജ്യം ഭരിക്കാന്‍ എന്റെ നൂര്‍ജഹാനുണ്ടല്ലോ!” എന്നാണ്”.
രാജ്ഞി നൂര്‍ജഹാന്‍ പറഞ്ഞു. ” ഞാന്‍ ചക്രവര്‍ത്തിയോട് പറയാം. പക്ഷെ നീ അദ്ദേഹത്തെ മുഖം കാണിക്കണം. എല്ലാം അദ്ദേഹത്തെ ആശ്രയിച്ചിരിക്കുന്നു, എനിക്ക് നിനക്കുവേണ്ടി ഒന്നു രണ്ട് നല്ല വാക്കുകള്‍പറയാന്‍ മാത്രമേ ആവൂ.”
രാജകുമാരന്‍ കുനിഞ്ഞു വന്ദിച്ചു പുറത്തുപോന്നു. അയാള്‍ സന്തോഷഭരിതനായിരുന്നു. ചക്രവര്‍ത്തിനി സമ്മതിച്ചാല്‍ ഇനി പ്രശ്നമില്ല.
അടുത്തദിവസം ഖുറത്തിന് ചക്രവര്‍ത്തിയെ കാണുവാന്‍ അനുവാദം കിട്ടി. ചക്രവര്‍ത്തി ജഹാംഗീര്‍ രാജസഭയില്‍ ഗാംഭീൃയത്തോടെ ഇരിക്കുന്നു.
“എനിക്ക് അവിടുത്തോട് ഒരുകാര്യം ഉണര്‍ത്തിക്കുവാനുണ്ട്, തിരുമനസ്സേ” രാജകുമാരന്‍ ബഹുമാനപുരസ്സരം പറഞ്ഞു.
“പറയൂ” ചക്രവര്‍ത്തിപറഞ്ഞു.
“വസീര്‍ ആസഫ് ഖാന്റെ പുത്രിയെ വിവാഹം കഴിക്കാന്‍ താങ്കളുടെ അനുവാദം ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു”.
ഈ വാര്‍ത്ത സഭാവാസികളെ ജിജ്ഞാസാഭരിതരാക്കി - ചക്രവര്‍ത്തി എന്തു പറയും?
“നിന്റെ തീരുമാനം എന്നെ അറിയിച്ചത് വളരെ നന്ന്” ആലോചനാ പൂര്‍വ്വമായ ഒരു പുഞ്ചിരിയോടെ - തന്റെ യൌവനകാലത്തെപ്പറ്റി ആലോചിച്ചായിരിക്കണം-ചക്രവര്‍ത്തി തുടര്‍ന്നു.
“അനുവാദം തന്നിരിക്കുന്നു. പക്ഷെ സമയമാവുമ്പോള്‍മാത്രം. ജ്യോത്സ്യന്മാര്‍ ശുഭദിനം നിശ്ചയിക്കട്ടെ”.
കല്‍പനയായിരിക്കുന്നു! അവന്‍ അര്‍ജ്ജുമാന്‍ ബാനു ബീഗത്തിനെ വിവാഹം ചെയ്യും! പക്ഷെ വാഗ്ദാനത്തിനും സംഭവത്തിനും ഇടയ്ക്ക് നീണ്ട അഞ്ചു വര്‍ഷങ്ങള്‍ കടന്നു പോവുമെന്ന് പാവം രാജകുമാരന്‍ അറിഞ്ഞിരുന്നില്ല. അന്നത്തെ ഇസ്ലാമിക ആചാരമനുസരിച്ച്, ഈ വര്‍ഷങ്ങള്‍ക്കിടക്ക് അവര്‍ തമ്മില്‍ കാണാന്‍ പാടില്ലായിരുന്നു. അത് 1612 ലെ മാര്‍ച്ച് മാസമായിരുന്നു. തണുത്ത കാലാവസ്ഥ, എല്ലായിടത്തും പൂക്കള്‍. ശുഭദിനം ആഗതമായിരുക്കുന്നു. നക്ഷത്രങ്ങള്‍ ശരിയായ സ്ഥാനങ്ങളിലാണെന്ന് ജ്യോത്സ്യന്മാര്‍ വിധിച്ചു.
ആചാരരീതിയനുസരിച്ച് അര്‍ജ്ജുമാന്റെ പിതാവിന്റെ വീട്ടില്‍വച്ചായിരുന്നു വിവാഹം. ഒരിക്കലും മറക്കാനാവാത്ത ഒരു വിരുന്നിനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രധാനമന്ത്രി ആസഫ് ഖാന്‍. അപ്പോള്‍ അര്‍ജ്ജുമാനെ അതിമനോഹര വസ്ത്രങ്ങള്‍ - അവ നിര്‍മ്മിക്കുന്നതിന് നാലു വര്‍ഷത്തോളം വേണ്ടി വന്നു - കൊണ്ട് അലങ്കരിക്കുകയായിരുന്നു. സുഗന്ധലേപനം ചെയ്ത് സര്‍വ്വാഭരണവിഭൂഷിതയായ അവള്‍ വരന്റെ വരവു പ്രതീക്ഷിച്ചിരുന്നു.
അല്‍പം അകലെ രാജകീയമായ വിവാഹഘോഷയാത്ര വന്നുകൊണ്ടിരുന്നു.
ഘോഷയാത്ര പ്രധാനമന്ത്രിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നു. അര്‍ദ്ധരാത്രിയില്‍ അതിവിശിഷ്ട വിഭവങ്ങള്‍ കൊണ്ടുള്ള വിപുലമായ ഒരു അത്താഴം ഒരുങ്ങി. വിവാഹചടങ്ങുകള്‍ക്ക് ശേഷം ചക്രവര്‍ത്തി അരുളിചെയ്തു. ” നക്ഷത്രങ്ങളോടും അമ്പിളിക്കലയോടും സൌന്ദൃയത്തില്‍ ഉപമിപ്പിക്കപ്പെട്ടിട്ടുള്ള എന്റെ പുതിയ മരുമകളോടുള്ള എന്റെ ബഹുമാനവും വാത്സല്യവും എത്രയെന്ന് അറിയിക്കുന്നതിനായി ഞാന്‍ അവള്‍ക്ക് ഒരുപുതിയ പേര് നല്‍കി ബഹുമാനിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു”.
ഒരു നിമിഷനേരത്തേക്ക് എല്ലാം നിശബ്ദമായി. സ്വര്‍ണ്ണത്തില്‍ നെയ്ത ഒരു യവനികയ്ക്കു പിറകില്‍ അര്‍ജ്ജുമാന്‍ ശ്വാസമടക്കി. ചക്രവര്‍ത്തി തുടര്‍ന്നു. “ഈ ദിവസം മുതല്‍ അവള്‍ മുംതാസ് മഹല്‍ - രാജകൊട്ടാരത്തിലെ തെരഞ്ഞെടുക്കപ്പെട്ടവള്‍ - എന്ന് അറിയപ്പെടും!. അത് ഒരു വലിയ ബഹുമതിയായിരുന്നു. പ്രധാനമന്ത്രി നന്ദിപ്രകടിപ്പിക്കുന്നതിനായി ചക്രവര്‍ത്തിക്കുമുമ്പില്‍ മുട്ടുകുത്തിയപ്പോള്‍, ഖുറം രാജകുമാരന്‍ പിതാവിന്റെ ആഭരണ വിഭൂഷിതമായ കൈ ചുംബിച്ചു. ഹിരണ്മയ യവനികയ്ക്കു പിന്നില്‍ അര്‍ജ്ജുമാന്‍ ഇപ്പോള്‍ മുംതാസ് മഹല്‍ - അവളുടെ സഹോദരിമാരുടെയും അമ്മയുടെയും ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് സന്തോഷത്തോടെ പുഞ്ചിരിച്ചു.
പതിനാറ് നീണ്ട സന്തോഷപൂര്‍ണ്ണമായ വര്‍ഷങ്ങള്‍ ഖുറം രാജകുമാരനും പത്നി മുംതാസ്മഹലും ആഗ്രയില്‍ താമസിച്ചു. രാജകുമാരന്‍ ബുദ്ധിമാനും പലയുദ്ധങ്ങളിലെ വിജയങ്ങളിലൂടെ തഴക്കം വന്ന തന്ത്രശാലിയായ ഒരു യോദ്ധാവുമായി. മുംതാസ് മഹല്‍ ഒരു പ്രൌഢയായ വനിതയും പന്ത്രണ്ട് കുട്ടികളുടെ അമ്മയുമായി.
ജഹാംഗീറിന്റെ പുത്രന്മാരില്‍, ഏറ്റവും കഴിവുള്ളവന്‍ ഖുറമായിരുന്നു. അതിനാല്‍തന്നെ ഇന്ത്യയുടെ അടുത്ത ചക്രവര്‍ത്തിയാവാന്‍ ഇറ്റവുംസാദ്ധ്യതയുള്ളയാളും. മുംതാസിന്റെ കാൃയത്തിലും ഖുറം ഭാഗ്യവാനായിരുന്നു. മുംതാസിന്റെ ദീനവത്സലതയും കാരുണ്യവും നന്മയും സാമ്രാജ്യത്തില്‍ എല്ലാവരും അറിഞ്ഞിരുന്നു. എല്ലാദിവസവും രാവിലെ അവര്‍ പാവങ്ങള്‍ക്ക് ഭക്ഷണവും പണവും നല്‍കുകയും രോഗികള്‍ക്ക് വേണ്ട സഹായം ചെയ്യുകയും ചെയ്തിരുന്നു. ആരും അവരുടെ കൊട്ടാരത്തില്‍ നിന്ന് വെറും കൈയോടെ പോയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. വിധവകളേയും വൃദ്ധരേയും അനാഥരേയും സംരക്ഷിച്ചിരുന്നതിനുപുറമെ പെന്‍ഷനും ധനസഹായവും ആവശ്യമുള്ള ആളുകളുടെ പട്ടിക തയ്യാറാക്കി മുംതാസ് മഹല്‍ ഖുറത്തിനു നല്‍കിയിരുന്നു. അതിനാല്‍ ജനങ്ങള്‍ അവരെ ഇഷ്ടപ്പെടുകയും അവരെത്തന്നെ തങ്ങളുടെ രാജ്ഞിയായികിട്ടണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
1627, ചക്രവര്‍ത്തി ജഹാംഗീര്‍ അന്തരിച്ചു. ഒരുവര്‍ഷത്തിനുശേഷം 1628 ഫിബ്രവരി 4ന് ഖുറം രാജകുമാരനെ ചക്രവര്‍ത്തിയായി വാഴിക്കും. അയാളുടെ വിശാലമായ സാമ്രാജ്യം വടക്ക് ഹിമാലയം മുതല്‍ തെക്ക് ഉപരിഡക്കാണ്‍വരെയും. പടിഞ്ഞാറ് ഖണ്ഡാഹര്‍ മുതല്‍ കിഴക്ക് ആസാംവരെയും പരന്നുകിടന്നു. അശ്വാരൂഢരായ ദൂതന്മാര്‍ സാമ്രാജ്യത്തിലെ വിദൂര ദേശങ്ങളില്‍ പോലും കിരീടധാരണത്തിന്റെ വാര്‍ത്ത എത്തിച്ചു. സാര്‍ത്ഥവാഹകന്മാര്‍ വഴിയായും വഴിയാത്രക്കാര്‍ മുഖേനയും അലഞ്ഞുതിരിയുന്ന വര്‍ഗ്ഗക്കാര്‍വഴിയും പലദേശങ്ങളിലും വാര്‍ത്ത എത്തിക്കൊണ്ടിരുന്നു.
ആഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്നു. വടക്കേ ആഫ്രിക്കാ, യൂറോപ്പ്, ചീന മുതലായ ദൂരദേശങ്ങളിലേയ്ക്കുവരെ ക്ഷണക്കത്തുകള്‍ അയച്ചു. രത്നഖചിതങ്ങളായ ചിത്രപ്പണികളോടുകൂടിയ മറകള്‍, വിലമതിക്കാനാവാത്ത കംബളങ്ങള്‍ മുതലായവ ഇറക്കുമതി ചെയ്യുകയും രാജകീയപണിപ്പുരകളില്‍ തയ്യാറാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിലയേറിയ രാജകീയ ഉടയാടകള്‍ തുന്നിക്കൊണ്ടിരുന്നു. അവ കിരീടധാരണത്തിനുശേഷം പിന്നെ ഒരിക്കലും ഉപയോഗിക്കുകയില്ല. രാജകീയ ഖജനാവ് തുറന്നു. വിശദമായ അലങ്കാരങ്ങള്‍ക്കുള്ള തീരുമാനങ്ങളെടുത്തു. മുത്തുകളും മരതകവും വജ്രങ്ങളും ഇന്ദ്രനീലക്കല്ലുകളും നിറച്ച താലങ്ങള്‍ അതിഥികള്‍ക്ക് സമ്മാനിക്കുവാനായി തയ്യാറാക്കിവച്ചു. സ്വര്‍ണ്ണവും വെള്ളിയും പൊടിച്ച മുത്തുകളും രത്നങ്ങളും ഭക്ഷണം തയ്യാറാക്കുന്നതിനുവരെ ഉപയോഗിക്കും.
ആകാലത്തെ ഏറ്റവും പ്രഗത്ഭരായ കൈതൊഴില്‍ക്കാര്‍ ഏറ്റവും വിശിഷ്ട ഒരു സിംഹാസനം തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരുന്നു. ഇതാണ് തഖ്ത്-ഇ-താജ്, പ്രശസ്തമായ മയൂരസിംഹാസനം. അതിന് മരതകം പതിച്ച പന്ത്രണ്ട് തൂണുകളുണ്ട്. ഓരോ സ്തൂപങ്ങളുടെയും മുകളില്‍ രത്നഖചിതങ്ങളായ മയൂരങ്ങളുണ്ട് - വജ്രങ്ങള്‍ പതിച്ച ഒരു വൃക്ഷത്തിന്റെ രണ്ടു വശത്തുമായി ഓരോന്ന്. തനിതങ്കത്തില്‍ തീര്‍ത്ത ഒരു മേലാപ്പില്‍ മാണിക്യക്കല്ല്, ഇന്ദ്രനീലക്കല്ല്, മരതകമുത്തുകള്‍ ഇവക്കൊണ്ടുള്ള പണികളുണ്ട്. സിംഹാസനത്തിലേയ്ക്കുള്ള പടവുകള്‍ അടിച്ചു പരത്തിയ വെള്ളികൊണ്ടാണ്. വളരെയധികം പണവും അദ്ധ്വാനവും ചിലവുചെയ്ത് പണിത ഈ സിംഹാസനം നൂറ് വര്‍ഷങ്ങള്‍ക്കുശേഷം, 1739ല്‍ ഒരു അഫ്ഗാന്‍ രാജാവ്, നാദിര്‍ഷ, പേര്‍ഷ്യയിലേയ്ക്ക് മോഷ്ടിച്ചുകൊണ്ട് പോവും എന്ന് അന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല.
ഖുറം രാജകുമാരന്‍ ഇന്ത്യയുടെ ചക്രവര്‍ത്തിയായി അഭിഷിക്തനായി. അദ്ദേഹം ഒരു പുതിയപേര് സ്വീകരിച്ചു. ഷാജഹാന്‍ - ലോകത്തിന്റെ രാജാവ് - എന്നറിയപ്പെട്ടു. അദ്ദേഹം മുപ്പത് വര്‍ഷം നാടുഭരിച്ചു. ഷാജഹാനായിരുന്നു ഏറ്റവും ശക്തനായ മുഗള്‍രാജാവ്. മുംതാസ് മഹലിന്റെ ബുദ്ധിസാമര്‍ത്ഥ്യവും കഴിവും മൂലം ഷാജഹാന്‍ എല്ലാകാൃയത്തിലും അവരുടെ ഉപദേശം സ്വീകരിച്ചിരുന്നു. അദ്ദേഹം രാജ്യത്തിന്റെ രഹസ്യങ്ങള്‍ അവരുമായി പങ്കിട്ടു, അവരുടെ അഭിപ്രായങ്ങള്‍ ചോദിച്ചു, പുതിയ നിയമങ്ങളെപ്പറ്റിയും കരത്തെ സംബന്ധിച്ചും ചര്‍ച്ചനടത്തി.
മുംതാസ്മഹലിന് മുഹ്‌റ് യു.എസ്.എക്ക് എന്ന രാജകീയ മുദ്രനല്‍കിയിരുന്നു. ഒരിക്കല്‍ നല്‍കിയാല്‍ അത് ആരായാലും മാറ്റാന്‍ സാധിക്കുമായിരുന്നില്ല. ചക്രവര്‍ത്തിയാല്‍പോലും.
ചക്രവര്‍ത്തിയില്ലാത്തപ്പോള്‍ ദൈനംദിനഭരണകാൃയങ്ങള്‍ മുംതാസ് മഹലായിരുന്നു നോക്കിയിരുന്നത്. ഇത് ഷാജഹാന് യുദ്ധങ്ങള്‍ നടത്തുവാനും മനോഹര സൌധങ്ങള്‍ പണിയിപ്പിക്കുവാനും സ്വതന്ത്യ്‌രം നല്‍കി.
ഷാജഹാന്റെ കാലത്താണ് മുഗള്‍വാസ്തുവിദ്യ അതിന്റെ കൊടുമുടിയിലെത്തിയത്. അക്ബറിന്റെയും ജഹാംഗീറിന്റയും കാലത്ത് പേര്‍ഷ്യന്‍ രീതിയും ഹിന്ദുരീതികളും യോജിച്ച ഒരു പുതിയ വാസ്തുകലാരീതി ഉരുത്തിരിഞ്ഞിരുന്നു. ഇത് സൌന്ദര്യവും ഗാംഭീൃയവുമൊത്തിണങ്ങിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനിടയാക്കി. അക്ബറിന്റെ കാലത്ത് പണിത ആഗ്രയിലും, ലാഹോറിലും അലഹബാദിലുമുള്ള കൂറ്റന്‍ കോട്ടകളും ഫത്തേപ്പൂര്‍ സിക്രിപ്പട്ടണവും അദ്ദേഹത്തിന്റെതന്നെ ശവകുടീരവും വാസ്തുകലയിലുള്ള അദ്ദേഹത്തിന്റെ അഗാധമായ താല്‍പര്യം വെളിവാക്കുന്നു.
ഷാജഹാന്റെ കീഴില്‍ വാസ്തുവിദ്യ ഒരിക്കലുമുണ്ടാകാത്ത പുരോഗതി നേടി. അദ്ദേഹം ഈ കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി. അക്ബര്‍ പണിയിച്ചിരുന്ന ആഗ്ര കോട്ടയിലെ ദിനാന്‍-ഇ-ആം ഉം ദിവാന്‍-ഇ-ഖാസും വെണ്ണക്കല്ലില്‍ നിറം ഉള്ള കല്ലുകള്‍ വെട്ടിയിട്ടുള്ള ചിത്രപ്പണികളോടെ ഷാജഹാന്‍ പുതുക്കി പണിയിപ്പിച്ചു. മുഗള്‍ രാജാക്കന്മാര്‍ പണിതതില്‍വെച്ച് ഏറ്റവും സൌന്ദൃയമുള്ള ഒരു മോസ്‌കും ആദ്ദേഹം പണികഴിപ്പിച്ചു. പേള്‍ - മുത്ത് - മോസ്ക് എന്നറിയപ്പെട്ട ഇതിന്റെ തറയൊഴിച്ച് ബാക്കി എല്ലാം വെളുത്ത വെണ്ണക്കല്ലിനാല്‍ പടുത്തതായിരുന്നു. തറയാകട്ടെ മഞ്ഞനിറമുള്ള മാര്‍ബിള്‍ കൊണ്ടുള്ളതും. ഡല്‍ഹിയിലെ ചുവപ്പുകോട്ടയും ജുമാ മസ്ജിദും ഇദ്ദേഹം തന്നെയാണ് പണി കഴിപ്പിച്ചത്.
ചക്രവര്‍ത്തി തന്റെ പത്നിയെ അതിയായി സ്നേഹിച്ചിരുന്നതിനാല്‍ അവരില്‍നിന്നും അകന്ന് അധികം സമയം ചിലവഴിച്ചിരുന്നില്ല. അദ്ദേഹം അവരെ ലാഹോറിലെ തൂക്കുപൂന്തോട്ടത്തിലേക്കും കാശ്മീരിലെ പനിനീര്‍പ്പൂന്തോട്ടത്തിലേയ്ക്കും കൊണ്ടു പോയി പനിനീര്‍പ്പൂക്കളും രത്നങ്ങളും സമ്മാനിക്കുകയും രാജ്യകാൃയങ്ങള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. മുംതാസ് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വാസപാത്രവുമായിരുന്നു. തൃപ്തവും സന്തോഷകരവുമായ ഒരു ജീവിതം നയിക്കാനനുവദിച്ചതിലും അളവില്ലാത്ത സ്വത്തുക്കള്‍ തന്ന് അനുഗ്രഹിച്ചതിനും രാജദമ്പതികള്‍ അല്ലാഹുവിന് നന്ദി പറഞ്ഞിരുന്നു. 1630 ല്‍ മുംതാസ് മഹല്‍ വീണ്ടും ഗര്‍ഭിണിയായി ഷാജഹാന്‍ ഇതറിഞ്ഞ് സന്തോഷിച്ചു. ഈ സമയത്ത് ഷാജഹാന്‍ ഡക്കാണിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയായിരുന്നു- ഖാന്‍ ജഹാന്‍ ലോധി എന്ന ശക്തനായ എതിരാളിയെ അമര്‍ച്ച ചെയ്യുന്നതിനായി ഭര്‍ത്താവിനെ അനുഗമിക്കുന്നതിന് മുംതാസ് മഹല്‍ ആഗ്രഹിച്ചു. ഒരു ഭീരുവിന്റെ - പീരങ്കി ശബ്ദത്തെ ഭയക്കുന്ന ഒരുവന്റെ - പിതാവാകാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ ഈ അവസ്ഥയില്‍ തന്നെ ഇവിടെ നിര്‍ത്താതെ കൂടെ കൊണ്ടു പോവണം എന്ന് അവര്‍ ഷാജഹാനോട് ആവശ്യപ്പെട്ടു.
ഭാര്യയെ കൊണ്ടുപോവാനായി ഷാജഹാന്‍ തന്റെ അന്തഃപുരം ബുര്‍ഹാന്‍പൂരിലേയ്ക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ബുര്‍ഹാന്‍പൂര്‍ നഗരത്തിനുപുറത്ത് ഒരു ചെറിയ പട്ടണം ഉയര്‍ത്തി. ആതായിരുന്നു ഷാജഹാന്റെ സൈനികത്താവളം. പക്ഷെ അതില്‍ രാജകീയമായ എല്ലാ സൌകൃയങ്ങളുമുണ്ടായിരുന്നു. രാജകീയമായി അലങ്കരിക്കപ്പെട്ട കൂടാരങ്ങള്‍, ഇഷ്ടികകെട്ടിടങ്ങള്‍ സില്‍ക്കും എണ്ണകളും സൌന്ദൃയവര്‍ദ്ധകവസ്തുക്കളും ആഭരണങ്ങളും വില്‍ക്കുന്ന കടകളും ഉണ്ടായിരുന്നു. വേലക്കാര്‍, അടിമകള്‍, ഷണ്ഡന്മാര്‍ ഇവരൊക്കെ അന്തഃപുരം സംരക്ഷിക്കുവാനായി നിയോഗിക്കപ്പെട്ടിരുന്നു.
ഒരുസംഘം ഗജാരൂഢരായ പടയാളികളുമായി ഷാജഹാന്‍ യുദ്ധത്തിനുപോയി. കാലാള്‍പ്പടയും കുതിരപ്പടയും ആനപ്പുറത്തേറിയ പടയാളികളും കുന്തങ്ങള്‍, വാള്‍, പഴയകാലത്തെ മെഷീന്‍ഗണ്‍, പരിഷ്കരിക്കപ്പെട്ട പീരങ്കികള്‍ മുതലായവയുമായി യുദ്ധത്തിനുപുറപ്പെട്ടു. വിജയം സുനിശ്ചിതമായിരുന്നു. യുദ്ധം ആസൂത്രണം ചെയ്യുമ്പോള്‍ അതിന്റെ വേഗത്തിലുള്ള വിജയകരമായ അന്ത്യവും ആഗ്രയിലേയ്ക്കുള്ള തിരിച്ചുപോക്കുമായിരുന്നു ഷാജഹാന്റെ മനസ്സില്‍.
ചക്രവര്‍ത്തിയില്‍ നിന്നും വളരെയകലെയല്ലാതെ മറ്റൊരു യുദ്ധം നടന്നുകൊണ്ടിരുന്നു. ധീരയായ രാജ്ഞി - മുംതാസ് മഹല്‍ - അന്തഃപുരത്തിനുള്ളില്‍ മരണവുമായി മല്ലിടുകയായിരുന്നു. പ്രശസ്തവൈദ്യനായ വസീര്‍ഖാന്‍. പ്രിയപ്പെട്ട തോഴിയായ സത്തുന്നീസ എന്നിവരാല്‍ പരിചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന രാജ്ഞിയുടെ വിജയം അവരുടെ ഭര്‍ത്താവിന്റേതുപോലെ സുനിശ്ചിതമായിരുന്നില്ല. കുട്ടി പിറന്നു. പക്ഷെ മുംതാസ് വളരെ അവശയായിരുന്നു. അവരുടെ കൂടാരത്തിനുപുറത്ത് വളരെ മുസ്ലീം വിശുദ്ധന്മാര്‍ തങ്ങളുടെ രാജ്ഞിയുടെ രക്ഷയ്ക്കായി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. യുദ്ധത്തിന്റ ശബ്ദങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥനയുടെ ശബ്ദവും അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്ന്, ഒരു പെണ്‍കുട്ടിയുടെ ജനനവാര്‍ത്തയുമായി ഒരു ദൂതന്‍ യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചക്രവര്‍ത്തിയെ സമീപിച്ചു.
“രാജ്ഞിക്ക് എന്തുണ്ട് വിശേഷം?” ഷാജഹാന്‍ അക്ഷമനായി ചോദിച്ചു.
“എനിക്ക് അറിഞ്ഞുകൂടാ” ദൂതന്‍ അറിയിച്ചു.
” എനിക്ക് ഈ സന്ദേശം മാത്രമേ തന്നുള്ളൂ”.
” വിഢ്ഡി!” ചക്രവര്‍ത്തി പറഞ്ഞു “പോയി രാജ്ഞി യുടെ വിവരമറിഞ്ഞുവരൂ. അതറിയാതെ തിരിച്ചുവരുകയും വേണ്ട”.
പാവം ദൂതന്‍ ഓടിപ്പോയി. മണിക്കൂറുകള്‍ കടന്നുപോയി. ചക്രവര്‍ത്തി വിഷമിച്ചു. എന്താണ് മുംതാസ് മഹലിനേപ്പറ്റി വിവരമൊന്നുമില്ലാത്തത്? ഒരു ദൂതന്‍കൂടി അയയ്ക്കപ്പെട്ടു. അയാളും മടങ്ങിവന്നില്ല. ദേഷ്യംകൊണ്ട് വിറച്ച് ചക്രവര്‍ത്തി ഒരു ദൂതനെക്കൂടി അയച്ചു.
അവസാനം വിവരം കിട്ടി. രാജ്ഞിക്ക് സുഖമില്ല, ചക്രവര്‍ത്തിയെക്കാണാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. മിനിട്ടുകള്‍ക്കകം ചക്രവര്‍ത്തി ജനറലുമാര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ട് രാജ്ഞിയുടെ അടുത്തേക്കു പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ പ്രാര്‍ത്ഥനയില്‍ ഉയരുന്ന ശബ്ദങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ഹൃദയം മരവിച്ചു. രാജ്ഞി, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പത്നി, ആത്യാസന്നനിലയിലാണ്.
സൂര്യന്റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍പതിച്ചപ്പോള്‍, മുംതാസ്മഹല്‍ അന്ത്യശ്വാസം വലിച്ചു. ചക്രവര്‍ത്തി തന്റെ പ്രിയയുടെ ശയ്യയ്ക്കരികിലിരുന്നു പൊട്ടിക്കരയുമ്പോള്‍ അകലെ പെരുമ്പറകളും കാഹളങ്ങളും ഖാന്‍ജഹാന്‍ ലോധിയുടെ മേലുള്ള അദ്ദേഹത്തിന്റെ വിജയം അറിയിച്ചു.
രാജ്ഞിയുടെ മരണം ഷാജഹാനെ ദുഃഖാര്‍ത്തനാക്കി. ലളിതമായ വെള്ളവസ്ത്രം ധരിച്ച അദ്ദേഹം തിന്നാനും കുടിക്കാനും ഉറങ്ങാനും വിസമ്മതിച്ചു. രാജ്യകാൃയങ്ങളില്‍ അദ്ദേഹം യാതൊരു താല്‍പര്യവും കാണിച്ചില്ല. ഖാന്‍ ജഹാന്‍ ലോധിയുടെ മേലുള്ള വിജയത്തിന്റെ കൊള്ള മുതലുകള്‍ അദ്ദേഹം കാണാതെ കിടന്നു. ദിവസങ്ങളോളം കൊട്ടാരത്തിലെ ഉദ്യാനങ്ങളിലൂടെ ആദ്ദേഹം ഏകനായി ഉലാത്തി. ആരോടും സംസാരിച്ചില്ല, ആരും സംസാരിക്കുവാന്‍ ധൈര്യപ്പെട്ടുമില്ല.
ദിവസങ്ങള്‍ കടന്നുപോയി. ചക്രവര്‍ത്തി ദുഃഖാചരണത്തിലാണ്. ജനങ്ങള്‍ അടക്കിപ്പിടിച്ചു സംസാരിക്കുവാന്‍ തുടങ്ങി. രാത്രിയും പകലും വിശുദ്ധര്‍ രാജകീയ മോസ്‌കുകളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയിലേര്‍പ്പെട്ടു.
ഈ സമയം ഷാജഹാന്‍ തന്റെ ഭാര്യയ്ക്കുവേണ്ടി അനുപമസൌന്ദൃയമുള്ള ഒരു സ്മാരകം പണിയുന്നതിന് തീരുമാനിച്ചു. ഒരു ദിവസം അദ്ദേഹം സഭാവാസികളോടാജ്ഞാപിച്ചു. “ഇന്ത്യയുടെ ചക്രവര്‍ത്തി, ഷാജഹാന്‍ അതിബുദ്ധിമാനും ഉള്‍ക്കാഴ്ചയുള്ളവനും എല്ലാവരിലും മേലേയുള്ളവനുമായ ഒരു വാസ്തു കലാവിദഗ്ദ്ധനെ തന്റെ രാജ്ഞി മുംതാസ് മഹലിന് ഒരു സ്മാരകം പണിയുന്നതിനു വേണ്ടി തേടുന്നുവെന്ന് എല്ലാ രാജ്യങ്ങളിലേയ്ക്കും, ലോകത്തിന്റെ എല്ലാ കോണുകളിലേയ്ക്കും സന്ദേശം അയയ്ക്കുക.”
ദൂരസ്ഥലങ്ങളിലേയ്ക്ക്, വിദൂരസ്ഥമായ സാമ്രാജ്യങ്ങളിലേയ്ക്ക് വാര്‍ത്ത പരന്നു. ഇഞ്ചിനീയര്‍മാരും, വാസ്തു കലാവിദഗ്ദ്ധന്മാരും, കലാകാരന്മാരും, കരകൌശലവിദഗ്ദ്ധന്മാരും ആഗ്രയിലേയ്ക്ക് ഒഴുകാന്‍ തുടങ്ങി. പട്ടുതുണിയില്‍ പൊതിഞ്ഞ രേഖാചിത്രങ്ങളുമായി പ്രശസ്തരും ഉള്‍ക്കാഴ്ചയുള്ളവരുമായ ആളുകള്‍ സാഗരങ്ങളും മരുഭൂമികളും മലകളും കടന്ന് ഷാജഹാന്റെ സഭയിലേയ്ക്കു വന്നുകൊണ്ടിരുന്നു.
മുംതാസ് മഹലിന്റെ കൊട്ടാരത്തിനുനേരെ തുറക്കുന്ന ഒരു ജാലകത്തിനരുകിലിരുന്ന് ചക്രവര്‍ത്തി ഓരോ രൂപരേഖയും പിശോധിച്ചുകൊണ്ടിരുന്നു. ഒരു നല്ല വാക്കോടെ, കനത്ത ഹൃദയത്തോടെ അദ്ദേഹം ഓരോ രൂപരേഖയും തിരിച്ചുകൊടുത്തുകൊണ്ടിരുന്നു.
ഐതിഹ്യമനുസരിച്ച്, ഒരു വേനല്‍ക്കാലത്ത്. പ്രഭാതത്തില്‍ ഒരു തുര്‍ക്കി ഷാജഹാന്റെ സഭിലെത്തിച്ചേര്‍ന്നു. അയാള്‍ ഉള്‍ക്കാഴ്ചയുള്ളവനെപ്പോലെ തോന്നിയില്ല. അയാളുടെ കണ്ണുകള്‍ ദുഃഖം കൊണ്ട് കറുത്തിരുന്നു, അയാളുടെ വസ്ത്രങ്ങള്‍ മുഷിഞ്ഞതും അലസമായി ധരിക്കപ്പെട്ടതുമായിരുന്നു, അയാളുടെ പാദങ്ങള്‍ മുറിഞ്ഞ് രോഗാണുബാധിതമായിരുന്നു. അയാളുടെ കക്ഷത്തില്‍, കളങ്കരഹിതമായ തൂവെള്ള പട്ടു തുണിയുടെ ഒരു ചുരുള്‍ ഉണ്ടായിരുന്നു, അതിനുള്ളില്‍ അയാളുടെ രേഖാചിത്രവും.
ചക്രവര്‍ത്തി കറുത്തതും ദുഃഖത്തിന്റെ മൂര്‍ത്തിമദ്ഭാവവുമായ ആ രൂപത്തേയും അയാളുടെ കക്ഷത്തിലിരിക്കുന്ന അസാധാരണമായ വൃത്തിയുള്ള പട്ടുചുരുളിനേയും നോക്കി. ചുരുള്‍ അഴിച്ചപ്പോല്‍, അതിനുള്ളില്‍ മറ്റൊരു മൃദുവും തൂവെണ്മയുള്ളതുമായ ഒരു പട്ടു തുണി കണ്ടു. രേഖാചിത്രത്തിന്റെ കുറ്റമറ്റ സരളതകണ്ടു അത്ഭുതപ്പെട്ടുകൊണ്ട് ചക്രവര്‍ത്തി അത് ഉയര്‍ത്തി. വളരെ സമയത്തോളം അദ്ദേഹം അതില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന് അതില്‍നിന്നും കണ്ണുകള്‍ മാറ്റാനാവാത്തതുപോലെയായിരുന്നു. ഒടുവില്‍ ഒരു ചോദ്യം ചോദിക്കുന്നതിനായി അദ്ദേഹം കണ്ണുകളുയര്‍ത്തി.
“താങ്കള്‍ക്ക് ഇതിന്റെ മരംകൊണ്ടുള്ള ഒരു മാതൃക എത്ര പെട്ടെന്ന് ഉണ്ടാക്കാനാവും”.
തുര്‍ക്കി, ചക്രവര്‍ത്തിയെ ചാഞ്ചല്യമില്ലാതെ നോക്കി
” ഒരു ആഴ്ചയ്ക്കകം” അയാള്‍ പ്രതിവചിച്ചു.
“ഒരാഴ്ച” ഞെട്ടിക്കൊണ്ട് ചക്രവര്‍ത്തി ചോദിച്ചു
“നാളത്തേയ്ക്ക് അത് ശരിയായിരിക്കണം!”
“തിരുമനസ്സേ, ഒരു സുന്ദരവസ്തുവില്‍, അത് ഒരു മാതൃകയായാല്‍പോലും, വേണ്ട ശ്രദ്ധയും സമയവും കൊടുക്കണം. ഇത് ഒരു സാധാരണ മാതൃകയല്ലല്ലോ”.
ഷാജഹാന്‍ അനുജ്ഞ നല്‍കുംവിധം തലചെരിച്ചുകൊണ്ട് തന്റെ ആജ്ഞ ചോദ്യംചെയ്യുവാന്‍ ധൈര്യപ്പെട്ട ആയാളോട് കൌതുകത്തോടെ ചോദിച്ചു. “എന്താണ് നിങ്ങളുടെ പേര്? എങ്ങിനെയാണ് ഈ മാതൃക നിങ്ങള്‍ക്ക് തോന്നിയത്?”
“എന്റെ എളിയപേര് ഉസ്താദ് ഇസ്സ എന്നാണ്” തുര്‍ക്കി പറഞ്ഞു. ” ഞാനും സ്നേഹഭാജനത്തിന്റെ നഷ്ടം സഹിച്ചയാളാണ്. വളരെനാളുകളോളം ദിനവും രാത്രിയും ഈ രേഖാചിത്രം മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. അത് ഞാന്‍ സ്നേഹത്തിന്റെ ഒരു സ്മാരകമാക്കി. എന്റെ സ്വപ്നം സാക്ഷാത്കരിക്കാനും എന്നോടൊപ്പം പങ്കുവയ്ക്കാനും കഴിയുന്ന ഒരാളെത്തേടി നടക്കുകയായിരുന്നു ഞാന്‍. ഇത്ര മഹാനായ ഒരു ചക്രവര്‍ത്തി അത് ചെയ്യുമെന്ന് ചിന്തിക്കുവാന്‍ പോലും ഞാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
“ദുഃഖം എല്ലാമനുഷ്യനേയും ഈശ്വരന്റെ മുന്നില്‍ തുല്യരാക്കുന്നു”. ചക്രവര്‍ത്തി പറഞ്ഞു. വളരെ നാളുകള്‍ക്ക് ശേഷം സമാധാനം ലഭിച്ച അദ്ദേഹം പറഞ്ഞു.
“മാതൃക കൊണ്ടുവരൂ. നമുക്കു രണ്ടാള്‍ക്കുംകൂടി അത് പഠിക്കാം”
ഉസ്താദ് ഇസ്സയുടെ തടിമാതൃക അംഗീകരിക്കപ്പെട്ടു. ഒരു ദേശീയ സമ്മേളനം വിളിക്കപ്പെട്ടു. മന്ത്രിമാരോട് പലകാര്യങ്ങളെപ്പറ്റിയുമുള്ള വിശദവിവരങ്ങള്‍ ശേഖരിക്കുവാന്‍ ആവശ്യപ്പെട്ടു. സ്മാരകം എവിടെ പണിയാനാകും, ആഗ്രയിലെയും ലാഹോറിലേയും രാജകീയ ഖജനാവില്‍ എത്രപണമുണ്ട്, രത്നങ്ങളിലും വജ്രങ്ങളിലും കല്ലിലും കൊത്തുപണിയിലും മറ്റു കലാരൂപങ്ങളിലും വിദഗ്ദ്ധരായവരൊക്കെയാണ്. പണിതുടങ്ങുവാന്‍പറ്റിയ ശുഭമുഹൂര്‍ത്തം ഏതാണ്?
വളരെകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടായിരുന്നു. പണിസാധനങ്ങള്‍ (കല്ലുകള്‍, സിമന്റ്, ഇഷ്ടിക, വെണ്ണക്കല്ല്, രത്നകല്ലുകള്‍) എവിടെനിന്നു കൊണ്ടുവരും? സ്മാരകത്തിന് എത്ര രൂപയാകും? ആരായിരിക്കണം ധനപരമായ കാര്യങ്ങള്‍ നോക്കുന്നത്? ആര് മേല്‍നോട്ടം വഹിക്കും? ആര് ദൈനംദിന പുരോഗതി അറിയിക്കും? ദിവസങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ ശേഖരിച്ചു. പതുക്കെ ചക്രവര്‍ത്തിയുടെ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ തുടങ്ങി.
ഷാജഹാന്‍ വളരെ ശ്രദ്ധിച്ച് ഒരുസ്ഥലം തെരഞ്ഞെടുത്തു - ഒരു നദിയുടെ കരയിലുള്ള മരങ്ങള്‍ നിറഞ്ഞു ഹരിതാഭമായ ഒരു തോടും. 1631 ല്‍ രാജ്ഞി മുംതാസ് മഹലിന്റെ ശരീരം ബുര്‍ഹാന്‍പൂരില്‍നിന്ന് കൊണ്ടുവന്ന് ഒരു താല്‍ക്കാലിക ശവകുടീരത്തില്‍, പണിസ്ഥലത്തിനടുത്തായ്, സ്ഥാപിച്ചു. ചക്രവര്‍ത്തിയുടെ കൊട്ടാരത്തിനടുത്തായിരുന്നു, അത്. ഷാജഹാന്‍ ദിവസത്തില്‍ പലതവണ അവിടം സന്ദര്‍ശിച്ചിരുന്നു.
വളരെ ആഴ്ചകളിലെ പ്രാര്‍ത്ഥനകള്‍ക്കും ജോത്സ്യന്മാരുമായുള്ള ആലോചനകള്‍ക്കും ശേഷം സ്മാരകത്തിന്റെ പണി ആരംഭിച്ചു. 20,000 കഴിവുറ്റ ജോലിക്കാരെ പണികള്‍ക്കായി തെരഞ്ഞെടുത്തു. അവര്‍ക്കു താമസിക്കുന്നതിനായി പണിസ്ഥലത്തിനു തൊട്ടു പുറത്തായി ഒരു ചെറുപട്ടണം പണികഴിച്ചു. മുംതാസാബാദ് - അതായിരുന്നു പട്ടണത്തിനിട്ട പേര്‍് - പട്ടണത്തില്‍ വൃത്തിയുള്ള വീടുകളും വീഥികളും ഓടകളും ചന്ത സ്ഥലങ്ങളും കൂറ്റന്‍ ഇഷ്ടികചൂളകളും ചുമട് ചുമക്കുവാനുളള കോവര്‍കഴുതകളേയും, കുതിരകളേയും ,കഴുതകളേയും, ആനകളേയും താമസിപ്പിക്കാനുള്ള ആലയും പണികഴിപ്പിച്ചു.
ആദ്യം തറകുഴിച്ച് എക്കല്‍നിറച്ചു. എക്കല്‍ ലഭിക്കുന്നതിനുതന്നെ വളരെയധികം അദ്ധ്വാനം വേണ്ടിവന്നു. എക്കല്‍ - നദിയുടെ അടിയിലുള്ള മണല്‍ അടിത്തറയിലേയ്ക്ക് വെള്ളം ചോര്‍ന്നു ചെല്ലുന്നതുതടയുവാനാണ് ഉപയോഗിച്ചത്. സ്മാരകത്തിന്റെ പരിസരം മനോഹരമാക്കുന്നതിനുവേണ്ടി നദിയുടെ ഗതി തിരിച്ച് അതിനെ സ്ഥലത്തിനു മുന്നില്‍ക്കൂടെ ഒഴുക്കി. പടുകൂറ്റനായ ഒരു ചട്ടക്കൂട്. പണി നടത്തുന്നതിലേയ്ക്ക് ആവശ്യമായ താല്‍ക്കാലിക തട്ടായി ഉയര്‍ത്തി. സാധാരണ ഇത് തടിയിലാണ് നിര്‍മ്മിക്കുക. എന്നാല്‍ ഷാജഹാന്‍ ഇഷ്ടികയാണ് ഉപയോഗിച്ചത്. അതുകൊണ്ട് സ്മാരകത്തിനൊപ്പം ഇഷ്ടികകൊണ്ടുള്ള ഒരു സമാന്തമായ എടുപ്പും ഉയര്‍ന്നു വന്നു. ഷാജഹാന്‍ പ്രശസ്തരായ ശില്‍പികളെ വിളിക്കുകയും അവര്‍ക്ക് വലിയ തുകകള്‍ ശമ്പളമായി നല്‍കുകയും ചെയ്തു. പ്രാദേശികരായ ശില്‍പികള്‍ക്കു പുറമെ പൌരസ്ത്യദേശത്തെ ഏറ്റവും പ്രഗത്ഭരായ ആളുകളേയും വിളിച്ചു. ഏറ്റവും വിദഗ്ദ്ധനായ കുംഭഗോപുരനിര്‍മ്മാതാവായ ഇസ്മായില്‍ അഫാന്‍ഡി എന്ന തുര്‍ക്കിയെ ടര്‍ക്കിയില്‍ നിന്നും വിളിച്ചുവരുത്തി, കുറ്റമറ്റ അര്‍ദ്ധഗോളാകൃതിയിലുള്ള കുംഭഗോപുരം താജ്മഹലിന് പണിയുവാന്‍ ഏര്‍പ്പെടുത്തി. കുംഭഗോപുരത്തിന് കട്ടിതങ്കത്തിന്റേതായ മകുടം ഉണ്ടാക്കുന്നതിനായി സ്വര്‍ണ്ണപണിക്കാരില്‍ ഇറ്റവും പേരുകേട്ട ഖാസിംഖാനെ ലാഹോറില്‍നിന്നും വിളിച്ചു വരുത്തി. വെണ്ണക്കല്ലിനുള്ളില്‍ വിലയേറിയ കല്ലുകളും രത്നങ്ങളും വെട്ടിയിട്ട് ചെയ്യുന്ന ചിത്രപ്പണികളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി മികച്ച കൊത്തുപണിക്കാരനായ ചിരഞ്ജിലാലൈന്‍ ഡല്‍ഹിയില്‍ നിന്നും വരുത്തി. ചിത്രലിപികള്‍ വരയ്ക്കുന്നതില്‍ അദ്വിതീയനായ അമാനത്തുള്ളഖാനെ ഷിരാസില്‍ നിന്നു വരുത്തി. അദ്ദേഹം തന്നെയാണ് ശവകൂടീരത്തിനുമുകളിലും താജിന്റെ മുഖപ്പിലുമുള്ള അറബിവാക്യങ്ങള്‍ കൊത്തിയത്. ഭിത്തിമാടങ്ങളും വാതിലുകളും ഖുരാനിലെ പവിത്രവാക്യങ്ങള്‍കൊണ്ട് അലങ്കരിക്കപ്പെട്ടു. ഈ ലിഖിതങ്ങളുടെ പ്രത്യേകതയെന്തെന്നാല്‍ താഴെനിന്നുനോക്കുമ്പോള്‍ എല്ലാ അക്ഷരങ്ങള്‍ക്കും ഒരേ വലിപ്പം തോന്നിക്കുമെന്നതാണ്. യഥാര്‍ത്ഥത്തില്‍ കെട്ടിടത്തിന്റെ മുകളിലേയ്ക്ക് പോവുന്തോറും അക്ഷരങ്ങളുടെ വലിപ്പം കൂടികൂടിവരുന്നു.
അമാനത്ത് ഖാന്റേതുമാത്രമാണ് ഷാജഹാന്‍ അനുവദിച്ച ഒരോരു കൈ ഒപ്പ്, അത് അകത്ത് ഉള്ള ഒരു കുംഭഗോപുരത്തിന്റെ ചുവട്ടിലായി കാണാം.
അമാനത്തുഖാന്റെ സഹായികളായി ബാഗ്ദാദില്‍നിന്നുള്ള മുഹമ്മദ്ഖാനും സിറിയയില്‍നിന്നുള്ള റോഷന്‍ഖാനും പ്രവര്‍ത്തിച്ചു. അറേബ്യയില്‍നിന്നുള്ള ഖാദിര്‍ സെമാന്‍ ഖാനായിരുന്നു പൊതുകലകളുടെ മാസ്റ്റര്‍. ബാലിക്, ബലൂചിസ്ഥാന്‍. ബുഖ്‌റ. പേര്‍ഷ്യ എന്നിവിടങ്ങളില്‍നിന്ന് ശില്‍പികളെയും, എഞ്ചിനീയര്‍മാരെയും, കല്‍പണിക്കാരെയും, കലാകാരന്മാരെയും അവരുടെ പ്രത്യേക കഴിവുകള്‍ മൂലം വരുത്തിയിരുന്നു. വെണ്ണക്കല്ലിനുള്ളില്‍ കല്ലുകള്‍ വെട്ടിയിട്ടുള്ള ചിത്രപ്പണികളില്‍ വിദഗ്ദ്ധനായ ഒരു ദക്ഷിണേന്ത്യക്കാരനും വിശിഷ്ടങ്ങളായ പൂക്കള്‍ കൊത്തിയുണ്ടാക്കുവാന്‍ വിദഗ്ദ്ധനായ ഒരു മുള്‍ടാന്‍കാരനുമുണ്ടായിരുന്നു.
37 മാസ്റ്റര്‍മാരുടെ ഒരു സംഘമാണ് അവരുടെ കീഴിലുള്ള പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത്. ചക്രവര്‍ത്തിയുടെ വിശ്വസ്തരും പരിചയസമ്പന്നരുമായ രണ്ട് ഭരണാധിപന്മാരാണ് ധനകാൃയവും ദൈനംദിന നിര്‍മ്മാാണവും നിയന്ത്രിച്ചിരുന്നത്. അങ്ങിനെ അന്താരാഷ്ട്ര പ്രശസ്തരായ കലാകാരന്മാരുടെ ഒരു നിരയും ലോഭമില്ലാത്ത മുഗള്‍ സ്വത്തുക്കള്‍ ഇവ ചേര്‍ന്ന് ഒരിക്കലും മറക്കാനാവാത്ത ഒരു സൃഷ്ടി നടത്തിക്കൊണ്ടിരുന്നതിനാല്‍, ചക്രവര്‍ത്തി അവസാനം തൃപ്തനാവാന്‍ തുടങ്ങിയിരുന്നു.
ശില്‍പികളോടും കൂലിപ്പണിക്കാരോടുമൊപ്പം അസംസ്കൃത പദാര്‍ത്ഥങ്ങളും ആഗ്രയിലേയ്ക്ക് ഒഴുകുവാന്‍ തുടങ്ങി. ഒരു വിശാലവും ധനികവുമായ സാമ്രാജ്യത്തിനുമാത്രമേ അത്രയും സമൃദ്ധമായി സാധനങ്ങള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ചുവന്ന മണല്‍ക്കല്ലുകള്‍ സമീപപ്രദേശങ്ങളിലെ പാറമടകളില്‍നിന്നും എത്തിച്ചു. വെണ്ണക്കല്ല് രാജസ്ഥാനിലെ മക്‌റാനയില്‍നിന്നും റയ്‌വാളില്‍നിന്നും കുഴിച്ചെടുത്തുകൊണ്ട് വന്നു. വെളുത്ത മാര്‍ബിളിന്റെ വലിയ കട്ടകള്‍ കുഴിച്ചെടുത്തതില്‍നിന്നും വളരെ നല്ലവനോക്കി തെരഞ്ഞെടുത്ത് ആനകളാലും കുതിരകളാലും മൂരികളാലും വലിക്കുന്ന വണ്ടികളില്‍കയറ്റി പണിസ്ഥലത്തെത്തിച്ചു. ചില കട്ടകള്‍ വളരെ വലിപ്പമേറിയവയായതിനാല്‍ 20 മുതല്‍ 30 വരെ കാളകള്‍ ചേര്‍ന്നായിരുന്നു ദൃഢമായി നിര്‍മ്മിക്കപ്പെട്ട പ്രത്യക വണ്ടികളില്‍ അവ കൊണ്ടുവന്നിരുന്നത്.
മണല്‍ക്കല്ലുകള്‍, ഇഷ്ടിക, വെണ്ണക്കല്ല് മുതലായവ പണിസ്ഥലത്തേക്കുകൊണ്ടുവരുന്നതിനായി 10 മെയില്‍ നീളമുള്ള, കളിമണ്ണും ചരല്‍കല്ലും പാളികളായി അടുക്കപ്പെട്ട ബലവത്തായ ഒരു പാത പ്രത്യേകം നിര്‍മ്മിച്ചിരുന്നു. ഈ വീഥിയില്‍ എപ്പോഴും അറ്റമില്ലാത്ത ഒരു നിരവണ്ടികള്‍ പോവുകയും വരുകയും ചെയ്തുകൊണ്ടിരുന്നു.
നൂര്‍കണക്കിന് പണിക്കാര്‍ ചേര്‍ന്ന് വെണ്ണക്കല്ലുകള്‍ മിനുക്കി വലിപ്പമനുസരിച്ച് മുറിച്ചതിനുശേഷം ബലമുള്ള തൂണിലും തുലാത്തിലും ഉറപ്പിച്ചിട്ടുള്ള കപ്പിയുടെ സഹായത്തോടെ വളരെയധികം മൃഗങ്ങളും മനുഷ്യരും ചേര്‍ന്ന് വലിച്ചും തള്ളിയും ആണ് യഥാസ്ഥാനത്തേയ്ക്ക് ഉയര്‍ത്തിവച്ചിരുന്നത്. പണിസ്ഥലത്ത് എപ്പോഴും തിരക്കിട്ടജോലിയായിരിക്കും. ആയിരക്കണക്കിന് തൊഴിലാളികള്‍ രാവും പകലും പണിയെടുത്തുകൊണ്ടിരിക്കുന്നു. കങ്കാണികളുടെ ഉച്ചത്തിലുള്ള ശാസനകളും മൃഗങ്ങള്‍ വലിയ ഭാരം വലിക്കുമ്പോഴുണ്ടാകുന്ന ഞരക്കങ്ങളും എപ്പോഴും ഉയര്‍ന്നുകൊണ്ടിരുന്നു.
വിദൂരദേശങ്ങളില്‍ നിന്നുള്ള അത്യപൂര്‍വ്വങ്ങളായ രൂപരേഖകളും നിധികളും പ്രത്യകമായി വരുത്തിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍, മുഗള്‍ചക്രവര്‍ത്തിയോടുള്ള സൌഹൃദം വര്‍ദ്ധിപ്പിക്കുന്നതിനായി മിത്രങ്ങളായ രാജാക്കന്മാരും ചക്രവര്‍ത്തിമാരും വിലമതിക്കാനാവാത്തതും അസാധാരണവും ആയ രത്നങ്ങള്‍ കാഴ്ചവച്ചിരുന്നു. അങ്ങിനെ ചീനയില്‍ നിന്ന് വളരെയധികം സ്ഫടികവും പരലുകളും, അഫ്ഗാനിസ്ഥാനില്‍ നിന്ന് വിശേഷതരമായ ഇന്ദ്രനീലക്കല്ല്, തിബത്തില്‍നിന്ന് വൈഡൂൃയം, ഈജിപ്തില്‍നിന്ന് ക്രൈസൊലൈറ്റ്, വടക്കേ ആഫ്രിക്കയില്‍നിന്ന് മാലചൈറ്റ് എന്ന വിശേഷതരമായ മരതകം, ഇന്ത്യാ മഹാസമുദ്രത്തില്‍നിന്നുള്ള അപൂര്‍വ്വങ്ങളായ ശംഖുകള്‍, പവിഴപ്പുറ്റ്, വിശിഷ്ടമുത്തുകള്‍ മുതലായവ കൊണ്ടുവന്നു.
ഷാജഹാന്റെ രത്നവിദഗ്ദ്ധന്മാരുടെ സംഘങ്ങള്‍ വിദൂരദേശങ്ങളില്‍ എത്തിച്ചേര്‍ന്ന് താമസിയാതെ ചാക്കുകള്‍ നിറയെ വജ്രങ്ങള്‍, പുഷ്യരാഗം, മാണിക്യം, മരതകം, ഇന്ദ്രനീലം മുതലായവയും അല്‍പം കൂടി വിലകുറഞ്ഞ കല്ലുകളും ആഗ്രയില്‍ എത്തിച്ചേര്‍ന്നു തുടങ്ങി. ഇവയെല്ലാം വിദഗ്ദ്ധരായ ഒരു കൂട്ടം രത്നപണിക്കാര്‍ വലിപ്പത്തിനനുസരിച്ച് മുറിച്ച് മിനുസപ്പെടുത്തിയതിനുശേഷം മാര്‍ബിളിനുള്ളില്‍ പെട്ടിയിടുന്ന കൊത്തുപണിക്കാരെ ഏല്‍പ്പിച്ചു. ഈ കലാകാരന്മാര്‍ ഇവചെത്തി ചാണകള്‍കൊണ്ട് മിനുക്കി ആവശ്യത്തിനുള്ള ഘനത്തിലാക്കി മാര്‍ബിളിനുള്ളില്‍ ഉറപ്പിച്ചുകൊണ്ടിരുന്നു.
അങ്ങനെ ആ സ്മാരകം ഉയര്‍ന്നുകൊണ്ടിരുന്നു. ആദ്യം ശവകുടീരമാണ് പണിതത്, പിന്നീട് രണ്ടുവശത്തുമുള്ള മോസ്‌കുകളും, അതിനുശേഷം നാല് വണ്ണംകുറഞ്ഞ മിനാരങ്ങളും അവസാനം ഗോപുരവും ചുറ്റുമുള്ള കെട്ടിടങ്ങളും തീര്‍ന്നു. മിനാറുകള്‍ സൌധങ്ങളില്‍ നിന്നും അല്‍പം പുറത്തേയ്ക്കു ചെരിച്ചാണ് പണിതിരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ അവ എന്തെങ്കിലും വീഴുകയാണെങ്കില്‍പ്പോലും മറ്റ് കെട്ടിടങ്ങള്‍ക്ക് കുഴപ്പമുണ്ടാവരുതല്ലോ?
താജ്മഹലിന്റെ പണി നടന്നുകൊണ്ടിരുന്നപ്പോള്‍തന്നെ അതിന്റെ അഭൌമസൌന്ദൃയത്തെപ്പറ്റിയറിഞ്ഞ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതുകാണുവാനായി ആളുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. സന്ദര്‍ശകരുടെ പുകഴ്ത്തല്‍കേട്ടിട്ടും ഇളകാതെ ശില്‍പികള്‍ അവരുടെ പണി തുടര്‍ന്നു. കാരണം അവരുടെ ജീവിതം കൊണ്ട് വിലകൊടുക്കാതെ അവര്‍ക്ക് ആസൂത്രണത്തില്‍ ഒരു തെറ്റും വരുത്തുവാന്‍ സാധിക്കുമായിരുന്നില്ല. മതനിയമമനുസരിച്ച്, ഒരു ശവകുടീരം പണിതീര്‍ന്നതിനുശേഷം ഒന്നും ചേര്‍ക്കുവാനോ നീക്കം ചെയ്യുവാനോ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തെറ്റുവരുത്തുക എന്നത് ഗുരുതരവും അക്ഷന്തവ്യവുമായ അപരാധമായിരുന്നു.
അവസാനം അതുതീര്‍ന്നപ്പോള്‍ ചക്രവര്‍ത്തി ലളിതവസ്ത്രധാരിയായി പ്രവേശിച്ച് പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തി. ദിവ്യവാക്യങ്ങളുടെ മുഴക്കത്തിനിടയില്‍ മുംതാസ് മഹലിന്റെ ശവകല്ലറ മുത്തുകള്‍കൊണ്ട് മൂടി മുപ്പത്തഞ്ചുതരം അപൂര്‍വ്വകല്ലുകള്‍ ഉറപ്പിച്ച മനോഹരമായ ചിത്രപണികളുള്ള പെട്ടിയുടെ മുകളില്‍ സാമ്രാജ്യത്തിലെ ഏറ്റവും വിലകൂടിയ രത്നങ്ങള്‍ വയ്ക്കപ്പെട്ടു. വചനങ്ങള്‍ ചിത്രലിപികളാല്‍ പെട്ടിയ്ക്കുമുകളില്‍ എഴുതപ്പെട്ടു.
ശുദ്ധമായ ജാസ്പര്‍ (ചുവപ്പോ മഞ്ഞയോ ബ്രൌണോ നിറത്തില്‍ കാണപ്പെടുന്ന വിലപിടിച്ച ഒരു കല്ല്) കൊണ്ട് ഉണ്ടാക്കിയ ഒരു കതക് ശവകുടീരത്തിലേയ്ക്കുള്ള ഒരു അകവാതിലിനു വച്ചു. സ്വര്‍ണ്ണവിളക്കുകളും വെള്ളിമെഴുകുതിരിക്കാലുകളും ഭിത്തികളില്‍ ഉറപ്പിച്ചു. പ്രവേശനവാതിലില്‍ വെള്ളിഗേറ്റുകള്‍ പിടിപ്പിച്ചു. പേര്‍ഷ്യയില്‍നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അനുപമസൌന്ദൃയമുള്ള പരവതാനികള്‍ താജ്മഹലിന്റെ തറകള്‍ അലങ്കരിച്ചു. ഇവ ഓരോ വാരത്തിലും മാറ്റിക്കൊണ്ടിരുന്നു. മുടക്കമില്ലാതെ പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി വിശുദ്ധരെ നിയമിച്ചിരുന്നു. ഓരോവര്‍ഷവും മുംതാസ്മഹലിന്റെ സ്മരണനിലനിര്‍ത്തുന്നതിനായി പ്രത്യേകം പ്രാര്‍ത്ഥന നടത്തിയിരുന്നു. അന്നേ ദിവസം പതിനായിരക്കണക്കിന് പാവങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും മറ്റും നല്‍കിയിരുന്നു. രണ്ടായിരം ഭടന്മാര്‍ താജ്മഹലിന്റെ വളപ്പിന് കാവല്‍ നിന്നിരുന്നു.
20,000 ആളുകളുടെ മുപ്പതുവര്‍ഷത്തെ അദ്ധ്വാനം കൊണ്ട് പണിത താജ്മഹല്‍ പണിതീര്‍ന്നപ്പോള്‍ അത്രയും ഗംഭീരവും അസാമാന്യ സൌന്ദൃയമുള്ളതുമായ ഒന്ന് ലോകത്തൊരിടത്തും പണിയപ്പെട്ടിട്ടില്ലെന്ന് അറിയപ്പെട്ടു.
താജ്മഹലിന്റെ പ്രധാന കവാടം 100 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു - ആകാശത്തില്‍ മുട്ടുന്നു എന്ന് തോന്നിക്കത്തക്കവിധത്തില്‍. ഭാരമേറിയതും കൂറ്റനുമായ ഗോപുരവാതില്‍ എട്ട് ലോഹങ്ങളാല്‍ പണിത് ഇരുമ്പുകൈപ്പിടികള്‍ പിടിപ്പിക്കപ്പെട്ടതാണ്. ഷാജഹാന്റെ കാലത്ത് ഇവിടെ കനത്ത സുരക്ഷാസംവിധാനമുണ്ടായിരുന്നു. താജ്മഹലിനുള്ളിലുണ്ടായിരുന്ന ധനബാഹുല്യം മൂല്യം അനുവാദമില്ലാതെ അതിനുള്ളില്‍ ആ കാലത്ത് ആര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. താജിനു ചുറ്റും ഉയരമേറിയ മതിലുകള്‍ ഉയര്‍ത്തി സംരക്ഷിക്കപ്പെട്ടിരുന്നു. രാവും പകലും കാവല്‍ക്കാര്‍ ഉദ്യാനത്തില്‍ റോന്തുചുറ്റിയിരുന്നു.
ഗോപുരവാതില്‍ കടന്നാലുടന്‍ നമുക്ക് താജിന്റെ അദ്യ ദര്‍ശനം ലഭിക്കുന്നു - രത്നഖചിതമായ ഒരു മുത്തുപോലെ ലളിതമായ കൃത്യതമൂലം അത് തിളങ്ങുന്നു. ഗോപുരവാതില്‍ മുതല്‍ താജ്് വരെ ഒരു പച്ച പരവതാനിപോലെ ഉദ്യാനം താജിനു ചുറ്റും പരന്നുകിടക്കുന്നു. പേര്‍ഷ്യന്‍ മാതൃകയനുസരിച്ച് അത് പലചതുരങ്ങളായി തിരിച്ചിരിക്കുന്നു. അതിപ്രശസ്തരായ പല പൂന്തോട്ടക്കാരേയും ഉദ്യാന സ്ഥലരൂപീകരണ വിദഗ്ദ്ധരേയും ഉപയോഗിച്ചാണ് ഷാജഹാന്‍ മനോഹരമായ ആ ഉദ്യാനം നിര്‍മ്മിച്ചത്. മുഗള്‍ പൂന്തോട്ടങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ജലം - രണ്ട് ശുദ്ധജല ചാലുകള്‍ ഈ പൂന്തോട്ടത്തിന്റെ മദ്ധ്യത്തിലും അതിനെ രണ്ടായി തിരിച്ചുകൊണ്ട് നിലകൊള്ളുന്നു. ഇവയുടെ ഓരങ്ങളില്‍ രണ്ടുതരത്തിലുള്ള മരങ്ങള്‍ വച്ചുപിടിപ്പിച്ചിരുന്നു - സൈപ്രഡ് മരങ്ങളും (മരണത്തിന്റെ പ്രതീകം) പഴമര ചെടികളും (ജീവിതത്തിന്റെ പ്രതീകം)
ഉദ്യാന മദ്ധ്യത്തിലുള്ള വെണ്ണക്കല്ലില്‍ പടുത്ത കുളത്തിലെ ജലം താജ്മഹലിന്റെ സൌന്ദൃയത്തെ പ്രതിഫലിപ്പിക്കുന്നു. ഈ കുളവും ചാലുകളും സുഗന്ധീകരിക്കപ്പെട്ട ജലത്താല്‍ നിറഞ്ഞിരുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ള അപൂര്‍വ്വങ്ങളായ മത്സ്യങ്ങള്‍ അവയില്‍ നീന്തിക്കളിച്ചിരുന്നു. ഇന്ന് 50 അടിയോളം ചുറ്റളവുള്ള, 425 വര്‍ഷം പഴക്കമുള്ള ഒരു മരം താജ്മഹല്‍ പണിതുകൊണ്ടിരുന്നപ്പോള്‍ പൂത്തുനില്‍ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
താജ്മഹലിന്റെ കുംഭഗോപുരം അതിനോടടുക്കും തോറും വലുതായി വലുതായിവരുന്നതായി തോന്നുന്നു. അതിന്റെ യഥാര്‍ത്ഥമായ സ്വര്‍ണ്ണമകുടങ്ങളോടെ ഈ കുംഭം ഉദ്യാനനിരപ്പില്‍ നിന്ന് 243 അടി ഉയരത്തില്‍ സ്ഥിതിചെയ്തിരുന്നു - ദില്ലിയിലെ കുത്തുബ്മിനാറിനേക്കാള്‍ ഉയരത്തില്‍. പുറമ്പോലെ തന്നെ താജ്മഹലിന്റെ അന്തര്‍ഭാഗവും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. ഷാജഹാന്റെ കാലത്തെ വാസ്തുശില്‍പികള്‍ അതിനെ ഒരു പ്രതിദ്ധ്വനി അറയായി മാറ്റിയിരിക്കുന്നു. ഒരു ചെറിയ ശബ്ദം പോലും നൂറുകണക്കിന് മടങ്ങ് വലുതാക്കപ്പെട്ട് പ്രത്യേക രീതിയില്‍ കുറഞ്ഞുവരുന്നതിനാല്‍ കേള്‍വിക്കാരന് ശബ്ദം എപ്പോള്‍ തുടങ്ങിയെന്നോ എപ്പോള്‍ അവസാനിച്ചുവെന്നോ തിരിച്ചറിയാന്‍ വിഷമമാണ്. ഷാജഹാന്റെ കാലത്ത് ഈ സൂക്ഷ്മപ്രതികരണ സ്വഭാവമുള്ള ശബ്ദ അറ മുംതാസ് മഹലിനുവേണ്ടി ഉയര്‍ത്തപ്പെട്ടിരുന്ന മനോഹരങ്ങളായ പ്രാര്‍ത്ഥനാ നാദങ്ങളാല്‍ പ്രതിദ്ധ്വനിക്കപ്പെട്ടിരുന്നു.
മന്ദിരത്തിന്റെ മദ്ധ്യത്തിലായാണ് ശവക്കല്ലറ. ഒത്ത മദ്ധ്യത്തില്‍ മുംതാസ് മഹലിന്റെ ശവക്കല്ലറയും അതിനുതൊട്ടടുത്തായി ഷാജഹാന്റെയും. അവിടെ മങ്ങിയ പ്രകാശമേ ഉള്ളൂ. പകല്‍പോലും വെണ്ണക്കല്ലുകൊണ്ടുള്ള ജാലകങ്ങളിലൂടെ അരിച്ചെത്തുന്ന ഒരു മൃദുലപ്രകാശം മാത്രമേയുള്ളൂ.
മാര്‍ബിള്‍ അറകളില്‍ വിലകൂടിയ കല്ലുകള്‍ ചെത്തി ഉറപ്പിച്ചുള്ള ചിത്രപ്പണികള്‍ ധാരാളമുണ്ടായിരുന്നു. ഇപ്പോള്‍ ചിലത് മാറ്റിയിരിക്കുന്നു. രാജ്ഞിയുടെ ശവകൂടീരത്തില്‍ ആലേഖനം ചെയ്തിതിരിക്കുന്ന ചിത്രലിപികള്‍ ഇതുവരെ നിലവിലുള്ളതില്‍വച്ച് ഏറ്റവും മികവുറ്റതത്രേ. അതില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു. ” മുംതാസ് മഹല്‍ എന്ന് വിളിക്കപ്പെട്ടിരുന്ന അര്‍ജ്ജുമാന്‍ ബാനുബീഗത്തിന്റെ ഉജ്ജ്വലമായ (പ്രകാശിതമായ) ശവകുടീരം. മുംതാസ് ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞതിനാല്‍, സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ അവരെ ആശംസിക്കുന്നതിനായി താഴേയ്‌ക്കുവരുന്നു.” ചിത്രത്തുന്നല്‍പോലെ അതിവിശദവും സൂക്ഷ്മവുമായി കൊത്തുപണികള്‍ ചെയ്ത ഒരു മറ രണ്ടു ശവക്കല്ലറകളുടെയും പുറത്ത് അവയെ ചുറ്റിസ്ഥിതിചെയ്യുന്നു.
അവരുടെ പ്രേമത്തിന്റെ പ്രതീകമായി മുംതാസിന്റെ ശവപേടകം ഒരു സ്ലേറ്റിന്റെ മാതൃകയും സുല്‍ത്താന്റെ ശവപേടകം ഒരു മഷിക്കുപ്പിയുടെ മാതൃകയും വഹിക്കുന്നു. സുല്‍ത്താന്‍ തന്റെ ആത്മാവിലെ ആഗ്രഹങ്ങള്‍ തങ്ങള്‍ ഒന്നിച്ചുണ്ടായിരുന്ന 19 വര്‍ഷം തന്റെ ഭാര്യയുടെ ഹൃദയത്തില്‍ എഴുതിയിരുന്നു എന്നു പറയപ്പെട്ടിരുന്നതുകൊണ്ട്, അവര്‍ സ്വര്‍ഗ്ഗത്തിലും അത് തുടരും.
ഷാജഹാന്‍ മുപ്പതു വര്‍ഷം ഭരിച്ചു. ഈ കാലയളവില്‍ താജ് മഹലിന്റെ പണി പൂര്‍ത്തിയാവുകയും മുഗേല്‍ ഭരണം അതിന്റെ കീര്‍ത്തിയുടെ കൊടുമുടിയില്‍ എത്തിച്ചേരുകയും ചെയ്തു. ഈ കാലഘട്ടത്തെ മുഗള്‍ ഭരണത്തിന്റെ സുവര്‍ണ്ണകാലം എന്നുവിളിക്കുന്നു. കലയും കരകൌശലവിദ്യയും ഉന്നതനിലയിലായിരുന്നു, ഭരണം കാര്യക്ഷമമായിരുന്നു. രാജ്യം ധനികവും സമൃദ്ധവുമായിരുന്നു.
ഷാജഹാന്‍, മറ്റൊരു പ്രശസ്തമായ ശവകുടീരത്തെപ്പറ്റി സ്വപ്നംകണ്ടുതുടങ്ങി…….ഠന്റെ തന്നെ, കറുത്തവെണ്ണക്കല്ലില്‍ മറ്റൊരു താജ്മഹല്‍ “എന്റെ ജീവിതത്തിലെ ജോലി അവസാനിച്ചിരിക്കുന്നു” അദ്ദേഹം പറഞ്ഞു “ഇനി മുംതാസിനൊപ്പം ചേരാന്‍ തയ്യാറാവണം.”
“സുല്‍ത്താന്‍ ഇനിയുമൊരായിരം വര്‍ഷം ജീവിച്ചിരിക്കുമാറാകട്ടെ” സഭാവാസികള്‍ പ്രാര്‍ത്ഥിച്ചു.
“അസാദ്ധ്യം!” സുല്‍ത്താന്‍ പറഞ്ഞു. ” അസംഭവ്യം എന്ന് എനിക്ക് പലപ്പോഴും കരുതിയിരുന്ന കാര്യം നിര്‍വ്വഹിച്ചു കഴിഞ്ഞു. താജ്മഹല്‍, അതിന്റെ എല്ലാ പ്രതാപത്തോടും കൂടി - ഈ മഹത്തായ പ്രേമത്തിനൊരു സ്മാരകം നിര്‍മ്മിക്കുമെന്ന എന്റെ പ്രതിജ്ഞയുടെ സാഫല്യമാണ്. ഇപ്പോള്‍ എന്റെ ആ പണി കഴിഞ്ഞിരിക്കുന്നതിനാല്‍ എന്റെ ഈ ജീവിതത്തിലെ പണിയും കഴിഞ്ഞിരിക്കുന്നു”. അദ്ദേഹം കറുത്ത മാര്‍ബിളിലുള്ള ഇരട്ട താജ്മഹലിന്റെ പണിയെപ്പറ്റി ചര്‍ച്ചചെയ്യുന്നതിനായി വാസ്തുശില്‍പികളെ വരുത്തി. പക്ഷെ അത് സംഭവിക്കേണ്ടതായി വന്നില്ല.
1657-ല്‍ ഷാജഹാന്‍ രോഗഗ്രസ്തനായി. കൊട്ടാരം വൈദ്യന്മാര്‍ വളരെയധികം ഔഷധങ്ങള്‍ നല്‍കിയിട്ടും അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടില്ല. ഷാജഹാന്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മകള്‍ ജഹാന്നാര അദ്ദേഹത്തെ ശുശ്രൂഷിച്ചു.
സുല്‍ത്താന്‍ അത്യാസന്നനിലയിലായതിനാല്‍ ആഗ്രയിലേയ്ക്കുവരുവാന്‍ അദ്ദേഹത്തിന്റെ നാലുപുത്രന്മാര്‍ക്കും ആളയച്ചു. അവരില്‍ മൂന്നുപേര്‍- മുറാദ്, ദാരാ സുഖോ, ഷാ ഷുജ എന്നിവര്‍ - പെട്ടെന്നുതന്നെ ആഗ്രയിലെത്തി. അദ്ദേഹത്തിന്റെ നാലാമത്തെ പുത്രന്‍, ഔറംഗസേബ് ഡക്കാനില്‍ സൈനികമുന്നേറ്റം നടക്കുന്നിടത്തുതന്നെ നിന്നു.
65 വയസ്സുള്ള ഷാജഹാന്‍ തന്റെ ജീവനുവേണ്ടി മല്ലിട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ ആദ്ദേഹത്തിനു ചുറ്റും കൂടി. സുല്‍ത്താന്‍ മരിച്ചാല്‍ അദ്ദേഹത്തിന്റെ ആണ്‍മക്കളിലാരാവും രാജാവാകുക ? സഭാവാസികളും പ്രഭുക്കളും ഇത് ചര്‍ച്ചചെയ്യുന്നതിനിടയില്‍ സഹോദരന്മാര്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ന്നു - ഓരോരുത്തരും സുല്‍ത്താനാവാന്‍ ആഗ്രഹിച്ചു.
അദ്ദേഹത്തിന്റെ പുത്രന്മാര്‍ രാജ്യം ഭരിക്കുന്നതിനുള്ള പദ്ധതിതയ്യാറാക്കുന്നതിനിടയില്‍, ഷാജഹാന്‍ രോഗവിമുക്തനായി. പക്ഷേ, അപ്പോഴേക്കും അദ്ദേഹം തളര്‍ന്നിരുന്നു. മക്കള്‍ അധികാരം പിടിച്ചെടുക്കുവാന്‍ ശ്രമം തുടങ്ങി. പ്രായമായ സുല്‍ത്താനെ വിരമിക്കുവാന്‍ നിര്‍ബന്ധിതനാക്കികൊണ്ട് അദ്ദേഹത്തിന്റെ മക്കള്‍ സിംഹാസനത്തിനുവേണ്ടി പോരാടി.
ശക്തനായ ഔറംഗസേബാണ് അവസാനം കീരീടാവകാശിയാവുന്നതില്‍ വിജയിച്ചത്. അയാള്‍ ആദ്യമായി ചെയ്തത് ആഗ്രയിലുള്ള ചുവപ്പു കോട്ടയില്‍ തന്റെ പിതാവിനെ തടവുകാരനാക്കുകയായിരുന്നു. ഷാജഹാന്റെ സുഹൃത്തുക്കള്‍, സഭാവാസികള്‍, സംഗീതജ്ഞര്‍, പണ്ഡിതര്‍, പ്രിയപ്പെട്ട വിദൂഷകന്‍, അന്തഃപുരം അദ്ദേഹത്തിന്റെ വീട്ടുകാര്‍ എല്ലാം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ധനവും സൌകൃയങ്ങളും എടുത്തുമാറ്റുകയോ ഉപദ്രവിക്കുകയോ ചെയ്തില്ലെങ്കിലും ചുവപ്പുകോട്ടയില്‍ നിന്നും പുറത്തുപോവാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.
പുതിയ സുല്‍ത്താന്‍, ഔറംഗസീബ് ആഡംബരങ്ങള്‍ ഒട്ടു ഇഷ്ടപ്പെട്ടിരുന്നില്ല. അയാള്‍ വളരെയധികം മതനിഷ്ഠനായിരുന്നു. ഇന്ത്യ മുഴുവന്‍ ഇത് അനുസരിക്കേണ്ടതായിവന്നു. ചുവപ്പുകോട്ടയ്ക്കുള്ളില്‍, പക്ഷേ, ഷാജഹാന്‍ പഴയതു പോലെ ജീവിച്ചു. അദ്ദേഹത്തിന്റെ പ്രിയപുത്രി ജഹാന്നാര അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും സഹായിയായി വര്‍ത്തിക്കുകയും ചെയ്തു. എട്ട് വര്‍ഷം ഷാജഹാന്‍ ചുവപ്പുകോട്ടയില്‍ തടവില്‍ കിടന്നു. താജ്മഹല്‍ കണ്ടുകൊണ്ട് അദ്ദേഹത്തിന്റെ പ്രഭാതങ്ങള്‍ ആരംഭിച്ചു. ഉറങ്ങുന്നതിന് മുമ്പ് പൂനിലാവില്‍ വെട്ടിത്തിളങ്ങുന്ന താജ്മഹല്‍ കണ്ട് കണ്‍കുളിര്‍ത്തതിനുശേഷമായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്.
ഒരു ദിവസം, അദ്ദേഹത്തിന്റെ പുത്രന്‍ ഔറംഗസീബ് വന്ന് അയാള്‍ ചെയ്തതിനൊക്കെ അദ്ദേഹത്തോട് മാപ്പപേക്ഷിച്ചു. അദ്ദേഹം മകന് മാപ്പ് കൊടുത്തു. വൃദ്ധനായ സുല്‍ത്താന്‍ ഇപ്പോള്‍ മതനിഷ്ഠനായിത്തീര്‍ന്നിരുന്നു. താജ്മഹല്‍ കാണുന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.
74ാം വയസ്സില്‍ ഷാജഹാന്‍ വീണ്ടും രോഗബാധിതനായി. വൈദ്യന്മാര്‍ അദ്ദേഹത്തിനു ചുറ്റുംകൂടി . ജഹാന്നാര അദ്ദേഹത്തിന്റെ കൈ പിടിച്ചുകൊണ്ടിരുന്നു.
“ഞാന്‍ സന്തോഷവാനാണ്” അദ്ദേഹം മെല്ലെപ്പറഞ്ഞു ” ഞാന്‍ എന്റെ പ്രിയപ്പെട്ട രാജ്ഞിയുമായി ഒരിക്കല്‍കൂടിചേരും. എനിക്ക് താജ്മഹല്‍ കാണുന്നതിനായി കിടക്കയ്ക്കരികില്‍ ഒരു കണ്ണാടി വയ്ക്കൂ.”
മനോഹരവും രത്നഖചിതവുമായ ഒരു കണ്ണാടി അദ്ദേഹത്തിന്റെ ശയ്യയ്ക്കരികില്‍ വച്ചു. ഷാജഹാന്‍ ശാന്തനായി താജ്മഹലിന്റെ പ്രതിഫലനം നോക്കിക്കൊണ്ടിരുന്നു. സുല്‍ത്താന്‍ എപ്പോഴാണ് മരിച്ചതെന്ന് ആരും അറിഞ്ഞിരുന്നില്ല. ചേതനയറ്റവനായി കണ്ണാടിയിലേയ്ക്കു നോക്കിയിരിക്കുന്ന വിധത്തില്‍ ജഹാന്നാര അദ്ദേഹത്തെ കണ്ടെത്തി.
ഔറംഗസീബ് അദ്ദേഹത്തിന്റെ ശരീരം മുംതാസ് മഹലിനരുകില്‍, താജ്മഹലില്‍ തന്നെ അടക്കം ചെയ്തു. ഷാജഹാന്‍ തനിക്കുവേണ്ടി കറുത്തവെണ്ണക്കല്ലിന്റെ ഒരു താജ്മഹലിന് പദ്ധതിയിട്ടിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ഏറ്റവും യോജിച്ചത് ഒരു പക്ഷെ ഇതുതന്നെയാകാം.
മുഗള്‍ സാമ്രാജ്യം അപ്രത്യക്ഷമായി, എന്നാല്‍, ഷാജഹാന്റെ സ്മരണ കാലങ്ങളിലൂടെ, ജീവിക്കുന്നു - മഹത്തായ ഒരു പ്രേമത്തിന് അമൂല്യവും ഗംഭീരവുമായ ഒരു സ്മാരകം പണിതയാളെന്നനിലയില്‍. ഇന്ന്, ലോകത്തിലെ വാസ്തുശില്‍പകലയിലെ അത്ഭുതങ്ങളിലൊന്നായി താജ്മഹല്‍ കാണക്കാക്കുന്നു. സ്നേഹത്തിനും വിശ്വാസത്തിനും കൊടുക്കാവുന്നതിലെ ഏറ്റവു വലിയ സ്തൂപഹാരമായി ഈ മഹാസ്മാരകത്തിന്റെ കഥയും നിലനില്‍ക്കുന്നു- എല്ലാ കാലത്തേയ്ക്കും വേണ്ടി ഒരു കഥ.

