എന്റെ സ്റ്റാര്‍ട്ടിങ്ങ്‌ പോയിന്റ്‌
പരിഭാഷ : മൊയിന്‍ മലയമ്മ

(Moin Malayamma’s Malayalam translation of first chapter from ‘The Cool Breeze From Hind’ by Jaihoon)


ആകാശ നീലിമയില്‍ നിന്നും മഴത്തുള്ളികള്‍ ഭൂമിയുടെ ഹൃദയത്തില്‍ പതിക്കുന്നത്‌ ഞാന്‍ വിസ്മയത്തോടെ നോക്കി നിന്നു. എങ്ങും കരളുണര്‍ത്തുന്ന മഴക്കാഴ്ചകള്‍. ശാന്തത, നിഴലിച്ചു നില്‍ക്കുന്ന മണല്‍ പരപ്പ്‌. അങ്ങ്‌, കൊച്ചു കൊച്ചു ആവരണങ്ങളോടെ തലയാട്ടുന്ന നെല്‍പാടങ്ങള്‍.

ശാന്തമായി പെയ്യുന്ന മഴയില്‍ കണ്ണും നട്ട്‌ ഞാന്‍ ഇരുന്നു.

നാലു മണിക്കൂറുകള്‍ കൊണ്ടാണ്‌ മണലാരണ്യത്തില്‍ നിന്നും നെല്‍പാടങ്ങളിലെത്തിയത്‌. മഞ്ഞളിച്ചു നില്‍ക്കുന്ന മണല്‍ക്കാടിനു പകരം ചുറ്റും പുഞ്ചിരി തൂകുന്ന പച്ചപ്പ്‌. ആ കാഴ്ച എന്റെ കണ്ണുകളില്‍ കുളിരു പകര്‍ന്നു. നിന്റെ ആത്മാവിന്‌ പുളകം ചാര്‍ത്താന്‍ പോകുന്ന അനുഭവങ്ങളാണിത്‌. ഇതില്‍ തരിമ്പും വ്യജമില്ല.

എന്റെ വര്‍ദ്ധിച്ച ജിജ്ഞാസ കണ്ട്‌ നാട്ടുകാര്‍ ചുറ്റും കൂടി. തങ്ങളുടെ പദ്ധതികള്‍ തകിടം മറിച്ച ഈ മഴയില്‍ ഇത്രമാത്രം പ്രത്യേകിച്ച്‌ എന്ത്‌? ഈ ചതുപ്പു നിലയങ്ങളില്‍ അമ്പരന്നു നില്‍ക്കാന്‍ മാത്രം എന്തുപറ്റി? അവര്‍ എന്റെ വിസ്മയത്തില്‍ അല്‍ഭുതം പ്രകടിപ്പിച്ചു.

എന്റെ വിസ്മയം ഇരട്ടിക്കുക മാത്രമേ ചെയ്തുള്ളൂ. നേരത്തെതിനെ അപേക്ഷിച്ച്‌ അല്‍പം അഹങ്കാര ഭാവം കൂടിയുണ്ടായിരുന്നു അതിന്‌. പക്ഷെ, അവര്‍ എന്നെ ചോദ്യങ്ങള്‍ കൊണ്ട്‌ പൊതിഞ്ഞില്ല. ഞാനപ്പോഴും മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കുന്നത്‌ വീക്ഷിച്ചുകൊണ്ടിരുന്നു.

മഴയാനന്തര കാഴ്ചകള്‍ മഴയെ പോലെ തന്നെ ആനന്തദായകമാണ്‌. അതോടെ, പുതു ജീവനുകള്‍ നാമ്പെടുക്കുന്നു. നേരത്തെയുള്ളവ പുനരുദ്ധാരണത്തിന്‌ വഴികള്‍ തേടുന്നു. ചിലതില്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രകടമാകുന്നില്ല. അതേ സമയം, മറ്റു ചിലതില്‍ പുതിയവ പൊട്ടിമുളക്കുന്നു. പഴകി ദ്രവിച്ച തടികളില്‍ നിന്നും പുതു തലമുറ എത്തിനോക്കുന്നു. അതെ, പുനര്‍ജന്മം ഒരിക്കലും അസംഭവ്യമല്ല എന്ന്‌ വിളിച്ചു പറയുന്ന പ്രകടനങ്ങള്‍.

ഓരോ നിമിഷവും പ്രകൃതി അതിന്റെ അനുഗ്രഹ ശേഷിപ്പുകള്‍ ചിന്തിക്കുന്നവര്‍ക്കായി ബാക്കിവെക്കുന്നുണ്ട്‌. ചേമ്പിലകളിള്‍ രത്നങ്ങള്‍ കണക്കെ മഴത്തുള്ളികള്‍ നൃത്തം ചെയ്യുന്നു. സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന അവയെ വാരിയെടുക്കാന്‍ കൊച്ചു കുട്ടികള്‍ ഓടിവരുന്നുണ്ട്‌.

ഭൌതിക പശ്ചാതലത്തില്‍ ഹൃദയത്തിന്‌ കുളിര്‌ പകരുന്ന ഇത്തരം ഭാവനാവിഷ്കാരങ്ങള്‍ തീര്‍ക്കാന്‍ സര്‍വ്വ സംവിധായകന്‌ ഒട്ടും പ്രയാസമില്ല. നിസ്തുല ഹൃദയങ്ങള്‍ക്ക്‌ താലോലിക്കാനുള്ളതാണീ അനര്‍ഘ നിമിഷങ്ങള്‍. ഭീതി നിറഞ്ഞ മുത്തുകള്‍ക്ക്‌ അഭയം നല്‍കാനുള്ളതാണീ കാരുണ്യത്തിന്‍ ചിപ്പികള്‍.

അതേസമയം, മറുവശത്ത്‌ നശീകരണ സ്വഭാവമുള്ള കുരുന്നുകള്‍ വടിയെടുത്ത്‌ ഈ ചെടികള്‍ തല്ലി നശിപ്പിക്കുന്നു.

ഇത്‌ വീടിന്‌ വെളിയില്‍-വളപ്പിനുള്ളിലെ കാഴ്ചകള്‍. വളപ്പിനു പുറത്ത്‌, ഒരു കാളവണ്ടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. മുമ്പില്‍ കാള, പിന്നില്‍ വണ്ടി. അവക്കിടയിലായി ചാരനിറത്തില്‍ തലമുടിവെച്ച ഡ്രൈവറും.

എന്നെ സംബന്ധിച്ചിടത്തോളം ഈ കാള-മനുഷ്യ-വണ്ടി ജീവന്റെ ത്രിരൂപങ്ങളാണ്‌. കാളക്ക്‌ മൃഗത്തിന്റെ ആത്മാവാണുളളത്‌. എന്നാല്‍ വണ്ടിക്ക്‌ ആത്മാവെന്ന ഒന്നില്ല. നടുവിലുള്ള മനുഷ്യന്റെ,ജൈവരൂപമാണ്‌ ഏറെ ആശ്ചര്യകരം. ദിവ്യമായൊരു ആത്മാവാണ്‌ അവനുള്ളത്‌. അവനെ മാലാഖമാരെക്കാള്‍ ഉന്നതനാക്കാനുള്ളതാണത്‌. ഈ കാള-മനുഷ്യ-വണ്ടി അവന്റെ കണ്ടുപിടിത്തമാണ്‌. വൃത്താകൃതിയിലുള്ള ചക്രങ്ങളുടെയും സമകോണ ചതുര്‍ഭുജാകൃതിയിലുള്ള മൃഗങ്ങളുടെ കാലുകളുടെയും ഒരു പ്രത്യേക ശെയിലിയിലുള്ള ചലനത്തെ അവനാണ്‌ നിയന്ത്രിക്കുന്നത്‌.

ഒരര്‍ത്ഥത്തില്‍, പ്രകൃതിയിലെ രൂപമില്ലാത്ത വസ്തുക്കളെ രൂപപ്പെടുത്തിയെടുക്കാനുള്ള ദൈവകരങ്ങളിലെ ആയുധങ്ങളാണ്‌ മനുഷ്യന്‍, ചക്രത്തിനും വണ്ടിക്കുമിടയില്‍ അവന്റെ ഇടപെടല്‍ കൂടിച്ചേരുമ്പോഴാണ്‌ കാള-മനുഷ്യ-വണ്ടി രൂപമെടുക്കുന്നത്‌.

വി ആകൃതിയിലുള്ള കാളകളുടെ കൊമ്പുതന്നെ അവയുടെ സൃഷ്ടിപ്പിനെ സൂചിപ്പിക്കുന്നു എത്ര വിദൂരദേശങ്ങളിലേക്കും ചരക്കുകള്‍ വഹിക്കാന്‍ അവതയ്യാറാണ്‌.

ആധുനിക സഞ്ചാര ശാസ്ത്രത്തില്‍, കാള-മനുഷ്യ-വണ്ടി സാമൂഹിക സേവനത്തിന്റെ ഒരു ഉത്തമ രീതിയാണ്‌. മാര്‍ക്കറ്റുകളില്‍ നിന്നും വീടുകളിലേക്ക്‌ അത്‌ ന്യായവിലക്ക്‌ സാധനങ്ങളെത്തിച്ചു കൊടുക്കുന്നു.

പക്ഷെ, ഒരു വാനമ്പാടിയുടെ ദൃഷ്ടിയില്‍ റോസല്ലാതെ മേറ്റ്ന്താണ്‌ ദൃശ്യമാവുക. തേനീച്ചകള്‍ സദാ പൂന്തേനു തേടിയാണ്‌ യാത്രയാകുന്നത്‌. മുള്ളും ഇലകളും അത്‌ പരിഗണിക്കുന്നില്ല. എന്റെ കണ്ണുകള്‍ കാളയോടൊപ്പം സഞ്ചരിച്ചു. എനിക്കു വണ്ടി ഒരു നോക്കു കാണാനായി.

ആ ചക്രങ്ങള്‍ എന്റെ മനസ്സില്‍ പതിഞ്ഞു. ചലിച്ചു–കൊണ്ടിരിക്കുന്ന ചക്രങ്ങള്‍ നൂലുരുളപോലെ അത്‌ ഉരുണ്ട്‌ ഉരുണ്ടു മുന്നോട്ടു നീങ്ങുന്നു.

എന്നും ചലനാത്മകത തന്നെ…. ചിന്തയിലും ശെയിലികളിലും ചലനാത്മകത. അകലങ്ങളില്‍, കപ്പല്‍ ആഴക്കടലിന്റെ നിഘൂഢതകള്‍ തേടി ചലിക്കുന്നു. ഇവിടെ ചലനം ഒരു വികാരമാണ്‌. നിശ്ചലത എന്റെ കണ്ണുകളില്‍ വ്യമോഹത്തിന്റെ അന്ധത പടര്‍ത്തുന്നു. ജന്മ നാട്ടിലൂടെയുള്ള യാത്രയില്‍ ഞാന്‍ ഒരു പാട്‌ മുത്തുകള്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്‌. ഹൃദയങ്ങളെ കുളിരണിയിക്കുന്ന ഒരു പിടി ഓര്‍മ്മകളുടെ അമൂല്യ ശേഖരമാണത്‌. ചലനാത്മകത സര്‍വ്വ നിഗൂഢതകളെയും സ്ഫടികം പോലെ സുതാര്യമാക്കുന്നു. ജീവിതം തന്നെ ചലനത്തിന്റെ മറ്റൊരു പേരായി പരിണമിച്ചിരിക്കുന്നു.

ഒരു പക്ഷെ, ആത്മീയതയുടെ മഷിയില്‍ ചാലിച്ചെടുത്ത ഒരു പുസ്തകം കൂടെയുണ്ടാവുക എന്നതാണ്‌ ഈ ചലനത്തില്‍ ഏറ്റവും നല്ല കൂട്ടുകാരന്‍. ഏതു തെറ്റുകളും തിരുത്തി ഹൃദയത്തിന്‌ നേരിന്റെ വെളിച്ചം പകരുന്നതാണ്‌ അത്‌.

ചക്രം എന്റെ മുമ്പില്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി. മനുഷ്യന്റെ ഈ കണ്ടുപിടിത്തം ലോകത്ത്‌ ഏറെ മാറ്റങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്‌. ചൂടും തണുപ്പും അനുഭവിക്കാതെ വേഗത്തില്‍ യാത്രചെയ്തു പോവാന്‍ അതിനാല്‍ അവന്‌ സാധിക്കുന്നു. മരത്തില്‍ നിന്നും തുടങ്ങി ഇരുമ്പിലൂടെ റബ്ബര്‍, പ്ല്സറ്റിക്ക്‌, എന്നിങ്ങനെ ഗാഡവും മൃതുലവുമായ രീതികളിലൂടെയാണ്‌ ഇതിന്റെ പരിണാമം. ചക്രം മനുഷ്യനെ അഭിമാനിയും കുറച്ചെങ്കിലും അഹങ്കാരിയുമാക്കി മാറ്റിയിട്ടുണ്ട്‌. പക്ഷെ, ഞാനിവിടെ മറ്റു ചിലത്‌ കൂടി കാണുന്നുണ്ട്‌. കാളകള്‍ വണ്ടിയുടെ ചക്രങ്ങളെ യാണ്‌ വലിക്കുന്നത്‌. അഥവാ, പ്രകൃതി സാങ്കേതിക വിദ്യയെ വലിക്കുന്നു. ദൈവം മനുഷ്യന്‌ ധാരാളം അനുഗ്രഹം ചെയ്തു തന്നിട്ടുണ്ട്‌. കടലും കരയും കീഴ്പ്പെടുത്തി തന്ന അവന്റെ പരിശുദ്ധിയെ നാം വാഴ്ത്തിയേ തീരൂ.

മതി…മതി. കാളയെയും വണ്ടിയെയും കുറിച്ചുള്ള കഥകളിലൂടെ നമ്മള്‍ വിഷയത്തില്‍ നിന്നും കാട്‌ കയറിയിരിക്കുന്നു. ശൂന്യമായ ചിന്തകള്‍ നമ്മെ എവിടെയും എത്തിക്കില്ല. പ്രിയ സുഹൃത്തെ, വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കൊടുവില്‍ കൈവന്ന എന്റെ ആത്മ മിത്രമാണ്‌ താങ്കള്‍. ഭൂമിയിലെവിടെയും താങ്കളെ പോലെ ഒരാള്‍ വളരെ വിളരമാണ്‌.

അപ്പോഴേക്കും, മഴ ശമിച്ചു കഴിഞ്ഞിരുന്നു. സൂര്യരശ്മികള്‍ അങ്ങിങ്ങായി വെളിച്ചം പരത്തി തുടങ്ങി. കാറുത്ത മേഘ പാളികള്‍ക്കിടയിലൂടെ വെളിച്ചക്കീറുകള്‍ പ്രത്യക്ഷപ്പെട്ടു.

എനിക്ക്‌ തീരുമാനമെടുക്കാനുള്ള സമയമായിരുന്നു അത്‌. എത്രയും വേഗം യാത്ര ആരംഭിക്കേണ്ടതുണ്ട്‌. എങ്കില്‍, പിന്നീട്‌ സന്തോഷിക്കാന്‍ ഒരവസരം ഉണ്ടാകും. അല്ലാത്ത പക്ഷം, പിശാച്‌ അവന്റെ ജോലി തുടങ്ങുന്നതാണ്‌. അതിനാല്‍ സുഹൃത്തെ സൂക്ഷിക്കുക, കരുതിയിരിക്കുക. പിശാച്‌ നമ്മുടെ ഹൃദയത്തെ രോഗിയാക്കാനാണ്‌ ശ്രമിക്കുന്നത്‌.

ആശയത്തെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാന്‍ എന്റെ മനസ്സ്‌ വെമ്പല്‍ കൊണ്ടു. എന്റെ സ്വപ്നങ്ങള്‍ സാക്ഷാല്‍കരിക്കാന്‍ കൂടെ ഒരാളുണ്ടായിരുന്നില്ല. കാര്യം നടക്കാന്‍ ഞാന്‍ തന്നെ രംഗത്തിറങ്ങേണ്ടിയിരുന്നു. അല്ലാത്തപക്ഷം അലസത നമ്മെ പിടികൂടിയേക്കും. ഈ ചെരാത്‌ മിഴിതുറക്കാന്‍ ഒരായിരം ഇയ്യാം പാറ്റകള്‍ ആഗ്രഹിച്ചു.

സത്യം അറിയാനുള്ളതാണ്‌. മിഥ്യകളാണ്‌ മറഞ്ഞു കിടക്കേണ്ടത്‌. ഞാന്‍ ഈ തീരുമാനം മറ്റൊരിക്കലേക്ക്‌ മേറ്റീവ്ച്ചാല്‍ ഒരിക്കലൂടെ ഇതിലേക്കു തിരിച്ചു വരണമെന്നില്ല. അതോടെ, എന്നെ സ്നേഹിച്ചിരുന്നവര്‍ വെറുക്കാന്‍ ഇത്‌ നിമിത്തമാകുകയും ചെയ്യും.

യാത്രക്കാവശ്യമായ വിറകും ഇന്ധനവും എന്റെ കൂടെ ഉണ്ടായിരുന്നു. വിധിയുടെ മാര്‍ക്കറ്റില്‍ നിന്നും അത്‌ കൊണ്ട്‌ വരേണ്ട ആവശ്യമില്ല. എന്റെ വിധി എന്നില്‍ തന്നെയാണെന്ന്‌ ഞാന്‍ ഉറച്ചു വിശ്വസിച്ചു. അത്‌ ഉപയോഗപ്പെടുത്തലും ഉപയോഗപ്പെടുത്താതിരിക്കലും എന്റെ അവകാശമാണ്‌. ആര്‌ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി. ജ്യോത്സ്യന്‍മാരുടെ വാക്കുകള്‍ക്ക്‌ ഞാന്‍ ശ്രദ്ധ കൊടുത്തില്ല. പിശാച്‌ കട്ടുകേട്ട്‌ ചോര്‍ത്തിക്കൊടുക്കുന്ന അര്‍ദ്ധ സത്യങ്ങളാണ്‌ അവര്‍ പറയുന്നത്‌. പക്ഷെ, ദാര്‍ശനിക കവിയുടെ ചില വരികളാണ്‌ എന്റെ മനസ്സിലേക്ക്‌ കടന്നു വരുന്നത്‌.

യാത്രയുടെ സമാരംഭത്തിന്‌ ഒരു വേദി കണ്ടെത്തുകയെന്നതായിരുന്നു എന്റെ അടുത്ത ആവശ്യം. ദൈവാനുഗ്രഹങ്ങളില്‍ മുങ്ങിക്കുളിച്ചവനായിരുന്നതിനാല്‍ ഞാന്‍ എത്രയും വേഗം അത്‌ ചെയ്യേണ്ടിയിരുന്നു. നെല്‍പാടങ്ങളിലാകട്ടെ ആധുനികവും പുരാതനവുമായ ധാരാളം വേദികളുണ്ട്‌. പക്ഷെ, എന്റെ അന്വേഷണം ‘ഇന്നലെകളു’ടെ ഭാഗമല്ലാത്ത ഒരു ‘ഇന്നി’ന്‌ വേണ്ടിയായിരുന്നു. ഒരേ സമയം എന്റെ ‘പാരമ്പര്യ ആത്മാവി’നെയും ‘ആധുനിക ആത്മാവി’നെയും ആവേശം കൊള്ളിക്കുന്ന ഒരു വേദി. ആധുനിക ആത്മീയവുമായ ചിന്തകള്‍ സംഗമിക്കുന്ന ഒരിടം. ഉള്ളില്‍ ചിന്തകളുടെ കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കപ്പെട്ടുവെങ്കിലും എന്റെ ഹൃദയം അതില്‍ മുങ്ങിപ്പോയില്ല. ആരായിരിക്കും ഈ രണ്ട്‌ വിശേഷണങ്ങളും ഒത്തിണങ്ങിയ മനുഷ്യന്‍…? മറുനാടന്‍ സമാധാനത്തിന്റെയും മലനാടന്‍ സഹിഷ്ണുതയുടെയും അനുഗ്രഹീത രൂപം. എന്റെ നാട്ടില്‍ നിന്നു തന്നെ അത്തരമൊരിടം കണ്ടെത്തെണമെന്ന്‌ എന്റെ ആത്മാവ്‌ മന്ത്രിച്ചു. എങ്കിലേ ബാക്കി യാത്രകള്‍ സമാധാനപരമാവുകയുള്ളൂ.

നാലു ഭാഗത്തു നിന്നും എനിക്കു നേരെ ചോദ്യശരങ്ങള്‍ വര്‍ഷിക്കാന്‍ തുടങ്ങി. ഒരു നിമിഷം, ഞാനൊരു നിസ്സഹായനായ ഒരു മാന്‍ പേടയാണെന്ന്‌ എനിക്ക്‌ തോന്നി.

അടുത്തനിമിഷം, എന്റെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു. ഹൃദയ കോണില്‍ ചെറിയൊരു പരിഹാരം രൂപം കൊണ്ടതോടെ എനിക്ക്‌ സന്തോഷം അടക്കി നിര്‍ത്താനായില്ല.

വേദി തീരുമാനമായിക്കഴിഞ്ഞിരിക്കുന്നു. മുത്ത്‌ വലയില്‍ കുടുങ്ങിക്കഴിഞ്ഞു. യാത്ര ആരംഭിക്കാനുള്ള സ്ഥലം ഞാന്‍ കൃത്യമായും തിരിച്ചറിഞ്ഞു.

ഇനി എന്ത്‌ ചെയ്യണം….? പക്ഷിക്കുഞ്ഞ്‌ കൂട്ടില്‍ തന്നെ വിശ്രമിക്കുമോ..?

“വാസൂ…..” ഞാന്‍ ഡ്രൈവറെ വിളിച്ചു.

കാര്‍ ചലിച്ചു തുടങ്ങി. നേരെ വടക്കു ഭാഗത്തേക്കാണ്‌ അത്‌ നീങ്ങിയത്‌. ടൌണുകളും സിറ്റികളും കഴിഞ്ഞ്‌ അത്‌ മുന്നോട്ട്‌ കുതിച്ചു. കാറുകള്‍, ബസ്സുകള്‍, റിക്ഷകള്‍ തുടങ്ങി മനുഷ്യരുടെയും മൃഗങ്ങളുടെയും നീണ്ട ഒരു നിര തന്നെ മലനാടന്‍ റോഡുകളില്‍ മറുനാടന്‍ യാത്രികന്‌ കാണാന്‍ കഴിഞ്ഞു.

യാത്രയില്‍ യാതൊന്നും എന്റെ ശ്രദ്ധയില്‍ നിന്നും ഒഴിഞ്ഞു പോയില്ല. ധൂളികള്‍ പാറക്കല്ലുകള്‍ വരെ ഞാന്‍ ശ്രദ്ധിച്ചു. സൂര്യന്‍ ആകാശത്ത്‌ കത്തി നില്‍ക്കുന്നുണ്ട്‌. തണുത്ത കാറ്റ്‌ അപ്പോഴും വിട്ടുമാറിയിരുന്നില്ല. ഞങ്ങള്‍ സ്റ്റാര്‍ട്ടിംഗ്‌ പോയന്റിനോട്‌ അടുത്തു കൊണ്ടിരുന്നു.

ഞങ്ങളുടെ ആദ്യ യാത്രയായിരുന്നതിനാല്‍ പലരോടും വഴി ചോദിക്കേണ്ടിയിരുന്നു. ആരോട്‌ ചോദിക്കുമ്പോഴും നേരെ പോവുക, വലത്തോട്ട്‌ തിരിയുക, ഇടത്തോട്ട്‌ തിരിയുക എന്നീ ഒരേയൊരു മറുപടിയാണ്‌ ഞങ്ങള്‍ക്ക്‌ ലഭിച്ചത്‌. ഞങ്ങള്‍ക്ക്‌ വേദിയിലേക്കുള്ള വഴികാണിക്കാന്‍ യുവാക്കളും വൃദ്ധരും ഒരു പോലെ തല്‍പരരായിരുന്നു. ഇനി വരാനുള്ള ഓരോ നിമിഷങ്ങളും കഴിഞ്ഞതിനേക്കാള്‍ ഏറെ അമൂല്യമാണെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു. എത്രയും വേഗം അവിടെയെത്തിയെങ്കിലെന്ന്‌ ഞാന്‍ ആഗ്രഹിച്ചു. എന്നെ വിശ്വസിക്കുക. ഇതൊന്നും വെറുതെ ഭ്രാന്ത്‌ പറയുകയല്ല. കൂടുതല്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍, നിങ്ങളുടെ സുഹൃത്തിന്‌ താല്‍പര്യം അണഞ്ഞു പോകും.

കാര്‍ എന്റെ നാടിന്റെ ആത്മീയ തലസ്ഥാന നഗരിയിലേക്ക്‌ അടുത്തു കൊണ്ടിരുന്നു. പാണക്കാട്‌………അതായിരുന്നു ഞങ്ങളുടെ സ്റ്റാര്‍ട്ടിംഗ്‌ പോയന്റ്‌.

“വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവിടത്തെ ടൌണുകളില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല.” എന്റെ ഡ്രൈവര്‍ പറഞ്ഞു. ‘മലബാറിന്റെ ആത്മീയ നായക’ന്റെ ജന്മദേശം കണ്ട്‌ എന്നെ പോലെ അദ്ദേഹവും അത്ഭുതപ്പെടുന്നുണ്ടായിരുന്നു.

മഴക്കാലമായതിനാല്‍ ചുവന്ന മണ്ണിനും പച്ചപിടിച്ച സസ്യലതാദികള്‍ക്കും ഒരു പ്രത്യേക തരം തണുപ്പനുഭവപ്പെട്ടിരുന്നു. ഒടുവില്‍, ഞങ്ങള്‍ എത്തിപ്പെട്ട റോഡ്‌ വളരെ ഇടുങ്ങിയതായി തോന്നി. അവിടെ ഒരു അസാധാരണമായ ശാന്തത എനിക്ക്‌ അനുഭവപ്പെട്ടു. അതോടെ, എന്റെ ചിരകാല സ്വപ്നം പൂവണിയുകയായിരുന്നു.

തണുത്ത കാറ്റ്‌ എന്റെ സഹയാത്രികരെ സന്തോഷിപ്പിക്കുന്നതായി എനിക്ക്‌ തോന്നി. പക്ഷെ, ആ മന്ദമാരുതന്‍ എന്റെ ഹൃദയത്തിന്റെ ഓരോ കോണും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫാത്വിമ ബീവിയുടെ സന്താനങ്ങളുടെ വീട്ടിലേക്ക്‌ അടുക്കും തോറും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം ഞാന്‍ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.

വാസു കാര്‍ ഓട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ വണ്ടി വീട്ടിനടുത്തെത്തി. ഞങ്ങള്‍ പടിവാതിലില്‍ വണ്ടിയിറങ്ങി. അവിടത്തെ കാഴ്ച അത്ഭുതകരമായിരുന്നു. ചികിത്സാകേന്ദ്രം, ഗസ്റ്റ്‌ ഹൌസ്‌, അഭയകേന്ദ്രം, കോടതി, ഭരണീയരുടെയും ഭരണകര്‍ത്താക്കളുടെയും സര്‍വ്വ സമവാക്യങ്ങളെയും മാറ്റിമറിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങളുടെ ഉറവിടം എന്നിങ്ങനെ പലവിധ വിശേഷണങ്ങള്‍ക്കും ഒത്തിണങ്ങിയ ഒരു ഭവനം. അതാണ്‌ അവിടെ ഉണ്ടായിരുന്നത്‌. അടുത്തായി പുതുക്കി പണിത ഒരു വീടുണ്ട്‌. അവിടെ നിന്നാണ്‌ തന്റെ പിന്‍ഗാമി ജനസേവനം നടത്തുന്നത്‌.

സന്ദര്‍ശകര്‍ അകത്തും പുറത്തുമായി നിറഞ്ഞു നില്‍ക്കുകയാണ്‌. കൊടപ്പനക്കല്‍ സംവിധാനങ്ങളുമായി പരിചയമുണ്ടെന്ന്‌ തോന്നിക്കുന്ന ഒരു വൃദ്ധന്‍, സന്ദര്‍ശകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനായി അവിടെ നില്‍ക്കുന്നുണ്ട്‌. ഞാന്‍ അയാള്‍ക്ക്‌ അടുത്ത്‌ ചെന്ന്‌ കാര്യം തിരക്കി. ‘തങ്ങള്‍’ പുറത്ത്‌ പോയതാണ്‌ , അദ്ദേഹം പ്രതികരിച്ചു.

ഇത്‌ പക്ഷെ, എന്റെ സ്വപ്നങ്ങള്‍ക്ക്‌ ഏറ്റ ഒരു തിരിച്ചടി ആയിരുന്നില്ല. കാരണം, എന്റെ സ്റ്റാര്‍ട്ടിംഗ്‌ പോയന്റ്‌ അയല്‍പക്കത്ത്‌ മറ്റൊന്നായിരുന്നു. ഞാന്‍ അങ്ങോട്ട്‌ തിരിച്ചു. പള്ളിയിലെത്തി സുന്നത്ത്‌ നമസ്കരിച്ചു. ഞാന്‍ നെറ്റിത്തടം വെച്ച സ്ഥലത്തിന്‌ അനുഗ്രഹീത പ്രവാചകന്‍ സൂചിപ്പിച്ച മൂന്ന്‌ കേന്ദ്രങ്ങളുടെ അത്ര മാഹാത്മ്യമില്ലയെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.

ഇവ്വിഷയകമായി ആഴത്തില്‍ ചിന്തിച്ചപ്പോള്‍, ഭൂമി മുഴുക്കെ എനിക്ക്‌ മസ്ജിദ്‌ ആക്കപ്പെട്ടിരിക്കുന്നുവെന്ന തിരു വചനം ഞങ്ങള്‍ക്ക്‌ ആവേശം പകര്‍ന്നു. മനുഷ്യന്റെ സൌകര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ദേശങ്ങളും രാഷ്ട്രങ്ങളുമാക്കി വിഭജിക്കപ്പെട്ട ഈ ഗ്രഹം മുസ്ലിമിന്റെ ആരാധനാ മുറിയാണ്‌. ഓരോ നമസ്കാര ശേഷവും വിശ്വാസിയുടെ അധരങ്ങളില്‍ താളം പിടിക്കുന്നത്‌ ശാന്തിയുടെ ഈ മന്ത്രധ്വനികളും: അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം. വഇലൈക യര്‍ജിുസ്സലാം ഹയ്യിനാ റബ്ബിനാ ബിസ്സലാം. വഅദ്ഖില്‍നാ ബിറഹ്മത്തിക ദാറസ്സലാം.

എന്റെ പ്രിയസുഹൃത്തെ, ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം എനിക്ക്‌ തോന്നുന്നത്‌ അവന്റെ പ്രഥമവും പ്രധാനവുമായ ദൌത്യം ഒരു സമാധാന സംരക്ഷകനാവുക എന്നതാണ്‌. കലാപങ്ങള്‍ക്കും രക്തച്ചൊരിച്ചുലകള്‍ക്കും വഴി തുറക്കാതെ ഈ ലോകത്ത്‌ സമാധാനം കളിയാടാന്‍ അവസരം ഒരുക്കുക എന്നതാണ്‌ അവന്റെ ഉത്തരവാദിത്തം. ആയുധങ്ങള്‍ക്കു പകരം സമാധാനത്തിലൂടെ ദൈവത്തിലേക്ക്‌ മടങ്ങാനാണ്‌ അവന്‍ ഉദ്ദേശിക്കുന്നത്‌. വിശ്വാസിയുടെ പറുദീസയും സമാധാന ഗേഹമാണ്‌.

പ്രയ സഖാ, ഞാന്‍ മീന്‍ പിടിക്കുന്നവനാണ്‌. മീന്‍ പിടിക്കാനുള്ള ഇരയല്ല. ഞാന്‍ കലണ്ടറാണ്‌. തിയ്യതിയല്ല. എങ്ങനെയാണ്‌ എനിക്ക്‌ തിയ്യതിയാവാന്‍ കഴിയുക? ഇല്ല, ഞാന്‍ പാതി വഴിയില്‍ നിര്‍ത്തി വൃഥാ സംസാരിക്കുന്നില്ല. എന്നെ കഥ തുടരാന്‍ അനുവദിക്കുക.

രാവിലെ ഏകദേശം, ഒമ്പത്‌-പത്ത്‌ മണി സമയമായിരുന്നു അത്‌. മസ്ജിദിന്‌ ചുറ്റും ശാന്തത നിഴലിച്ചിരുന്നു. പരിസരങ്ങളിന്‍ നിന്ന്‌ ഒരു ശബ്ദ കോലാഹലവും ഉയര്‍ന്നിരുന്നില്ല. കുരുവിക്കൂട്ടങ്ങളുടെ കളകൂജനം മാത്രം കേള്‍ക്കാം. താഴെ ശാന്തമായൊഴുകുന്ന അരുവിയുടെ കളകളാരവം. ഉമ്മയുടെ താരാട്ട്‌ കേള്‍ക്കുന്ന കുഞ്ഞിന്റെ മനസ്സ്‌ പോലെ അത്‌ ശാന്തമായി ഒഴുകുന്നു. നിശ്ശബ്ദമായി, അക്ഷോഭ്യമായി.

പരമ്പരാഗത മലബാറില്‍ ഉമ്മയുടെ താരാട്ടില്‍ തന്നെ ദൈവഭയവും കാരുണ്യവും അലിഞ്ഞു ചേര്‍ന്നിരുന്നിരിക്കുന്നു. സുഭാനല്ലാഹ്‌……അല്‍ഹംദുലില്ലാഹ്‌. മൊല്ലമാരില്‍ നിന്നും കേള്‍ക്കുന്നതിന്‌ വളരെ മുമ്പ്‌ തന്നെ കുഞ്ഞുങ്ങള്‍ അത്‌ ഉമ്മമാരില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങുന്നു.

പ്രിയ സഖാ, നല്ലൊരു വര്‍ത്തമാനത്തെ നെയ്തെടുക്കാന്‍ ഇന്നലെകളെ മുഖവിലക്കെടുക്കേണ്ടേ? ഇന്നത്തെ ചാറ്റല്‍ മഴക്കു കാരണം ഇന്നലെ വന്ന മേഘ പാളികളാവില്ലേ?

വീടിനു പുറത്തുള്ള ശക്തികളോട്‌ പോരാടുകയെന്നത്‌ പുരുഷന്മാര്‍ക്ക്‌ എളുപ്പമുള്ളകാര്യമാണ്‌. പക്ഷെ, വീടിനുള്ളിലെ മീഡിയാ പുഴുക്കളില്‍ നിന്ന്‌ കുഞ്ഞുങ്ങളെ അകറ്റി നിര്‍ത്താന്‍ സ്ത്രീകള്‍ക്ക്‌ പാടുപെടേണ്ടിവരുന്നു. തന്റെ പ്രതീക്ഷകള്‍ക്ക്‌ വിഘാതം നില്‍ക്കുന്ന കാര്യങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ അവള്‍ കുട്ടിയെ സ്വാതന്ത്യ്‌രമായി വിടുക….? അഭിമാന ക്ഷതം വരുത്തി വെക്കുന്ന പുതിയ ശക്തികള്‍ അഭിമാന സംരക്ഷണത്തിന്റെ കുപ്പായ മണിഞ്ഞു കൊണ്ടാണ്‌ നമുക്കു മുമ്പില്‍ വരുന്നത്‌. പിശാച്‌ പടിഞ്ഞാറന്‍ കളിമണ്ണില്‍ നിന്നും രൂപപ്പെടുത്തിയ തന്റെ സൈന്യത്തെ അന്യവല്‍ക്കരണത്തിന്റെ ആയുധവുമായി സ്വൈരവിഹാരത്തിന്‌ വിട്ടിരിക്കയാണ്‌. കുട്ടികള്‍ക്ക്‌ ഈ പഴകി പുളിച്ച ചാനല്‍ ലോകത്തനപ്പുറം കാണാന്‍ കഴിയാതെ വരുന്നു എന്നതാണ്‌ ഇതിന്റെ ദുരന്തഫലം.

കണ്ണീരും പുഞ്ചിരിയും ജീവിതത്തിലെ അശൂഭകരമായ സന്ദര്‍ഭങ്ങളെ തരണം ചെയ്യാനുള്ളതാണ്‌. സ്ക്രീന്‍ നായകന്മാരുടെയും ജ്യോത്സ്യന്മാരുടെയും ഗീര്‍വണങ്ങള്‍ക്കു മുമ്പില്‍ മാതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്‌. ഇത്തരം പരമ്പരാഗത ശെയിലികള്‍ക്കൊത്ത്‌ താളം പിടിക്കുന്നതല്ല എന്റെ ഹൃദയം. പഴകി ദ്രവിച്ച സംസ്കാരങ്ങളെ പോളിഷ്‌ ചെയ്ത്‌ മിനുക്കി എടുക്കുന്ന ജ്യോത്സ്യവൃത്തിയില്‍ ഞാനൊരു പുതുമയും കാണുന്നില്ല. പ്രത്യുത, ഈ കണ്ണാടിയിലൂടെ അവരുടെ മുഖം തന്നെയാണ്‌ പ്രതിഫലിക്കുന്നത്‌.

ഇന്നത്തെ താരാട്ടുകളുടെ രാഗവും താളവും പിഴച്ചിരിക്കുന്നു. ആത്മാവില്ലാത്ത ശബ്ദകോശങ്ങളാണ്‌ ഇന്ന്‌ യുവ ഹൃദയങ്ങള്‍ക്ക്‌ ഏറെ പ്രിയം. അതിനാല്‍ നെല്ലും പതിരും നല്‍കുന്ന വകതിരിവ്‌ അവര്‍ക്ക്‌ അന്യമായിക്കഴിഞ്ഞു.

പാഷാനം നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. തേന്‍കണങ്ങള്‍ ഇപ്പോഴും നാവിന്‍ തുമ്പിലാണ്‌ നിലകൊള്ളുന്നത്‌. നമ്മുടെ അഭിമാനത്തിന്‌ ക്ഷതമേല്‍ക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

പ്രിയ സുഹൃത്തെ, ഈ തെമ്മാടിയായ എനിക്കു വേണ്ടി നീ പുതിയൊരു നൂല്‍ നൂല്‍ക്കുക. പഴയതെല്ലാം നുരുമ്പിക്കഴിഞ്ഞിരിക്കുന്നു. നിന്റെ കണ്ണാടിയിലൂടെ എന്റെ മുഖമൊന്ന്‌ കാണാന്‍ അനുവദിക്കുക. ദൈവ ഭയമില്ലാതെ എന്റെ ഹൃദയത്തിലെ തുരുമ്പുകള്‍ നീങ്ങിപ്പോകില്ല.

ചന്ദ്രനിലായിരുന്നപ്പോള്‍ ഭൂമിയെകുറിച്ച ഓര്‍മ്മകളായിരുന്നു. മസ്ജിദിലായിരുന്നപ്പോള്‍ പുഴയെ കുറിച്ച ഓര്‍മ്മകാളായിരുന്നു. ക്രമേണ എന്റെ ശ്രദ്ധ ആഴമുള്ള പുഴയില്‍ നിന്നും പള്ളിയിലേക്ക്‌ തിരിച്ചു വന്നു.

പഴയ മാതൃകയിലുള്ള ഒരു പള്ളിയായിരുന്നു അത്‌. വാസ്തു വിദ്യ-അലങ്കാരങ്ങള്‍ അതിനെ ആകര്‍ഷകമാക്കിയിരുന്നു. അസാധാരണമായോ അമിതമായോ അതില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. എല്ലാം വളരെ ലളിതം. പക്ഷെ, ആ പഴമയിലായിരുന്നു പുതുമ. ആ കനക സാഫല്യം എന്നെ അത്ഭുതപ്പെടുത്തി. ഇതിന്റെ നിര്‍മ്മാതാക്കളുടെ ഉദ്ദേശ ശുദ്ധിയായിരിക്കും ഈ പുതുമയെന്ന്‌ ഞാന്‍ ഗ്രഹിച്ചെടുത്തു. ധനസമ്പാദനമായിരിക്കില്ല അവര്‍ ഇതിലൂടെ ലക്ഷീകരിച്ചത്‌. ഇത്തരം ഒരു സുവര്‍ണ്ണ മനസ്സിനേക്കാള്‍ പുതുമയുള്ളതായി മേറ്റ്ന്താണുള്ളത്‌.

നിന്റെ ഹൃദയ വെളിച്ചം സര്‍വ്വ സ്വര്‍ണ്ണങ്ങളെയും നിഷ്പ്രഭമാക്കാനുതകുന്നതാണ്‌. സദാസമയവും താങ്കള്‍ അല്ലാഹുവിനെ ധ്യാനിക്കുന്നുണ്ട്‌. എന്റെ പ്രിയ സഖാ, നീ ഒരിക്കലും എന്നെ വിട്ടുപോകരുത്‌. നമ്മുടെ ഈ സൌഹാര്‍ദ്ദ സന്നിപാതം തുടങ്ങിയതു മുതല്‍ എന്റെ ഹൃദയം അതാണ്‌ മന്ത്രിക്കുന്നത്‌.

ഞാന്‍ ആ മത രാഷ്ട്രീയ നേതാവിന്റെ ഖബറിന്‌ അരികില്‍ ചെന്നു നിന്നു. ഭവ്യതയോടെ സലാം ചൊല്ലി.

അസ്സലാമു അലൈക്കും ദാറ ഖൌമില്‍ മുഅ്മിനീന്‍ വ ഇന്നാ ഇന്‍ശാഅല്ലാഹു ബിക്കും ലാഹികൂന്‍.

ചുറ്റുപാടുകളില്‍ യാതൊരു ആഘോഷ പൊലിമയും ഉണ്ടായിരുന്നില്ല. ഭരണ നിയന്ത്രണ സമിതിയും സന്നിഹിതരായിരുന്നില്ല. ഞാന്‍ അല്ലാഹുവിന്‌ നന്ദി പറഞ്ഞു.

ഇവിടെയാണ്‌ ആ വിശുദ്ധ ആത്മാവ്‌ വിശ്രമിക്കുന്നത്‌. ദശലക്ഷങ്ങളുടെ അംഗീകാരം നേടിയ ആ മഹാമനുഷ്യന്‍. ശത്രുക്കളും മിത്രങ്ങളും ഒരു പോലെ ആദരിക്കുന്ന വ്യക്തിത്വം. അദ്ദേഹം പക്ഷെ, വ്യക്തിപൂജയെ പ്രോത്സാഹിപ്പിച്ചില്ല. അത്‌ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെ തലയില്‍ ഏറ്റി നടക്കാന്‍ ഇവിടെ അനവധിയാളുകള്‍ ഉണ്ടായിരുന്നു. ആ ബോധം അണു അളവ്‌ അദ്ദേഹം മനസ്സില്‍ സൂക്ഷിച്ചില്ല. എന്നിട്ടും ജനങ്ങള്‍ അദ്ദേഹത്തെ സേവിക്കാന്‍ മുന്നോട്ടുവന്നു. ഏത്‌ ദുര്‍ഘട സന്ധിയിലും ദൃഡ ചിത്തനായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളില്‍ സമാധാനം പാലിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോട്‌ ആജ്ഞാപിച്ചു. സംഘര്‍ഷം നമ്മുടെ മാര്‍ഗ്ഗമല്ലെന്ന്‌ അദ്ദേഹം ഉപദേശിച്ചു.

മത തീവ്രവാദികള്‍ ഒരു വിശുദ്ധ ഗേഹം തകര്‍ക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അദ്ദേഹം തന്റെ ദീര്‍ഘ വീക്ഷണത്തിലൂടെ അതിനെ പ്രതിരോധിച്ചു. ഡിസംബര്‍ ആറിന്റെ ദുരന്തമുഖം ഇത്തരമൊരു ദീര്‍ഘ ദര്‍ശനത്തിന്റെ അഭാവമായിരുന്നു.

ഉത്തരേന്ത്യയില്‍ മറ്റൊരു പൂക്കോയ തങ്ങള്‍ ഉണ്ടായിരുന്നു വെങ്കില്‍ അവിടെ പള്ളികള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ യാതൊരു ക്ഷതവും ഏല്‍ക്കുമായിരുന്നില്ല.

നമ്പ്യാരുടെയും ബാപ്പുകുരിക്കളുടെയും പ്രസിദ്ധമായൊരു കഥയുണ്ട്‌. നമ്പ്യാരുടെ നേതാവായിരുന്നു കുരിക്കള്‍. കുരിക്കളുടെ മരണം നമ്പ്യാരെ വല്ലാതെ വേദനപ്പിച്ചു. അദ്ദേഹത്തിനിത്‌ സഹിക്കാനായില്ല. ഉറക്കമില്ലാത്ത രാത്രികള്‍. സ്വസ്ഥതയില്ലാത്ത ദിനങ്ങള്‍. ദൈനം ദിനം അദ്ദേഹത്തിന്റെ ആരോഗ്യനില ശോഷിച്ചുകൊണ്ടേയിരുന്നു. പല ഭിഷഗ്വരന്മാരും ചികിത്സിച്ചു നോക്കി. മരുന്നിന്‌ പക്ഷെ, അദ്ദേഹത്തിന്റെ അസുഖം ഭേതമാക്കാന്‍ ആയില്ല. കുരുക്കളോടുള്ള ബന്ധം അദ്ദേഹത്തിന്‌ അത്രയും അടുത്തതായിരുന്നു. ഒടുവില്‍, പരിഹാരം തേടി കൊടപ്പനക്കലെത്തി. താമസിയാതെ മറുപടി വന്നു. “പ്രയപ്പെട്ട നമ്പ്യാര്‍, എന്നെന്നും ഒരാള്‍ക്കിവിടെ ജീവിക്കാന്‍ സാധ്യമല്ലല്ലോ. സാരമില്ല. വീട്ടിലേക്ക്‌ പോവുക. സമാധാനത്തോടെ ഉറങ്ങുക.”

അതോടെ അദ്ദേഹത്തിന്റെ പരിദേവനങ്ങള്‍ എന്നെന്നേക്കുമായി അവസാനിച്ചു. സന്തോഷവും സമാധാനവും കളിയാടിയിരുന്ന ജീവിതം ഒരിക്കലൂടെ തിരിച്ചു വന്നു.

നിന്റെ അധരങ്ങളില്‍ സുഭാനല്ലാഹ്‌ എത്രകാലം തത്തിക്കളിക്കുന്നുവോ അപ്പോഴെല്ലാം എന്റെ ഹൃദയം ദൈവ ഭയത്തില്‍ ലയിച്ചിരിക്കും.

ഔഷധമായിരുന്നില്ല ഇവിടെ രോഗങ്ങളെ ഭേതമാക്കുന്ന വസ്തു. മറിച്ച്‌, ഹൃദയാടിത്തട്ടിലെ അജയ്യമായ വിശ്വാസമായിരുന്നു. ജന ഹൃദയങ്ങളില്‍ പൂക്കോയ തങ്ങള്‍ നേടിയെടുത്ത സ്വീകാര്യതയായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്‌ അസാധാരണമായ പ്രസരിപ്പ്‌ നല്‍കിയിരുന്നത്‌.

സുഭിക്ഷതയുടെയും ആര്‍ഭാടത്തിന്റെയും ലോകത്ത്‌ വര്‍ത്തമാനത്തില്‍ സംതൃപ്തി അടയുന്നവനല്ല യഥാര്‍ത്ഥ നായകന്‍.

സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉത്തമ കേന്ദ്രമായിരുന്നു പൂക്കോയ തങ്ങള്‍. അദ്ദേഹം കൊള്ളക്കൊടുതികളുടെ ആളായിരുന്നില്ല. തന്നെ തേടിയെത്തുന്നവരെ മാനിക്കാനായി അദ്ദേഹം പലപ്പോഴും ഒഴിഞ്ഞിരിക്കുക തന്നെ പതിവായിരുന്നു.

സ്ത്രീകളെ ശരിയായ പാതയില്‍ മുന്നോട്ടുകൊണ്ടു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞു. സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും അവളുടെ കരങ്ങളില്‍ ഭാവി തലമുറ സുരക്ഷിതമാവാന്‍ യത്നിക്കുകയും ചെയ്തു. എല്ലാ മത രാഷ്ട്രീയ യോഗങ്ങളിലും അദ്ദേഹം സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തെര്യപ്പെടുത്തി.

അദ്ദേഹത്തിന്റെ കണ്ണട വെച്ച മുഖം ഇന്നും എന്റെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നു. ആവശ്യമായ പുഞ്ചിരിയും കാരിരുമ്പിന്‍ ശക്തിയുള്ള തീരുമാനങ്ങളും പ്രശ്നപരിഹാരങ്ങള്‍ക്കായി ദൈവം നല്‍കിയ അനുഗ്രഹങ്ങളാണ്‌. ഏത്‌ പ്രശ്നവും നിഷ്പ്രയാസം പരിഹരിക്കാനുള്ള ആ അസാധാരണ കഴിവ്‌ വ്യവര്‍ത്തിച്ചെടുക്കാന്‍ ഈ കുരുവിയുടെ ചുണ്ടിലൊതുങ്ങുന്നതല്ല. അതിനൊരു ഫാല്‍ക്കണ്‍ പക്ഷി തന്നെ ആവശ്യമാണ്‌.

ഏത്‌ പ്രശ്നങ്ങള്‍ക്കും അനുയോജ്യമായ പരിഹാരം നിര്‍ദ്ദേശിക്കുന്ന അനുപമ വ്യക്തിത്വമാണ്‌ പൂക്കോയ തങ്ങള്‍ എന്ന്‌ പറയലാണ്‌ ഈ കഥയുടെ ആകെ തുക. പ്രശ്നക്കാരുടെ അഭിപ്രായമാരായുക എന്നതായിരുന്നു പ്രശ്നപരിഹാരത്തിന്റെ ആദ്യ ഘട്ടം. കുടുംബങ്ങളിലെ സ്വത്തു തര്‍ക്കങ്ങളും വ്യക്തികളുടെ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹം വേണ്ടപോലെ കൈകാര്യം ചെയ്തു.

പ്രിയ സഖാ, അനുയായികളുടെ ഹൃദയങ്ങളില്‍ പൂക്കോയ തങ്ങളുടെ സ്ഥാനവും ആദരവുമാണ്‌ ഇതുവരെ ഞാന്‍ പറഞ്ഞത്‌. നേതാക്കളുടെ ഹൃദയങ്ങളില്‍ അദ്ദേഹം എത്ര സ്വാധീനിച്ചു വെന്നതിനെ കുറിച്ച്‌ ഞാന്‍ എന്ത്‌ പറഞ്ഞു?

ബാഫഖി തങ്ങളുമായി കൈകോര്‍ത്തതോടെയാണ്‌ നെല്‍പ്പാടങ്ങളിലെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ചന്ദ്രക്കലയുടെ സ്ഥാനം അരക്കിട്ടുറക്കുന്നത്‌. ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും അനുപമ കൂട്ടായ്മ മലയാളത്തിന്‌ ഒരു അനുഗ്രഹമായിരുന്നു. യു.ഡി.എഫിന്റെ ശില്‍പിയായിരുന്ന ബാഫഖി തങ്ങള്‍ സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ അനുയായികളോട്‌ കല്‍പ്പിച്ചിരുന്നുള്ളൂ. അനുയായികളോട്‌ കല്‍പ്പിച്ചിരുന്നത്‌ പൂര്‍ണ്ണമായും അനുഷ്ഠിക്കുകയും ചെയ്തിരുന്നു.

ഇന്ത്യാരാജ്യത്തിന്റെ ദൌര്‍ഭാഗ്യകരമായ വിഭജനം സംഭവിച്ച കാലം. നാട്ടിലാകെ പലവിധ പ്രശ്നങ്ങള്‍ തലപൊക്കി. മനുഷ്യ ഹൃദയങ്ങഴളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളിലും മാറ്റങ്ങള്‍ സംഭവിച്ചു. എവിടെയും അരക്ഷിതാവസ്ഥ. അന്ന്‌ ചന്ദ്രക്കല ഒരു തീരുമാനമെടുത്തു. ഞങ്ങള്‍ ഇവിടെ തന്നെ താമസിക്കുന്നു.

ഹിന്ദുസ്ഥാനില്‍ മുള്ളുകളും കല്ലുകളും അനവധിയുണ്ടായിരുന്നു. പക്ഷെ, ഹിജാസി പുഷ്പം സുഗന്ധം പരത്താന്‍ ഈ പൂവാടി തന്നെ തെരഞ്ഞെടുത്തു.

പുതുതായി രൂപം കൊണ്ട രാഷ്ട്രത്തിന്റെ പ്രതിനിധിയായ ഖാന്‍ സാഹിബിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ഇന്ത്യന്‍ സാഹിബ്‌ പറഞ്ഞു: ഇന്ന്‌ നമ്മള്‍ വിട്ടുപിരിയുകയാണ്‌. ഇനി വിടേശികളെ പോലെയാണ്‌ നമ്മള്‍ പരസ്പരം കാണുക. നമ്മള്‍ രണ്ട്‌ രാഷ്ട്രങ്ങളിലെ പൌരന്മാരായിരിക്കുന്നു. ഇനി ഇന്ത്യന്‍ മുസ്ലിംകളുടെ കാര്യങ്ങളില്‍ നിങ്ങള്‍ ഇടപെടേണ്ടതില്ല. തങ്ങളുടെ അവകാശങ്ങളെ കുറിച്ചും ഉത്തരവാദിത്തങ്ങളെ കുറിച്ചും ഞങ്ങള്‍ പൂര്‍ണ്ണ ബോധവാന്മാരാണ്‌. ഞങ്ങള്‍ക്ക്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ നിങ്ങള്‍ പ്രശ്നമാക്കരുത്‌. നിങ്ങള്‍ നിങ്ങളുടെ ഭുമിയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ നീതിയോടെ കൈകാര്യം ചെയ്യുക. അതാണ്‌ നിങ്ങളുടെ ഉത്തരവാദിത്തം.

അവകാശങ്ങള്‍ നേടിയെടുക്കുക, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക-ഈ രണ്ട്‌ കാര്യങ്ങളും കാര്യഗൌരവത്തോടെ കൈകാര്യം ചെയ്ത നേതാവായിരുന്നു പൂക്കോയ തങ്ങള്‍. സമുദായം തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുകയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയും വേണം. അത്‌ രണ്ടും അവതാളത്തിലാവുമ്പോഴാണ്‌ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്‌.

പ്രിയ സഖാ, ഈ ഗാനം നിലക്കുന്നതിന്‌ മുമ്പ്‌ നീ ദൈവനാമത്തില്‍ ഒരു പ്രതിജ്ഞയെടുക്കുക, നീ എന്നെ വിട്ടു പിരിയില്ലായെന്ന്‌. ശംസ്‌ തബ്‌രീസിയെ പോലെ നീ എന്നും കൂടെ നില്‍ക്കുക.

ഞാന്‍ എന്റെ സ്റ്റാര്‍ട്ടിംഗ്‌ പോയന്റ്‌ കണ്ടെത്തിക്കഴിഞ്ഞു. എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചില വഴികള്‍ തുറന്നുകഴിഞ്ഞു. ഇനി കടലുണ്ടി പുഴയുടെ ശാന്തമായ നീരൊഴുക്ക്‌ പോലെ ജൈഹൂനിന്‌ ചില കഥകള്‍ പറയാനുണ്ട്‌. ഭക്തനായ പ്രിയ സഖന്‍ കൂടെയുണ്ടാകുമ്പോള്‍ ഇനി എന്ത്‌ വിഷമങ്ങളാണ്‌ എന്നെ തേടിവരിക?

ഇനി, ഞാന്‍ ചികഞ്ഞെടുത്ത വിസ്മയ ചീന്തുകളിലേക്ക്‌ കാതോര്‍ക്കുക. ഇതുപോലൊരു കഥാകഥനം മുമ്പൊരാളും നടത്തിയിട്ടില്ല. ഇത്‌ വര്‍ഷങ്ങളോളം കണ്ണീര്‍ ഒഴുക്കിയതിന്റെ പരിണതിയാണ്‌.

Jun 22, 2008