ആദ്യം മുസ്ലിങ്ങളാവാം പിന്നീട്‌ മുസ്ലിം സംഘടനകളിൽ അംഗത്വമെടുക്കാം
നൗഷാദ്‌ കപ്പിയിൽ
ദോഹ, ഖത്തർ

ഒരു കാര്യത്തിലും ഐക്യപ്പെടാത്ത കേരളത്തിലെ മുസ്ലിം സംഘടനകൾ ഒറ്റക്കെട്ടായി ചീത്ത പറയുന്ന ‘ആഗോള കുത്തക ഭീമൻ’ മൈക്രോസോഫ്റ്റിന്റെ മീഡിയാപ്ലെയറും വിന്റോസും, ഇന്റർനെറ്റ്‌ എക്സ്പ്ലോററും, ഹോട്മെയിലും ദുരുപയോഗം ചെയ്ത കുറേ മുസ്ലിം സമധാരികൾ പരസ്പരം തെറി പറഞ്ഞും, തെറിപ്പാട്ട്‌ പാടിയും, തെറിപ്രയോഗങ്ങൽ നടത്തിയും ഈ ഉത്തമ മതത്തെ സേവിക്കാൻ മിനക്കെട്ട്‌ തുടങ്ങിയിട്ട്‌ കാലം കുറെയായി. സമുദായത്തിന്റെ പേരിൽ നടക്കുന്ന ഈ വൃത്തികേടുകൾ കണ്ടും കേട്ടും സഹികെട്ടു. ഈ അനസ്യൂത പ്രക്രിയയിൽ ഭാഗവാക്കാവുന്ന യൂനുസും, റഫീഖും, സക്കരിയ സ്വലാഹിയും, സലഫിയും, ഖാദറും, മടവൂരും, പേരോടും, കേരളത്തിലെ മറ്റു ആയിരക്കണക്കായ മുസ്ലിം നാമധാരികളും യഥാർത്ഥ ഇസ്ലാമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നത്‌ ആർക്ക്‌ മുമ്പിലും വിശദീകരിച്ചുകൊടുക്കാൻ കഴിയുന്ന ലളിതമായ തത്വശാസ്ത്രമാണ്‌. ഒറ്റയടിക്ക്‌ വായിക്കുമ്പോൾ പ്രയാസം തോന്നാമെങ്കിലും ഒരു നിഷ്പക്ഷ വിലയിരുത്തലിന്‌ തയ്യാറാവുന്ന ആർക്ക്‌ മുമ്പിലും ഈ വലിയ സത്യം നിഷ്പ്രയാസം തെളിയിച്ചു കൊടുക്കാൻ കഴിയുമെന്ന ഉത്തമ വിശ്വാസത്തിൽ തന്നെയാണ്‌ ഈയൊരു പ്രസ്താവനക്ക്‌ മുതിരുന്നത്‌.

വരിൽ ചിലർ സത്യം മനസ്സിലായിട്ടും അതു നിഷേധിക്കുന്ന ‘സത്യനിഷേധി’കളാണെങ്കിൽ മറ്റു ചിലർ ‘താൻ ചെയ്യുന്നതെന്താണെന്ന്‌ താനറിയാത്ത’ പരമ വിഡ്ഢികളാണ്‌. വേറെ ചിലർ രാജാവ്‌ നഗ്നനാണെന്നറിഞ്ഞിട്ടും അതു വിളിച്ച്‌ പറയാൻ ധൈര്യപ്പെടാത്ത ഭീരുക്കളും. കൂട്ടത്തിൽ ചിലർ നേതൃഭക്തി മൂത്ത്‌ നേതാവ്‌ പറയുന്നതിനെന്തിനും ‘അങ്ങിനെതന്നെ സിന്ദാബാദ്‌, അങ്ങിനെതന്നെ സിന്ദാബാദ്‌’ വിളിക്കുന്ന അടിമകളും. വയറ്റിൽപിഴപ്പിന്‌ മുന്നിൽ ഇസം പ്രശ്നമാക്കാത്ത ‘പാവങ്ങളും’ ഒഴുക്കിനൊപ്പം നീന്തുന്ന ‘നിഷ്കളങ്കരും’എല്ലാം ഇക്കൂട്ടത്തിലുണ്ട്‌. എന്നാൽ ഇവരൊന്നും പ്രധിനിതീകരിക്കുന്ന ഇസ്ലാം, റസൂൽ പഠിപ്പിച്ച അള്ളാഹുവിന്റെ മതവുമായി ചില കർമ്മശാസ്ത്ര കാര്യങ്ങളിലെ സാദൃശ്യം മാറ്റിവെച്ചാൽ മറ്റു കാര്യങ്ങളിൽ പെരുത്തൊന്നും പൊരുത്തപ്പെടൂന്നില്ല. ഒരാൾ ധാരാളമായി മതം പഠിച്ചതുകൊണ്ടോ ഒന്നിലധികം ഡോക്ടറേറ്റ്‌ നേടിയതുകൊണ്ടൊ അദ്ദേഹം പണ്ഡിതനോ ഡോക്ടറോ ആവാമെങ്കിലും ഒരു യഥാർത്ഥ മതവിശ്വാസിയോ മാതൃകാ പുരുഷനോ ആവണമെന്നില്ല. അതികൊണ്ടു തന്നെ ഇത്തരം ആളുകളെ അന്ധമായി അനുകരിക്കുന്നതും നേതാവായി അങ്ങീകരിക്കുന്നതും ദോഷകരമായി ഭവിക്കാം.

നോക്കൂ നിങ്ങൾ! ഡോ. സക്കരിയ്യ സ്വലാഹിയെ, പേരോടിനെ, സലഫിയെ, സുല്ലമിയെ, പാണ്ഡിത്യത്തിൽ ഒന്നിനൊന്ന്‌ കേമന്മാർ, പ്രസംഗകലയിൽ അഗ്രകണ്യർ, കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്നതിൽ അപാരമായ ദൈവാനുഗ്രഹം സിദ്ധിച്ചവർ, ദീനീപ്രവർത്തനത്തിൽ ആണ്ടുകളുടെ പരിചയമുള്ളവർ! എന്നിട്ടോ കഴിവുകൾ മുഴുവനും പരസ്പരം തെറി പറയാനും, സ്വവാദഗതി സ്ഥാപിച്ചെടൂക്കാൻ ഏതു പച്ചക്കള്ളവും എഴുന്നള്ളിക്കാനും, സ്വസമുദായാംഗങ്ങളെ ചീത്തവിളിച്ച്‌ പടിക്ക്‌ പുറത്ത്‌ നിർത്താനും മാത്രം മിനക്കെടുന്നവരായി മാറാൻ ഇവർക്കെങ്ങിനെ കഴിയുന്നു? തന്റെ ഇരുപത്തിമൂന്ന്‌ വർഷത്തെ പ്രബോധന കാലയളവിൽ ഒരിക്കലെങ്കിലും തനിക്കും സമുദായത്തിനും എന്തെന്നില്ലാത്ത ദ്രോഹം ചെയ്ത മക്കാ മുശ്‌രിക്കുകളെ മുത്തുനബി ,’ആസനത്തിൽ ഊതുന്നവരേ, പരമവിഡ്ഢികളേ’ എന്ന്‌ വേണ്ട ഒരു പരിഹാസവാക്കിലൂടെയെങ്കിലും അഭിസംബോധന ചെയ്തത്തായി കാണിക്കാൻ ഈ അഭിനവ അഹ്ലേഹദീസുകാർക്കും അഹ്ലുസ്സുന്നത്തുവൽജമാഅത്തുകാർക്കും കഴിയുമോ? പോകട്ടെ, ഇവർ അവകാശപ്പെടുന്നതുപോലെ സമുദായത്തിലെ വഴിതെറ്റിപ്പോയവർക്ക്‌ നേർവഴി കാട്ടിക്കൊടുക്കലാണ്‌ തങ്ങൾ പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലുടെയും ലക്ഷ്യമിടൂന്നത്തെങ്കിൽ തെറിവിളിച്ച്‌ വിറളിപിടിപ്പിച്ച്‌ സത്യമാർഗ്ഗത്തിലേക്ക്‌ ക്ഷണിക്കുന്നതിലും ഫലപ്രദമാവുക സംസ്കാരമുള്ള ഭാഷ ഉപയോഗിച്ചുള്ള ക്ഷണമാവുമെന്നതിൽ സാമാന്യബുദ്ധിയുള്ള ആർക്കെങ്കിലും എതിരഭിപ്രായമുണ്ടാകുമോ? മയിലമ്മയെ കുയിലമ്മയാക്കുവാനും കോഫി അന്നനെ അണ്ണനാക്കുകുവാനും ഹുസൈൻ സലഫിയെ പഠിപ്പിച്ചതു ഏത്‌ മതസംഹിതയണ്‌? പിന്നെ തിമിരം ബാധിച്ച അനുയായിവൃന്ദത്തിന്‌ ഹരം പകർന്ന്‌ അവരെ ലഹരിപിടിപ്പിച്ച്‌ ഉന്മാദനൃത്തമാടിച്ച്‌ കൈയ്യടി നേടാനും സിന്ദാബാദ്‌ വിളിപ്പിക്കാനും തക്ബീർ ചൊല്ലിക്കാനും അതുവഴി ധാരാളം പണം കൈക്കലാക്കുവാനും നേതൃപദവി ദൃഢപ്പെടുത്തുവാനും തെറിപ്രയോഗങ്ങളേക്കാൾ ഫലപ്രദമായ മറ്റൊരു മാർഗ്ഗവുമൊട്ടില്ലതാനും. പരസ്പരവൈരാഗ്യം വളർത്തിയും വാശിപിടിപ്പിച്ചും, ചീത്തവിളിച്ചും തെളിച്ചുനടന്നാലേ ഈ ആട്ടിൻപറ്റത്തെ തങ്ങളുടെ ഇംഗിതങ്ങൾക്ക്‌ ഉപയോഗപ്പെടുത്താൻ കഴിയൂവേന്ന്‌ മറ്റാരേക്കാളും നന്നായറിയാവുന്നവരാണ്‌ നമ്മുടെ പണ്ഡിത കേസരികൾ.

നാം മുസ്ലിംകൾ നമ്മുടെ കൊച്ചു കേരളമടക്കം ലോകം മുഴുവനും ഇസ്ലാമിക ഭരണം സ്ഥാപിക്കപ്പെടണമെന്നും അതുവഴി സത്യവും സമത്വവും സമാധാനവും കളിയാടണമെന്നും ആഗ്രഹിക്കുന്നവരും ഇസ്ലാമിക ഭരണത്തിലൂടെ മാത്രമേ അത്‌ സാധ്യമാവൂ എന്ന്‌ വിശ്വസിക്കുന്നവരുമുണ്ട്‌. എന്നാൽ ദൈവംതമ്പുരാനെങ്ങാനും ഈ കൊച്ചുകേരളത്തിന്റെ ഭരണം കേരളത്തിലെ ഇന്നത്തെ മുസ്ലിം ഉമ്മത്തിനെ ഏൽപ്പിച്ചാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ച്‌ നമ്മളാരെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ആഭ്യന്തരവകുപ്പെങ്ങാനും എൻ.ഡി.എഫിനെ ഏൽപിച്ചാൽ ഏതെങ്കിലും സോളിഡാരിറ്റിക്കാരൻ ഉയിരോടെയിരിക്കുമോ? എ.പി സുന്നികളാണ്‌ ഭരണത്തിലെങ്കിൽ മലയാളത്തിൽ ഖുതുബ നടത്തുന്ന, പെണ്ണുങ്ങൾ നമസ്കരിക്കുന്ന പുത്തനാശയക്കാരുടെ പള്ളികൾ ഒന്നെങ്കിലും നാട്ടിൽ അവശേഷിക്കുമോ? ഇനി ഔദ്യോഗിക മുജാഹിദുകൾക്കാണ്‌ വകുപ്പെങ്കിൽ മടവൂർ ഗ്രൂപ്പുകാരുടെ ഉടലൈൽ തല കാണുമോ? മൗലിദും റാത്തിബുമോതുന്ന ഖബർ കെട്ടിപ്പൊക്കിയ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള പള്ളികളുടെയും മഖാമുകളുടെയും സ്ഥിതിയെന്താവും? മടവൂർ ഗ്രൂപ്പുകാർക്കാണ്‌ ആധിപത്യമെങ്കിൽ ജിന്നിനെ ഒഴിപ്പിക്കുന്ന കുട്ടിച്ചാത്തൻസേവ നടത്തുന്ന ഔദ്യോഗികക്കാരുടെ മന്ത്രവാദ സെന്ററുകൾ തരിപ്പണമാവില്ലേ? ഇനി കേരളത്തിൽ നിലനിൽക്കുന്ന മുന്നണി സംവിധാനം പിൻതുടർന്ന്‌ വിവിധ മുസ്ലിം ഗ്രൂപ്പുകളെ ചേർത്തുള്ള ഒരു മുസ്ലിം ഐക്യമുന്നണിയെയാണ്‌ പടച്ചവൻ ഭരണമേൽപ്പിക്കുന്നതെങ്കിൽ ഹജ്ജ്‌ ക്യാമ്പിന്റെ സംഘാടകസമിതിയിൽ ഉണ്ടായതിലും വലിയ കസാരയേറിനും തെറിവിളിയ്ക്കും കയ്യാങ്കളിക്കുമാവില്ലേ മുന്നണിയോഗങ്ങളും മന്ത്രിസഭായോഗങ്ങളും സാക്ഷ്യം വഹിക്കേണ്ടി വരിക? അങ്ങനെ ഇന്നതെ ഫാഷിസ്റ്റു താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവേന്ന്‌ ആക്ഷേപിക്കപ്പെടുന്ന ഭരണത്തിൽ നിലനിൽക്കുന്ന സമാധാനം പോലും മുസ്ലിം ഉമ്മത്തിന്‌ നഷ്ടപ്പെടുകയാവില്ലേ ഫലം? ചുരുക്കത്തിൽ ഓരോ നമസ്കാരത്തിനുശേഷവും പ്രർത്ഥിക്കുന്ന കൂട്ടത്തിൽ പടച്ചവനേ ഈ നാടിന്റെ ഭരണം മുസ്ലിംകളുടെ കൈകളിലേൽപ്പിക്കല്ലേ തമ്പുരാനേയെന്ന്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ട ഗതികേടിലല്ലേ ഈ മുസ്ലിം ഉമ്മത്ത്‌?

കേരളത്തിലെ മുസ്ലിംകളിൽ വലിയൊരു വിഭാഗം അള്ളാഹുവിലും തിരുനബിയിലും വിശ്വസിക്കുന്നവരല്ല. മറിച്ച്‌ അവർ സുന്നികളോ, മുജാഹിദുകളൊ ആണ്‌. സുന്നികളിൽ തന്നെ എ.പി യോ, ഇ.കെ യോ ആണ്‌. മുജാഹിദുകളിൽ മടവൂർ ഗ്രൂപ്പുകാരോ ഒറിജിനലുകളോ ആണ്‌. അല്ലെങ്കിൽ സോളിഡാരിറ്റിയോ എൻ.ഡി.എഫോ ആണ്‌. അവർ വിശ്വസിക്കുന്നത്‌ അവരവരുടെ സംഘടനകളിലും നേതാക്കളിലുമാണ്‌. അതുകൊണ്ടുതന്നെ അവരവരുടെ പ്രസ്ഥാനങ്ങൾക്കും നേരെ ഉയരുന്ന വെല്ലുവിളികളെയും സാമ്പത്തികവും വ്യക്തിപരവും സംഘടനാപരവുമായ ആരോപണങ്ങളെയും ഏത്‌ മാർഗ്ഗത്തിലും പ്രതിരോധിക്കേണ്ടത്‌ അവരുടെ ആവശ്യവും നിർബ്ബന്ധ ബാധ്യതയുമായി മാറുന്നു. പ്രതിരോധത്തിന്‌ സ്വീകരിക്കുന്ന മാർഗ്ഗങ്ങളുടെ ധാർമ്മികതയോ ശരിതെറ്റുകളോ അതിനാൽതന്നെ അവർക്ക്‌ പ്രശ്നമാവുന്നില്ല. സംഘടനക്കൾക്കും നേതാക്കൾക്കും പറ്റുന്ന ചെറുതും വലുതുമായ മുഴുവൻ തെറ്റുകളെയും ന്യായീകരിക്കുകയും അവ മൂടിവെയ്ക്കാൻ മറുപക്ഷത്തിനുമേൽ കൂടൂതൽ വലിയ തെറ്റുകൾ അരോപിക്കുകയും ചെയ്യുന്നു. മതം ദൈവസൃഷ്ടിയാണ്‌. അതിനാൽ അത്‌ സമ്പൂർണ്ണവും തെറ്റുകുറ്റവിമുക്തവുമാണ്‌. അതുകൊണ്ടുതന്നെ അതിനെതിരെ ഉയരുന്ന മുഴുവൻ വെല്ലുവിളികളും ശരിയായ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കപ്പെടേണ്ടതുമാണ്‌. എന്നാൽ മതസംഘടനകൾ മനുഷ്യ സൃഷ്ടിയും തെറ്റുകുറ്റങ്ങൾക്കും പോരായ്മകൾക്കും വിധേയവുമാകയാൽ അതിന്റെ തെറ്റുകളെ ഏതു മാർഗ്ഗേനെയും പ്രതിരോധിക്കേണ്ട യാതൊരു ബാധ്യതയും അനുയായികൾ, അവർ അള്ളാഹുവിലും തിരുനബിയിലും യഥാർത്ഥമായി വിശ്വസിക്കുന്നവരാണെങ്കിൽ അവർക്കില്ല. മറിച്ച്‌ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ഏറ്റുപറയുകയും ചെയ്ത്‌ അത്‌ തിരുത്തി മുന്നോട്ട്‌ പോവുകയാണ്‌ ചെയ്യേണ്ടത്‌. എന്നാൽ നിർഭാഗ്യവശാൽ കേരളത്തിലെ വിവിധ മുസ്ലിം ഗ്രൂപ്പുകളിൽ ഏതെങ്കിലുമൊന്ന്‌ ഇക്കാലമത്രയും തങ്ങൾക്ക്‌ എന്തെങ്കിലും തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ ചരിത്രമില്ല. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആളുകളെ ർഇക്രൂട്ടിംഗ്‌ നടത്തുന്ന ഏജൻസികളെ പോലെയാണ്‌ കേരളത്തിലെ മുസ്ലിം സംഘടനകളുടെ പെരുമാറ്റം. അവർ തെളിക്കുന്ന വഴികളിലൂടെ നടന്നാലെ സ്വർഗ്ഗരാജ്യം ലഭിക്കൂവേന്നവർ പ്രഖ്യാപിക്കുന്നു. അതിനായി സുബുഹിയിലെ ഖുനൂത്തും, തറാവിഹിന്റെ റകാഅത്തും, സ്ത്രീകളുടെ പള്ളിപ്രവേശനവും, ജുമുഅയുടെ രണ്ടാം ബാങ്കും, നമസ്കാരത്തിലെ കൈകെട്ടലും മുതൽ അത്തഹിയ്യാത്തിലെ വിരൽചൂണ്ടൽവരെയുള്ള ലോകാടിസ്ഥാനത്തിൽ പുരാതനകാലം മുതൽ യഥാർഥ മുസ്ലിം പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം നിലനിന്നുപോരുന്ന നിസ്സാരപ്രശ്നങ്ങളെ പർവ്വതീകരിച്ച്‌ മുസ്ലിംകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്ന തരത്തിൽ അവതരിപ്പിച്ച്‌ പരസ്പരം കാഫിറാക്കുന്നു. സലഫി ഭരണം നിലനിൽക്കുന്ന മക്കത്തെ മസ്ജിദുൽ ഹറാമിൽ തറാവീഹ്‌ ഇരുപതാണെന്നും അവിടെ ജുമുഅക്ക്‌ മുൻപ്‌ രണ്ട്‌ ബാങ്ക്‌ പതിവാണെന്നതും നാട്ടിലെ മുജാഹിദുകൾ മനഃപൂർവ്വം മറച്ചുപിടിക്കുന്നു. സലഫികളുടെ ഭരണത്തിൽ സൗദി അറേബ്യയിൽ സ്ത്രീകൾക്ക്‌ പൊതുപ്രവർത്തനം പോയിട്ട്‌ ഡ്രൈവിങ്ങിനു പോലും അനുമതിയില്ലെന്നതിൽ അവർ മൗനം പാലിക്കുന്നു. സ്ത്രീകളുടെ പൊതുപ്രവർത്തനവും പള്ളിപ്രവേശനവും പാടില്ലെന്ന്‌ തന്റെ പർദ്ദ എന്ന പുസ്തകത്തിൽ വിലക്കിയ മൗദൂടിയുടെ അനുയായികൾ ആ പുസ്തകത്തിന്‌ ഐ.പി.എച്ചിൽ വിലക്കുകൽപ്പിക്കുക മാത്രമല്ല, പ്രസ്ഥാനത്തിന്റെ ഫത്‌വാ സമിതിയായ കേന്ദ്രശൂറിയിൽ വരെ സ്ത്രീകൾക്ക്‌ പ്രാധിനിധ്യം നൽകുന്നു. സ്ത്രീപള്ളിപ്രവേശനം ഹറാമാണെന്ന്‌ ഫത്‌വാ പുറപ്പെടുവിക്കുന്ന സാക്ഷാൽ ഏ.പി തന്നെ സ്ത്രീകൾ സ്ഥിരമായി പങ്കെടുക്കുന്ന ബഹ്‌റൈനിലെ അറാദ്‌ പള്ളിയിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ മഅ്മൂമിങ്ങൾക്ക്‌ വെള്ളിയാഴ്ച ഖുത്ബ നടത്തുന്നു. എന്നിട്ടോ നാട്ടിലെത്തിയ ഉടൻ ആ പള്ളിയിൽ ഒരൊറ്റ പെണ്ണും ഇന്നേവരെ നമസ്കാരം നിർവച്ചിട്ടില്ലെന്ന്‌ സിറാജിലൂടെ നിഷേധക്കുറിപ്പിറക്കുന്നു. ഇതു കണ്ടിട്ടും കേട്ടിട്ടും അറാദ്‌ പള്ളിക്കടുത്തുതന്നെ ജോലി ചെയ്യുന്ന പ്രസ്തുത പള്ളിയിൽ എന്തു നടക്കുന്നുവേന്ന്‌ നന്നായറിയാവുന്ന ഏ.പി. സുന്നികൾ പോലും പിന്നെയും ഉസ്താദിനെ അവിശ്വസിക്കാതിരിക്കുന്നു. തന്റെ മൂന്നു മണിക്കൂർ പ്രസംഗത്തിനിടയിൽ നൂറു നൂണയെങ്കിലും പറയാതെ പേരോട്‌ പ്രസംഗം അവസാനിപ്പിക്കാറില്ല. ലോകമുസ്ലിംകളുടെ മൂന്നു പുണ്യഗേഹങ്ങളിലും, മസ്ജിദുൽ ഹറാമിലും, മസ്ജിദുൽ അഖ്സയിലും പുരുഷന്മാരെപ്പോലെ സ്ത്രീകളും നമസ്കാരത്തിൽ പങ്കെടുക്കുന്നുവേന്ന യാഥാർത്ഥ്യം സുന്നികൾ മനഃപൂർവ്വം വിസ്മരിക്കുന്നു. നാട്ടിൽ പുത്തനാശയക്കാർക്ക്‌ സലാം പോലുമരുതെന്ന്‌ ശഠിക്കുന്നവർ തന്നെ മക്കത്തും മദീനെത്തുമെത്തിയാൽ ഖുനൂത്തോതാത്ത കൂട്ടുപ്രാർത്ഥന നടത്താത്ത ബിസ്മി ചൊല്ലാത്ത ഒന്നാം നമ്പർ സലഫികളെ ഇമാമുകളാക്കി മസ്ജിദുൽ ഹറാമിലും മസ്ജിടുന്നബവിയിലും മറ്റിടങ്ങളിലും മഅ്മൂമിങ്ങളായി നമസ്കരിക്കുന്നു. അവിടങ്ങളിലെ ഇമാമുകൾ മറ്റു മദ്‌ഹബുകാരാണെന്നും അതിനാലാണവർ ഖുനൂതും ബിസ്മിയും ഓതാത്തതെന്നും മദ്‌ഹബുകൾ പിൻപറ്റുന്നതിൽ തന്നെ വിശ്വാസമില്ലാത്ത അവിടങ്ങളിലെ ഇമാമുകളെക്കുറിച്ച്‌ പേരോടൂം മറ്റും സത്യമറിയാത്ത അനുയായികളെ പറഞ്ഞുപറ്റിക്കുന്നു. അപ്പോഴും കൂട്ടുപ്രാർത്ഥന പോലുള്ള വിഷയങ്ങളിൽ മൗനം പാലിക്കുന്നു. ത്വവാഫിനായി ഉള്ളിൽ പോവുന്ന സ്ത്രീകൾ ബാങ്കു കേൾക്കുമ്പോൾ ഒന്നിച്ചു പുറത്തിറങ്ങിയാൽ ജമാഅത്തിനായി പോവുന്ന പുരുഷന്മാരുമായി കൂട്ടിമുട്ടുന്നത്‌ ഒഴിവാക്കാൻ മാത്രമാണ്‌ മക്കത്തെ പള്ളിയിൽവെച്ച്‌ സ്ത്രീകൾ നമസ്കരിക്കുന്നതെന്ന്‌ പേരോട്‌ അവിടെ നടക്കുന്ന കാര്യങ്ങൾ നേരിട്ട്‌ കണ്ടവരെപ്പോലും സാക്ഷിയാക്കി പച്ചക്കള്ളം പറയുന്നു. അപ്പോഴും മസ്ജിദുൽ നബവിയും, മസ്ജിദുൽ അഖ്സയും മനഃപൂർവ്വം വിട്ടുകളയുന്നു. മൗലിദും, ആണ്ടും, നാൽപ്പതും, ഉറൂസും മന്ത്രവും ശിർക്കാക്കി, എട്ടും പൊട്ടും തിരിയാത്ത പാവം വല്ല ജാഹിലും അത്‌ ചെയ്തുപോയാൽ അവരെ മുശ്‌രികാക്കി പ്രഖ്യാപിക്കുന്നവർതന്നെ കൊണ്ടോട്ടി, മമ്പുറം, മടവൂർ മുതൽ അപ്പവാണിഭം വരെയുള്ള സകല ‘ശിർക്കുകൾക്കും’ അനുവാദം നൽകുന്ന ആഴ്ചയിൽ രണ്ടുതവണ കാണാനെത്തുന്ന തീർത്ഥാടകർക്ക്‌ ഉറുക്കും നൂലും നൽകി ശിഫ നൽകുന്ന ശിഹാബ്‌ തങ്ങളെ സംസ്ഥാന പ്രസിഡന്റിന്റെ ജനാസ നമസ്കാരത്തിന്‌ മുന്നിൽ നിർത്തി സാക്ഷാൽ ഹുസൈൻ മടവൂർ അടക്കം ഇരുവിഭാഗത്തിലും പെട്ട സലഫി പണ്ഡിതർ പിന്നിൽനിന്ന്‌ നമസ്കരിക്കുന്നത്‌ ഏത്‌ ധാർമ്മികതയുടെ പിൻബലത്തിലാണ്‌? തീവ്ര മുജാഹിദുകാരനായ കെ.പി.എ മജീദും ലീഗിലെ മറ്റനേകം മുജാഹിദുകാരും തങ്ങളെ ആത്മീയ നേതാവായി അംഗെഎകരിക്കുന്നു. ലീഗിന്റെ തിരഞ്ഞെടുപ്പവലോകനം നടത്താൻ പോലും ശിഹാബ്‌ തങ്ങളുടെ ഭാര്യയുടെ മരണ ശേഷം നാൽപതടിയന്തിരം കഴിയുന്നതുവരെ അവരും കാത്തിരിക്കുന്നു. ഇന്നലെ വരെ ശിർക്കും ബിദ്‌അത്തുമാക്കി കൊണ്ടു നടന്ന മന്ത്രവാദവും ജിന്നുസേവയും മാറ്റലുമൊക്കെ ഇപ്പോൾ ഹലാലും ഫർളുമൊക്കെയായി സലഫികൾ തന്നെ മറ്റിപ്പറയുന്നു. എന്തിന്‌ സ്വന്തം ഭാര്യ ഭർത്താവറിയാതെ ഗർഭിണിയായാൽപോലും അവളെ കുറ്റം പറയരുതെന്നും അത്‌ ജിന്നിന്റെ പണിയാവാമെന്നും വരെ ഔദ്യോഗിക മുജാഹിദിന്റെ സംസ്ഥാന നേതാക്കൾ തന്നെ ഇന്ന്‌ സ്റ്റേജ്‌ കെട്ടി പ്രസംഗിക്കുന്നു. അസ്തഅ്ഫിറുള്ളാ എന്നല്ലാതെ മറ്റെന്തു പറയാൻ.

മുജാഹിദിലെ പിളർപ്പും നോക്കൂ! അടിയും ഏറും കോണ്ട്‌, സാഹസങ്ങൾ ഏറെ സഹിച്ച്‌ പതിറ്റാണ്ടുകൾ അശ്രാന്തത്യാഗം സഹിച്ച്‌ സ്വന്തം പിതാമഹന്മാർ പടുത്തുയർത്തിയ ഒരു പ്രസ്ഥാനത്തെ ജൂദാസിനെപ്പോലും നാണിപ്പിക്കുന്ന രീതിയിൽ ഒറ്റുകൊടുത്ത്‌ രണ്ടാക്കിമാറ്റി, പിളർപ്പിന്‌ ചുക്കാൻപിടീച്ചവർ തന്നെ രണ്ടിന്റെയും തലപ്പത്ത്‌ കേറി പ്രസിഡന്റും സെക്രട്ടറിയുമായി, കുമിഞ്ഞുകൂട്ടിയ സമ്പത്തിനുമേൽ അടയിരുന്ന്‌ വിലസുന്നു. അതുവരെ തങ്ങളുടെ ജീവന്റെ ജീവനായ നേതാക്കളായിരുന്നവർ രണ്ടുചേരിയിലായി മാറുന്നത്‌ നോക്കിനിന്ന അനുയായികളിൽ മഹാഭൂരിപക്ഷവും യാതൊരു മനഃസങ്കോചവുമില്ലാതെ രണ്ടിലൊരു ഗ്രൂപ്പിൽ ചേക്കേറി നേതൃത്വത്തിന്‌ സർവ്വ പൈന്തുണയും പ്രഖ്യാപിക്കുകയും ഇന്നലെവരെ നേതാവായി അംഗീകരിച്ച്‌ അനുസരിച്ച്‌ മറുവിഭാഗത്തിലെ പണ്ഡിതർക്കെതിരെ സാമ്പത്തിക, പെൺവാണിഭ കുറ്റാരോപണങ്ങൾ വരെ പരസ്യമായി സ്റ്റേജിൽ കയറി വിളിച്ചുപറയുകയും ചെയ്യുന്നു. ദോഹയിൽ സ്റ്റേജിൽ വെച്ച്‌ പിളർപ്പിനെക്കുറിച്ച്‌ ആരാഞ്ഞപ്പോൾ പൊതുജനം വിവരമുള്ളവൻ എന്നു പൊതുവെ ധരിച്ചുവെച്ച ഒരു നേതാവ്‌ പറഞ്ഞത്‌ അവസാനകാലത്ത്‌ സമുദായം എഴുപത്തിമൂന്ന്‌ ഗ്രൂപ്പുകളായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂവേന്നുമാണ്‌. നോക്കുക, തലേന്നാൾവരെ ഒന്നിച്ചു പ്രവർത്തിച്ച, ഒരേ സ്റ്റേജിൽ മസ്‌അല പറഞ്ഞുകൊടുത്ത, ഒരേ ഓഫിസിൽ ഒന്നിച്ചിരുന്ന്‌ ഇസ്ലാമികപ്രവർത്തനത്തിന്റെ ചുക്കാൻ പിടിച്ച തന്റെ സഹോദരനെ നരകത്തിലേക്ക്‌ റിക്രൂട്ട്‌ ചെയ്യാൻ എങ്ങനെ ഒരു യഥാർത്ഥ മുസ്ലിമിന്‌ കഴിയുന്നു? എന്നിട്ടോ പരസ്പരം സാമ്പത്തിക കുറ്റാരോപണങ്ങൾ ഉന്നയിച്ചവർ, കള്ളന്മാരെന്നും നരകാവകാശികളെന്നും സ്റ്റേജിൽ കയറി വിളിച്ചു പറഞ്ഞവർ, മന്ത്രിവാദികളെന്നും കുട്ടിച്ചാത്തൻ സേവകരെന്നും മുദ്രകുത്തിയവർ വീണ്ടും കേരളാ കോൺഗ്രസ്സുകാരെപ്പോലും പിന്നിലാക്കി ഒന്നാം നമ്പർ സുന്നിയായ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥതയിൽ ലയന ചർച്ചകൾ നടത്തുക. വീണ്ടും ഒന്നിക്കുന്നത്‌ പിളർപ്പു വഴി പുതുതായി അധികാരസ്ഥാനങ്ങളിലെത്തിയവരെ പെരുവഴിയിലാക്കുമെന്നത്‌ ലയനത്തിന്റെ മുഖ്യതടസ്ഥങ്ങളിൽ ഒന്നാവുക. ഇതൊക്കേതന്നെ ധാരാളമല്ലേ വിധേയത്വം ദൈവത്തോടല്ലെന്നും മറിച്ച്‌ അധികാരപണാധിപത്യത്തോടാണെന്നും കോമൺസേൻസ്‌ ഇത്തിരിയെങ്കിലുമുള്ള ആർക്കും മനസ്സിലാക്കാൻ! മുസ്ലിം മതസംഘടനകൾ കുടിയേറ്റ, സ്വജനപക്ഷ താൽപര്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന കേരളാ കോൺഗ്രസ്സുകളെ പോലെ ഏ.പി, ഇ.കെ മടവൂർ തുടങ്ങി വ്യക്തികളുടെ പേരിൽ അറിയപ്പെടുന്നു.

പള്ളികൾ അള്ളാഹുവിന്റെ ഭവനങ്ങളാണ്‌. അതിന്റെ ഭരണം ഏതു വിഭാഗം കയ്യാളിയാലും അതിനു മാറ്റവുമില്ല. പള്ളികളുടെ മഹത്വത്തെക്കുറിച്ചറിയാത്ത മുസ്ലിംകളെ ശത്രുക്കളായിക്കാണുന്ന ഫാഷിസ്റ്റുകൾ അതു തകർത്താൽ പോലും ഒരു യഥാർത്ഥ മുസൽമാന്‌ അത്‌ സഹിക്കാൻ കഴിയുകയുമില്ല. എന്നാൽ പേരിൽ ഇസ്ലാമുള്ള മുസ്ലിമെന്നവകാശപ്പെടുന്ന അതിന്റെ മഹത്വത്തെക്കുറിച്ച്‌ ബാക്കിയുള്ളവരെ ഉപദേശിക്കുന്ന മടവൂരും ഒറിജിനലും എ.പി യും ഇ.കെ യും അധികാരത്തിനും പണാധിപത്യത്തിനും വേണ്ടി നടത്തുന്ന നേർപ്പോരിൽ കേരളത്തിൽ പൂട്ടിയത്‌ എത്ര പള്ളികൾ? ഒരു യഥാർത്ഥ മുസ്ലിമിന്‌ ഏതെങ്കിലുമൊരു കാരണത്താൽ ഒരു ദിവസത്തേക്കെങ്കിലും ഒരു പള്ളി പൂട്ടിപ്പോവുന്നത്‌ നോക്കിയിരിക്കാൻ കഴിയുമോ? ഒടുവിൽ അതു തുറപ്പിക്കാൻ ഇടപെടേണ്ടി വരുന്നതോ നമ്മുടെ നാട്ടിലെ “ഫാഷിസ്റ്റ്‌” കോടതികൾക്കും!

പലിശ വാങ്ങുന്നതും കൊടുക്കുന്നതും അതിന്‌ സഹായം നൽകുന്നതു പോലും ഹറാമാണെന്നും വൻദോഷമാണെന്നും അനുയായി വൃന്ദത്തിന്‌ ആയത്തും ഹദീസുമോതി ക്ലസുക്കുന്നവർ സ്വന്തം ആവശ്യം വരുമ്പോൾ അതെല്ലാം ഹലാലാക്കുന്നു. മകന്റെ പാർട്ട്ണർഷിപ്പിലുള്ള കമാലിയാ മെഡിക്കൽ കോളേജിനു ഫണ്ട്‌ കണ്ടെത്താൻ എ.പ്‌ഇ ഉസ്താദ്‌ യത്തിംമക്കൾക്കെന്ന്‌ ഇരന്നുവാങ്ങി പണിത മർക്കസ്‌ കോംപ്ലക്സ്‌ തന്നെ കത്തലിക്‌ സിറിയൻ ബാങ്കിൽ പണയം വെച്ച്‌ ലോണെടുക്കുന്നു. ചിട്ടിനടത്തി ആയിരക്കണക്കിനാളുകളുടെ കോടികളുമായി മുങ്ങിയ മയൂര ഫൈനാൻസ്‌ എന്ന ബ്ലേഡ്‌ കമ്പനി പ്രവർത്തിക്കാൻ ഓഫീസ്‌ കണ്ടെത്തിയതും പലിശസ്ഥാപനങ്ങൾക്ക്‌ സഹായം നൽകുന്നതുപോലും വൻപാപമായി കാണുന്ന ഉസ്താദിന്റെ മർക്കസ്‌ കോംപ്ലക്സിൽ തന്നെ. ഇനിയും മുങ്ങിയിട്ടില്ലാത്ത എപ്പോഴും മുങ്ങാൻ സാധ്യത കാണുന്ന എമ്പാടും ബ്ലേഡുകമ്പനികൾ ഇതേ കോംപ്ലക്സിൽ ഇപ്പോഴും ധാരാളമായി കാണാം. ഇനി മടവൂരിന്റെ “വർത്തമാനം” ഇതിലും കേമം. മുജാഹിദിന്റെ പിളർപ്പിനു തന്നെ കാരണമെന്ന്‌ പുറത്തുപറയുന്ന ഈ “വർത്തമാനത്തെ” രക്ഷിക്കാൻ യൂണിയൻ ബാങ്കിൽനിന്നും പത്രത്തിലെ സുകുമാർ അഴീക്കോടൊഴികെയുള്ള ഭൂരിഭാഗം ജോലിക്കാരെയും ഗ്യാരണ്ടി വെച്ച്‌ വാങ്ങിച്ചതു കോടികൾ. എന്നിട്ടോ ജോലിക്കാർക്ക്‌ വേതനവുമില്ല, ലോൺ തിരിച്ചടവുമില്ല. ഉള്ളതോ ജോലിക്കാരുടെ കുടുംബസ്വത്തിന്മേൽ ബാങ്കിന്റെ ജപ്തി നടപടിയും. ഈ കേമത്തരത്തിന്റെ മുഴുവൻ കഥകളും varthamanamwalkouters.blogspot ൽ മടവൂർ ഗ്രൂപ്പുകാരടക്കം മുഴുവൻ പേർക്കും ഡൗൺലോഡ്‌ ചെയ്തും അല്ലാതെയും വായിക്കാവുന്നതാണ്‌. ഇതൊക്കെ യഥാർത്ഥ വിശ്വാസികളുടെ ലക്ഷണങ്ങൾ തന്നെയോ? Sorry, I doubt.

കേരളത്തിൽ മുസ്ലിം തീവ്രവാദം വളർത്തുന്നതിൽ ഏക്കാലത്തും മുന്നിൽനിന്ന ജമാഅത്തെ ഇസ്ലാമിക്‌ ഹിറാ സമ്മേളനത്തോടെ പുതു ബോധോദയം കൈവരികയും ഇന്ന്‌ മതേതര, ജനാതിപത്യ സംവിധാനത്തിന്റെ അപ്പോസ്ഥലന്മാരായി അവർ മാറുകയും എൻ.ഡി.എഫ്‌ പോലുള്ള തീവ്രനിലപാടുകാർക്കെതിരെ കർക്കശമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. ബഹുസ്വര സമുഹമെന്ന വാക്ക്‌ തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രയോഗമായി അവതരിപ്പിച്ച്‌ അത്തരമൊരു സമൂഹത്തിൽ ജീവിക്കുമ്പോൾ പാലിക്കേണ്ട കടമകളെക്കുറിച്ച്‌ തീവ്രനിലപാടുകാരെ അവർ സദാ ഓർമ്മിപ്പിക്കുന്നു. ശബരിമല അയ്യപ്പന്മാർക്ക്‌ സ്വീകരണം നൽകിയും മറ്റും ഇത്‌ പ്രയോഗത്തിലൂടെ ബോധ്യപ്പെടുത്താൻ അവർ നിരന്തരം ശ്രമിക്കുന്നു. പക്ഷെ അവരും മുൻപ്‌ പിണഞ്ഞ തെറ്റുകൾ ഏറ്റു പറയാൻ മറ്റുള്ളവരെപ്പോലെത്തന്നെ വിമുഖത കാണിക്കുന്നു. ദൈവിക രാഷ്ട്രം സ്ഥാപിക്കപ്പെടുന്നതുവരെ സർക്കാർ സ്ഥാപനങ്ങളിൽ പഠിക്കരുതെന്നും സർക്കാർ ജോലി സ്വീകരിക്കരുതെന്നും ഇലക്ഷൻ പ്രക്രിയയിൽ ഭാഗവാക്കാവരുത്തെന്നും പറഞ്ഞുനടന്നവർ അവ ഒന്നൊന്നായി തിരുത്തിയപ്പോഴും പറ്റിയ തെറ്റ്‌ ഏറ്റുപറയാൻ ഒരിക്കലും തയ്യാറല്ല. മറ്റുള്ളവരെ വിമർശിക്കുന്നതിൽ ഇതര മുസ്ലിം സംഘടനകളിൽ നിന്നും വ്യത്യസ്ഥമായി സഭ്യതയുടെ അതിർവരമ്പുകൾ അൽപ്പമെങ്കിലും പാലിച്ചിരുന്ന ജമാഅത്തും ഇന്ന്‌ അധികാരം ആരിഫലിയും സോളിഡാരിറ്റിയിലും എത്തി നിൽക്കേ എതിരാളികളെ, പ്രത്യേകിച്ചും എൻ.ഡി.എഫിനെ വിമർശിക്കാൻ സഭ്യതയുടെ അതിർവരമ്പുകൾ പ്രശ്നമാക്കുന്നില്ല. മറ്റേത്‌ മുസ്ലിം സംഘടന എൻ.ഡി.എഫിനെ വിമർശിച്ചാലും ജമാഅത്തിന്‌ അതിനുള്ള ധാർമ്മികതയില്ലെന്നത്‌ വലിയ സത്യം. എൻ.ഡി.എഫിന്റെ തുടക്കത്തിൽ അതുമായി സഹകരിച്ചതും യോഗങ്ങളിൽ പങ്കെടുത്തതും സത്യം. മദനി, സിമി, ഐ.എസ്‌.എസ്‌, പി.ഡി.പി തുടങ്ങി എല്ലാതരം തീവ്രവാദ സംഘടനകൾക്കും അതിരു കടന്ന പ്രാധാന്യവും സേൻസേഷനും നൽകി മിറത്തും സൂറത്തും ബഗൽപൂരും ബാബരി ധ്വംസനവുമൊക്കെ മുതലെടുത്ത്‌ കേരളത്തിലെ മുസ്ലിം യുവാക്കളെ തീവ്രവാദത്തിലേക്കടുപ്പിക്കുന്നതിൽ ജമാഅത്തും മാധ്യമവും, ഐ.പി.എച്ച്‌ ഉം വഹിച്ച പങ്ക്‌ അവർ എത്രതന്നെ പാടുപെട്ടാലും നിഷേധിക്കാൻ കഴിയില്ല. വാക്കാൽ നൽകിയ പൈന്തുണ വാക്കുമാറ്റി നിഷേധിച്ചാലും എഴുതിയ ലേഖനങ്ങളും സചിത്ര ഫീച്ചറുകളുമത്രയും തീയിട്ടു നശിപ്പിക്കാൻ കഴിയില്ലല്ലോ. പക്ഷെ അന്നും കുരങ്ങിനെക്കൊണ്ട്‌ ചുടുചോർ എടുപ്പിക്കുമെങ്കിലും സ്വന്തം മേലുനോവുന്ന ഒരു പ്രവർത്തിക്കും ജമാഅത്തുകാരെ കിട്ടാറില്ലെന്നതും ഉമ്മിണി വലിയ സത്യം. ജമാഅത്ത്‌ ഭരണഘടനയിൽ ഇന്നും നിലനിൽക്കുന്ന ഇന്ത്യൻ ഭരണഘടനക്ക്‌ വിരുദ്ധമായ കാര്യങ്ങൾ നീക്കം ചെയ്യാൻ ഇപ്പോഴും അവർ ആലോചിക്കുന്നതേയുള്ളൂ. മുന്നിലും പിന്നിലും കരിമ്പൂച്ചകളുമായി ഫാഷിസ്റ്റുകളെ”കിടുകിടാ വിറപ്പിച്ചുള്ള” മഅ്ദനിയുടെ ജൈത്രയാത്രയിൽ സർവ്വ പൈന്തുണയുമായി അന്ന്‌ പിന്നിലുണ്ടായിരുന്നതും ജമാഅത്തും മാധ്യമവും തന്നെ. തങ്ങളുടെ രാഷ്ട്രീയ മോഹങ്ങൾക്ക്‌ മഅ്ദനിയിലൂടെ വഴി തുറക്കാനുള്ള ജമാഅത്ത്‌ ശ്രമത്തിന്റെ ഭാഗമായി ഗൾപ്‌ഹിൽ പോയി പിരിവ്‌ നടത്താൻപോലും മദനിക്ക്‌ കത്ത്‌ നൽകിയതും ജമാഅത്ത്‌ ശൂറ. മുസ്ലിം ഉമ്മത്തിന്റെ രക്ഷ പോയിട്ട്‌ തന്റെ വലതുകാലിന്‌ സംരക്ഷണം നൽകാൻപോലും കഴിയാത്ത കരിമ്പൂച്ചകളെ സാക്ഷിയാക്കി നീണ്ട എട്ടു വർഷം ജയിലിൽ കിടന്നപ്പോൾ തുടക്കത്തിൽ തിരിഞ്ഞുനോക്കാൻ ആകെയുണ്ടായിരുന്നത്‌ എൻ.ഡി.എഫ്‌ മാത്രം. തങ്ങളുടെ മതേതരത്വ ലേബലിന്‌ ക്ഷതമേൽക്കുമെന്ന ഭയത്താൽ മഅ്ദനി നിയമസഹായസമിതിയുടെ പരസ്യം നൽകുന്നതിന്‌ പോലും ആദ്യഘട്ടത്തിൽ മാധ്യമം തയ്യാറായില്ലെന്നതും അനുഭവപാഠം. പക്ഷെ പുറത്തിറങ്ങുമ്പോഴേക്കും ഉപകാരസ്മരണ കാണിക്കാൻ പോയിട്ട്‌ എൻ.ഡി.എഫിന്റെ പേരുച്ചരിക്കാൻ പോലും ഭയപ്പെടുമാറ്‌ മഅ്ദനിയെ തന്റെ കടുത്ത ജീവിതാനുഭവങ്ങൾ മാറ്റിക്കഴിഞ്ഞിരുന്നു. ചിന്തിക്കുന്ന എൻ.ഡി.എഫുകാർക്ക്‌ തീർച്ചയായും ഇതിൽ ദൃഷ്ടാന്തവുമുണ്ട്‌. ഒരു സമുദായത്തിന്റെ സംരക്ഷണം മൊത്തം സ്വയമേറ്റെടുത്ത്‌ ഫാഷിസ്റ്റുകളെയും “ഫാഷിസ്റ്റുകളെ പൈന്തുണക്കുന്ന കോൺഗ്രസ്സിനെ”യുമൊക്കെ ആയുധമെടുത്ത്‌ പ്രതിരോധിക്കാൻ കരിമ്പൂച്ചകളുമായി കേരളം മുഴുവൻ പാറിനടന്ന മആദനിക്ക്‌ ഏതെങ്കിലും വിധേനെ ജയിലിൽനിന്നും രക്ഷപ്പെടാനായി ഒടുവിൽ ബാബരി മസ്ജിദ്‌ തകർത്ത സാക്ഷാൽ നരസിംഹറാവുവിന്റെ കോൺഗ്രസ്സുമായി സഖ്യത്തിലേർപ്പെടേണ്ടിവരികയും സ്വന്തം ഭാര്യയെ സംഘപരിവാർ നേതാവ്‌ രാജഗോപാലന്റെയടുത്തേക്ക്‌ സഹായംതേടി അയക്കേണ്ടിവരികയും വന്നെങ്കിൽ തീർച്ചയായും ചിന്തിക്കുന്നവർക്കതിൽ ദൃഷ്ടാന്തമുണ്ട്‌. മുസ്ലിം തീവ്രവാദിയെന്ന നേഗറ്റീവ്‌ ഇമേജ്‌ പൂർണ്ണമായും മായ്ക്കപെട്ട്‌ ജയിൽ മോചിതനായി പുറത്തുവന്ന മഅ്ദനിയെ ഉപയോഗപ്പെടുത്താൻ വീണ്ടും ഓടിയടുത്ത ജമാഅത്തിന്‌ ന്യൂനപക്ഷത്തിനുവേണ്ടി നിലകൊള്ളുമെന്ന്‌ പറയാൻ പോലും ധൈര്യം നഷ്ടപ്പെട്ട, ശിഷ്ടജീവിതത്തിന്‌ അജണ്ട നിർണ്ണയിക്കാൻപോലും ശേഷിയില്ലാതായ സർവ്വം ഈജിപ്തിലെ ഏതോ ത്വരീഖത്‌ ശൈഖിന്‌ മുന്നിൽ അടിയറവെച്ച മഅ്ദനിയിൽനിന്നും ഒരിക്കൽകൂടി പിന്മാറേണ്ടിവന്നു. മുസ്ലിംകളുടെ യഥാർത്ഥ ശത്രുക്കളെ കണ്ടെത്തുന്നതിലും അവരെ പ്രതിരോധിക്കുന്നതിലും മാത്രമല്ല അതിലെ വിജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ പോലും എൻ.ഡി.എഫ്‌ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ ഒരേസമയം ഇസ്ലാമിനും പ്രായോഗിക ബുദ്ധിക്കും നിരക്കുന്നവയല്ല. മുസ്ലിമിന്റെ ശത്രു എല്ലായിപ്പോഴും സവർണ്ണഹിന്ദുവോ ക്രിസ്ത്യാനിയോ അല്ല, ചിലപ്പോൾ അത്‌ ഒരു മുസ്ലിം തന്നെയുമാവാം. നോട്ടുകെട്ടുകൾക്ക്‌ മുമ്പിൽ എല്ലാം മറന്ന സാഹിറാ ശൈഖും മോഡിയും തമ്മിൽ എന്താണ്‌ വ്യത്യാസം? ഇവിടെ സമുദായത്തിന്‌ രക്ഷകരായെത്തിയത്‌ സവർണ്ണ രക്തത്തിൽ പിറന്ന നന്ദിതയും നസ്രാണിച്ചിയായ അരുന്ധതിയുമല്ലേ? മഅ്ദനിക്കുവേണ്ടി കോടതിയിൽ വാതോരാതെ വാദിച്ച വയോവൃദ്ധനും ഒന്നാംതരം ഒരു സവർണ്ണഹിന്ദുവായിരുന്നു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലിംകൾ ഒറ്റക്കല്ല. അതുകൊണ്ടുതന്നെ നമ്മുടെ പ്രതിരോധവും ബോംബും വടിവാളും ഉപയോഗിച്ചുള്ള സായുധ പ്രതിരോധത്തിലൂടെ ഒറ്റയ്ക്ക്‌ ചെയ്യേണ്ട കാര്യവുമല്ല. അങ്ങിനെ പ്രതിരോധിക്കാൻ കഴിയുമെന്നത്‌ വെറും വ്യാമോഹവുമാണ്‌. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഫലസ്തീനും മാറാടും. ഒരു മുസ്ലിമിനു പകരം രണ്ട്‌ ഹിന്ദുവിനെ കൊന്നാൽ വിജയം മുസ്ലിംകൾക്കായി എന്ന്‌ കരുതുന്ന ശുദ്ധഭോഷ്കിനുള്ള മറുപടിയായി ഇന്നും മാറാട്‌ നമുക്ക്‌ മുമ്പിലുണ്ട്‌.

മുസ്ലിംകളെ ഒന്നാമത്തെയും രണ്ടാമത്തെയും ശത്രുക്കൾ ഒരിക്കലും അമേരിക്കയോ ഇസ്രായെലോ സംഘപരിവാരമോ അല്ല. മറിച്ച്‌ മുസ്ലിംകളുടെ അനൈക്യവും മുസ്ലിം ഉമ്മത്തിന്റെ നേതൃത്വവുമാണ്‌. ഏകാധിപത്യ കുടുംബവാഴ്ച നിലനിൽക്കുന്ന ഗൾഫ്‌ രാജ്യങ്ങളെ മാറ്റി നിർത്തിയാൽ നൂറുകണക്കായ മുസ്ലിം രാജ്യങ്ങളിൽ സമാധാനത്തോടെ കിടന്നുറങ്ങാവുന്ന ഒരു രാജ്യമെങ്കിലും ചൂണ്ടികാണിക്കാൻ കഴിയുമോ? പിന്നെങ്ങിനെ ഇസ്ലാമിനെ ഉത്തമ മതമെന്നും പ്രായോഗിക മതമെന്നും നാം മറ്റുള്ളവർക്ക്‌ മുമ്പിൽ പരിചയപ്പെടുത്തും? അയൽപ്പക്കത്തെ ഈജിപ്തിലേയും സിറിയയിലേയും ലബനാനിലേയും മുസ്ലിംകൾ ഒന്നിച്ച്‌ മൂത്രമൊഴിച്ചാൽ ഒലിച്ചു പോവാൻ മാത്രം അംഗസംഖ്യയുള്ള ഇസ്രായേലികളെ നേരിടാൻ എന്ത്കൊണ്ട്‌ നമുക്ക്‌ കഴിയുന്നില്ല? കാരണം സിമ്പിൾ! ആയിരക്കണക്കായ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി കഴിയുന്ന മുസ്ലിം ഉമ്മത്തിന്‌ ഒന്നിച്ചു മൂത്രമൊഴിക്കാൻ കഴിയില്ലെന്നതുതന്നെ. അല്ലെങ്കിലും സ്വന്തമായി ഒരു പാസ്പോർട്ട്‌ പോലുമില്ലാത്ത ഫലസ്തീനിയുടെയും സ്വന്തം നാട്ടിൽ താടിവെക്കാൻപോലും സ്വാതന്ത്ര്യമില്ലാത്ത മിസ്‌രിയുടെയുമൊക്കെ “സൽസ്വഭാവം” കണ്ടാൽ അവർ രക്ഷപ്പെടണമെന്ന്‌ കടുത്ത മുസ്ലിം പക്ഷവാദികൾക്കല്ലാത്ത മറ്റ്‌ ആർക്കെങ്കിലും തോന്നുമോ? പരസ്പരം തല്ലിച്ചാവുന്ന ഫലസ്തീനികൾക്കെന്നെങ്കിലും ഇസ്രായേലികളിൽനിന്നും രക്ഷനേടാൻ കഴിയുമോ? അൽഹംദുലില്ലാഹ്‌ ഒന്നുറപ്പിച്ചു പറയാം. ഇത്തിരിയെങ്കിലും സമാധാനത്തോടെ ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും നമുക്കിന്ന്‌ ജീവിക്കാൻ കഴിയുന്നുവേങ്കിൽ അതിന്റെ ഒരേയൊരു കാരണം ഇവിടുത്തെ ഭരണം മുസ്ലിം നേതൃത്വത്തിന്റെ കയ്യിലെല്ലന്നതുകൊണ്ട്‌ മാത്രമാണ്‌. അധികാരത്തിന്റെ അപ്പക്കഷ്‌ണം അൽപമെങ്കിലും കയ്യിൽ കിട്ടിയപ്പോൾ മുസ്ലിം പേർസണൽ ലോ ബോർഡിലും ബാബരി മസ്ജിദ്‌ സംരക്ഷണ സമിതിയിലും വഖഫ്‌ ബോർഡിലുമൊക്കെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകൾ പോരേ ദൃഷ്ടാന്തത്തിന്‌?

“ന്റെ ഉപ്പുപ്പാക്ക്‌ ഒരാനേണ്ടാർന്ന്‌” ശരി തന്നെ. പുരാതന സ്പെയിനിലേയും അറേബ്യയിലേയുമൊക്കെ മുസ്ലിംകൾ വൈദ്യ, ഗണിത, ഗോള, ശാസ്ത്ര മേഖലകളിൽ നൽകിയ സംഭാവനകൾ കേമം തന്നെ. പക്ഷെ ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള (പുതിയ കണക്ക്‌) മുസ്ലിംകൾക്ക്‌ ആധുനിക ലോകത്തിനു മുന്നിൽ അഭിമാനത്തോടെ സമർപ്പിക്കാൻ എന്തുണ്ട്‌ നേട്ടം? ശാസ്ത്ര, സാങ്കേതിക, രാഷ്ട്രിയ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ ഇരുപത്തൊന്നാം നൂറ്റണ്ടിലെ മുസ്ലിമിന്റെ സംഭാവനകൾ എന്തൊക്കെയാണ്‌? ഭൂമിക്കടിയിൽ കുറേ പെട്രോളുണ്ട്‌. കുഴിച്ചെടുത്ത്‌ സംസ്കരിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും ടെക്നോളജി വേണം. പണിയെടുക്കാൻ ഏഷ്യയിലെ ലേബർ ഫോർസും. പിന്നെയുള്ളത്‌ കുറെ അധികാര-സ്വത്തുതർക്കങ്ങളും ബാക്കിയ്ക്ക്‌ കർമ്മശാസ്ത്ര തർക്കവിതർക്കങ്ങളും. അമേരിക്കയും യൂറോപ്പും കനിഞ്ഞില്ലെങ്കിൽ വർഷാവർഷങ്ങളിലെ ഹജ്ജ്‌ കർമ്മം പോലും ഭംഗിയായി നടത്താൻ ഈ ഉമ്മത്തിന്‌ ശേഷിയില്ല. പിന്നയല്ലേ ബഹിഷ്കരണം. ബഹിഷ്കരിക്കാൻ സദാ ആഹ്വാനം നൽകുന്ന ശൈക്‌ ഖർദാവിക്കു പോലും അസുഖം വന്നപ്പോൾ പോവാൻ ആദ്യം തോന്നിയത്‌ ടോണി ബ്ലെയറിന്റെ ലണ്ടനിലേക്ക്‌. ബ്രിട്ടൺ വിസ നിഷേധിച്ചപ്പോൾ വീണ്ടും ഭഹിഷ്കരണാഹ്വാനം നൽകിയോയെന്നത്‌ ഈയുള്ളവന്‌ അജ്ഞാതം. പക്ഷെ ഒരു കാര്യത്തിൽ കേരളത്തിലെങ്കിലും ഈ ഉമ്മത്ത്‌ മുന്നിലാണ്‌. യൂ ടൂബിലും, ഗോ‍ാഗിൾ വീഡിയോയിലും നുഴഞ്ഞു കയറി പേരോടിന്റെയും സലഫി-സ്വലാഹിമാരുടെയും അശ്ലീല വാദപ്രതിവാദ കോലാഹലങ്ങൾ മാലോകർക്കു മുഴുവൻ പകര്ർന്നു നൽകുന്നതിൽ. മുഅ്മിനിങ്ങളെ, എന്നും നമുക്ക്‌ ഇങ്ങനെത്തന്നെയായാൽ മതിയോ? എന്നും പിന്നോക്കാവസ്ഥയുടെ കണക്കുകളിൽ മാത്രം മുതലക്കണ്ണീർ പൊഴിച്ച്‌ സംവരണത്തിന്റെ പിച്ചച്ചട്ടിയുമായി ഗവൺമന്റുകൾക്ക്‌ മുമ്പിൽ ഭിക്ഷ യാചിക്കുന്നവരായി ഈ ഉത്തമ സമുദായം കഴിഞ്ഞു കൂടണോ? ആയിരം വർഷങ്ങൾക്കപ്പുറമെങ്കിലും ഈ സമുദായത്തിന്‌ മൂന്നോക്കമാവേണ്ടേ?

സകലരെയും കുറ്റം പറഞ്ഞ്‌ മുഴുവൻ കള്ളരാണെന്നു വരുത്തി എല്ലാത്തിൽനിന്നും മാറിനിന്നാൽ നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ സ്ഥിതിയെന്താവുമെന്ന സംശയമുണ്ടാവാം. ശരിയാണ്‌. ഒന്നിൽ നിന്നും മാറിനിൽക്കണമെന്നല്ല. മറിച്ച്‌ ആദ്യ പരിഗണനയും വിധേയത്വവും ദൈവത്തിനും ദൈവമതത്തിനും നൽകുക. ദൈവമതത്തിന്റെ സംരക്ഷണത്തിനാവണം സംഘടനകൾ. സംഘടനക്ക്‌ ദോഷം വന്നാൽ പോലും ദൈവമതത്തിന്‌ ദുഷ്പേർ വരാതെ നോക്കണം. തീർച്ചയായും തിരിച്ചായിക്കുടാ. മതം ദൈവസൃഷ്ടിയാണ്‌. സംഘടനകൽ മനുഷ്യസൃഷ്ടിയും. മനുഷ്യസൃഷ്ടികൾക്ക്‌ പോരായ്മകൾ ഉണ്ടാകാം, തെറ്റുപറ്റാം. അറിഞ്ഞും അറിയാതെയും നേതൃത്വത്തിനും. നേതൃത്വത്തെ ചോദ്യം ചെയ്യാം. സലഫി എത്ര വിവരമുള്ള ആളായാലും മയിലമ്മയെ കുയിലമ്മയെന്ന്‌ പരിഹസിക്കുമ്പോൾ അതിസ്ലാമിന്റെ സംസ്കാരമല്ലെന്ന്‌ എണിറ്റു നിന്ന്‌ പറയാൻ ഔദ്യോഗിക മുജാഹിദുകാരന്‌ കഴിയണം. മസ്ജിദുൽ ഹറാമിൽ സ്ത്രീകൾ നമസ്കരിക്കാറില്ലെന്ന്‌ പേരോട്‌ പറയുമ്പോൾ ഉസ്താതെ കള്ളം പറയരുതെന്ന്‌ മക്കം കണ്ട എ.പി.ക്കാരെങ്കിലും എണീറ്റുനിന്ന്‌ പറയാൻ ധൈര്യം കാണിക്കണം. ഖലീഫ ഉമറിനെപ്പോലും ചോദ്യം ചെയ്യാൻ മടികാണിക്കാത്ത ഉത്തമ മതത്തിന്റെ പിന്മുറക്കാർ എന്തിന്‌ സ്വപ്രസ്ഥാനത്തിലെ നേതാക്കളുടെ തെറ്റുകളെ ആരോഗ്യകരമായ രീതിയിൽ വിചാരണ നടത്തുന്നതിൽ വൈമനസ്യം കാണിക്കുന്നു? തെറ്റുകൾ ഏറ്റു പറയണം, തിരുത്തനം, അതാണ്‌ ധാർമ്മികത. സ്ത്യസന്ധത. രണ്ടും മുഅ്മിനിന്‌ നിർബ്ബന്ധവും. മനുഷ്യനിർമ്മിതമായ ഒറ്റ സംഘടനയും പൂർണ്ണമല്ല. മറ്റുള്ളവരെ വിമർശിക്കുമ്പോൾ ഈ വലിയ സത്യം സ്വയം ഓർക്കണം. അപ്പോൾ വിമർശനം ആരോഗ്യപരമാവും. പരസ്പരമുള്ള സംവാദങ്ങളിൽ ജയപരാജയങ്ങൾ ആഘോഷിക്കാൻ യഥാർത്‌ഥ വിശ്വാസിക്ക്‌ ഒരിക്കലും കഴിയില്ല. കർമ്മശാസ്ത്ര വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ പുതുമയുള്ളതല്ല. താബിഉകൾ മുതൽ തന്നെ തുടങ്ങിയവയാണവ. ഇവ ആരോഗ്യമുള്ള ഒരു സമുദായത്തിന്റെ ലക്ഷണവുമാണ്‌. പക്ഷെ അവരാരും പരസ്പരം കാഫിറക്കാറില്ല. സുബുഹിയിലെ കുനൂത്ത്‌ പ്രബല സുന്നത്താണെന്നഭിപ്രായമുള്ള മഹാപണ്ഡിതൻ ശാഫി ഇമാം തന്റെ ഉസ്താദായ ഹനഫി ഇമാമിന്റെ നാട്ടിൽവെച്ച്‌ അദ്ദേഹത്തോട്‌ ആദരവ്‌ പ്രകടിപ്പിച്ച്‌ ഖുനൂത്തോതാതെ സുഭി നമസ്കരിച്ച ഊഷ്മളമായ ചരിത്രമാണിസ്ലാമിന്റേത്‌.

ഓരോ മുസ്ലിമും പ്രതിജ്ഞയെടുക്കുക, ഞാൻ ഒന്നാമതായി ഒരു മുസ്ലിമാണ്‌. തന്റെ നേതൃത്വത്തിന്റെ വൃത്തികേടുകൾക്ക്‌ കൂട്ടുചേർന്ന ഈ ഉത്തമ മതതിന്റെ സുന്ദരമായ മുഖം വികൃതമാവാൻ ഞാൻ കൂട്ടുനിൽക്കില്ല. ഒരു മുസ്ലിം പ്രബോധകനായിട്ടുപോലും സംഘടനാ പക്ഷപാതിത്വത്തിന്റെ അന്ധത ബാധിച്ച എന്റെ പ്രവർത്തനങ്ങൾ മൂലം ഈ മതത്തിനുണ്ടായേക്കാവുന്ന മാനഹാനിയും അനൈക്യവും കാരണം ഒരിക്കലും എനിക്ക്‌ നരകാവകാശിയാവാൻ കഴിയില്ല. എന്റെ സംഘടനയുടെ മുഖം വികൃതമായാൽ പോലും ഈ സുന്ദര മതത്തിന്റെ മുഖം വികൃതമാകാതെ ഞാൻ കാത്തുകൊള്ളും. ഒരിക്കൽ കൂടി ഞാൻ ഉറപ്പിച്ചു പറയുന്നു , ഈ ഉത്തമമതതിന്റെ ഭിന്നിപ്പിന്‌ ഒരു തരത്തിലും ഞാൻ കാരണക്കാരനാവില്ല.

“നിങ്ങൾ പരസ്പരം തർക്കിച്ച്‌ ഭിന്നിക്കരുത്‌. അങ്ങനെയായാൽ നിങ്ങളുടെ കാറ്റു പോകും” – വി.ഖുർആൻ –