arakkal-shihabwiseframe-dubaikmcc

‘അറയ്ക്കൽ-ശിഹാബ്’ വംശപാരമ്പര്യത്തിന്റെ കണ്ണിവിളക്കി ച്ചേർക്കുന്നതിനും ചരിത്രം മനസിലാക്കുന്നതിനും ഈ ചടങ്ങ് ഉപകാരമായി. – Mathrubhumi Reports

ദുബായ് : സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ‘ശിഹാബ് വൈസ് ഫ്രെയിം’ കണ്ണൂർ അറയ്ക്കൽ രാജകുടുംബത്തിന് കൈമാറി. തങ്ങളുടെ മൊഴിമുത്തുകളടങ്ങിയ സമാഹാരം പ്രത്യേകം രൂപകല്പന ചെയ്ത ഫ്രെയിം ഭിത്തിയിൽ തൂക്കിയിടാവുന്ന വിശിഷ്ട ഉപഹാരമാണ്.

സയ്യിദ് ശിഹാബ് ഇന്റർനാഷണൽ ഉച്ചകോടിയുടെ ഭാഗമായി മലപ്പുറം ജില്ലാ കെ.എം.സി.സി. ദുബായ് നടപ്പാക്കിയ ‘വിസിബിലിറ്റി ഔട്ട്റീച്ചിന്റെ’ ഭാഗമായി അറയ്ക്കൽ രാജകുടുംബത്തിന്റെ നിലവിലെ സ്ഥാനി സുൽത്താൻ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവിക്കുവേണ്ടി സിയാദ് അറയ്ക്കൽ ആദിരാജയ്ക്ക് യു.എ.ഇ. കെ.എം.സി.സി. പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ കൈമാറി. കുടുംബാംഗങ്ങളായ മൂസ ആദിരാജ, ശുറാബീൽ ആദിരാജ എന്നിവർ സന്നിഹിതരായിരുന്നു.

അറയ്ക്കൽ കുടുംബവുമായി പാണക്കാട് തറവാടിന് പൗരാണികബന്ധമുണ്ട്. ഗൃഹാതുരത്വത്തിന്റെ ഓർമകൾനിറഞ്ഞ ചടങ്ങിൽ കെ.എം.സി.സി. നേതാവ് പി.കെ. അൻവർനഹ, മലപ്പുറം ജില്ലാപ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ, പി.വി. നാസർ, കെ.പി.എ. സലാം, ആർ. ഷുക്കൂർ, മുജീബ് ജൈഹൂൻ, കരീം കാലടി, കുഞ്ഞിമോൻ എരമംഗലം, ബദറുദ്ദീൻ തറമ്മൽ, ജലീൽ കൊണ്ടോട്ടി, മുജീബ് കോട്ടക്കൽ, സലാം പരി, ലീഗ് നേതാവ് കുഞ്ഞിപ്പ കാലടി തുടങ്ങിയവർ പങ്കെടുത്തു.

മുന്നൂറുവർഷംമുന്പ് അറേബ്യയിലെ ഹളർ മൗത്തിൽനിന്ന് ഉത്തരകേരളത്തിലെ വളപട്ടണത്തെത്തി താമസമാക്കിയ കുടുംബമാണ് സയ്യിദ് അലി ശിഹാബ് തങ്ങളുടേത്. പ്രവാചകൻ മുഹമ്മദ് (സ) യുടെ 33 -ാം വംശപരന്പരയിൽപ്പെട്ട ഇദ്ദേഹത്തിന്റെ മകൻ സയ്യിദ് ഹുസൈൻ തങ്ങൾ, കണ്ണൂർ അറയ്ക്കൽ രാജകുടുംബത്തിൽനിന്ന് കദീജയെന്ന മഹതിയെ വിവാഹംചെയ്തു. ആ ദമ്പതിമാർ കൊട്ടാരംവിട്ട് കോഴിക്കോട് വന്ന് താമസമാക്കി. അക്കാലത്ത് നിലനിന്ന മരുമക്കത്തായ സമ്പ്രദായത്തിന് വിരുദ്ധമായിരുന്നു അത്. ഇദ്ദേഹത്തിന് നാല് പുത്രന്മാരുണ്ടായിരുന്നു. ഇതിൽ സയ്യിദ് അലി കോഴിക്കോട്ടും സയ്യിദ് ഹാമിദ് തങ്ങൾ കാപ്പാട്ടും സയ്യിദ് മുഹമ്മദ് തങ്ങൾ കാട്ടുങ്ങലും സയ്യിദ് മുഹ്‌ളാർ തങ്ങൾ പാണക്കാട്ടും താമസമാക്കി. ഇതേതുടർന്നാണ് പാണക്കാട് വംശപരമ്പരയ്ക്ക് തുടക്കമാവുന്നത്.

‘അറയ്ക്കൽ-ശിഹാബ്’ വംശപാരമ്പര്യത്തിന്റെ കണ്ണിവിളക്കി ച്ചേർക്കുന്നതിനും ചരിത്രം മനസിലാക്കുന്നതിനും ഈ ചടങ്ങ് ഉപകാരമായി. അറയ്ക്കൽ രാജകുടുംബം സന്ദർശിക്കുന്നവർക്ക് ഇനി ഈ ചരിത്രവും അറിയാനാകും.