(photo : Jaihoon attending a private school in Malappuram)

Cochin University of Science and Technology, Calicut University and Sree Sankaracharya University of Sanskrit were established during the reign of Muslim League in Kerala

വിദ്യാഭ്യാസവും മുസ്ലിംലീഗും പിന്നെ അഴീക്കോടും
http://mechandrikaonline.com/viewnews.asp?mcat=articlenews&mitem=AT20111753215


മുസ്ലിംലീഗിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കൊണ്ട് ഡോ. സുകുമാര്‍ അഴീക്കോടിനുള്ള അമര്‍ഷം ഇപ്പോഴും തീര്‍ന്നിട്ടില്ല. തന്റെ അസംതൃപ്തിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മുസ്ലിംലീഗ് ദേശീയ പാര്‍ട്ടിയല്ല, മതവിശ്വാസത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് എന്നൊക്കെയാണ്. മന്ത്രിമാരുടെയും വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് അവരുടെ മതവും ജാതിയും നോക്കിയല്ല. മറിച്ച് പാര്‍ട്ടിയുടെ മന്ത്രിമാര്‍ കൈകാര്യംചെയ്ത വകുപ്പില്‍ കാലാകാലങ്ങളിലുണ്ടായ പ്രവര്‍ത്തനങ്ങള്‍, അതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ എന്നിവ വിലയിരുത്തിയാണ്. ഇത്തരത്തില്‍ സുചിന്തിതമായ വിലയിരുത്തലിന് ഡോ. സുകുമാര്‍ അഴീക്കോട് മുതിരാത്തതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
കേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് നയപരമായ മാറ്റം കൊണ്ടുവന്നതിന്റെ പേരിലാണ് ജോസഫ് മുണ്ടശ്ശേരി എക്കാലത്തെയും നല്ല വിദ്യാഭ്യാസ മന്ത്രിയായി വാഴ്ത്തപ്പെടുന്നത്. എന്നാല്‍ നയപരമായ മാറ്റങ്ങളോടൊപ്പം പ്രാദേശികമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്നത് സി.എച്ച്. മുഹമ്മദ്കോയ സാഹിബാണ്. 1967ല്‍ വിദ്യാഭ്യാസ മന്ത്രിയായതിന് ശേഷം ആറ് ടേമുകളിലായി അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. മുസ്ലിംലീഗിന്റെയും സി.എച്ച്. മുഹമ്മദ് കോയസാഹിബിന്റെയും ഭരണകാലഘട്ടങ്ങളിലാണ് കേരളത്തില്‍ വിദ്യാഭ്യാസരംഗത്ത് പ്രകടമായ മാറ്റങ്ങളുണ്ടായത്. sൈ്രമറിതലം മുതല്‍ യൂണിവേഴ്സിറ്റിതലം വരെ വിദ്യഭ്യാസമേഖലകളില്‍ കാതലായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നത് ഈ മുസ്ലിംലീഗ് മന്ത്രിയായിരുന്നു.

sൈ്രമറിതലത്തില്‍ ക്ലാസുകളുടെ ഘടനയിലും പാഠ്യപദ്ധതിയിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തി. ടെക്സ്റ്റ്ബുക്ക് തയ്യാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ടെക്സ്റ്റ്ബുക്ക് കമ്മിറ്റികള്‍ സ്ഥാപിച്ചു. അധ്യാപക പരിശീലനത്തിന്റെ രീതിയിലും ഉള്ളടക്കത്തിലും മാറ്റങ്ങള്‍കൊണ്ടുവന്നു. ഇതോടൊപ്പം കേരളത്തില്‍ വിദ്യഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് മലയോരമേഖലയിലും തീരപ്രദേശങ്ങളിലും സ്കൂളുകള്‍ ധാരാളമായി സ്ഥാപിച്ചത് സി.എച്ച്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്. ഗവണ്‍മെന്റ് സ്കൂളുകള്‍ ഏറ്റവുംകൂടുതല്‍ സ്ഥാപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമല്ലാത്തിടങ്ങളില്‍ പ്രദേശത്തെ ഭൂവുടമകളുമായി നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്കറിയാം. പിന്നാക്ക ജില്ലകളായ വയനാട്ടിലും മലപ്പുറത്തും ഇടുക്കിയിലും ഇതിനുമാത്രമായി പലതവണ സന്ദര്‍ശിച്ചതിന് അനുഭവസാക്ഷ്യമുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ അവസ്ഥ ഇതായിരുന്നെങ്കില്‍ ഇതിനേക്കാള്‍ എടുത്ത് പറയേണ്ട നേട്ടമാണ് സി.എച്ച്. മുഹമ്മദ്കോയ സാഹിബ് ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടാക്കിയത്. അതില്‍ എടുത്ത്പറയേണ്ട രണ്ട് സ്ഥാപനങ്ങളാണ് കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയും. 1971ല്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിച്ചപ്പോള്‍ അത്തരത്തില്‍ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കപ്പെടുന്ന രണ്ടാമത്തെ സ്ഥാപനമായിരുന്നു അത്. ഇന്ന് അഖിലേന്ത്യാ മത്സരപരീക്ഷകളില്‍ ഉന്നത റാങ്ക് വാങ്ങുന്ന കുട്ടികള്‍ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ പ്രവേശനം നേടാനാണ് ആഗ്രഹിക്കുന്നത്. എെ.എെ.ടി പദവിയിലേക്കുയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്ഥാപനത്തെ തെരഞ്ഞെടുത്ത് കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ ആ നിര്‍ദ്ദേശം നിരാകരിച്ചിരിക്കുകയാണ്.

നിരവധി അഫിലിയേറ്റ് കോളജുകളുടെ അക്കാദമികമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ആദ്യം കേരള സര്‍വ്വകലാശാല മാത്രമാണുണ്ടായിരുന്നത്. ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏത് കാര്യത്തിനും തിരുവനന്തപുരത്തേക്ക് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സര്‍വ്വകലാശാല സ്ഥാപിക്കുന്നത്. മാപ്പിള സര്‍വ്വകലാശാലയെന്നും വിഭജനവാദ (അന്ന് തീവ്രവാദമെന്ന പദം കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നു…!) സര്‍വ്വകലാശാലയെന്നും പറഞ്ഞ് ഒരുവിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിട്ടും മുസ്ലിംലീഗ് സി.എച്ച്. മുഹമ്മദ് കോയ സാഹിബിലൂടെ ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തുവന്ന അഴീക്കോട് ആ സര്‍വ്വകലാശാലയിലെ അധ്യാപകനും പി.വി.സിയുമായിരുന്നുവെന്നത് അദ്ദേഹം മറന്നിരിക്കാന്‍ സാധ്യതയില്ല. വി.സിയാകാന്‍ അദ്ദേഹം നടത്തിയ പരാക്രമങ്ങളും.) കോഴിക്കോട് സര്‍വ്വകലാശാല മലബാര്‍മേഖലയിലെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ വഹിച്ചപങ്ക് ഏവര്‍ക്കുമറിയുന്നതാണ്.

ഇതിനുപുറമെ സര്‍ക്കാര്‍ മേഖലയില്‍ കോളജുകള്‍ സ്ഥാപിക്കുന്നതില്‍ കാണിച്ച താല്‍പര്യം എടുത്ത്പറയേണ്ടതാണ്. കോഴിക്കോട് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കൊയിലാണ്ടി ഗവണ്‍മെന്റ് കോളജ്, കല്‍പറ്റ ഗവണ്‍മെന്റ് കോളജ്, പെരിന്തല്‍മണ്ണ പൂക്കോയ തങ്ങള്‍ ഗവണ്‍മെന്റ് കോളജ് തുടങ്ങി ഈ ലിസ്റ്റ് ഒരുപാട് നീണ്ടതാണ്. 1967ല്‍ 47 ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകള്‍ മാത്രമുണ്ടായിരുന്നിടത്ത് 1978 ആയപ്പോഴേക്കും 92 ആയി മാറിയത് ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തതിന്റെ ഫലമാണ്.

കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിച്ച് ഒരേ ക്ലാസ്സില്‍തന്നെ പലതവണ ഇരുത്തുന്നത് സാമൂഹ്യനീതിക്ക് നിരക്കാത്തതും കുട്ടികളില്‍ പഠനത്തോടുള്ള ആഭിമുഖ്യം കുറക്കുന്നതും കൊഴിഞ്ഞുപോക്കിന് കാരണമാകുന്നതുമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍ വളരെമുമ്പ് തന്നെ ഇക്കാര്യം മനസ്സിലാക്കി ചെറിയ ക്ലാസ്സുകളില്‍ പരമാവധി കുട്ടികള്‍ക്ക് ക്ലാസ്സ് കയറ്റം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് ലീഗുകാരനായ ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസ മന്ത്രിയായപ്പോഴാണ്. “ചാക്കീരിപ്പാസ്’ എന്ന് വിളിച്ച് ആ നീക്കത്തെ പരിഹസിച്ചവര്‍ തന്നെ ഇന്ന് അതിന്റെ വക്താക്കളായി മാറിയത് നാം കണ്ടതാണ്.

സംസ്കൃതത്തിന് മാത്രമായി കേരളത്തില്‍ ഒരു സര്‍വ്വകലാശാല സ്ഥാപിച്ചത് ഇ.ടി. മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ്. ഉചിതമായ സ്ഥലത്തുതന്നെ അതിന്റെ ആസ്ഥാനവും സ്ഥാപിച്ചു. കാലടിയില്‍ മുസ്ലികളോ, മുസ്ലിംലീഗുകാരോ കൂടുതലുള്ളതുകൊണ്ടല്ല; മറിച്ച് പരിവ്രാചക ശ്രേഷ്ഠനായ ശ്രീശങ്കരാചാര്യന്റെ ജന്മസ്ഥലമായതിലാണ് സംസ്കൃത സര്‍വ്വകലാശാലയുടെ ആസ്ഥാനം കാലടിയില്‍ സ്ഥാപിച്ചത്.

കേരളത്തില്‍ വിദ്യാഭ്യാസം, മന:ശാസ്ത്രം, ബോധനശാസ്ത്രം എന്നീ മേഖലയില്‍ കാര്യമായ നീക്കങ്ങളുണ്ടായതും ഇ.ടിയുടെ കാലത്താണ്. വിദ്യാ ഭ്യാസ ഗവേഷണത്തിനും പരിശീലനത്തിനുമായി സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് (എസ്.ഇ.ആര്‍.ടി) സ്ഥാപിച്ചതും വിദ്യാഭ്യാസ രംഗത്തെ ഗവേഷണകേന്ദ്രമായി അതിനെ മാറ്റിയെടുത്തതും ഇദ്ദേഹമാണ്. സാമൂഹ്യനീതിയും സന്തുലിതത്വവും സാധ്യമാക്കാനായി നിരവധി സ്ഥാപനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസരംഗത്തും ഉന്നതവിദ്യാഭ്യാസ രംഗത്തും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി.
കേരളത്തിലെ സ്കൂള്‍പാഠ്യ പദ്ധതി പരിഷ്കരണത്തിന് തുടക്കംകുറിച്ച ജില്ലാ sൈ്രമറി വിദ്യഭ്യാസ പദ്ധതി (ഡി.പി.ഇ.പി) ഇ.ടി. മുഹമ്മദ് ബഷീറിന്റെ കാലത്താണ് ആരംഭിച്ചത്. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പാഠ്യപദ്ധതി പരിഷ്കരണത്തിനും ഡി.പി.ഇ.പി സഹായിച്ചു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും അതിനാവശ്യമായ ഭരണപരവും അക്കാദമികവുമായ സാഹചര്യങ്ങള്‍ ഒരുക്കിയത് ഇ.ടിയായിരുന്നു.

ഉന്നത ശാസ്ത്ര സാങ്കേതിക സ്ഥാപനമായ കോഴിക്കോട്ടെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളജ് (ആര്‍.ഇ.സി) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.എെ.ടി)യായി ഉയര്‍ത്തുന്നതില്‍ നാലകത്ത് സൂപ്പി വഹിച്ച പങ്ക് വലുതാണ്. കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കിയ ഏരിയ ഇന്റന്‍സിസ് പദ്ധതി കേരളീയ സാഹചര്യത്തിനിണങ്ങുന്നവിധം മാറ്റിയെടുക്കുന്നതില്‍ നാലകത്ത് സൂപ്പി പ്രത്യേകം ശ്രദ്ധിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) പദ്ധതിപ്രകാരം സര്‍ക്കാര്‍ സ്കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം കാണിച്ച ശ്രദ്ധ ഒന്നുകൊണ്ട് മാത്രമാണ് സ്വകാര്യസ്ഥാപനങ്ങളുടെ കുത്തൊഴുക്കിനിടയിലും നമ്മുടെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പിടിച്ച് നില്‍ക്കാനായത്.

പ്രത്യേകമായൊരു പഠനംകൂടാതെ ഒറ്റയടിക്ക് ഓര്‍മയില്‍ വന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. ഗൗരവമായൊരു പഠനം നടത്തുകയാണെങ്കില്‍ കേരളീയ വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിംലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എത്രമാത്രം വിലപ്പെട്ടതാണെന്ന് കണ്ടെത്താന്‍ കഴിയും. അതോടൊപ്പം ലീഗിതര മന്ത്രിമാരുടെ നേട്ടങ്ങളുമായി ഒരു താരതമ്യപഠനവുമാകാവുന്നതാണ്. ഈ നേട്ടങ്ങളെല്ലാം വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാരുടെ വ്യക്തിപരമായ കഴിവ് മാത്രമല്ല, അതിലുപരി മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടും നിശ്ചയദാര്‍ഢ്യവുമാണ്. ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മുസ്ലിംകള്‍ക്കോ മുസ്ലിംലീഗുകാര്‍ക്കോ മാത്രമായി ഒരു നേട്ടവും ഉണ്ടായിട്ടില്ല. മറിച്ച് ജാതി മതരാഷ്ട്രീയ ഭേദമന്യെ കേരളീയ സമൂഹത്തിനാകമാനമാണ് ഉപകാരപ്പെട്ടത്