ജയ്ഹൂന്‍
വിവര്‍ത്തനം: അലവി അല്‍ ഹുദവി മുണ്ടംപറമ്പ്‌ / വിതരണം: ഇസ്ലാമിക്‌ സാഹിത്യ അക്കാദമി
മിഡില്‍ ഈസ്റ്റ്‌ ചന്ദൃക, ആഗ. 17 2007

ആംഗ്ലോ ഇന്ത്യന്‍ സാഹിത്യത്തില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കവിയാണ്‌ ജയ്ഹൂന്‍ എന്ന തൂലികാ നാമത്തില്‍ എഴുതുന്ന മലയാളിയായ മുജീബ്‌ റഹ്‌മാന്‍. അധ്യാത്മികമായ എഴുത്തിന്‌ പുതിയ കാലത്തെ സമുു‍ഹത്തിന്‍ എന്തൊക്കെ ചെയ്യാനുണ്ടെന്ന തീവ്രമായ അന്വേഷണമാണ്‌ അദ്ദേഹത്തിന്റെ രചനകള്‍. സമകാലിക ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ജയ്ഹൂന്റെ കവിതകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍ വായനക്കാരന്‌ ആവില്ല എന്നതാണ്‌ ശരി. ശരീരത്തിന്റെയും ആത്മാവിന്റെയും വ്യവഹാരങ്ങളിലെ ശരിതെറ്റുകളെക്കുറിച്ച്‌ വായനക്കാരനെ ഉണര്‍ത്തുന്ന കവിതകളാണ്‌ ജയ്ഹൂന്‍ എഴുതുന്നതൊക്കെയും.

ഇതിനകം വായനാലോകത്ത്‌ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുള്ള ജയ്ഹൂനിന്റെ ഇംഗ്ലീഷ്‌ കവിതകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏതാനും സൃഷ്ടികളുടെ വിവര്‍ത്തനമാണ്‌ ഉദ്യാനം മടുത്തൊരു വാനമ്പാടി. ജയ്ഹൂന്‍ കവിതകളെ മലയാളാന്തരീക്ഷത്തിലേക്ക്‌ പറിച്ചു നട്ട ഈ പുസ്തകം ജയ്ഹൂനിനെ മലയാളത്തിന്‌ പരിചയപ്പെടുത്താനുള്ള ഏറ്റവും വലിയ ഉദ്യമമാണ്‌. ഇംഗ്ലീഷിലുള്ള ജയ്ഹൂനിന്റെ കവിതകളുടെ വായനാസുഖം മലയാള വിവര്‍ത്തനത്തില്‍നിന്നും കിട്ടുന്നുണ്ടോ എന്ന ഒരു സംശയം ഈ പുസ്തകം ഉയര്‍ത്തുന്നുണ്ടെന്ന കാര്യം പരാമര്‍ശിക്കാതെ വയ്യ. അലവി അല്‍ ഹുദവിയുടെ വിവര്‍ത്തനം വിരസത മൂലം ഉപേക്ഷിക്കപെട്ട ഭാഷാപരീക്ഷണങ്ങളെ തിരിച്ചു കൊണ്ടു വരുന്നുണ്ടെങ്കിലും അധ്യാത്മിക സാഹിത്യത്തെ മലയാളത്തിലെത്തിക്കാനുള്ള ഈ ഉദ്യമം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്‌.