തെളിച്ചം മാസിക ജൂലൈ 2005

എവിടെയൊക്കെയോ ഏതൊക്കെയോ പൊരുത്തക്കേടുകള്‍ പതിയിരിക്കുന്നുവെന്ന്‌ പതുക്കെ ചെവിയില്‍ മന്ത്രിക്കുന്ന പുസ്തകങ്ങളാണ്‌ ജയ്ഹൂണിന്റേത്‌. ഒരു പുഴ ഒഴുകുന്നതിന്റെ ശാന്തതയാണ്‌ അവയുടെ വായന തരുന്നത്‌.

അപകടങ്ങള്‍ പതിയിരിക്കുന്നുണ്ടെന്ന്‌ നമ്മെ ഓര്‍മിപ്പിച്ച്കൊണ്ടിരിക്കുന്നുണ്ട്‌ ഈ പുസ്തകങ്ങളൊക്കെയും. യുവത്വത്തിന്റെ തീക്ഷ്‌ണതയില്‍ നിന്നും നമ്മെ ഓര്‍മിപ്പിക്കുക മാത്രമല്ല, ജാഗ്രതയോടെയിരിക്കണമെന്ന സന്ദേശം പകര്‍ന്നു തരികയും ചെയ്യുന്നു. തുര്‍ക്ക്‌മെനിസ്ഥാനില്‍ ജയ്ഹൂണിന്റെ ഒഴുക്ക്‌ നിലച്ചു പോയത്രെ. ഇവിടെ സമൃദ്ധമായ ഭൂതത്തിന്റെ താഴ്‌വേരുകളില്‍ നിന്നും ജയ്ഹൂണ്‍ നമ്മെ തൊട്ടുണര്‍ത്തിക്കൊണ്ടിരിക്കുകയാണ്‌. അനുരാഗത്തിന്റെ ആത്മിക സ്പര്‍ശം തന്റെ എഴുത്തുകളിലാവാഹിച്ച്‌.

ഹെന്ന ഫോര്‍ ദി ഹാര്‍ട്ട്‌

മൈലാഞ്ചി അഴകിന്റെ അടയാളമാണ്‌. അണിഞ്ഞയാളെ മാത്രമല്ല അത്‌ പ്രസാദിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. പുസ്തകം ആവശ്യപ്പെടുന്നത്‌ ഹൃദയങ്ങളെ അണിയിച്ചൊരുക്കാനാണ്‌. സൌന്ദര്യ വര്‍ധക വിപണിയില്‍ ലിപ്സ്റ്റിക്കിട്ട സ്ത്രീയെ പ്രദര്‍ശനത്തിനു വെച്ചതിന്റെ ആത്മരോഷത്തില്‍ നിന്നാണ്‌ ഇതിലെ കവിതകളുണ്ടായിട്ടുള്ളത്‌. മഹത്വത്തിന്റെയും വിശുദ്ധതയുടെയും ആള്‍ രൂപമാണെന്നുള്ള വിശ്വാസത്തിനു നവലോകത്ത്‌ ഇളക്കം തട്ടുകയാണ്‌. സ്ത്രീയെ നമ്മുടെ ദൌര്‍ബല്യങ്ങളില്‍ തളച്ചിടാനാണ്‌ പുതിയ സംസ്കാരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌. കച്ചവട വല്‍ക്കരിക്കപ്പെട്ട സ്ത്രീയുടെ ദൈന്യത പുതിയ ലോകമുഖത്ത്‌ ദൃശ്യമാണ്‌. ആത്മികതയുടെ അടിയൊഴുക്കുകള്‍ ആവാഹിച്ച്‌ കവിതകള്‍ നമ്മെ ഭൌതിക സംസ്കാരത്തിന്റെ കാലുഷ്യത്തിനു നേരെ ഉണര്‍ന്നിരിക്കുവാന്‍ ആവശ്യപ്പെടുന്നു. കവിത ഇതില്‍ സ്വകീയമായ അനുഭവങ്ങളുടെ ആവിഷ്കാരമല്ല, സാമൂഹ്യരീതിയോടുള്ള ആത്മരോഷമാണ്‌.

ഈഗോപ്റ്റിക്സ്‌
ഒലീവ്‌ പബ്ലികേഷന്‍സ്‌

അതിര്‍ത്തികളെക്കുറിച്ച്‌ ഏറെ ഉല്‍ക്കണ്ഠപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്‌ ആധുനികലോകം. നിയന്ത്രണ രേഖകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടിരിക്കുന്നു സമൂഹം. സങ്കുചിതമായ ദേശീയ ബോധമാണ്‌ ഇത്തരം അതിര്‍ത്തികളുടെ പരിണിതി. അതിര്‍ വരമ്പുകള്‍ക്കപ്പുാ‍റം വിശാലമായ ലോകക്രമത്തെക്കുറിച്ച്‌ അല്ലെങ്കില്‍ മിശ്രദേശീയതയെക്കുറിച്ച്‌ നമ്മെ വിചാരപ്പെടാന്‍ ആവശ്യപ്പെടുന്നുണ്ട്‌ ഇതിലെ രചനകള്‍. പിറന്ന നാടിന്റെ ഗൃഹാതുരത്വവും വളര്‍ന്ന നാടിന്റെ മഹത്വവും ഇഴ ചേര്‍ത്തുവെച്ച്‌ അതിര്‍ത്തികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്‌ കവി. മനുഷ്യത്വം നഷ്ടമാകുന്നതിന്റെ വേദനകള്‍ കവിതകളിലും ലേഖനങ്ങളിലും തെളിഞ്ഞു കാണാം. ഇരകളുടെ നിസ്സഹായതയില്‍ നിന്ന്‌ അവര്‍ക്ക്‌ അനുഭാവം പ്രാപിക്കാന്‍ ആവശ്യപ്പെടുന്നു ഈ കൃതി. ആത്മികത പോലും ഏറ്റവും ചൂടേറിയ വില്‍പനച്ചരക്കായ ആധുനിക ലോകത്ത്‌ മാനവികതെയെക്കുറിച്ച്‌ ആകുലപ്പെടാന്‍ നമ്മെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു ജയ്ഹൂണിന്റെ പ്രഥമ പുസ്തകം.

ദി കൂള്‍ ബ്രീസ്‌ ഫ്ര്ം ഹിന്ദ്‌
ഒലീവ്‌ പബ്ലികേഷന്‍സ്‌

ഗൃഹാതുരത്വത്തിന്റെ മേമ്പൊടിയോടെ നടത്തപ്പെട്ട കേവലമൊരു യാത്രാരേഖകളല്ല ഈ പുസ്തകം. പാരമ്പര്യത്തിന്റെ അടിവേരുകള്‍ അന്വേഷിച്ചും സംസ്ക്കാരരൂപങ്ങള്‍ തൊട്ടറിഞ്ഞും ഒരു പ്രവാസി തന്റെ ദേശത്തിലൂടെയും കാലത്തിലൂടെയും നടത്തുന്ന ഒരാത്മിക യാത്രയാണിത്‌

നവകൊളോണിയലിസം നമ്മുടെ അടുക്കളയിലും വിളമ്പുന്നുണ്ട്‌ ഇപ്പോള്‍. സാമ്പ്രാജ്യത്വ അധിനിവേശം നമ്മുടെ സംസ്ക്കാരത്തില്‍ വീഴ്ത്തിയ വിളളലുകള്‍ ഒരു ഞെട്ടലോടെ നമുക്ക്‌ മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്‌ യാത്രികന്‍. സനാതന മൂല്യങ്ങളിള്‍ പുഴുക്കുത്തുകള്‍ ബാധിച്ചിരിക്കുന്നുവെന്നത്‌ പുതിയ കാര്യമല്ല. നാമറിയാതെ അതങ്ങനെ പടര്‍ന്നു കയറുന്നുവെന്നതാണ്‌ ഇവിടെയുള്ള ചോദ്യം. ഭൂതകാലത്തെ അതിന്റെ തനിമയോടെ അവതരിപ്പിക്കാനും ഓര്‍മയില്‍ നിന്നും മാഞ്ഞു പോയ ഭൂതകാലത്തിന്റെ കഥകളെ തിരിച്ചുകൊണ്ടുവരാനുമുള്ള ശ്രമമാണിതെന്ന്‌ ജയ്ഹൂണ്‍..