മുഹമ്മദ്‌ ഷാഫി കെ പി, കാഞ്ഞിരപ്പാലം
അകാരണമായ കുറെ പരിഭ്രമങ്ങള്‍ പേറുന്നുണ്ട്‌ ആധുനിക മനുഷ്യന്‍. താന്‍ ജീവിക്കുന്ന കാലത്തിന്റേതിനേക്കാളേറെ തന്റെ തന്നെ ബോധമണ്ഡലത്തില്‍ സംഭവിക്കുന്ന വിക്ഷോഭങ്ങളാണ്‌ മുഖ്യമായും ഇന്നത്തെ മനുഷ്യനെ നിയന്ത്രിക്കുന്നത്‌. ‘ലോകം ഇളകി മറിയുമ്പോള്‍ നമുക്കെന്തും ഉപേക്ഷിക്കാനാകും. എന്നാല്‍ ഇപ്പോള്‍ ലോകം വെറുതെയിരിക്കുകയും നാം ഇളകിമറിയുകയുമാണ്‌’. എന്ന്‌ കവി സച്ചിതാനന്ദന്‍ പറഞ്ഞിട്ടുണ്ട്‌. അകത്തെ ഈ ഇളകിമറിച്ചിലിന്‌ പരിഹാരമന്വേഷിക്കുന്നതിന്‌ പകരം അതിന്റെ പേരില്‍ ഭ്രാന്തെടുക്കുന്നതായാണ്‌ പുതിയ സമൂഹത്തിന്റെ നിലപാടുകള്‍ കാണപ്പെടുന്നത്‌. ഓരോരുത്തരും തങ്ങളിലേക്ക്‌ തന്നെ ഇറങ്ങിത്തീരുകയും മാനുഷികം എന്ന്‌ പറയാവുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പൊതുവെ അപ്രസക്തമായിത്തീരുകയും ചെയ്യുന്നു.
വ്യക്തമായി നിര്‍വചിക്കാനോ വിവേചിച്ചെടുക്കാനോ കഴിയാത്ത ഭ്രാന്തമെന്ന്‌ പറയാവുന്ന അവസ്ഥയെ പലരും പല വിധത്തിലാണ്‌ നേരിടുന്നത്‌. അതിനെ ധൈര്യത്തോടെ അഭിമുഖീകരിക്കുകയും അവയില്‍ നിന്ന്‌ ശമനം നേടാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നതിനു പകരം അവയ്ക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോഴാണ്‌ ഇന്നു കാണപ്പെടുന്ന തരത്തില്‍ സ്വാര്‍ത്ഥവും സാമൂഹികമല്ലാത്തതുമായ സ്വഭാവം മനുഷ്യനില്‍ രൂപം കൊള്ളുന്നത്‌. ഈ ജീവിത രിതി മടുക്കുമ്പോള്‍ മാത്രം വളരെ വൈകിയിട്ടാണെങ്കിലും അവന്‍ ആത്മികതയിലേക്കുള്ള വഴി തേടുന്നു എന്നത്‌ ഇന്നത്തെ കാലം അടയാളപ്പെടുത്തുന്ന സത്യങ്ങളിലൊന്നാണ്‌. കമ്പോളവല്‍കരണത്തിന്റെ അതിപ്രസരത്തില്‍ ജീവിതത്തിന്റെ എല്ലാ ആസ്വാദനങ്ങളും മടുത്ത്‌ ജീവിതം തന്നെ മടുത്ത്‌ പോയ പാശ്ചാത്യ മനുഷ്യന്‍ പൌരസ്ത്യ‍ ലോകത്തെ മതങ്ങളും , വ്യാജമോ അല്ലാത്തതുമായ ആത്മിക കേന്ദ്രങ്ങളും തേടിപ്പോകുന്നുവെന്നത്‌ ഇതിനു വ്യക്തമായ തെളിവാണ്‌. എന്നാല്‍ ആത്മികത ഇന്ന്‌ കമ്പോളതാല്‍പര്യങ്ങള്‍ക്കധിഷ്ഠിതമായി തിരുത്തിയെഴുതപ്പെടുമ്പോള്‍ ആത്മികത അന്വേഷിച്ചുള്ള നടത്തങ്ങളൊക്കെയും വൃഥാവിലാകുകയും ജീവിതം പിന്നെയും ചടച്ച്‌ ഒതുക്കപ്പെടുകയും ചെയ്യുകയാണ്‌.
ജയ്ഹൂന്‍ എന്ന പേരില്‍ എടപ്പാള്‍ സ്വദേശിയായ മുജീബ്‌ റഹമാന്‍ എഴുതി കോഴിക്കോട്‌ ഒലീവ്‌ പ്രസിദ്ധപ്പെടുത്തിയ ‘ദ കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ എന്ന നോവല്‍ ആധുനിക മനുഷ്യന്റെ അവസ്ഥക്കു നേരെ തിരിച്ചു പിടിച്ച ഒരു കണ്ണാടിയാണ്‌. കല, കാലം പ്രതിഫലിക്കുന്നതായിരിക്കണം എന്ന വിചാരത്തെ ശ്ക്തമായി ന്യായീകരിക്കുന്നു ഈ പുസ്തകം.ഒരു നോവല്‍ എന്നതിലുപരി, ഒരു പ്രവാസി തന്റെ ജന്മനാട്ടിലൂടെ ഗൃഹാതുര സ്മരണകളുമായി നടത്തുന്ന യാത്രയുടെ അന്വേഷണത്തിന്റെ ആവിഷ്കാരമാണിത്‌.
അശാന്തമായ മനസ്സിനേ അന്വേഷണം സാധ്യമാകൂ എന്ന്‌ മുന്‍പൊരിക്കല്‍ എന്‍.പി മുഹമ്മദ്‌ എഴുതിയിട്ടുണ്ട്‌. പ്രവാസം ഒരു മനുഷ്യന്‌ ചാര്‍ത്തിക്കൊടുക്കുന്ന പല കാര്യങ്ങളിലൊന്ന്‌ അശാന്തിയാണ്‌. ജന്മനാട്ടില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കുന്നത്‌ കൊണ്ട്‌ ഒരുത്തനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും വളരെയേറെയാണ്‌. ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ പ്രേരിപ്പിക്കുന്നുണ്ട്‌ ഓരോ പ്രവാസവും. പ്രവാസം അടിച്ചേല്‍പിക്കപ്പെട്ടതോ സ്വയം വരിച്ചതോ ആകട്ടെ, അത്‌ മനുഷ്യന്റെ ബോധമണ്ഡലത്തില്‍ വലിയ കോളിളക്കങ്ങള്‍ തന്നെയുണ്ടാക്കുന്നുണ്ട്‌.സ്വന്തം മണ്ണിനെ പുറത്ത്‌ നിന്ന്‌ കാണുമ്പോഴുള്ള ആത്മ നൊമ്പരമാണ്‌ അവയില്‍ ഏറ്റവും വലുത്‌.
നൊമ്പരങ്ങളെ പച്ചയായി ആവിഷ്കരിക്കുമ്പോഴാണ്‌ മികച്ച കലാ സൃഷ്ടികള്‍ ഉടലെടുക്കുന്നത്‌. പ്രവാസത്തില്‍ നിന്നുത്ഭൂതമാകുന്ന ഗൃഹാതുര സ്മരണയുടെ വേദനയാണ്‌ ‘ദ കൂള്‍ ബ്രീസ്‌ ഫ്രം ഹിന്ദ്‌’ പങ്കുവെയ്ക്കുന്നത്‌. വിട്ടു പിരിഞ്ഞതിന്‌ ശേഷം തിരിച്ചെത്തുമ്പോഴാണ്‌ തന്റെ മണ്ണ്‌ തന്നില്‍ നിന്ന്‌, തന്റെ സ്വത്വത്തില്‍ നിന്ന്‌ എത്രമാത്രം വിദൂരത്താണെന്ന്‌ ഓരോ പ്രവാസിയും മനസ്സിലാക്കുന്നത്‌. ഈ തിരിച്ചറിവില്‍ നിന്ന്‌ തന്നെയാണ്‌ ജയ്ഹൂനും എഴുതിത്തുടങ്ങുന്നത്‌.
‘ഹിന്ദ്‌’ ഒരു എഴുത്ത്‌ കാരന്‍ എന്നതിനേക്കാള്‍ ഒരു മുസ്ലിം എന്ന നിലയ്ക്ക്‌ ജയ്ഹൂനെ ആഘര്‍ഷിക്കുന്നു. ഓരോ മുസ്ലിമിനും ‘ഹിന്ദ്‌’ മായി മാനസിക തലത്തില്‍ ഏതോ മൃദുല തന്ത്രിയുടെ ബന്ധം കാണാനാകും. ‘ഹിന്ദ്‌’ല്‍ നിന്നും വരുന്ന കാറ്റ്‌ എന്നെ തഴുകുന്നു’എന്ന്‌ പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. ഹിന്ദില്‍ നിന്നുണ്ടാക്കപ്പെട്ട വാളുകള്‍ക്ക്‌ ഇസ്ലാമിക ചരിത്രത്തില്‍ വലിയ സ്ഥാനം തന്നെയുണ്ട്‌. അതുകൊണ്ട്‌ ‘ഹിന്ദ്‌ ല്‍ നിന്നുള്ള തണുത്ത കാറ്റ്‌’ ജയ്ഹൂന്റെ അന്വേഷണത്തിന്റെ പേരു തന്നെയാകുന്നു.
ബിംബങ്ങളുടെയും സങ്കേതങ്ങളുടേതുമെന്നതിനേക്കാള്‍ ആത്മാര്‍പ്പണമുള്ള എഴുത്തിന്റെ പേരിലായിരിക്കും ജയ്ഹൂന്റെ പുസ്തകം ശ്രദ്ധിക്കപ്പെടുക. ഈ ഇംഗ്ലീഷ്‌ പുസ്തകത്തില്‍ ഒരു പേടിയും കൂടാതെ ജയ്ഹൂന്‍ പ്രയോഗിച്ചു കളയുന്ന വാക്കുകളും ബിംബങ്ങളും താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തോട്‌ എഴുത്തുകാരന്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയ്ക്കുള്ള തെളിവാണ്‌. ഒന്നാമധ്യായത്തിന്റെ ആദ്യത്തെ പേജില്‍ തന്നെ ‘മലനാടന്‍ കാറ്റ്‌’ വന്നു തൊടുന്നതിനെ കുറിച്ച്‌ അദ്ദേഹം സ്വദേശി എന്നു പറയുന്നു. നെല്‍ പാടങ്ങളില്‍ വന്നലയ്ക്കുന്ന കാറ്റിന്റെ ശബ്ദവും നെല്ലോലകള്‍ തമ്മിലുരസിപ്പാടുന്ന പാട്ടും ജയ്ഹൂന്‍ എഴുതുന്നു.
തനിക്ക്‌ നഷ്ടപ്പെട്ടുപോയ നാടിന്റെ മുഖങ്ങളിലൂടെ വിരലോടിക്കുമ്പൊഴൊക്കെയും ആത്മികമായ ഒരു തരം അനുഭൂതി അനുഭവിക്കുന്നുണ്ട്‌ എഴുത്തുകാരന്‍. അതില്‍ നിന്നുള്ള മോചനത്തിന്‌ യഥാര്‍ത്ഥവും സമൃദ്ധവും ശാശ്വതവുമായ ആത്മികതയുടെ വിതാനങ്ങളിലൂടെ യാത്ര നീണ്ടേ പോകുകയാണ്‌. ആ യാത്രയ്ക്കിടയില്‍ പുതുക്കപ്പെടുന്ന തന്റെ അറിവുകള്‍ക്ക്‌ മുമ്പില്‍ കമ്പോളവല്‍കരണവും നവകൊളോണിയലിസവും സാംസ്കാരിക അധിനിവേശവും വന്നു കയറി മുടിപ്പിച്ച തന്റെ സ്വന്തം നാടിന്റെ തകര്‍ക്കപ്പെട്ട അവസ്ഥയ്ക്കു മുമ്പില്‍ വേദനയോടെ പിടക്കുന്നു ഈ പുസ്തകം. കാലത്തിന്റെ പ്രവണതകളോട്‌ മുഴക്കമുള്ള നിശബ്ദതയില്‍ പ്രതികരിക്കുന്നു ജയ്ഹൂന്‍.
പ്രവാസത്തിന്റെ വീണ്ടെടുപ്പുകളും യാത്രകളുടെ കാഴ്ചകളും ആത്മികതയുടെ അന്വേഷണ ത്വരയും കൂടി സമൃദ്ധമാകുമ്പോള്‍ ഈ പുസ്തകം മികച്ചൊരു വായനാനുഭവമാകുകയാണ്‌. ചോര തൊട്ടെഴുതിയ വാക്കുകളുടെ ചങ്കു പറിക്കുന്ന ആത്മാര്‍ത്ഥതയുടെ നേര്‍ സാക്ഷ്യമായി ,കാലത്തിന്റെ മുഖങ്ങളെ പ്രതിഫലിപ്പിച്ച്‌ കാട്ടുന്ന കണ്ണാടിയായി ഇത്‌ നിലകൊള്ളുന്നു; മനുഷ്യന്റെ പുതിയ സ്ഥിതിഗതികള്‍ക്കെതിരെ പിടിക്കുന്ന തെളിമയുറ്റ ഒരു കണ്ണാടി