ഉമര്‍ ബാഫഖി തങ്ങള്‍ അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമ
കെ പി കുഞ്ഞി മൂസ
(Umar Bafaqi Thangal memoir by KP Kunhimoosa)
www.thejasnews.com
ആദര്‍ശം ബലികൊടുത്തുകൊണ്ടുള്ള രാഷ്ട്രീയസഖ്യത്തിന്‌ ഒരിക്കലും മുതിരാത്ത മാതൃകാ നേതാവായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍.
അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ അരികുപറ്റി കെ എം സീതിസാഹിബിന്റെ ചുവടുപിടിച്ചു കേരളരാഷ്ട്രീയത്തില്‍ മുസ്ലിംലീഗിനെ നിര്‍ണായകശക്തിയാക്കി മാറ്റിയത്‌ ഉമര്‍ ബാഫഖി തങ്ങളാണ്‌. മുന്നണിരാഷ്ട്രീയത്തില്‍ ഘടകകക്ഷികള്‍ നാമമാത്രമായിപ്പോവുന്നത്‌ ഓരോ സംഘടനയും വ്യക്തിത്വം കാത്തുസൂക്ഷിക്കാത്തതിനാലാണെന്നു തങ്ങള്‍ തെളിയിച്ചു. കോണ്‍ഗ്രസ്സിനെതിരേ ശക്തമായ മുന്നണി കെട്ടിപ്പടുത്ത തങ്ങള്‍ തന്നെ ശരീഅത്ത്‌ പ്രശ്നം വന്നപ്പോള്‍ മുന്നണി വിട്ടു രാഷ്ട്രീയപ്രതിയോഗികളെ അമ്പരപ്പിച്ചു. പോഷകസംഘടനകള്‍ക്കു ദിശാബോധം നല്‍കുന്നതില്‍ തങ്ങള്‍ വഹിച്ച പങ്ക്‌ എടുത്തുപറയത്തക്കതാണ്‌. വിദ്യാര്‍ഥികള്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചട്ടുകങ്ങളാവാതിരിക്കാന്‍ നിതാന്ത ജാഗ്രത അദ്ദേഹം പുലര്‍ത്തി. അച്ചടക്കം ലംഘിക്കുന്നത്‌ എത്ര വലിയ നേതാവായിരുന്നാലും കര്‍ശനശിക്ഷ നടപ്പാക്കുന്നതില്‍ തങ്ങള്‍ മടിച്ചുനിന്നില്ല.
മുസ്ലിം യുവാക്കള്‍ സേവനരംഗത്തു മാതൃക സൃഷ്ടിക്കണമെന്നു മുസ്ലിം യൂത്ത്ലീഗിന്റെ നേതൃത്വത്തിന്‌ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കി. യൂത്ത്ലീഗിന്റെ കര്‍മപരിപാടികളില്‍ തൊഴില്‍ പരിശീലനകേന്ദ്രങ്ങളും റിലീഫ്‌ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയത്‌ തങ്ങളുടെ കാലത്താണ്‌. പ്രവാസികളുടെ ഇടയില്‍ച്ചെന്നു കള്‍ച്ചറല്‍ സെന്ററുകള്‍ക്ക്‌ ബീജാവാപം ചെയ്യുകയും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്തു. ഐക്യത്തിന്റെ ഈ സന്ദേശവാഹകന്‍ മുസ്ലിം ഐക്യം പോലെത്തന്നെ സാമുദായിക ഐക്യവും മതമൈത്രിയും കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. എഴുത്തുകാരെയും പ്രഭാഷകരെയും ഇത്രയേറെ പ്രോല്‍സാഹിപ്പിച്ച മറ്റൊരു രാഷ്ട്രീയനേതാവിനെ കണെ്ടത്താന്‍ പ്രയാസമാണ്‌. ഏറ്റെടുത്ത പദവികളും സ്ഥാനങ്ങളും അലങ്കാരമായി കൊണ്ടുനടക്കാതെ എന്നും കര്‍മനിരതനായി മാതൃകകള്‍ കാഴ്ചവച്ച തങ്ങള്‍, നല്ലൊരു നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്കും വഖ്ഫ്‌ ബോര്‍ഡിന്റെ പ്രാപ്തനായ ചെയര്‍മാന്‍ എന്ന നിലയിലും പാര്‍ട്ടിയുടെ ഉന്നതപദവികള്‍ വഹിച്ച സമുന്നതനേതാവെന്ന നിലയിലും ചരിത്രത്തില്‍ സുവര്‍ണാധ്യായങ്ങള്‍ തുന്നിച്ചേര്‍ത്തു.
ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ സമുദായവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കോപ്പുകൂട്ടുമ്പോഴൊക്കെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ പുതിയ പുതിയ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ അദ്ദേഹം താങ്ങായി വര്‍ത്തിച്ചു.
ആറുപതിറ്റാണ്ട്‌ മുമ്പ്‌ തലശ്ശേരിയില്‍ നിന്നു പ്രസിദ്ധീകരിച്ച മുജാഹിദ്‌ പാക്ഷികം മുതല്‍ അഖിലേന്ത്യാ എം.എസ്‌.എഫിന്റേതായി വന്ന തൂലിക മാസിക വരെ തങ്ങളുടെ കരലാളനയേറ്റാണു വളര്‍ന്നത്‌.
ധീരതയുടെ പര്യായമായിരുന്നു തങ്ങള്‍. വിമോചനസമരകാലത്തു കോഴിക്കോട്‌ ഹജൂര്‍ കച്ചേരി പിക്കറ്റ്‌ ചെയ്ത്‌ അറസ്റ്റ്‌ വരിച്ച തങ്ങള്‍, ജയിലില്‍ക്കഴിയുമ്പോള്‍ സഹതടവുകാര്‍ക്ക്‌ ആവേശം പകര്‍ന്നു. അരങ്ങില്‍ ശ്രീധരനും ബി വി അബ്ദുല്ലക്കോയയും പി എം അബൂബക്കറുമൊക്കെ അന്നത്തെ തടവുജീവിതത്തിലെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഉമര്‍ തങ്ങളുടെ അസാമാന്യധീരതയെയും ശുഭാപ്തിവിശ്വാസത്തെയും പുകഴ്ത്തുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേ പരസ്യപ്രസ്താവന ഇറക്കിയതിന്റെ പേരിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്‌. കള്ളക്കേസില്‍ കുടുക്കി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയപ്പോള്‍ തങ്ങള്‍ കാണിച്ച അസാമാന്യധീരതയെ അന്നു തടവുകാരായിരുന്ന വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളായ കെ ജി മാരാറും കെ ചന്ദ്രശേഖരനും സി കെ പി ചെറിയ മമ്മുക്കേയിയും കെ കെ അബുവും എം പി വീരേന്ദ്രകുമാറും അടക്കമുള്ളവര്‍ എടുത്തുപറഞ്ഞിരുന്നു.
സമുദായത്തിന്റെ വിദ്യാഭ്യാസസമുന്നതിക്കായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ നടത്തി. കൊയിലാണ്ടിയിലും തലശ്ശേരിയിലും മലപ്പുറത്തുമൊക്കെ നിരവധി മതധര്‍മസ്ഥാപനങ്ങളുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തു.
ഫാറൂഖ്‌ കോളജിന്റെ സംസ്ഥാപനത്തിന്‌ മലബാര്‍ ജില്ലാ ലീഗ്‌ ചെയ്ത സാമ്പത്തിക സഹായത്തിന്റെ ചരിത്രം തങ്ങള്‍ ആവര്‍ത്തിച്ചു പുതുതലമുറയ്ക്കു പകരുമായിരുന്നു.
മുസ്ലിംലീഗിന്റെ കെട്ടുറപ്പിനും സമുദായത്തിന്റെ സംഘടിതശക്തിക്കും വേണ്ടി അഹോരാത്രം പരിശ്രമിച്ച തങ്ങള്‍, ഇതര രാഷ്ട്രീയസംഘടനകളില്‍ നിന്നു തികച്ചും വ്യത്യസ്തമായ പ്രവര്‍ത്തനശെയിലിയാണു നടപ്പാക്കാന്‍ മുതിര്‍ന്നത്‌. അധികാരത്തിനും പദവികള്‍ക്കും വേണ്ടി ഒരിക്കലും ആദര്‍ശം പണയപ്പെടുത്തരുതെന്ന സന്ദേശമായിരുന്നു ആ ജീവിതം.
ശക്തനായ വക്താവിനെയും മാതൃകായോഗ്യനായ നേതാവിനെയും അനുകരണീയ വ്യക്തിത്വത്തിന്റെ ഉടമയെയുമാണ്‌ ഈ വിയോഗത്തോടെ നഷ്ടപ്പെട്ടത്‌.