Dr Hussain Madavoor sharing his views on Kerala Muslims’ unity
(തയ്യാറാക്കിയത്‌: മഹ്മൂദ്‌ പനങ്ങാങ്ങര)
മുസ്ലിം ഐക്യം അത്യാവശ്യമായൊരു സമയമാണിത്‌. പലവിഷയങ്ങളിലും കേരളത്തില്‍ മുസ്ലിംകള്‍ ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഐക്യത്തെക്കുറിച്ച്‌ എന്തുപറയുന്നു?
കഴിയുന്ന മേഖലകളിലെല്ലാം മനുഷ്യര്‍ ഒന്നിച്ച്‌ നില്‍ക്കണമെന്നതാണ്‌ ഇസ്ലാമിന്റെ താല്‍പര്യം. മനുഷ്യര്‍ എന്ന നിലയില്‍ ലോകത്തെ എല്ലാ മനുഷ്യരും ഇന്ത്യക്കാരെന്ന നിലയില്‍ എല്ലാ ഇന്ത്യക്കാരും ഐക്യത്തില്‍ ജീവിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമാണ്‌. ഒരു ആദര്‍ശത്തിന്റേയും മതത്തിന്റേയും അനുയായികള്‍ എന്ന നിലയില്‍ മുസ്ലിംകള്‍ കഴിയുന്നത്ര ഐക്യത്തില്‍ പ്രവര്‍ത്തിക്കണം. ആശയപരവും നയപരവുമായ കാര്യങ്ങളില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പൊതുകാര്യങ്ങളില്‍ യോജിക്കാനാവും.
രാഷ്ട്രീയപരമായി ഒരു പൊതുപ്ലാറ്റ്ഫോം ആവശ്യമാണോ? പ്രബല കക്ഷിയായ മുസ്ലിം ലീഗിനെ എങ്ങനെ കാണുന്നു?
മുസ്ലിംകള്‍ക്ക്‌ രാഷ്ട്രീയ ബോധമുണ്ടാവുകയാണ്‌ ആദ്യം വേണ്ടത്‌. ദേശീയ ജനാധിപത്യ മതേതര സ്വഭാവമുള്ള പാര്‍ട്ടികളില്‍ മുസ്ലിംകള്‍ക്ക്‌ സ്വാധീനമുണ്ടാവുകയാണ്‌ കൂടുതല്‍ പ്രയോജനകരമാവുക. അതു സാധിക്കാത്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ്‌ പോലുള്ള സംഘടനകള്‍ക്ക്‌ ധാരാളം ചെയ്യാന്‍ കഴിയും. പണ്ട്‌ മുസ്ലിം ലീഗ്‌ ഒരു പരിധിവരെ മുസ്ലിം സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരു പൊതുവേദിയായി അനുഭവപ്പെട്ടിരുന്നു. ആ അനുഭവം ഇപ്പോഴില്ല. കാരണം മുസ്ലിം ലീഗ്‌ ഇപ്പോള്‍ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ കാണുന്നില്ല. എല്ലാവരേയും ഒന്നിപ്പിക്കേണ്ട അവര്‍ ഒരു വിഭാഗത്തോട്‌ കക്ഷി ചേര്‍ന്ന്‌ മറുവിഭാഗത്തെ ഉപദ്രവിക്കുന്ന അവസ്ഥ നിലനില്‍ക്കുന്നു. സമസ്തയും മുജാഹിദ്‌ സംഘടനയും പിളര്‍ന്നപ്പോള്‍ പല സ്ഥലത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.
പലപ്പോഴും മുസ്ലിംവിരുദ്ധ നിലപാടുകള്‍ മാത്രം കൈക്കൊള്ളുന്ന കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ പിന്തുണ നല്‍കി, പല മുസ്ലിം സംഘടനകളും സ്വീകരിക്കുന്ന നിലപാടുകളെ എങ്ങനെ കാണുന്നു?
ആത്യന്തികമായി കമ്യൂണിസം ദൈവനിഷേധവും മത നിഷേധവുമാണ്‌. വിവരമുള്ള കമ്യൂണിസ്റ്റുകാര്‍ അംഗീകരിക്കുന്ന കാര്യമാണിത്‌. എല്ലാ കമ്യൂണിസ്റ്റ്‌ ഗ്രന്ഥങ്ങളിലും ഇത്‌ കാണാം. എന്നാല്‍ ഏതെങ്കിലും ഒരു മിനിമം പരിപാടിയില്‍ സമയ ബന്ധിതമായി അവരുമായി ധാരണയുണ്ടാക്കുന്നതില്‍ തെറ്റുണ്ടെന്ന്‌ തോന്നുന്നില്ല. മുമ്പ്‌ മുസ്ലിം ലീഗ്‌ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ചേര്‍ന്ന്‌ മത്സരിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ടെല്ലോ.
സമൂഹത്തിന്‌ പൊതുവായി എന്തെങ്കിലും ചെയ്യാതെ സ്വന്തം പക്ഷത്തിന്‌ നേട്ടമുണ്ടാക്കാനല്ലേ മുസ്ലിംസംഘടനകള്‍ ശ്രമിക്കുന്നത്‌? സ്വജനപക്ഷപാതമല്ലേ ഭിന്നിപ്പ്‌ കൂടുതല്‍ വര്‍ധിപ്പിക്കുന്നത്‌?
സമൂഹത്തിന്റെ ഭാഗമാണ്‌ ഓരോ മുസ്ലിം സംഘടനയും. അതിനാല്‍ ഒരു സംഘടനക്ക്‌ നേട്ടമുണ്ടാക്കാമെന്ന്‌ പറഞ്ഞാല്‍ അത്‌ സമൂഹത്തിന്‌ തന്നെയാണ്‌. അതുകൊണ്ട്‌ ദോഷമില്ല. ആരോഗ്യകരമല്ലാത്ത മത്സരം ഒഴിവാക്കണമെന്ന്‌ മാത്രം. സമൂഹത്തിന്‌ മൊത്തത്തില്‍ ഗുണം ലഭിക്കുന്ന കാര്യങ്ങളില്‍ എല്ലാ സംഘടകളും നടത്തണം.
ഭിന്നിപ്പുകള്‍ എല്ലാം മറന്ന്‌ സമൂഹത്തിന്റെ നന്മ മാത്രം മുന്നില്‍ കണ്ട്‌ പ്രവര്‍ത്തിച്ചാല്‍ ഭിന്നിപ്പിന്റെ ശക്തി കുറയുകയും സമൂഹത്തിന്‌ നേട്ടമുണ്ടാകുകയും ചെയ്യും. എന്നാല്‍ രാഷ്ട്രീയപരമായി മിക്ക സംഘടനകളും അവസരവാദ നയങ്ങളല്ലേ സ്വീകരിക്കുന്നത്‌?
ഓരോ സംഘടനയും രൂപീകൃതമായതിന്ന്‌ ഒരു പക്ഷാത്തലവും കാരണവുമുണ്ടാവും. അത്‌ ആദര്‍ശപരമോ നയപരമോ ഒക്കെ ആയിരിക്കും. അതിനാല്‍ എല്ലാ ഭിന്നിപ്പും മറന്നു സംഘടനകള്‍ ഒന്നാവുകയോ എല്ലാവരും പൊതുകാര്യങ്ങള്‍ മാത്രം ചെയ്യുകയോ സാധ്യമല്ല.
അണികള്‍ പരസ്പരം അടുക്കാന്‍ ശ്രമിക്കുമ്പോഴും നേതൃത്വം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഭിന്നിപ്പിന്റെ ആഴം കൂട്ടാനല്ലേ ശ്രമിക്കുന്നത്‌? എന്തുപറയുന്നു?
ചിലര്‍ അങ്ങനെയും ചെയ്യുന്നുണ്ട്‌. എല്ലാവരും അങ്ങനെയല്ല.
ഐക്യത്തിന്റെ പേരില്‍ സൌഹൃദ വേദികളും ഐക്യവേദികളും രംഗത്തുണ്ടെങ്കിലും നേതാക്കളില്‍ ആരും ആത്മാര്‍ഥമായി സഹകരിക്കാത്തതുകൊണ്ടല്ലേ അവ പരാജയപ്പെടുന്നതും ഐക്യം അസാധ്യമാകുന്നതും?
അല്ല, ഐക്യവേദികളും സൌഹൃദ വേദികളും പരാജയപ്പെടുന്നത്‌ പല സംഘടനകളുടേയും സഹകരണമില്ലായ്മകൊണ്ടാണ്‌. അത്തരം വേദികള്‍ നിലനില്‍ക്കേണ്ടതുണ്ട്‌. പലതും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സമുദായത്തിന്നു ഗുണം ചെയ്യുന്ന ചില കാര്യങ്ങളെല്ലാം അവര്‍ ചെയ്തിട്ടുണ്ട്‌.
മുസ്ലിംലീഗിന്‌ പകരം മറ്റൊരു ഐക്യമുന്നണിയെ രാഷ്ട്രീയ നിരീക്ഷകര്‍ എടുത്ത്‌ കാണിക്കുന്നതിനെ എങ്ങനെ കാണുന്നു? അത്‌ സമുദായത്തെ എങ്ങനെ സ്വാധീനിക്കും?
ഇതിനെക്കുറിച്ച്‌ പ്രവചിക്കാനാവില്ല. ലീഗിനു സംഭവിച്ച പരാജയത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ്‌ വേണ്ടത്‌. ലീഗ്‌ പോലെ മറ്റൊരു പാര്‍ട്ടി കെട്ടിപ്പടുത്തുണ്ടാക്കുക സാധ്യമല്ല.
മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍, വിമര്‍ശനങ്ങള്‍ എതിരിടാന്‍ ഭാവിയിലെങ്കിലും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങാന്‍ കേരളമുസ്ലിംകള്‍ക്കാകുമെന്ന്‌ തോന്നുന്നുണ്ടോ?
അവകാശങ്ങള്‍ ചോദിച്ച്‌ വാങ്ങാനായി ഇപ്പോള്‍തന്നെ കേരളമുസ്ലിംകള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. വിമര്‍ശനങ്ങളെ നേരിടാന്‍ ഒന്നിച്ചുള്ള പൊതുവേദികള്‍ മുമ്പുണ്ടായിരുന്നു. സഖാവ്‌ ഇ. എം. എസ്‌ ശരീഅത്തിന്നെതിരില്‍ രംഗത്ത്‌ വന്ന്പപോഴും ഇടമുറക്‌ ഖുര്‍ആന്‍ വിമര്‍ശന പഠനം പ്രസിദ്ധീകരിച്ചപ്പോഴും അതിനെല്ലാം മറുപടി പറയാന്‍ ഒന്നിച്ചുള്ള പരിപാടികള്‍ നടത്തിയിരുന്നു.
ഈ ചര്‍ച്ചയെക്കുറിച്ച്‌? മുഖ്യധാരയിലെ ഏകീകരണത്തെക്കുറിച്ച്‌ മറ്റു വല്ല അഭിപ്രായങ്ങളും വീക്ഷണങ്ങളും നിര്‍ദേശങ്ങളും?
മുഖ്യധാരയിലെ ഏകീകരണം ചര്‍ച്ച ചെയ്യുമ്പോള്‍ മുസ്ലിംകളിലെ മുഖ്യധാരയേതെന്ന്‌ എല്ലാവരുമറിയണം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്‌ മുഖ്യധാര. അതിലേക്ക്‌ മടങ്ങുകയെന്നത്‌ മിനിമം പരിപാടിയായി എല്ലാവരും അംഗീകരിക്കണം. അപ്രകാരം തന്നെ തൌഹീദ്‌ ആണ്‌ മുഖ്യധാരാ വിഷയം. അതില്‍ കലര്‍പ്പുണ്ടാവരുത്‌. ഇക്കാര്യങ്ങളില്‍ – അടിസ്ഥാന വിഷയങ്ങളില്‍ വ്യക്തത കൈവന്നാല്‍ മറ്റുകാര്യങ്ങള്‍ക്ക്‌ പ്രയാസമുണ്ടാവില്ല.