ശിഹാബ് തങ്ങള്‍ സമൂഹത്തിന് വഴികാട്ടിയ ദീപസ്തംഭം -എം.ടി
Wednesday, August 4, 2010
http://www.madhyamam.com/node/87548

കോഴിക്കോട്: കേരളീയ സമൂഹത്തെ ശരിയായ പാതയിലേക്ക് നയിച്ച ദീപസ്തംഭമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ ് തങ്ങളെന്ന് എം.ടി. വാസുദേവന്‍ നായര്‍. സമാധാനത്തിന്റെ സംസ്‌കാരത്തിന് നിലകൊണ്ട അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം. ടാഗോര്‍ സെന്റിനറി ഹാളില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചോരപ്പുഴ ഒഴുകാന്‍ സാധ്യതയുള്ള ഘട്ടങ്ങളില്‍ സമാധാന സന്ദേശം നല്‍കി ശിഹാബ് തങ്ങള്‍ സമൂഹത്തില്‍ ശാന്തിയുണ്ടാക്കി. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ ചെറിയൊരു വാക്ക് വലിയ കലാപത്തിന് ഇടയാക്കുമായിരുന്ന സന്ദര്‍ഭത്തിലാണ് തങ്ങള്‍ ശാന്തതക്ക് ആഹ്വാനം ചെയ്തത്. മാനവികത, സൗഹാര്‍ദം, മതസഹിഷ്ണുത തുടങ്ങിയ മഹത്തായ ആദര്‍ശങ്ങളുടെ പേരിലാണ് ശിഹാബ് തങ്ങള്‍ അറിയപ്പെടുക. അദ്ദേഹത്തിന്റെ തത്വവും ജീവിത ആദര്‍ശങ്ങളും പിന്തുടരുകയാണ് അനുയായികളും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും ചെയ്യേണ്ടതെന്ന് എം.ടി പറഞ്ഞു.

ചുരുക്കം വാക്കുകള്‍കൊണ്ട് വാചാലമാകുകയും ജാതിമത ചിന്തകള്‍ക്കും കാലങ്ങള്‍ക്കതീതമായി പച്ചപിടിച്ചുനില്‍ക്കുകയും ചെയ്യുന്ന ശിഹാബ് തങ്ങളുടെ തേജോമയമായ മുഖം മലയാളിയുടെ മനസ്സില്‍ എത്രകാലം കഴിഞ്ഞാലും മരിക്കില്ലെന്ന് ശിഹാബ് തങ്ങള്‍ സ്മരണിക പ്രകാശനം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണി സ്മരണിക ഏറ്റുവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ആര്‍. ബാലകൃഷ്ണപിള്ള, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള , ടി.എ. അഹ്മദ് കബീര്‍, പി.വി. അബ്ദുല്‍ വഹാബ്, പി.കെ.കെ. ബാവ, അഹമ്മദ്കുട്ടി ഉണ്ണികുളം, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ദേവകി എന്നിവര്‍ സംസാരിച്ചു. ടി.പി. ചെറൂപ്പ സ്മരണിക പരിചയപ്പെടുത്തി. ശിഹാബ് തങ്ങള്‍ സ്റ്റാമ്പ് ആല്‍ബം പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എച്ച്.കെ. ശര്‍മ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി പ്രകാശിപ്പിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി സ്വാഗതവും ഡോ. എം.കെ. മുനീര്‍ നന്ദിയും പറഞ്ഞു.
‘തങ്ങളില്ലാത്ത ഒരു വര്‍ഷം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. നാട്ടില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തപ്പോഴും മതസൗഹാര്‍ദത്തിന് പോറലേറ്റ സംഭവമുണ്ടായപ്പോഴും അത് ശാന്തമാക്കിയത് ശിഹാബ് തങ്ങളുടെ ഇടപെടലിലൂടെയായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. സമൂഹത്തിന് അംഗീകരിക്കാനാവാത്ത ചിന്തകളുമായി പോകുന്നവരെ ഒറ്റപ്പെടുത്തി സമൂഹത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതാണ് തങ്ങള്‍ക്കുള്ള ആദരാഞ്ജലിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എം.പി. വീരേന്ദ്രകുമാര്‍, കെ.പി. രാമനുണ്ണി, കെ.എം. റോയ്, കെ.എം. ഷാജി എന്നിവര്‍ സംസാരിച്ചു. ശിഹാബ് തങ്ങളുടെ മണല്‍ചിത്രം ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു. എം.പി. അബ്ദുസ്സമദ് സമദാനി മോഡറേറ്ററായിരുന്നു. അഡ്വ. കെ.എന്‍.എ ഖാദര്‍ സ്വാഗതവും ടി.പി.എം സാഹിര്‍ നന്ദിയും പറഞ്ഞു.