Dr. Muhammad Muhsin Varikkodan, a Biotech PhD graduate, reviews Hindinte Ithihaasam, Jaihoon’s historical novel about Malabar history.- Nov 22, 2021.


സാമ്പ്രദായിക ആത്മാവും ആധുനിക മനസ്സുമുള്ള എഴുത്തുകാരൻ മുജീബ് ജൈഹൂൻ മണൽക്കാടുകളിൽ നിന്നും നെൽ വയലുകളുടെ സുന്ദര നാട്ടിലേക്ക് കുറച്ച് ദിവസം താമസിക്കാൻ വരുന്നതും, ശേഷം കേരളത്തിലെ വിവിധ ചരിത്ര പ്രദേശങ്ങൾ സന്ദർശിച്ച് ചില ‘ഹിന്ദിന്റെ ഇതിഹാസങ്ങളെ’ പരിചയപ്പെടുത്തുന്നതുമാണ് ഈ നോവൽ. ആധുനിക ‘ഡോട്ട് കോം’ ലോകത്ത് നിന്നും മലബാറിന്റെ ‘ഡോർട് ഹാർട്ടി’ലേക്ക് ചരിത്രങ്ങളുടെ അകമ്പടിയോടെ സന്ദർശിക്കുന്നതോടൊപ്പം, കേര നാട്ടിലെ സമകാലിക ആത്മീയ-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക വ്യതിയാനങ്ങളും കാവ്യാത്മകമായി വർണ്ണിച്ചിരിക്കുന്നു.



നാട്ടിലെത്തിയ ജൈഹൂൻ ആദ്യമായി ഫാത്തിമയുടെ പേരക്കിടാങ്ങളെ പാണക്കാട് പോയി സന്ദർശിക്കുന്നതോടെയാണ്‌ കേരള മുസ്‌ലിം പൈതൃകങ്ങളിലൂടെയുള്ള അന്വേഷണം പുസ്തകത്തിൽ ആരംഭിക്കുന്നത്. ശേഷം, ഗുലിസ്താനിലെ മറ്റു ഭാഗങ്ങളിലും സന്ദർശനം തുടരുന്നു. പറങ്കി കാട്ടാളൻ വാസ്‌കോഡഗാമ വന്നിറങ്ങിയ കാപ്പാട്, തലമുറകൾ പോരാട്ട വീര്യം തീർത്ത സാമൂതിരി-കുഞ്ഞാലി മരക്കാർ കൂട്ടുകെട്ടിന്റെ കോഴിക്കോട്, മഖ്ദൂമുമാരുടെ പൊന്നാനി, മാപ്പിള കവിയുടെ കൊണ്ടോട്ടി, മരുന്ന് വിപ്ലവത്തിന്റെ കോട്ടക്കൽ, സയ്യിദന്മാരുടെ മമ്പുറം, വെള്ളക്കാരന്റെ തോക്കിനും അഹങ്കാരത്തിനും വഴങ്ങാത്ത തിരൂരങ്ങാടിയും പൂക്കോട്ടൂരും വെളിയൻകോട്ടെ സൂഫിയായ ഖാളിയും, മൈസൂർ സിംഹത്തിന്റെ പാലക്കാടൻ കോട്ടയും, കൊടുങ്ങല്ലൂരിലെ ആദ്യ മുസ്ലിം പള്ളിയും, തൊട്ടടുത്ത് നിൽക്കുന്ന ക്ഷേത്രവുമെല്ലാം സന്ദർശിച്ച്, ഒടുവിൽ പാണക്കാട് വലിയ സയ്യിദിന്റെ അനുഗ്രഹത്തോടെ സ്വവസതിയിലെ പ്രാർത്ഥനാ നിർഭരമായ സദസ്സിൽ നിന്നും വിമാനം കയറുന്നത് വരെയുള്ള കാര്യങ്ങൾ അക്ഷരങ്ങളിലൂടെ വരച്ചു കാട്ടുന്നു. അതിനിടയിൽ സൃഷ്ടാവിനോടുള്ള പ്രാർത്ഥനകൾ, പ്രവാചക പ്രകീർത്തനങ്ങൾ, അല്ലാമാ ഇഖ്ബാലിന്റെ വരികൾ മുതൽ ജീവിതം, മരണം, പ്രണയം, ഉറക്കം, വിശപ്പ് പോലുള്ള ഓരോ മനുഷ്യന്റെയും ആന്തരികവും, ആത്മീയവുമായ ചോദനകളും എഴുത്തുകാരൻ നിരീക്ഷിക്കുന്നു. അതിലുപരി, ഇതിഹാസങ്ങളോടൊപ്പം ബസ് കണ്ടക്ടർ, ചായക്കടക്കാരൻ, കാള വണ്ടിക്കാരൻ, പോസ്റ്റുമാൻ, വിദ്യാർത്ഥികൾ, അധ്യാപകർ, തോണിക്കാരൻ എന്നുവേണ്ട രാഷ്ട്രീയ ചുവരെഴുത്തുകൾ പോലും ആഴത്തിൽ വീക്ഷിച്ച് വർണ്ണിച്ചിരിക്കുന്നത് വേറിട്ടൊരു വായനാനുഭവം നൽകുന്നു.
ഇന്ത്യൻ അധിനിവേശത്തിന്റെ തുടക്കക്കാരൻ വാസ്‌കോഡഗാമ കോഴിക്കോട് വരുന്നതിന് 200 വർഷം മുമ്പ് തന്നെ കേര-മിനാര ബന്ധങ്ങൾ ഊഷ്മളമാണ്. ഹിജാസിലെ അറബികളും ഹിന്ദിലെ മനുഷ്യരും തമ്മിൽ സത്യസന്തതയും, പരസ്പര ബഹുമാനവും സ്നേഹവുമെല്ലാം ജീവിതത്തിലും കച്ചവടത്തിലും നൽകി പോന്ന കാലത്താണ് വഞ്ചനയും ക്രൂരതയും കൈമുതലാക്കിയ ഗാമയുടെ ആഗമനം. കോഴിക്കോട് കടലിലും കരയിലും സജീവമായിരുന്ന സാമൂതിരിയുടെ പടത്തലവൻ കുഞ്ഞാലി മരക്കാർമാർ കയ്യിൽ വാളും കൂടെ ആളുകളുമായി വിദേശികളോട് പോരാടി തങ്ങളുടെ രാജ്യസ്നേഹം തലമുറകൾ കൈമാറി. ഓരോ കാലഘട്ടത്തിലും വൈദേശികളുടെ ആക്രമണങ്ങളെ സൃഷ്ടവിനോടും രാജാവിനോടും ജനിച്ച മണ്ണിനോടും കൂറ് പുലർത്തി കുഞ്ഞാലി മരക്കാർ ഒന്നാമനും, രണ്ടാമനും, മൂന്നാമനും, നാലാമനും ചെറുത്ത് നിന്നു. കൂടെ, പൊന്നാനിയിലെ മഖ്ദൂമുമാർ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ‘തുഹ്‌ഫതുൽ മുജാഹിദീന’ടക്കമുള്ള കൃതികളിലൂടെ ജനങ്ങളെ പോരാളികളാക്കി മാറ്റി. അതിനാൽ ഹൈന്ദവ രാജാവ് പെരുന്നാളും വെള്ളിയാഴ്ച നമസ്കാരവും കൊണ്ടാടാനുള്ള സജീകരങ്ങൾ ചെയ്ത് കൊടുക്കുകയും, ജുമുഅ നമസ്കാരത്തിന് വരാത്ത മുസ്ലിങ്ങൾക്ക് അധിക ചുങ്കം ഏർപ്പെടുത്തി സഹായിക്കുന്നതും പതിവാക്കി. ആദ്യകാല മലബാറിന്റെ വിദ്യഭ്യാസ പുരോഗതിയിലും സ്വാതന്ത്ര്യ സമരത്തിലുമെല്ലാം പൊന്നാനി പള്ളിയുടെ നിസ്തുലമായ പങ്കും ഇതിൽ വ്യക്തമാക്കുന്നു. ആകാശത്തെ ചന്ദ്രനെ രണ്ടായി പിളർത്തിയ പൂർണ്ണ ചന്ദ്രനെ കാണാൻ ചേര വംശത്തിലെ ‘മലിക്കുൽ ഹിന്ദ്’ അറേബിയക്ക് പോകുന്നതും, പുതു വിശ്വാസം സ്വീകരിക്കുന്നതും, അനുബന്ധമായി കൊടുങ്ങല്ലൂരിൽ ചേരമാൻ ജുമാ മസ്ജിദ് സ്ഥാപിക്കുന്നതുമെല്ലാം പുസ്തകത്തിൽ രേഖപ്പെടുത്തുന്നു. രാജ്യത്തെ ആദ്യ മുസ്‌ലിം പള്ളിയുടെ വിശേഷങ്ങൾ പറയുന്നതോടപ്പം, തൊട്ടടുത്തുള്ള തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ വാസ്തു-ശില്പ ഭംഗിയും ചർച്ച ചെയ്യുന്നു.
മലബാറിന്റെ ബീർബലായ കുഞ്ഞായിൻ മുസ്ലിയാരും നായർ സുഹൃത്തായ മങ്ങാട്ടച്ചനും തമ്മിലെ സൗഹൃദവും, പതിനെട്ടാം നൂറ്റാണ്ടിൽ രചിച്ച ‘കപ്പപ്പാട്ട്’ എന്ന ‘കപ്പൽ പാട്ട്’ കൃതിയുമെല്ലാം ജൈഹൂൻ ഇതിൽ പരിചയപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മാപ്പിള കവി മോയിൻ കുട്ടി വൈദ്യരുടെ കൊണ്ടോട്ടിയിലെ സ്മാരക സന്ദർശനത്തിലൂടെ ‘അറബി-മലയാളം’ ഭാഷയെ കുറിച്ച് ചർച്ച തുടങ്ങുന്ന പുസ്തകം, വർത്തമാന കാലത്തെ ഭാഷാ അവഗണനയെ ശക്തമായി വിമർശിക്കുന്നു. പതിമൂന്ന് നൂറ്റാണ്ട് മുമ്പ് തന്നെ നെൽ വയലുകളുടെ നാട്ടിൽ സജീവമായ ‘അറബി-മലയാളം’ ഭാഷയെ പരിപോഷിപ്പിച്ചത് തിരൂരങ്ങാടിയിലെ മഷിക്കൂട്ടുകളാണ്.ഖാളി മുഹമ്മദ്, സയ്യിദ് സനാഉല്ല, സയ്യിദ് ശുജാഇ, വക്കം അബ്ദുൽ ഖാദർ മൗലവിയുമെല്ലാം ഈ ഭാഷയെ ചേർത്ത് പിടിച്ചത് ചരിത്രമാണ്. മലയാളത്തിൽ ‘ഇന്ദുലേഖ’ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ അറബി-മലയാളം’ കൃതികൾ പ്രസിദ്ധീകരിച്ചു. പലതും മാപ്പിളമാർ ബ്രിട്ടീഷുകാർക്കെതിരെ സംഘടിക്കാനും, ജനങ്ങളെ ബോധവാന്മാരാക്കാനുമുള്ള പദ്യ-ഗദ്യങ്ങളായതിനാൽ വെള്ളക്കാരന്റെ ഭരണകൂടം അവയെ നിരോധിക്കുകയും, കഴിയുന്നത്ര നശിപ്പിക്കാനും ശ്രമിച്ചു. ഇന്ന് മദ്രസ്സയിലെ ചെറിയ ക്ലാസ്സുകളിൽ മാത്രം ഒതുങ്ങിയ ഈ ഭാഷ തന്നെയാണ് തിരൂരങ്ങാടിയിലെ പോരാളികൾക്ക് സ്വാതന്ത്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പോലും ധൈര്യം നൽകിയത്. അതിലുപരി, ഖിലാഫത്ത് പ്രസ്ഥാനത്തിന് അടിവേര് പാകുകയും ചെയ്തു. 130 വർഷത്തെ അനീതിക്കെതിരെ ജമ്മിത്ത്വത്തിനും ബ്രിട്ടീഷുകാർക്കും എതിരെ നടന്ന 1921 ന്റെ പോരാട്ടത്തെ ഹൂറികളുടെ ചാരത്തണയാൻ ദൃതിപ്പെട്ടു നിൽക്കുന്ന മതമൗലികവാദികളുടെ ആത്മഹത്യാപരമായ ആക്രമണമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർക്കും പുസ്തകം മറുപടി നൽകുന്നു. ആത്മീയതയിൽ അടിയുറച്ച് നിന്ന ആലി മുസ്‌ലിയാർ ഏറനാട്ടിലെ എടുത്ത് ചാട്ടക്കാരെ തിരുത്തുകയും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള പ്രധാനികൾ ആ പണ്ഡിതന് പിന്നിൽ നിലയുറപ്പിക്കുന്നതും കാണാം. മമ്പുറം സയ്യിദ് അലവി തങ്ങളും, പിൻഗാമി ഫസൽ പൂക്കോയ തങ്ങളും വെള്ളാക്കാർക്കെതിരെ പൊരുതിയതും, സഹായി കോന്തുനായരുടെ വിശേഷങ്ങളും, ഇന്നത്തെ മമ്പുറം മഖാമിന്റെ പരിസരവുമെല്ലാം എഴുത്തുകാരൻ വരച്ച് കാട്ടുന്നു.
പതിനെട്ടാം നൂറ്റാണ്ടിലാണ് പണ്ഡിതനും കവിയും സൂഫി വര്യനും സർവ്വോപരി സ്വാതന്ത്ര്യ സമര സേനാനിയുമായ വെളിയങ്കോട് ഉമർ ഖാളിയുടെ ജീവിതമാരംഭിക്കുന്നത്. സ്വാതന്ത്യ സമര രംഗത്ത് മഹാത്മാ ഗാന്ധി നികുതി നിഷേധ പ്രസ്ഥാനം ആരംഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വെള്ളക്കാർക്കെതിരെ നികുതി ലംഘന പ്രസ്ഥാനം സജീവമാക്കുകയും, പദ്യ-ഗദ്യങ്ങളിലൂടെ ബ്രിട്ടീഷുകാരുടെ കൊള്ളരുതായ്മകൾക്കെതിരെ നിരന്തരം പോരാടുകയും ചെയ്ത വ്യക്തി കൂടിയാണ് ഖാളി. ജാഫറിന്റെ ചതിയിൽ മൈസൂർ സിംഹത്തെ വെള്ളക്കൂട്ടങ്ങൾക്ക് വീഴ്ത്താൻ കഴിഞ്ഞെങ്കിലും, ടിപ്പുവിന്റെ ചരിത്രം പോലെ തന്നെ പാലക്കാട് കോട്ട ഇന്നും നിൽക്കുന്നു. പ്രാദേശികതയും, ദേശീയതയും നാൾക്ക് നാൾ അർഥം മാറി നിർവ്വചിക്കപ്പെടുമ്പോൾ ഓരോ പ്രദേശത്തിനും, ഓരോ സമൂഹത്തിനും ടിപ്പു സുൽത്താൻ നൽകിയ സാമൂഹിക-സാംസ്കാരിക മാനങ്ങൾ വളരെ വലുതാണ്. അത് തന്നെയാണ് ചിലർക്കെങ്കിലും ടിപ്പുവിനെ കാണുമ്പോൾ അസ്വസ്ഥതയുണ്ടാവുന്നത്.
സാമ്രാജ്യത്വ രാജ്യങ്ങൾ ചികത്സയിൽ പരാജയപ്പെടുമ്പോൾ പഥ്യത്തിലധിഷ്ടിതമായ കോട്ടക്കൽ ചികിത്സാരീതികളും, ആയൂർവേദ മരുന്ന് വിപ്ലവവും, ഒൻപത് പതിറ്റാണ്ടിലേറെ പ്രായമുള്ള വൈദ്യരുടെ സ്വഭാവ രീതികളും എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നു. ഒടുവിൽ, ബ്രിട്ടീഷുകാർക്കെതിരെ സന്ധി ചെയ്യാതെ ജീവിതം നയിച്ച സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങളുടെ തറവാട്ടിലെത്തുകയും, ആ കുടുംബത്തിന്റെ ആത്മീയ-സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലേക്കും കണ്ണോടിക്കുന്നു. ഇന്ത്യാ-പാക് വിഭജനാനന്തരം പൂക്കോയ തങ്ങളുടേയും, ബാഫഖി തങ്ങളുടേയും ഹരിത രാഷ്ട്രീയവും, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ രീതികളുമെല്ലാം ജൈഹൂൻ നോക്കിക്കാണുന്നുണ്ട്. കൊടപ്പനക്കൽ തറവാട്ടിലെ ആത്മീയതയും, രാഷ്ട്രീയവും, മരുന്നില്ലാത്ത മാനസിക വിഷമങ്ങളുടെ ചികിത്സയും, ജനാധിപത്യം എച്ച് ടു എച്ചുമെല്ലാം (Democracy H to H) ആഴത്തിൽ വരികളിലൂടെ വ്യക്തമാക്കുന്നു. അവസാനം, സ്വവസതിയിലെ പ്രാർത്ഥനാ നിർഭരമായ സദസ്സിൽ നിന്നും മണൽക്കാടുകളിലേക്ക് എഴുത്തുകാരൻ പറന്നുയരുമ്പോൾ ഇനിയും ഒരുപാട് പ്രദേശങ്ങൾ സന്ദർശിക്കാനും, അവയെ അറിയാനും, അതിനെക്കുറിച്ച് നമ്മോട് പറയാനുമുള്ളൊരു മനസ്സും കൂടി വരികളിൽ പ്രത്യക്ഷപ്പെടുന്നു. അതിലുപരി, ഇന്ന് ചില കപടർ ദേശീയതയുടേയും രാജ്യസ്നേഹത്തിന്റേയും അളവ് കോലുമായി മുസ്ലിങ്ങളുടെ അടുത്തേക്ക് വരുമ്പോൾ, സ്വാതന്ത്ര്യ സമരത്തിലുടനീളം മുസ്ലിം ജനവിഭാഗത്തിന്റെ തലമുറകളുടെ പോരാട്ട ചരിത്രം വ്യക്തമാക്കുന്നതുമാണ് ഈ ഗ്രന്ഥം.

Dr. Muhammed Muhsin Varikkodan, currently working as a Scientific Advisor, is a Biotech PhD graduate from the Chung Yuan Christian University (Taiwan).

https://inquilabofficial.blogspot.com/2021/11/blog-post_22.html – November 22, 2021