T Arifali, Jama’at-e-Islami, sharing his views on scope of Kerala Muslims’ unity

(തയ്യാറാക്കിയത്‌: മഹ്മൂദ്‌ പനങ്ങാങ്ങര)

ലോകത്തുതന്നെ മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കാലമാണിത്‌. ഇന്ത്യയിലും കേരളത്തിലും ഈ അവസ്ഥ തന്നെയാണ്‌ നിലനില്‍ക്കുന്നത്‌. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ മുസ്ലിംകള്‍ ഇന്ത്യയിലും കേരളത്തിലും അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ആഴം മുസ്ലിം സമുദായത്തിന്‌ അകത്തുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്‌. ഈ സമയത്ത്‌ മുസ്ലിം സമൂഹത്തിനെ മുന്നോട്ട്‌ നയിക്കുന്ന ഭാരിച്ച ഉത്തരവാദിത്തം പുറത്തു നിന്നുളള മറ്റാരെങ്കിലും ചെയ്യുമെന്ന്‌ വിശ്വസിക്കുന്നത്‌ മൌഢ്യമാണ്‌. സ്വയം ഒരു മാറ്റത്തിന്‌ തയ്യാറാവാത്തവരെ മാറ്റത്തിന്‌ വിധേയമാക്കുന്ന ഉത്തരവാദിത്തം അല്ലാഹു പോലും ഏറ്റെടുത്തിട്ടില്ല. ‘ഒരു സമുദായം സ്വയം പരിവര്‍ത്തനവിധേമാകാതെ അല്ലാഹു അവരെ പരിവര്‍ത്തിപ്പിക്കുകയില്ലെ’ന്നാണ്‌ ഖുരാന്‍ പ്രഖ്യാപിക്കുന്നത്‌. ഇവിടെ സമുദായത്തിന്റെ പുരോഗതിക്ക്‌ നാം സ്വയം സന്നദ്ധമായി ഒരു ഏകീകരണത്തിലെത്തിയേ തീരൂ.

ചെറുപ്പക്കാര്‍ അധര്‍മത്തിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്‌. കുറ്റകൃത്യങ്ങള്‍ ചുറ്റുപാടും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം പരിഹാരം കണ്ടെത്തല്‍ പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്‌.

ഇസ്ലാമിക ചരിത്രത്തില്‍ പണ്ടുമുതലേ നമുക്ക്‌ അഭിപ്രായവ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നു. സ്വഹാബികള്‍ക്കിടയിലുണ്ടായിരുന്ന വ്യത്യസ്ത വീക്ഷണങ്ങള്‍ തന്നെ നിരവധിയാണ്‌. എന്നിട്ടും അവര്‍ ഒത്തൊരുമയോടെ ജീവിച്ചു. അവരുടെ സംഘടിതമായ കര്‍മങ്ങളെയും അനുഷ്ഠാനങ്ങളെയും അത്‌ ഒട്ടും ബാധിച്ചില്ല. തന്റെ അഭിപ്രായമനുസരിച്ച്‌ അവര്‍ പ്രവര്‍ത്തിച്ചെങ്കിലും അതിനുവേണ്ടി മറ്റുള്ളവനോട്‌ കലഹിക്കുകയോ പോരാടുകയോ ചെയ്തില്ല. ഇതാണ്‌ നമുക്ക്‌ മുന്നിലുള്ള മാതൃക.

‘കര്‍മശാസ്ത്ര ഭിന്നതകള്‍: ചരിത്രവും സമീപനവും’ എന്ന കൃതിയില്‍ ശാഹ്‌ വലിയുല്ലാഹിദ്ദഹ്ലവി ഈ വിഷയത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. സ്വഹാബികള്‍ക്കിടയില്‍ നിലനിന്നിരുന്ന നിരവധി ഭിന്നാഭിപ്രായങ്ങള്‍ എടുത്തു പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു: ‘ ഒരേ വിഷയത്തില്‍ പല അഭിപ്രായങ്ങളുമുണ്ടായിരുന്നവര്‍ സ്വഹാബികളിലുണ്ടായിരുന്നു. പക്ഷേ, അവരുടെ പൊതുവായ കര്‍മങ്ങളെയും ആരാധനകളെയും അത്‌ ബാധിച്ചില്ല. എല്ലാവരും പരസ്പരം അംഗീകരിക്കുകയായിരുന്നു.’ യുദ്ധവേളകളിലും അതിനുള്ള യാത്രകളിലുമൊക്കെയാണ്‌ പ്രധാനമായും അവരുടെ ഭിന്നാഭിപ്രായങ്ങള്‍ പ്രകടമായിരുന്നത്‌. പലപ്പോഴും അവര്‍ പരസ്പരം തര്‍ക്കിക്കുക വരെ ചെയ്തിരുന്നു. എന്നാല്‍, തങ്ങളുടെയെല്ലാം പൊതുലക്ഷ്യം അവര്‍ വിസ്മരിച്ചില്ല. യുദ്ധഭൂമിയില്‍ അവര്‍ ഒറ്റക്കെട്ടായി ശത്രുവിനെതിരെ അണിനിരന്നു.

ഇസ്ലാമിക കര്‍മശാസ്‌ത്രത്തില്‍ നിരവധി അഭിപ്രായങ്ങളും വീക്ഷണങ്ങളുമുണ്ട്‌. ഓരോ വിഭാഗത്തിനും തങ്ങളുടെ വാദഗതികള്‍ സമര്‍ഥിക്കാനുള്ള തെളിവുകളും രേഖകളും ഖുരാനിലും സുന്നത്തിലുമുണ്ട്‌. അതിന്റെ അടിസ്ഥാനത്തില്‍ നാല്‌ മധബുകള്‍ വരെയുണ്ടല്ലോ. ഇവിടെ നാം ചിന്തിച്ച്‌ പ്രവര്‍ത്തിക്കണം. ഒരു മധബുകാരന്‍ മറ്റേ മധബുകാരനെ തന്റെ മധബിലേക്ക്‌ ചേര്‍ക്കാന്‍ ശ്രമിക്കുന്നത്‌ മതപ്രവര്‍ത്തനമായി ആരും കാണുന്നില്ല. ഇതുപോലെ പല അഭിപ്രായ വ്യത്യാസങ്ങളും നമുക്കിടയിലുണ്ടായേക്കാം. ഈ അഭിപ്രായ ഭിന്നതകളുടെ അടിസ്ഥാനത്തില്‍ സംഘടനകള്‍ രൂപപ്പെടുന്നതും തന്റെ അഭിപ്രായം മറ്റുള്ളവനെക്കൊണ്ട്‌ വിശ്വസിപ്പിക്കുന്നത്‌ ഇസ്ലാഹീ പ്രവര്‍ത്തനമായി കാണുന്നതുമൊന്നും ഒട്ടും ശരിയായ പ്രവണതയല്ല. ഇതെല്ലാം സ്വന്തം വീക്ഷണങ്ങളായി കണക്കിലെടുത്ത്‌ ഇസ്ലാമിന്റെ പൊതുവായ ലക്ഷ്യത്തിന്റെ സാക്ഷാല്‍കാരത്തിനായി നാമെല്ലാവരും അഹോരാത്രം പരിശ്രമിക്കുകയാണ്‌ വേണ്ടത്‌, സ്വഹാബികള്‍ ചെയതതുപോലെ. മതത്തിന്റെ സംരക്ഷണം, പ്രബോധനം, ആശയപ്രചരണം എന്നിവയൊക്കെയാണ്‌ നമ്മുടെ പൊതുവായ ലക്ഷ്യങ്ങള്‍. അതിനുവേണ്ടി നാമെല്ലാവരും ഒന്നിച്ചേ തീരൂ.

ഇവിടെ ജമാത്തെ ഇസ്ലാമിയെക്കുറിച്ച്‌ പറയുമ്പോള്‍ ചില അവ്യക്ത സത്യങ്ങള്‍ പറയേണ്ടി വരുന്നു. അതായത്‌ കേരളത്തില്‍ സലഫിസത്തോട്‌ ഏറ്റവും അടുത്തുനില്‍ക്കുന്ന പ്രസ്ഥാനമാണ്‌ ജമാത്തെ ഇസ്ലാമി. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ജമാത്തെ ഇസ്ലാമിക്ക്‌ അങ്ങനെയൊരു ആശയസംഹിതയില്ല. ഇന്ത്യയില്‍ മൊത്തത്തില്‍ ജമാത്തെ ഇസ്ലാമിയുടെ പൊതുസ്വഭാവം നോക്കുകയാണെങ്കില്‍ എല്ലാ മധബുകളും അംഗീകരിക്കുന്നവരും ഒരു മധബും അംഗീകരിക്കാത്തവരും ഇതിലുണ്ട്‌. ഇന്ത്യന്‍ ജമാത്തെ ഇസ്ലാമിയില്‍ അധികവും ഹനഫീ മധബുകാരാണ്‌. എന്തിനേറെ, സ്ഥാപകന്‍ അബുല്‍ അഅ്ല‍ാ മൌദൂദി പോലും ഹനഫീ മധബുകാരനായിരുന്നല്ലോ. അബൂഹനീഫ ഇമാമുമായി ചില വിഷയങ്ങളില്‍ അദ്ദേഹത്തിന്‌ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന്‌ മാത്രം.

കേരളത്തില്‍ ജമാത്തെ ഇസ്ലാമിക്ക്‌ തുടക്കം കുറിച്ചവര്‍ സലഫീ ചിന്താഗതിക്കാരായിരുന്നു. ആ സ്ഥാപക നേതൃത്വത്തിന്റെ ഫിഖ്ഹ്ധാര പിന്നീടങ്ങോട്ട്‌ കേരള ജമാത്തുകാര്‍ക്കിടയില്‍ വേരൂന്നുകയായിരുന്നു. ഇതുവഴി കേരളത്തിലെ മുസ്ലിം സമൂഹം ജമാത്തെ ഇസ്ലാമി സലഫി ഭാഗത്താണെന്ന്‌ തെറ്റുധരിക്കുകയായിരുന്നു. അതിലപ്പുറം ജമാത്തെ ഇസ്ലാമി എന്ന ആദര്‍ശപ്രസ്ഥാനത്തിന്‌ സലഫിസവുമായി യാതൊരു ബന്ധവുമില്ല.
ഇസ്ലാമിക ചരിത്രമെടുത്ത്‌ പരിശോധിക്കുകായിരുന്നുവെങ്കില്‍ മുസ്ലിം സമൂഹത്തിന്‌ എന്നുമൊരു നേതൃത്വമുണ്ടായിട്ടുണ്ട്‌. പ്രവാചക തിരുമേനിക്ക്‌ ശേഷം മുസ്ലിംകളുടെ കാര്യങ്ങളെല്ലാം മിക്കപ്പോഴും നോക്കിനടത്തിയിരുന്നത്‌ ഖലീഫമാരായിരുന്നു. അമീറുല്‍ മുഅ്മിനീന്‍ എന്നു വിളിക്കപ്പെട്ടിരുന്ന അദ്ദേഹമായിരുന്നു മുസ്ലിം ലോകത്തിന്റെ നേതാവ്‌. എന്നാല്‍, പതിമൂന്ന്‌ നൂറ്റാണ്ടിലധികം നിരന്തരമായ ഉത്തരവാദിത്ത നിര്‍വഹണങ്ങള്‍ക്ക്‌ ശേഷം, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തുര്‍ക്കിയില്‍ ഖിലാഫത്തിന്‌ ദാരുണമായ അന്ത്യം കുറിക്കുകയായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാപ്പിളപ്പോരാളികള്‍ 1921 ല്‍ ഖിലാഫത്ത്‌ സമരമൊക്കെ നടത്തുന്നത്‌. ഖിലാഫത്തിന്റെ ഈ തകര്‍ച്ച മുസ്ലിം ലോകത്തിന്‌ ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമായിരുന്നു. അതോടെ, മുസ്ലിം സമുദായം ചിന്നിച്ചിതറി. പല കക്ഷികളും പല വാദങ്ങളുമായി രംഗത്തെത്തി. അതുമാത്രമായിരുന്നു മുന്നിലുള്ള പോംവഴി. കേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. പലരും പല ആശയങ്ങളുമായി രംഗത്തെത്തി. അതിനെയെല്ലാം പ്രതിരോധിക്കാന്‍, പാരമ്പര്യത്തിലധിഷ്ഠിതമായി പണ്ഡിതന്മാരും ഉറച്ചു നിന്നു. ആ ഭിന്നിപ്പ്‌ ഇന്നും തുടരുന്നു.

ഇന്ന്‌ കേരളത്തിലുള്ള ഓരോ മതകക്ഷികളുടെയും പരമമായ ലക്ഷ്യം എടുത്തുനോക്കിയാല്‍ അദ്ഭുതപ്പെടുത്തുന്ന ചില വസ്തുതതകള്‍ കാണാം. സുന്നികളുടെ ആവശ്യം പാരമ്പര്യം നിലനിര്‍ത്തുകയാണ്‌. മുജാഹിദുകളുടെ ആവശ്യം സമൂഹ പരിഷ്കരണമാണ്‌. തബിളെഗുകാരുടെ ആവശ്യം മതപ്രചരണവും സംസ്കരണവുമൊക്കെയാണ്‌. മൌലികമായ ഈ ലക്ഷ്യങ്ങളെല്ലാം ഇസ്ലാം ദീനിന്റെ സുഗമമായ മുന്നേറ്റത്തിന്‌ ആവശ്യമാണ്‌. ഖലീഫയെന്ന, അല്ലെങ്കില്‍ ഖിലാഫത്ത്‌ എന്ന അച്ചുതണ്ടിനു ചുറ്റും കറങ്ങുന്ന, കറങ്ങേണ്ടുന്ന നിരവധി ദൌത്യങ്ങളുള്ള വകുപ്പുകളാണിവയെല്ലാം. ഖിലാഫത്ത്‌ തകര്‍ന്നതോടെ എല്ലാം ചിന്നിച്ചിതറിയെന്നു മാത്രം. മറ്റൊരു ഖിലാഫത്ത്‌ ഇനി സാധ്യമല്ലാത്തതുകൊണ്ട്‌ ഇവയുടെയെല്ലാം ഏകീകരണമാണിന്ന്‌ ആവശ്യം. അതുകൊണ്ട്‌, ഭാഗികമായ തര്‍ക്കങ്ങളും അഭിപ്രായ ഭിന്നതകളും മാറ്റിനിര്‍ത്തി ഓരോ വിഭാഗവും തങ്ങളുടെ പരമമായ ലക്ഷ്യങ്ങള്‍ സുഗമമായ രീതിയില്‍ നടത്താന്‍ ഒറ്റക്കെട്ടായി നീങ്ങുന്നത്‌ അത്യാവശ്യമാണ്‌.

മുസ്ലിം ഐക്യത്തിനായി പല സൌഹൃദ വേദികളും മുമ്പ്‌ രംഗത്തുവന്നിട്ടുണ്ട്‌. പ്രത്യേകിച്ചും കോഴിക്കോട്‌ കേന്ദ്രീകരിച്ചുണ്ടായിരുന്ന മുസ്ലിം സൌഹൃദവേദിയൊക്കെ ഒരുപാട്‌ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്‌. നിരവധി സൌഹൃദശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്‌. പക്ഷേ, മിക്ക സംഘടനകളുടെയും നേതാക്കള്‍ ഈ ഐക്യസംരംഭങ്ങള്‍ ജനങ്ങലിലേക്ക്‌ ഇറങ്ങി വരുന്നത്‌ തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. അതുതന്നെയായിരുന്നു ഇവയുടെ സജീവമായ ഇടപെടലുകളെ നിരര്‍ഥകമാക്കിത്തീര്‍ത്തതും. പിളര്‍ന്നു പോയിട്ടുള്ള ഓരോ ഗ്രൂപ്പും മറ്റേതിനെ ഭയപ്പെടുകയായിരുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എതിര്‍കക്ഷികള്‍, തങ്ങള്‍ക്കെതിരെയുള്ള ആയുധ–ങ്ങളാക്കിയേക്കുമോയെന്ന്‌ ഓരോ വിഭാഗവും പേടിച്ചു. ജമാത്തെ ഇസ്ലാമി ഈ ഐക്യശ്രമങ്ങളെല്ലാം അണികളിലേക്കെത്തണമെന്ന്‌ ശക്തമായി ആഗ്രഹിച്ചിരുന്നു. അതിനായുള്ള പല പദ്ധതികളും ആഗ്രഹങ്ങളും ഞങ്ങള്‍ സൌഹൃദവേദിയോട്‌ ആവശ്യപ്പെട്ടിരുന്നു.

എല്ലാറ്റിനും പുറമെ, മുസ്ലിം സംഘടനകളുടെ നേതാക്കള്‍ തമ്മിലുള്ള ബന്ധം വളരെ കുറവാണ്‌. രാഷ്ട്രീയത്തില്‍ ഇങ്ങനെയൊരവസ്ഥയില്ല. സി.പി.എമ്മിന്റെ നേതാവും കോണ്‍ഗ്രസിന്റെ നേതാവും ലീഗിന്റെ നേതാവുമെല്ലാം ഒരേ വേദി പങ്കിടുകയും സംസാരിക്കുകയും പരസ്പരം ബഹുമാനിക്കുകയുമെല്ലാം ചെയ്യുന്നു. എന്നാല്‍, ഏതെങ്കിലുമൊരു മതസംഘടനാനേതാവ്‌ മരിച്ചാല്‍ മറ്റു സംഘടനകളുടെ നേതാക്കള്‍ തിരിഞ്ഞുനോക്കുക പോലുമില്ല. ഇത്‌ എന്തുമാത്രം ദയനീയവും ക്രൂരവുമാണ്‌! മുസ്ലിമെന്ന അടിസ്ഥാന പരിഗണനയെങ്കിലും നല്‍കി രോഗിയെ സന്ദര്‍ശിക്കേണ്ടതും മയ്യത്തിനെ അനുധാവനം ചെയ്യേണ്ടതുമെല്ലാം ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്‌. ഈ അടിസ്ഥാന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാലേ മറ്റു ഐക്യശ്രമങ്ങള്‍ക്കൊക്കെ ഫലമുണ്ടാകൂ.

അതേസമയം, നേതാക്കള്‍ പരസ്പരം അടുക്കുക എന്നാല്‍ അണികള്‍ക്ക്‌ വളരെ ആവേശമുള്ള കാര്യമാണ്‌. അതിനേറ്റവും ചെറിയൊരുദാഹരണമാണ്‌ കഴിഞ്ഞ ഹജ്ജ്ക്യാമ്പിന്റെ ഉദ്ഘാടന വേദി. ശിഹാബ്തങ്ങള്‍ ഒരു ഈത്തപ്പഴം കാന്തപുരത്തിന്‌ നല്‍കുന്ന പടം പല പത്രങ്ങളിലും വന്നിരുന്നു. ഞാനാ സമയത്ത്‌ സദസ്യരെയാണ്‌ ശ്രദ്ധിച്ചത്‌. എന്തൊരാവേശമായിരുന്നോ ഓരോരുത്തരുടെയും മുഖത്ത്‌. വലിയ സന്തോഷവും സംതൃപ്തിയും. എന്നാല്‍, മിക്ക സംഘടനാതലവന്മാരും സ്വന്തം താല്‍പര്യങ്ങള്‍ വരുമ്പോള്‍ അണികള്‍ പരസ്പരം അടുക്കുന്നത്‌ ഇഷ്ടപ്പെടുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം.

മറ്റൊരു കാര്യം കൂടി നമ്മുടെ ശ്രദ്ധയിലിണ്ടായിരിക്കേണ്ടതുണ്ട്‌. ഇസ്ലാമിക സമൂഹത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ അഭിപ്രായഭിന്നതകളുണ്ടായിട്ടുണ്ട്‌. എന്നാല്‍ ഭിന്നതകളുടെ ആഴം ക്രമേണ വര്‍ധിച്ച്‌ അത്‌ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നങ്ങളുള്ള ഭിന്നതകളായി രൂപാന്തരപ്പെട്ടിട്ടുണ്ട്‌. അതിന്‌ വലിയൊരുദാഹരണമാണ്‌ ശിയാക്കള്‍. ഹസ്‌റത്ത്‌ അലിയുടെ ഖിലാഫത്തിലെ മുന്‍ഗണനയെക്കുറിച്ചുള്ള ചെറിയ തര്‍ക്കമായിരുന്നു തുടക്കം. കേവലം അനുരജ്ഞനങ്ങള്‍ കൊണ്ടോ സമാധാനപ്പെടുത്തലുകള്‍ കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. എന്നാലത്‌ വളര്‍ന്നു വളര്‍ന്ന്‌ അലിയെ പ്രവാചകനാക്കുന്നേടത്തും മഅ്സ്വൂമാക്കുന്നേടത്തുമെല്ലാം എത്തി. അവസാനം ഇസ്ലാമില്‍ നിന്ന്‌ പുറത്തു പോകുന്ന വിശ്വാസങ്ങള്‍ വരെ പല ശിയാക്കള്‍ക്കുമുണ്ടായി. ഇതുപോലെ, ചെറിയ സംഘടനാ പ്രശ്നങ്ങളില്‍ നിന്ന്‌ തുടങ്ങുന്ന അനൈക്യങ്ങള്‍ വിശ്വാസത്തെ, അഖീദയെ ബാധിക്കുന്നത്‌ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌. അതിന്റെ അനുരണനങ്ങള്‍ വിഘടിച്ച പല മതസംഘടനകള്‍ക്കിടയിലും കണ്ടുതുടങ്ങുന്നുവെന്നതാണ്‌ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.

പിന്നെ, രാഷ്ട്രീയത്തിന്റെ കാര്യം. ഇന്ത്യ പോലുള്ള ഒരു സമൂഹത്തില്‍, ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ രാഷ്ട്രീയത്തെ അപ്രധാനമായി കാണാന്‍ പാടില്ല. രാഷ്ട്രീയ ശക്തി ആര്‍ജിക്കേണ്ടത്‌ മുസ്ലിം സമൂഹത്തിന്‌ ആവശ്യമാണ്‌. ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിക പ്രബോധനവും കൂടി നിര്‍വഹിക്കേണ്ടുന്ന മുസ്ലിം സമൂഹത്തിന്‌ രാഷ്ട്രീയമായി സംഘടിക്കേണ്ടത്‌ എങ്ങനെ എന്നും എന്ത്‌ ലക്ഷ്യം വെച്ചുകൊണ്ടാണെന്നുമുള്ള ചിന്ത വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഏകദൈവ വിശ്വസം, പ്രവാചകരിലുളാള വിശ്വാസം, പരലോക വിശ്വാസം എന്നീ അടിത്തറകളില്‍ നിന്നുകൊണ്ട്‌ കെട്ടിപ്പടുക്കപ്പെടുന്ന ഒരു സമ്പൂര്‍ണ ജീവിതവ്യവസ്ഥയാണ്‌ ഇസ്ലാം. ഈ വിശ്വാസപരമായ അടിത്തറകളില്‍ നിന്നും ഇസ്ലാം പഠിപ്പിക്കുന്ന സദാചാര ധാര്‍മിക വ്യവസ്ഥയില്‍ നിന്നും അടര്‍ത്തിമാറ്റിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഇസ്ലാമിന്റെ അകക്കാമ്പറിഞ്ഞ ഒരു വിശ്വാസിക്ക്‌ അംഗീകരിക്കാനാവില്ല.

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്‌ ഒരു ഇസ്ലാമിക നേതൃത്വമുണ്ടാവുകയും ആ നേതൃത്വം മുസ്ലിംകളെ ഇസ്ലാമില്‍ ഉറപ്പിച്ചു നിര്‍ത്താനും ഭൌതികമായും ധാര്‍മികമായും വളര്‍ത്തിയെടുക്കാനും ഇതര മത സാംസ്കാരിക വിഭാഗങ്ങളുമായി ക്രിയാത്മകമായി ഇടപെടലിന്‌ നേതൃത്വം നല്‍കാനും ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഈ നേതൃത്വത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരിക്കണം രാഷ്ട്രീയം. നമ്മുടേത്‌ പോലുള്ള ഒരു രാജ്യത്തില്‍ നാം നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ബഹളംവെക്കല്‍ മാത്രമല്ല. ഉന്നതമായ ഇസ്ലാമിക സംസ്കാരത്തിന്റെ പ്രതിനിധാനം കൂടിയാണത്‌. രാഷ്ട്രീയ നേതൃത്വം മുസ്ലിം സമുദായത്തെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്‌, ഇസ്ലാമിക ആശയത്തെയും സംസ്കാരത്തെയും കൂടിയാണ്‌. എന്നാല്‍, നിലവില്‍ പലരും മുസ്ലിം സമുദായത്തിന്റെ പേരില്‍ രാഷ്ട്രീയത്തിലെത്തി, രാഷ്ട്രീയത്തിന്റെ എല്ലാ നെറികേടുകളും ചെയ്തുകൂട്ടുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്‌. ഇസ്ലാമിക സാംസ്കാരികതക്കു തന്നെ നാണക്കേടുണ്ടാക്കുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതരസമൂഹത്തിന്റെ ആക്ഷേപങ്ങള്‍ വിളിച്ചു വരുത്തുന്നു.

സമുദായത്തിന്റെ രാഷ്ട്രീയവും മതത്തിന്റെ രാഷ്ട്രീയവും രണ്ടും രണ്ടാണ്‌. സമുദായത്തിന്റെ പേരിലാണ്‌ മുസ്ലിം ലീഗ്‌ ഇന്ന്‌ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത്‌. അതുകൊണ്ട്‌ പല അരുതായ്മകള്‍ക്കു നേരെയും കണ്ണടച്ച്‌ കണ്ടില്ലെന്ന്‌ നടിക്കുകയോ അംഗീകരിക്കുകയോ ചെയ്യേണ്ടി വരുന്നു. എന്നാല്‍ മതത്തിന്റെ രാഷ്ട്രീയം ഇതില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്‌.

ഇസ്ലാം ഒരു സമുദായത്തിന്റെ ആചാരങ്ങള്‍ മാത്രമാണെന്ന്‌ ധിരിക്കുന്നിടത്താണ്‌ ഇവയുടെ പ്രായോഗികതയെക്കുറിച്ചുള്ള സംശയം ജനിക്കുന്നത്‌. ഇസ്ലാം ആദര്‍ശമാണ്‌. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന ആദര്‍ശം. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം മുസ്ലിംകള്‍ ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിച്ചിരുന്നുവെങ്കില്‍ ഇന്ത്യന്‍മുസ്ലിംകളുടെ ചിത്രം മറ്റൊന്നാകുമായിരുന്നു. ആദര്‍ശമായിരുന്നു രാഷ്ട്രീയമെങ്കില്‍ സമൂഹത്തിന്റെ വളര്‍ച്ച പുരോഗമിക്കുമായിരുന്നു. ജനങ്ങളുടെ നന്മ മാത്രമായിരിക്കും േ‍നതൃത്വത്തിന്റെ ലക്ഷ്യം. അതായത്‌ ജനങ്ങള്‍ക്ക്‌ വേണ്ടി ജീവിക്കുന്ന ഒരു സമുദായമായിരിക്കും അവര്‍. ‘ജനങ്ങള്‍ക്ക്‌ വേണ്ടി നിയോഗിക്കപ്പെട്ട ഒരുത്തമ സമുദായമെ’ന്ന്‌ ഖുരാന്‍ വിശേഷിപ്പിച്ച ഒരു സമൂഹമായിരിക്കും അവര്‍.

ഖുരാന്‍ പറയുന്ന ഈ ഉത്തമസമുദായം നാമായിത്തീരണമെങ്കില്‍ നാം മറ്റുള്ള ജനങ്ങള്‍ക്ക്‌ വേണ്ടി ജീവിക്കുന്നവരായിരിക്കണം. ഇന്ത്യയില്‍ പതിനെട്ട്‌ കോടി മുസ്ലിംകളുണ്ട്‌. നാമടങ്ങുന്ന ഈ വൃന്ദം ബാക്കി 87 കോടി ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും അവരുടെ സേവകരായിത്തീരുകയും വേണം. ഇത്‌ നാം നമ്മുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ബോധ്യപ്പെടുത്തേണ്ടത്‌.

വളരെ മൌലികമായി ഒരു സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമാണോ ആദര്‍ശ രാഷ്ട്രീയ പ്രസ്ഥാനമാണോ വേണ്ടതെന്ന ചോദ്യത്തിന്‌ സാമുദായിക രാഷ്ട്രീയമല്ല ആദര്‍ശ രാഷ്ട്രീയ പ്രസ്ഥാനമാണ്‌ വേണ്ടെതെന്നാണ്‌ നമ്മുടെ മറുപടി. സാമുദായിക രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലക്ക്‌ കേരളത്തില്‍ മുസ്ലിം ലീഗ്‌ വളരെ ശക്തമാണ്‌. ഇത്‌ അംഗീകരിക്കുന്നു. ഈ ലേബലില്‍ തന്നെ ലീഗിന്‌ സമുദായത്തിനായി ഒരുപാട്‌ ചെയ്യാന്‍ കഴിയുമെന്നും നാം പ്രതീക്ഷിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ലീഗിനെ തകര്‍ക്കാനുള്ള യാതൊരു ശ്രമവും ഗുണകരമല്ല.

ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയര്‍ന്നേക്കാം. എങ്കില്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്തിനായിരുന്നു ഞാനടങ്ങുന്ന ജമാത്തെ ഇസ്ലാമി ഇടതുപക്ഷത്തിന്‌ വോട്ടുചെയ്യാന്‍ അനുയായികളോട്‌ ആഹ്വാനം ചെയ്തതെന്ന്‌. അത്‌ ലീഗിനെ തകര്‍ക്കാനോ പരാജയപ്പെടുത്താനോ ഉള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നില്ലേ? കേരളത്തില്‍ നമ്മുടെ മുന്നിലുള്ളരണ്ട്‌ ഭരണകക്ഷികള്‍ സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫും കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.ഡി.എഫുമാണ്‌. എല്‍.ഡി.എഫിന്‌ അതിന്റെ നയങ്ങളുണ്ട്‌. യു.ഡി.എഫിന്‌ അതിന്റെ നയങ്ങളുമുണ്ട്‌. കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ്‌. കേരളത്തില്‍ ഭരിച്ചിരുന്ന ഒരു പാതയുണ്ട്‌. ഇതെല്ലാം മുന്നില്‍ വെച്ചുകൊണ്ട്‌ ജമാത്തെ ഇസ്ലാമി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.ഡി.എഫിനെതിരെ സി.പി.എം. നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിനെ സഹായിക്കുകയാണ്‌ ചെയ്തത്‌. മുസ്ലിം ലീഗ്‌ യു.ഡി.എഫിന്റെ ഘടകകക്ഷിയായിരുന്നില്ലെങ്കില്‍, ആരെ പിന്തുണക്കണമെന്ന വിഷയത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ ലീഗിന്‌ അവസരമുണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ, ലീഗ്‌ പോലും എല്‍.ഡി.എഫിനെയായിരിക്കും പിന്തുണക്കുന്നത്‌. മുസ്ലിം സമുദായത്തിനകത്തുള്ള ചില രാഷ്ട്രീയപ്പാര്‍ട്ടികളും മതസംഘടനകളും മുസ്ലിം ലീഗ്‌ തകരണമെന്നാഗ്രഹിക്കുന്നവരായി ഉണ്ടാകാം. എന്നാല്‍ ജമാത്തെ ഇസ്ലാമി, ഫാഷിസ്റ്റ്‌ വിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ അതിന്റെ നിലപാടില്‍ നിന്നുകൊണ്ട്‌ സി.പി.എം. നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന്‌ മുന്‍ഗണന നല്‍കുക മാത്രമാണ്‌ ചെയ്തത്‌.

അത്ര പ്രാധാന്യമല്ലാത്ത മറ്റൊരു വശംകൂടിയുണ്ട്‌. വായനക്കാര്‍ക്ക്‌ സ്വാഭാവികമായും മറ്റൊരു ചോദ്യമുണ്ടാകും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ടു ചെയ്യാതെ മുസ്ലിമ്ലീഗിന്റെ സ്ഥാനാര്‍ഥികള്‍ക്ക്‌ വോട്ട്‌ ചെയ്തുകൂടായിരുന്നോ? ലീഗിന്‌ കിട്ടാന്‍ പോകുന്ന ഒരു ഷോക്കിനുള്ള അവസരം ജമാത്തെ ഇസ്ലാമിയായിട്ട്‌ നഷ്ടപ്പെടുത്തേണ്ടെന്ന്‌ കരുതി. അന്ന്‌ ലീഗ്‌ വളരെ മോശമായ ഒരു രീതികളിലേക്കും ശെയിലികളിലേക്കുമാണ്‌ നീങ്ങിയിരുന്നത്‌. ഒരു തിരിച്ചടി അത്യാവശ്യമായിരുന്നു. അതുവഴി കൂടുതല്‍ കെട്ടുറപ്പോടെ വീണ്ടും രംഗത്തു വരാന്‍ കഴിയുമല്ലോ. തിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ക്കു ശേഷം തിരിച്ചു വരവിനുള്ള ശ്രമങ്ങള്‍ നാം കാണുകയും ചെയ്തല്ലോ.

മുസ്ലിം ലീഗിനോട്‌ ജമാത്തെ ഇസ്ലാമിക്ക്‌ തീര്‍ത്തും അനുകൂല സമീപനമാണെന്ന്‌ പറയുമ്പോള്‍, ഇക്കാലം വരെ ‘മാധ്യമം’ ദിനപത്രം സ്വീകരിച്ച ലീഗിനെതിരെയുള്ള നിലപാടുകളുടെ രീതിശാസ്ത്രത്തെക്കുറിച്ച്‌ പറയാതെ വയ്യ. പ്രത്യക്ഷത്തില്‍, ‘മാധ്യമം’ ലീഗിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ്‌ ആര്‍ക്കും തോന്നുക. എന്നാല്‍ അതിന്‌ മറ്റുചില വശങ്ങളാണുള്ളത്‌. മുസ്ലിം ലീഗ്‌ മുസ്ലിം സമുദായത്തിന്റെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന്‌ സ്ഥാപിക്കപ്പെട്ട ഒരു പ്രസ്ഥാനമാണ്‌. മാധ്യമം ലീഗിനെ വിമര്‍ശിച്ച ഏത്‌ ഘട്ടമെടുത്ത്‌ നോക്കിയാലും സമുദായത്തിന്റെ താല്‍പര്യത്തില്‍ നിന്നും ലീഗ്‌ വ്യതിചലിച്ചപ്പോള്‍ മാത്രമാണ്‌ വിമര്‍ശന ശരങ്ങള്‍ എയ്തിട്ടുള്ളത്‌. ഭഗല്‍പൂര്‍ സംഭവം, ബാബരി മസ്ജിദ്‌ തകര്‍ച്ച, നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തുടങ്ങിയ വിഷയങ്ങളിലെല്ലാം മുസ്ലിംകളുടെ പൊതുവികാരം കോണ്‍ഗ്രസിനെതിരായിരുന്നു. കോണ്‍ഗ്രസ്‌ നയിക്കുന്ന മുന്നണിയിലെ അംഗമായിരുന്നതിനാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്‌ ലീഗ്‌ ഇഷ്ടപ്പെടില്ല. കോണ്‍ഗ്രസിനെ വെള്ളപൂശാനായിരുന്നു ലീഗ്‌ എപ്പോഴും ശ്രമിച്ചിരുന്നത്‌. ഇവിടെയാണ്‌ ലീഗും മാധ്യമവും ഏറ്റുമുട്ടുന്നത്‌.