ഏതാനും നാളുകള്‍ക്കപ്പുറം
എനിക്കൊരു മഹാഭാഗ്യമുണ്ടായി
ദര്‍ശിച്ചു ഞാന്‍ മഹിതമായൊരു ശോണിമ…
ചക്രവാളത്തിന്‍ കുങ്കുമ പ്രഭപോലെവേ
ആ പ്രകാശധാര എന്നെ കടന്നുപോയതില്‍ പിന്നെ സന്തതം
തൂവുന്നു എന്‍ കണ്ണുകള്‍ ബാഷ്പധാരകള്‍ അനന്തമായ്‌….
എന്തു കൊണ്ടെന്നാല്‍….
ഭയചികിതമാം വിശ്വാസത്തിലിപ്പൊഴും ഏറെ പിറകിലാണു ഞാന്‍
അവന്‍ തന്‍ സ്നേഹമെങ്ങാന്‍ കവര്‍ന്നങ്ങു പോയാല്‍ സുനിശ്ചിതം
അന്ധകാര നിബിഢമായിടും മമ ഹൃത്തടം നിസ്സംശയം
എന്തു കൊണ്ടെന്നാല്‍…
ആ ശോഭയില്‍ ഒരു പവിത്ര മൌനം കുടിയിരിക്കുന്നു.
ഈ എന്നിലോ ക്ഷമയറ്റാരു ശബ്ദവും.
ലക്ഷ്യവും മാര്‍ഗവും വെച്ചു നോക്കുമ്പോള്‍
ശൂലം കണക്കെ തിളങ്ങിടും ഈ പ്രഭ
അത്തരം ഒരു നില പ്രാപിച്ചു കൊള്ളുവാന്‍
കൊല്ലങ്ങളേറെ ഞാന്‍ എടുക്കുമല്ലോ…
ഒരു നിമിഷ നേരം ഞനൊന്നു തങ്ങി…
ആ സ്വപ്ന തുല്യ പ്രകാശ മുന്നില്‍…
പിന്നെ,
ആ ശോഭ തീര്‍ത്ത ഒരുത്തനെ കുറിച്ചോര്‍ത്ത്‌
ചിന്താനിമഗ്നനായ്‌ ഞാന്‍ ഇരുന്നു…
ഇത്ര നിഷ്കളങ്കമാം കണ്ണുകള്‍ ഇതിനാരു നല്‍കി?
നിത്യസൌന്ദര്യധന്യമാം ഹൃദയം ഇതിനാരു നല്‍കി?
ഇത്ര ശാലീനമാം അലങ്കാരപ്പുടവകള്‍ ഇതിനാരു നല്‍കി?
ഇത്ര വിശ്വസ്ത്മാം തേന്മൊഴി ഇതിന്‍ വായിലാരു നല്‍കി?
ഇത്ര സൌന്ദര്യം ഇതിനു താന്‍ സ്വന്തമോ?
അതോ ഏകനാം നാഥന്റെ വിശ്വാസജന്യമോ?
ആ ശോഭ പിന്നെയും ഒളി ചിന്നിമിന്നി
ഒരു സ്വര്‍ണ ഖനിയിലെ തൂ മുത്ത്‌ പോലവേ…
ഈ ലൌകിക പ്രഭയെ അണിയിച്ചൊരുക്കിയ
‘പ്രഭക്കുമേല്‍ പ്രഭ’ യെന്ന മഹാ പ്രഭയെ ഓര്‍ത്തു ഞാന്‍
പിന്നെ ഞാനങ്ങുറച്ചു;
സമ്മാനം തീര്‍ത്തുമേ മറന്നങ്ങുകളയുക
ദായകനെ സന്തതം ഓര്‍ത്തോണ്ടിരിക്കുക…
പനനീര്‍ പൂവിനെ മറന്നങ്ങുകളയുക
ഉദ്യാനപാലകനെ സന്തതം ഓര്‍ത്തോണ്ടിരിക്കുക…
എങ്കിലും
ഒരു പനനീര്‍പ്പൂവെപ്പൊഴും പനിനീരു തന്നെയാം
ദിവ്യ സ്നേഹത്തിലുറയും വിശ്വാസ താാ‍ഴ്ചയില്‍
അതിനാല്‍..
കാലങ്ങളേറെയായ്‌ എന്‍ ഹൃദയമെപ്പൊഴും
വ്രണിതമായ്‌ നീറിപ്പുകഞ്ഞിടുന്നു..
എന്‍ ഹൃത്തില്‍ അവനോട്‌ സ്നേഹമുണര്‍ത്തിയ
ആ മധുരപ്പനനീരു പോലെയാവാന്‍
പ്രയത്നിക്കുന്നു ഞാന്‍ എന്നലാവുന്നത്രയും.
സമുജ്ജ്വലം ജയിച്ചിടാന്‍ പിശാചിന്‍ പരീക്ഷണം
മുസ്ത്ഫാ തിരുമേനി അന്നരുള്‍ ചെയ്തപോല്‍
പ്രിയ നാഥന്‍ വഴി തന്നെ ഞാന്‍ സന്തതം പുല്‍കിടൂ
രാത്രി മുഴുനീളെഴും
പ്രാര്‍ത്ഥനകളില്‍ വിതുമ്പുന്നു ഞാന്‍
അവന്റെ സ്നേഹത്തിന്‍ തിരുനട സമക്ഷം
ഒരു യാചകന്‍ കണക്കെ ആങ്ങിത്തൂങ്ങി നില്‍പു ഞാന്‍
ഒ! എനിക്കറിയാം സുനിശ്ചയം
ഞാന്‍ അവനോട്‌ എത്രമാത്രമിരക്കുവോ
അത്രയ്ക്കെളുപ്പമാം പിന്നെ എന്‍ ദൌത്യവും
എത്രയ്ക്കെനിക്ക്‌ നന്മകള്‍ വേണമോ
അത്രയും തന്നെ എനിക്കവന്‍ തന്നിടും
പരമാവധി ഞാനിപ്പോള്‍ ശ്രമിച്ചിടുന്നു
പാപപ്പൊടിമണ്‍ പുരണ്ടു ഞാന്‍ ചേറിലമര്‍ന്നീടിലും
അശ്രാന്തപരിശ്രമത്തില്‍ ആകെ തളര്‍ന്നു വിവശനായ്‌
അവന്‍ മുമ്പാകെ എന്‍ അപേക്ഷകള്‍ ഞാന്‍ വെച്ചിടുന്നു
എന്തിനെന്നാല്‍…
ഒരു നാള്‍ സധൈര്യം
എനിക്കുമുരിയാടണം:
‘എന്നെ സ്നേഹം കൊണ്ട്‌ പൊതിഞ്ഞിടും
കൃപാലുവാം പരമദയാപരന്‍’
Translated by Alavi Al Hudawi.