– Jaihoon
ഓ തസ്ബീഹ്‌! ഞാനിന്നോളം അങ്ങയില്‍ കണ്ടത്‌ നന്മ മാത്രം,
ഹിമകണം പോലുരുകുന്നതായ്‌ ഞാനങ്ങയെ കണ്ടതും അവനെ ഭയന്നു മാത്രം
നിശബ്ദതയില്‍, അങ്ങു പകര്‍ന്ന പാഠങ്ങള്‍ ഞാന്‍ പഠിക്കുന്നു
അസാനിധ്യത്തില്‍ എന്റെ ഹൃദയം ഏങ്ങലടിച്ചു വിതുമ്പുന്നു
അത്യാദരവിന്‍ വിനീതമാം പുടവയില്‍ പൊതിഞ്ഞല്ലാതെ
ഇല്ല, ഞാനൊരിക്കലും ഇതുവരെ എന്റെ നോട്ടം എയ്തില്ല
ഇല്ല, അങ്ങയുടെ നാമത്തില്‍ കളങ്കമേശും വിധം
ഞാനൊരാളിന്റെ ഭാഷ്യവും തീരെ ശ്രവിച്ചില്ല
പക്ഷേ, ഒരു ദിനം ഞാന്‍ അങ്ങേക്കു പിറകില്‍ പരാതിയോതി:
അവനൊരുത്തന്റെ ഭക്തിയും സ്നേഹവും എന്നിലെന്തേ കുറഞ്ഞുപോയി…
എനിക്കൊട്ടുമില്ലാതെ, തീര്‍ത്തും അങ്ങേക്കുമാത്രമായിതെന്തേ
അവന്‍ ആയി മാറി ഇത്രമേല്‍ ‘സര്‍വത്ര പ്രിയങ്കരന്‍’?
ഞാന്‍ അവന്റെ ദാസന്‍,
അങ്ങയും അതുപോല്‍ അവന്റെ ദാസന്‍
പിന്നെയെന്തേ അങ്ങേക്കു മാത്രമായ്‌
എന്നിലില്ലാത്ത എന്തോ ഒന്ന്‌ സ്വന്തമായ്‌?
ഓ ത്സ്ബീഹ്‌!
അങ്ങ്‌ ഇട്ടേച്ചുപോയ അപ്പം തന്നെ ഞാനിപ്പോഴും ഉണ്ണുന്നു
അങ്ങ്‌ ദാനമായ്‌ തന്ന ആ അനര്‍ഘമുത്തുകള്‍ ഞാനിപ്പൊഴും കരുതുന്നു..
എന്‍ ഊഷരഹൃദയ ഭൂമിയില്‍ അവന്‍ തന്‍
ആര്‍ദ്ര വര്‍ഷം പെയ്യുവാന്‍ ഒരു മേഘ തുണ്ടം
കിഴക്കും പടിഞ്ഞാറുമാകെ തേടി ഞാന്‍; പക്ഷെ നിഷ്ഫലം!
ഓ! ത്സ്ബീഹ്‌! മധുരം വിളമ്പും കടകമ്പോളങ്ങളത്രയും ഇന്നു ശൂന്യമാം
ഓഹ്‌! ഞാനെത്ര തെണ്ടി!? പക്ഷേ എങ്ങാനുമില്ലല്ലോ ഒറ്റപ്പരിപ്പും കല്‍ക്കണ്ടച്ചീളും.
ഞാനിന്നൊരു കരിം കരിക്കരിച്ചീളുമാത്രം
എന്നെയിട്ട്‌ ഹോമിച്ചെടുക്കൂ അവിടുത്തെ അഗ്നിയില്‍
എന്‍ ദേഹം ഇപ്പോള്‍ പാപപങ്കിലം, ദുര്‍ഗന്ധപൂരിതം
എന്‍ ദേഹിയില്‍ ഉണര്‍ന്നിടൂ അവനോടഭിനിവേശവും
ഈ ‘ഇന്ത്യന്‍’ അര്‍ദ്ധചന്ദ്രനെപ്പിടിച്ച്‌ ‘ഹിജാസീ’ പൂര്‍ണ്ണചന്ദൃകയാക്കിടൂ
അവന്‍പ്രിയ ദാസര്‍ക്കെങ്ങനെ അനുഗ്രഹപൂര്‍ണ്ണമെന്നു കണ്ടിടൂ
Translated by Alavi Al Hudawi.